*03 ⚔ സ്വാതന്ത്ര്യ സമര ⚔* *പോരാട്ടത്തിലെ* *തീ പാറുന്ന സ്വപ്നങ്ങൾ*



🟢🌻🟢🌻🟢🌻🟢🌻🟢🌻🟢



            *♦️ഭാഗം : 03♦️*

 *പോരാട്ടത്തിലെ* 

*🔥തീ പാറുന്ന സ്വപ്നങ്ങൾ🔥* 

*=======================* 


*📌 കോഴിക്കോട്*  


     രാവിലെത്തന്നെ എല്ലാവരും കോഴിക്കോട്ടേക്ക് പുറപ്പെടുകയാണ്.

മമ്മി അന്ന് ചായപ്പീടിക തുറക്കേണ്ടെന്നു വച്ചു...


 മമ്മ്യാപ്പളേ ചായപ്പീടിക പൂട്ടിയിട്ടാൽ ഞങ്ങളെവിടന്നാ വെള്ളം കുടിക്കുക..? 


 പാടത്ത് ജോലിയുള്ള ഹരിജൻ യുവാവ് ചോദിച്ചു...


 ഹാ... മഹാത്മജി കോഴിക്കോട്ട് വരുമ്പം നമ്മളിവിടെ പീടിക തുറന്നു വെച്ചു കച്ചവടം ചെയ്യുകയോ..? 

എന്തിനാ പിന്നെ ഈ മമ്മീനെ പറ്റുക..?!


 മമ്മി കട തുറന്നില്ല. രാവിലെ കുളിച്ചൊരുങ്ങി യാത്രക്കുവേണ്ടി കടയിലെത്തി...


 മാധവൻ നായർ ഖദർ ഷർട്ടും മുണ്ടും അണിഞ്ഞെത്തി. ഗോപാലൻ വെള്ള മുണ്ടും ഷർട്ടും വേഷം. ഓരോരുത്തരായി വന്നെത്തി...


 പാത്തുമ്മൂ... ആലിക്കുട്ടി അതിരാവിലെ ഫാത്വിമയെ വിളിച്ചുണർത്തി...


 എന്തായിത്..? നേരം വെളുക്കട്ടെ...


 അത് പറ്റൂല നേരം വൈകിപ്പോകും. എനിക്ക് കോഴിക്കോട്ട് പോണം...


 നിങ്ങളെന്താവശ്യത്തിനാ ഇപ്പോണത്..?


 നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാകൂല...


 ഓഹോ... ഇങ്ങക്ക് തിരിഞ്ഞാൽ മതി. നാലാം ക്ലാസ്സിൽ തോറ്റ ങ്ങൾക്ക് അതെല്ലാം തിരിയും. ഫാത്വിമ കളിയാക്കി... 


 ആലിക്കുട്ടിയുടെ മനസ്സിൽ നേർത്ത നൊമ്പരം.. നാലാം ക്ലാസ്സിൽ തോറ്റപ്പോൾ പഠിത്തം നിർത്തിയത് മോശമായിപ്പോയെന്ന തോന്നൽ.   അഞ്ചാം ക്ലാസ് വരെയെങ്കിലും പഠിക്കണമായിരുന്നു. അന്ന് അതിന് തോന്നിയില്ല. എന്തു ചെയ്യാം പത്രം വായിക്കാൻ മോഹമുണ്ട്. അക്ഷരങ്ങൾ വഴങ്ങുന്നില്ല. മഹാത്മാജിയുടെ പ്രസംഗം കേട്ടാൽ തനിക്കു മനസ്സിലാവുമോ..? മനസ്സിലായില്ലെങ്കിലും ഒന്നു കേൾക്കാമല്ലോ.. അദ്ദേഹത്തെ ഒന്നു കാണാമല്ലോ...


 കടപ്പുറത്ത് പോലീസുകാരൊക്കെ വരൂലെ..? 


 ഫാത്വിമയുടെ ചോദ്യം. അതിന്നു മറുപടി പറയാൻ ആലിക്കുട്ടിക്ക് അറിയില്ല. പോലീസുകാർക്കവിടെ എന്തു കാര്യം..? 


 അതിരാവിലെ ആലിക്കുട്ടി കുളിച്ചൊരുങ്ങി. ഫാത്വിമ ചായയും പലഹാരങ്ങളും നൽകി. അവൻ ധൃതിയിൽ പ്രാതൽ കഴിച്ചു വേഗത്തിൽ മമ്മിയുടെ കടയിലെത്തി...


