മൂസാ നബി ചരിത്രം part 11



വീണ്ടും സഹായാഭ്യർത്ഥന


മൂസ (അ) പറഞ്ഞു : നീ ആളൊരു കുഴപ്പക്കാരനാണ് ആൾക്കാരുമായി നിരന്തരം തർക്കിക്കുകയും അടിപിടി കൂടുകയും ചെയ്യുന്നു നിനക്ക് വേറെ പണിയൊന്നുമില്ലേ? 


ഞാൻ നിന്നെ സഹായിക്കണമെന്നോ? എടാ നീ ഒരു അതിക്രമകാരിയാണ് പക്ഷേ ഇസ്രയേല്യനെ പെരുമാറ്റ മര്യാദ പഠിപ്പിക്കുക മാത്രമേ മൂസ (അ) ഉദ്ദേശിച്ചിരുന്നുള്ളൂ. ആക്ഷേപവാക്കുകൾ നിർത്തി മൂസ (അ) രണ്ടാളുടെയും അടുത്തേക്ക് ചെല്ലുകയായിരുന്നു മൂസയുടെ ആക്ഷേപ വാക്കുകൾ കേട്ടതിനു പുറമേ മുഖത്ത് കോപം കൂടി കണ്ടപ്പോൾ തന്നെ പ്രഹരിക്കാനാവും മൂസയുടെ വരവെന്ന് ഇസ്രയേല്യൻ തെറ്റിദ്ധരിച്ചു. തലേന്ന് ഖിബ്ത്വിയെ അടിച്ചു കൊന്നപോല തനിക്കും മാരകമായ ഒരു പ്രഹരം മൂസ (അ) ഇപ്പോൾ തന്നേക്കുമോ എന്ന് അയാൾ പേടിച്ചു. 


അതുകൊണ്ട് അദ്ദേഹം ഇപ്രകാരം വിളിച്ചു പറഞ്ഞു : ഇന്നലെ നീ ഒരുത്തനെ കൊന്നപോല ഇന്ന് എന്നെയും കൊല്ലുമോ,? ഒരു പോക്കിരിയാകാനോ നിന്റെ പുറപ്പാട്? അങ്ങനെ ഇന്നലത്തെ കൊലയാളി മൂസയായിരുന്നുവെന്ന് ഖിബ്ത്വി അറിഞ്ഞു ഖിബ്ത്വി ആ വിവരം പോലീസിലറിയിച്ചു.


ഈ വൃത്താന്തമറിഞ്ഞ ഫറോവ ചോദിച്ചു : നമ്മുടെ കൊട്ടാരത്തിൽ നാം പാലൂട്ടി വളർത്തിയ ആ യുവാവോ? പക്ഷേ ഫറോവയുടെ നാശത്തിൽനിന്ന് മൂസയെ മോചിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചു കഴിഞ്ഞിരുന്നു. മൂസ (അ) ഖിബ്ത്വിയെ വകവരുത്താൻ ഉദ്ദേശിച്ചിരുന്നില്ല. മൂസ ഒരു അടി അടിച്ചു അത് മാരകമായിത്തീർന്നു പക്ഷേ ഫറോവയും പോലീസും അത്തരം ഒഴികഴിവുകൾ സ്വീകരിക്കുകയില്ല. മൂസയ്ക്ക് ഒരു വിട്ടുവീഴ്ചയും അവർ അനുവദിക്കയില്ല. മൂസയുടെ കരങ്ങളിലൂടെ ഫറോവയുടെ രാജാധികാരം തെറിച്ചു പോകണമെന്ന് അല്ലാഹു പണ്ടേക്കുപണ്ടേ കണക്കാക്കിയതാണ്. ജനങ്ങളെ സൃഷ്ടിപൂജയിൽ നിന്ന് ഏകനായ സ്രഷ്ടാവിന്റെ ആരാധനയിലേക്ക് മൂസ നയിക്കണമെന്ന് അല്ലാഹു നിർണ്ണയിച്ചു കഴിഞ്ഞതാണ് അക്രമികളായ പോലിസുകാരുടെ കരങ്ങളിലകപ്പെട്ടാൽ അതെങ്ങനെ സാധിക്കാൻ? 


ഫറോവ പ്രഭൃതികൾ മൂസയെ വകവരുത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കയാണ് ഫറോവ പ്രഭൃതികൾ കൂടിയലോചിച്ച് മൂസയെ വധിക്കാനുള്ള തീരുമാനത്തിലെത്തിയത് ഇസ്രയേല്യരിൽപെട്ട ഒരാൾ കേട്ടറിഞ്ഞു അയാൾ മൂസയെ വിവരമറിയിച്ചു.അദ്ദേഹം മൂസയോട് പറഞ്ഞത് വിശുദ്ധ ഖുർആൻ ഇപ്രകാരം ഉദ്ധരിക്കുന്നു. നീ നാട് വിടുക തീർച്ചയായും ഞാൻ നിനക്ക് ഗുണകരമായ ഉപദേശം നൽകുകയാണ് അതു പ്രകാരം മൂസ നാടുവിട്ടതിനെക്കുറിച്ച് ഖുർആൻ തുടർന്നു പറയുന്നു: അങ്ങനെ ഉൽകണ്ഠയോടെ മൂസ നാടുവിട്ടു അപ്പോൾ അദ്ദേഹം പ്രാർഥിച്ചു ദൈവമേ എന്നെ അക്രമികളായ ജനതയിൽനിന്ന് രക്ഷിക്കേണമേ

No comments:

Post a Comment