*♦️ഭാഗം : 11♦️*
*പോലീസ് നിലയുറപ്പിച്ചു*
*ഇനിയൊരാൾക്കും രക്ഷപ്പെടാനാവില്ല*
☀️〰️☀️〰️☀️〰️☀️〰️☀️〰️☀️
ആയിശുമ്മാ ...
അബൂബക്കർ ഹാജി സ്നേഹപൂർവ്വം ഭാര്യയെ വിളിച്ചു...
ഓ...
പോവാനുള്ളവരെയൊക്കെ വിളിച്ചോ..?
പത്ത് പെണ്ണുങ്ങളെ വിളിച്ചു.
അതുമതി ആയിശുമ്മ അതും പറഞ്ഞുകൊണ്ട് കടന്നുവന്നു.
അടുത്ത തിങ്കളാഴ്ച നല്ല ദിവസമാണെന്ന് പള്ളിയിലെ ഉസ്താദ് പറഞ്ഞു. അതിരാവിലെ പുറപ്പെടണം...
അങ്ങനെ ആയ്ക്കോട്ടെ എന്റെ കുട്ടിക്ക് സുഖക്കേടൊന്നും വരാതിരുന്നാൽ മതിയായിരുന്നു ആയിശുമ്മ മെല്ലെ പറഞ്ഞു. എനിക്ക് ചില നേർച്ചകളൊക്കെയുണ്ട്...
കാത്തോളണേ റബ്ബേ...
ആലിക്കുട്ടി വയലിൽ തന്നെ. കുറേ വാഴകളുണ്ട്. ഓന് യോഗത്തിനു പോവാനുള്ള ചൂട് വരാതിരുന്നാ മതി...
ഇല്ലയില്ല ഇനി പോവൂല. പാവം പേടിച്ചുപോയി. പടച്ച റബ്ബ് കാത്തു എന്നു പറഞ്ഞാൽ മതി...
സംഭാഷണത്തിന്നിടയിൽ ആയിശുമ്മ അടുക്കളയിലേക്ക് നടന്നു. അരി അടുപ്പത്താണ് തിളച്ചു തൂക്കും.
ശരിയാ വേഗം ചെല്ല്...
തിളച്ചു തൂത്താൽ തീ കെട്ടുപോവും. പിന്നെ തീപ്പെട്ടിക്കോലില്ല...
തീപ്പെട്ടിയിൽ കോല് തീർന്നാൽ പറയണ്ടേ..?
ഇന്നലെ പറയാൻ വിചാരിച്ചതാ മറന്നുപോയി. അത് കേട്ടപ്പോൾ അബൂബക്കർ ഹാജി ഭാര്യയുടെ മറവിയെക്കുറിച്ചോർത്തു. ഈ മറവി അടുത്തകാലത്ത് തുടങ്ങിയതാണ്. പണ്ട് എന്തൊരു ഓർമ്മ ശക്തിയായിരുന്നു. കുടുംബത്തിലുള്ളവരുടെയൊക്കെ ജന്മദിനം ഓർത്തുപറയുമായിരുന്നു. മരിച്ചുപോയവരുടെയൊക്കെ ചരമദിനവും ഓർത്തു പറയുമായിരുന്നു...
ആ ഓർമ്മശക്തിക്ക് മാറ്റം വന്നിരിക്കുന്നു. തീപ്പെട്ടി തീർന്ന കാര്യം പറയാൻ മറന്നുപോയി. വൈകുന്നേരം പീടികയിൽനിന്നു വാങ്ങിക്കൊണ്ടുവരാം. പെട്ടെന്ന് സ്വന്തം മറവിയുടെ കാര്യം ഓർമ്മ വന്നു. അതോർത്തപ്പോൾ ചുണ്ടിൽ ചിരി വിടർന്നു. ഒരാഴ്ച മുമ്പാണ് സംഭവം അന്ന് ഉച്ചക്ക് കഞ്ഞിയാണ് വെച്ചത്. നോക്കുമ്പോൾ ഉപ്പില്ല
ദാ കേട്ടോളീ.. ഉപ്പ് തീർന്നുപോയി. ളുഹർ നിസ്കരിച്ചുവരുമ്പം ഉപ്പു വാങ്ങാൻ മറക്കണ്ട...
