മൂസ നുണയന്‍!'
'അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല. മൂസാ പറഞ്ഞു: തന്റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്നും എന്റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് ( ഇഷ്ടിക ) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.' (28: 36-38)
ജനങ്ങള്‍ മൂസയില്‍ വിശ്വസിക്കുന്നത് തടയുന്നതിന്ന് ഫറവോന്‍ സ്വീകരിച്ച മറ്റൊരു ആരോപണമായിരുന്നു, അദ്ദേഹം പറയുന്നതെല്ലാം നുണയാണെന്ന വാദം. പക്ഷെ, സത്യപ്രവാചകന്മാര്‍ക്കെതിരെ ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചവരുടെ പരിണാമമെന്തായിരുന്നുവെന്നു നോക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം നടത്തുകയാണ്: 'തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് ( പ്രബോധനം ചെയ്യുന്നതിന് വേണ്ടി. ) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.' (16: 36)
അതെ, അല്ലാഹുവിനെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ ദൈവദാസന്മാര്‍ക്കെതിരെ ചെയ്യുന്ന ഏത് അനീതിയും, ഇഹലോകത്തും പരലോകത്തും ശിക്ഷക്ക് ഹേതുവായി തീരും. ഫറവോന്റെയും കിങ്കരന്മാരുടെയും അന്ത്യം ഈ പറഞ്ഞതിന്റെ ഉദാഹരണമാണ്. ഇതെല്ലാം തന്നെ ഗുണപാഠമായിരിക്കണമെന്നു ഖുര്‍ആന്‍ ഉപദേശിക്കുന്നു; 'അവനും അവന്റെ സൈന്യങ്ങളും ഭൂമിയില്‍ അന്യായമായി അഹങ്കരിക്കുകയും, നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ വിചാരിക്കുകയും ചെയ്തു. അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞ് കളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.' (28: 39 40)
എന്നാല്‍, പരലോകത്ത് ഇവര്‍ അനുഭവിക്കാന്‍ പോകുന്ന ശിക്ഷയെ സംബന്ധിച്ചിടത്തോളം, ഈ കഴിഞ്ഞു പോയത് ഒന്നുമല്ല തന്നെ. അത് വളരെ ക്രൂരമായിരിക്കുമെന്നാണ് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നത്: 'അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല. ഈ ഐഹികജീവിതത്തില്‍ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.' (28: 41, 42)

No comments:
Post a Comment