 പതിനെട്ടു പേരുണ്ട്. അവരെ യാത്രയയക്കാൻ അതിലേറെപ്പേർ കൂടിയിട്ടുണ്ട്. പാടത്തു പണിയെടുക്കുന്ന ഹരിജനങ്ങൾ, അയൽ വീടുകളിലെ പെണ്ണുങ്ങളും കുട്ടികളും...


 ഞങ്ങൾ പോയി വരട്ടെ...

 മാധവൻ നായർ യാത്ര ചോദിച്ചു...


 അങ്ങനെയാവട്ടെ. എല്ലാവരും മംഗളം നേർന്നു. നേർത്ത വയൽവരമ്പിലൂടെ പതിനെട്ടു പേർ ഒറ്റവരിയായി നടന്നു നീങ്ങി... 


 മഹാത്മജിയെ കാണാനുള്ള ആവേശം മനസ്സിൽ തിങ്ങിനിറഞ്ഞു നിൽക്കുകയാണ്. കാലുകൾക്ക് വേഗത കൂടി. പാടത്തിന്റെ അങ്ങേ കരയിൽ നിന്നും അവർ ഇടവഴിയിലേക്കിറങ്ങി. മാധവൻനായർ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. സംഘാംഗങ്ങൾ ആവേശഭരിതരായി യുദ്ധമുന്നണിയിലേക്ക് മാർച്ച് ചെയ്യുന്നതുപോലെ അവർക്കു തോന്നി. കൈകൾ ആഞ്ഞുവീശി നെഞ്ചുവിരിച്ച് പാദങ്ങൾ നീട്ടിവെച്ചു മാർച്ച് തുടരുന്നു...


 ജനനിബിഢമായ കോഴിക്കോട് കടപ്പുറം.

ആ ജനക്കൂട്ടത്തിൽ മാധവൻ നായരും സംഘവും അലിഞ്ഞു ചേർന്നു. ആലിക്കുട്ടി പെരുവിരലിൽ ഉയർന്ന് നിന്ന് മുമ്പോട്ട് നോക്കി. മുമ്പിൽ നിൽക്കുന്നവരുടെ തലകൾ ഒന്നും കാണാൻ വയ്യ. പെട്ടെന്ന് ജയാരവം ഉയർന്നു...

 മാഹാത്മാഗാന്ധി കീ ജയ് 

ഭാരത് മാതാ കീ ജയ്...


 ജനക്കൂട്ടം ഇളകിമറിയുന്നു. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നു. ആവേശം കൂടിക്കൂടി വരുന്നു...


 ആലിക്കുട്ടിയുടെ ശരീരത്തിലൂടെ ആവേശം പടർന്നു കയറുന്നു. എന്തു ചെയ്യണമെന്നറിയാതെ അവൻ വിഷമിക്കുകയാണ്. ആവേശപൂർവ്വം മാധവൻനായരുടെ മുഖത്തേക്കു നോക്കി. കൈകൾ ചുരുട്ടി വായുവിലേക്കെറിഞ്ഞു ആവേശപൂർവ്വം മാധവൻ നായർ വിളിച്ചു പറയുന്നു...


 മഹാത്മാഗാന്ധി കീ ജയ്... 

 പിന്നെ ആലിക്കുട്ടിക്ക് സഹിക്കാൻ കഴിഞ്ഞില്ല. മാധവൻ നായരെപ്പോലെ അവനും അന്തരീക്ഷത്തിലേക്കു കൈവീശി ഉറക്കെ വിളിച്ചു പറഞ്ഞു... 


 മഹാത്മാഗാന്ധി കീ ജയ്,

ഭാരത് മാതാ കീ ജയ്..,

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കീ ജയ്...


 അത്രയും വിളിച്ചു പറഞ്ഞു കഴിഞ്ഞപ്പോൾ സൈനികമുന്നേറ്റം നടത്തിയ സന്തോഷം. ഇത്രയും ചെയ്യാൻ തന്നെക്കൊണ്ട് കഴിഞ്ഞല്ലോ...