ഭാര്യ ഓർമ്മപ്പെടുത്തി.
ഉപ്പ് വാങ്ങുന്ന കാര്യം ഓർത്തുകൊണ്ടാണ് പള്ളിയിലെത്തിയത്. നിസ്കാരവും ദുആയും കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങി. നല്ല വെയിൽ വെഗം വീട്ടിലെത്തണമെന്നു തോന്നി കയ്യും വീശിയങ്ങു നടന്നു വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ ചോദ്യം.. അല്ലാ... ഉപ്പെവിടെ..?
അയ്യടാ... മറന്നുപോയി...
ഇനിയിപ്പം എന്താ ബയ്യി..?
സാരമില്ല. ഞാൻ ഒന്നുകൂടി പോയിട്ടു വരാം...
അത് വേണ്ടാട്ടോ അപ്പുറത്തെ പുരയീന്ന് വായ്പ വാങ്ങാം. അതും പറഞ്ഞ് അവൾ നടന്നു പോയി. ഉപ്പിന്റെ കൊച്ചുപൊതിയുമായി നടന്നു വരുമ്പോൾ കളിയാക്കി...
ഈ മനുഷ്യന്റെ കൂടെ വിശ്വസിച്ചു എങ്ങോട്ടെങ്കിലും പോവാനും പറ്റൂല. എന്നെ എവിടെയെങ്കിലും മറന്നിട്ടു പോരൂലേ..?!
ഭാര്യയുടെ ഫലിതം കേട്ട് അബൂബക്കർ ഹാജി പൊട്ടിച്ചിരിച്ചു...
ആയിശുമ്മയും ചിരിയിൽ പങ്ക് ചേർന്നു. അടുക്കളയിൽ ചെന്ന് കഞ്ഞിയിൽ ഉപ്പുചേർത്തു കഞ്ഞി പാത്രത്തിൽ കോരിക്കൊണ്ട് വന്നു. വയസ്സുകാലത്ത് ഇനി ഇങ്ങനെയൊക്കെയേ നടക്കൂ...
തണുത്ത രാത്രി മുറ്റത്ത് നിലാവ് പരന്നൊഴുകുന്നു. അബൂബക്കർ ഹാജി കൂർക്കം വലിച്ചുറങ്ങുന്നു. കിടന്നതേയുള്ളൂ ഉടനെ കൂർക്കം വലിയും തുടങ്ങി...
ഇന്ന് നേരത്തെ ഉറങ്ങിയല്ലോ ആയിശുമ്മ എന്തൊക്കെയോ ഓർത്തു കിടന്നു.
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ തിങ്കളാഴ്ചയായി. മോളെ കൂട്ടിക്കൊണ്ട് വരാൻ പോവണം. കടിഞ്ഞൂൽ പ്രസവമാണ് പടച്ച തമ്പുരാനേ... കാര്യങ്ങളൊക്കെ എളുപ്പമാക്കിത്തരണേ...
മുറ്റത്ത് ആരുടെയോ കാൽപ്പെരുമാറ്റം ഇന്നേരത്ത് ആര് വരാൻ..?
കാതോർത്തു കിടന്നു. പിന്നെ ഒരനക്കവുമില്ല. വെറുതെ തോന്നിയതാണോ..?
വീണ്ടും നേർത്ത ശബ്ദം. കതക് മെല്ലെ ശബ്ദിച്ചോ..? ആയിശുമ്മ കട്ടിലിൽ എഴുന്നേറ്റിരുന്നു
ആജ്യാരേ...
ആജ്യാരേ... ഒറങ്ങിയോ..?
പുറത്ത് നിന്ന് പതിഞ്ഞ ശബ്ദം എന്തോ ഒരമ്പരപ്പ്... അത് ശരീരത്തിൽ പാഞ്ഞു കയറി. കട്ടിലിൽ നിന്നിറങ്ങി പാദങ്ങളിൽ വല്ലാത്ത വിറയൽ.. ഭർത്താവു കിടക്കുന്ന കട്ടിലിന്നടുത്തേക്ക് നടന്നു. ഭർത്താവിനെ കുലുക്കി വിളിച്ചു...
ദാ.. ആരോ... വിളിക്ക്ണ്ട്...
ഒരമ്പരപ്പോടെ അബൂബക്കർ ഹാജി ഉണർന്നു. കട്ടിലിൽ എഴുന്നേറ്റിരുന്നു. പുറത്തെ ശബ്ദം ശ്രദ്ധിച്ചു...
ആജ്യാരേ... ഒറങ്ങിപ്പോയോ..?
ആരാദ്..? എന്താ..?
വാതിലൊന്ന് തുറന്നോളീ...
ഹാജിയാർ എണീറ്റു വാതിലിനടുത്തേക്കു നടന്നു. ആയിശുമ്മ ചേർന്നു നടന്നു. മെല്ലെ വാതിൽ തുറന്നു മുറ്റം നിറയെ നിലാവ്. നിലാവിൽ ഒരാൾരൂപം...
ആലിക്കുട്ടീന്റെ അവിടന്നാ...
ങേ... എന്താ..? മോൾക്ക് സൂക്കേട്... എന്തെങ്കിലും..?
അല്ല ഒരാൾക്ക് സൂക്കേടൊന്നും ഇല്ല.
പിന്നെ..? ഇന്നവിടെ പോലീസ് വന്നു...
എന്തിന്ന്..?
അറിഞ്ഞൂടെ..? പോലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോന്നതല്ലേ..? അവര് വിടുമോ..?
എന്നിട്ടെന്തായി..?
പാടത്ത് പണിയെടുക്കുകയായിരുന്നു. മമ്മിയുടെ ചായപീടികയിലാണ് പോലീസ് വന്നത്. അവിടെ വന്ന് ആലിക്കുട്ടിയുടെ വീട് അന്വേഷിച്ചു. വീട് പറഞ്ഞുകൊടുത്തു പോലീസ് നേരെ വീട്ടിലേക്ക് നടന്നു. പെണ്ണുങ്ങൾ രണ്ടുപേരും അടുക്കളയിലായിരുന്നു. മമ്മദ്കോയക്ക പുറത്തെവിടെയോ പോയതായിരുന്നു.. ആഗതൻ ആ രംഗം ഇങ്ങനെ വിവരിച്ചു...
എടാ.. ആലിക്കുട്ടി ഇറങ്ങിവാടാ...
മുറ്റത്ത് നിന്ന് ഒരു പോലീസുകാരൻ വിളിച്ചു പറഞ്ഞു. ശബ്ദം കേട്ട ആമിനത്താത്ത കോലായിലേക്ക് നടന്നു പെട്ടെന്നാണവർ പോലീസിനെ കണ്ടത്.. ഞെട്ടിപ്പോയി..!!
ആലിക്കുട്ടിയുടെ ഉമ്മയാണോ..?
ങ്ഹാ.. നാവനങ്ങുന്നില്ല. അണ്ണാക്കിൽ വെള്ളമില്ല...
എവിടെ അവൻ..? പുറത്തിറങ്ങാൻ പറ...
ഓൻ.. ഇവിടെ.. ഇല്ല...
ഫാ.. കള്ളം പറയുന്നോ..? പോലീസ് ബൂട്ട് തറയിൽ ഉരച്ചു ശബ്ദമുണ്ടാക്കി...
നേരാ.. ഓനിവിടെ ഇല്ല...
ഇവിടെ.. പിന്നാരുണ്ട്..?
ഓന്റെ പെണ്ണും ഞാനും...
വിളിക്കവളെ..?
ആമിനത്താത്ത അകത്തേക്ക് പോയി. വീട്ടിന്റെ നാലു ഭാഗത്തും പോലീസ് നിലയുറപ്പിച്ചു. ഇനിയൊരാൾക്കും രക്ഷപ്പെടാനാവില്ല. ആമിനത്താത്ത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. തൊട്ടു പിന്നിൽ ഫാത്വിമ...
ഇങ്ങോട്ട് ഇറങ്ങി നില്ലെടീ...
അവൾ കോലായിലേക്കിറങ്ങി. വീർത്ത വയറിലേക്കും വിളറിയ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് പോലീസുകാരൻ ചോദിച്ചു:
എവിടെ.. ടീ.. അവൻ..?
ഇവിടെ.. ഇല്ല...
പിന്നെവിടെപ്പോയി..?
അവൾ മിണ്ടിയില്ല. വീണുപോകുമെന്നു തോന്നിയപ്പോൾ ചുമരിൽ ചാരി നിന്നു.
എവിടെപ്പോയാലും ഞങ്ങളവനെ കണ്ടുപിടിക്കും മനസ്സിലായോ..? അവനോട് മര്യാദക്കു പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ പറയണം മനസ്സിലായോ..?
ഓ...
ഒന്നു മൂളാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളൂ...
ഫാത്വിമയുടെ മനസ്സ് നിറയെ ഭയം. തന്റെ ഭർത്താവ് പാടത്തു പണിയെടുക്കുകയാണ്. പോലീസ് വന്ന വിവരമൊന്നും അവരറിയില്ല. പെട്ടെന്നു പോലീസ് പാടത്തു ചാടിവീഴും. പണിയെടുത്തു ക്ഷീണിച്ച സമയം ഒരു തോർത്തുമുണ്ട് മാത്രമേ ആ ശരീരത്തിലുള്ളൂ...
പടച്ചവനേ.. ഈ അവസ്ഥയിൽ അവരെ പോലീസ് പിടികൂടുമോ..?
പോലീസ് മുറ്റത്തേക്ക് ഇറങ്ങി. റോഡിൽ നിർത്തിയിട്ട ജീപ്പിന്നടുത്തേക്കു നടന്നു പോയി. സംഭവവിവരണം കഴിഞ്ഞപ്പോൾ ആയിശുമ്മ നിലത്തിരുന്നുപോയി.. വല്ലാത്ത തലകറക്കം...
ഞാൻ പോവുകയാണ് വിവരം പറയാൻ എന്നെ പറഞ്ഞയച്ചതാ...
അബൂബക്കർ ഹാജിക്കോ ആമിനത്താത്താക്കോ ഒരക്ഷരം ഉരിയാടാൻ കഴിഞ്ഞില്ല. വന്നയാൾ തിരിച്ചു പോയി. വൃദ്ധദമ്പതികൾ നോക്കി നിൽക്കെ ആ രൂപം അപ്രത്യക്ഷമായി...
അല്പം കഴിഞ്ഞപ്പോൾ അബൂബക്കർ ഹാജിയും തളർന്നിരുന്നു പോയി...
അല്ലാ...ഹ്
ആയിശുമ്മയുടെ തളർന്ന സ്വരം...
*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*
*☝️അള്ളാഹു അഅ്ലം☝️*
_______________________________
*🤲🤲ദു:ആ വസിയതോടെ.🤲🤲*
*ഇസ്ലാമിക് ചരിത്രം വട്സപ്പ് ഗ്രൂപ്പ്*
*അഡ്മിന് പാനൽ*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
💖♨💖♨💖♨💖♨💖♨💖
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
💚🌻💚🌻💚🌻💚🌻💚🌻💚

No comments:
Post a Comment