 മഹാത്മജി വേദിയിൽ എത്തിക്കഴിഞ്ഞു. സദസ്സിൽ ആഹ്ലാദം കത്തിപ്പടർന്നു. എല്ലാവരും മണപ്പുറത്ത് ഇരിക്കണമെന്ന ആഹ്വാനം വന്നു. എല്ലാവരും പെട്ടെന്ന് ഇരുന്നു. ആലിക്കുട്ടിയും ഇരുന്നു. ഇപ്പോൾ വേദി കാണാം. ആളുകളുടെ മുഖം കാണാൻ വയ്യ. ആലിക്കുട്ടിയും കൂട്ടരും വളരെ അകലെയാണ് ഇരിക്കുന്നത്. ഗാന്ധിജി പ്രസംഗം തുടങ്ങുന്നു. ഒരാൾ പരിഭാഷ പറയുന്നു. ഇന്ത്യൻ ദേശീയ സമരത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇത് സഹനസമരമാണ്. ഭാരതം നമ്മുടെ മാതാവാണ്. മാതാവിനെ സ്വതന്ത്രയാക്കണം. അതിന്നാണ് ഈ സമരം. ഓരോ വാക്കും ആലിക്കുട്ടിയുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് ആണ്ടിറങ്ങിപ്പോയി. മഹാത്മജി ഇന്ത്യയുടെ ആത്മാവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു. മഹാത്മജിക്കു ശേഷം പലരും സംസാരിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ചും വിശദീകരിച്ചു. കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കണം. അതിന്നു കീഴിൽ ഓരോ നാട്ടിലും ശാഖാ കമ്മിറ്റികൾ വരണം. സ്വാതന്ത്ര്യ സമര ചിന്തകൾ നാടാകെ പ്രചരിപ്പിക്കണം. യോഗം പാതിരാത്രിയോടെ അവസാനിച്ചു. ജനം പിരിഞ്ഞുപോവാൻ മടിച്ചുനിന്നു. അവർക്ക് നേതാക്കളെ കണ്ടിട്ട് മതിവരുന്നില്ല.


 മാധവൻനായരും കൂട്ടരും മുമ്പോട്ട് നടന്നു. അവിടെ പ്രധാനവ്യക്തികളുടെ ആലോചനായോഗം നടക്കുന്നു. ഏറനാട്ടിന്റെ വീരനായകന്മാർ ദേശീയ നേതാക്കളുമായി സംസാരിക്കുന്നു. നാട്ടിൽ ഖിലാഫത്തു പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ച. ആരൊക്കെയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്...


 ആലി മുസ്ല്യാർ, കുഞ്ഞിക്കാദർ സാഹിബ്  അങ്ങനെ പല പ്രമുഖന്മാരും അവിടെ സമ്മേളിച്ചിരിക്കുന്നു. ചർച്ചകൾ വളരെ നേരം തുടർന്നു. പിന്നെ തീരുമാനങ്ങളായി. കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി താനൂരിൽ രൂപീകരിക്കുക. ആദ്യത്തെ ഖിലാഫത്ത് സമ്മേളനവും അവിടെ നടത്തുക.


 പാതിരാത്തണുപ്പ് വീണു. ഇനി നാട്ടിലേക്കു മടങ്ങാം.. മാധവൻ നായരും കൂട്ടരും മടക്കയാത്ര തുടങ്ങി...


 ഫാത്വിമ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി. ഉറക്കം വരുന്നേയില്ല. ഭർത്താവില്ലാത്ത രാത്രി. കോഴിക്കോട്ട് സമ്മേളനത്തിനു പോയ ഭാർത്താവിന്റെ വരവും കാത്ത് കിടക്കുകയാണവർ.


 സമ്മേളനക്കാരോട് വെറുപ്പു തോന്നി. ഈ സമ്മേളനം കൊണ്ടല്ലേ താൻ ഒറ്റക്കായത്..? പാതിരാത്രി കഴിഞ്ഞപ്പോൾ എഴുന്നേറ്റിരുന്നു. ജനാല തുറന്നു പുറത്തേക്ക് നോക്കി ആരെങ്കിലും വരുന്നുണ്ടോ..? 


 പൂ നിലാവു ഒഴുകി വന്നു. കൂടെ നേർത്ത കാറ്റും. മാസം ആറ് കഴിഞ്ഞെന്ന കാര്യം അവൾ പെട്ടെന്നോർത്തു. ഏഴാം മാസത്തിലാണ് ചടങ്ങ്. തന്റെ ഉമ്മയും ബന്ധുക്കളും വരും. പലഹാരക്കുട്ടകൾ വരും. അവരെ സ്വീകരിക്കാൻ ഇവിടെ എന്തെല്ലാം ഒരുക്കങ്ങൾ വേണം. മൂപ്പർക്കങ്ങനെ വല്ല ചിന്തയുമുണ്ടോ..? 

ഒടുവിൽ തന്നെ അവർ കൊണ്ടുപോകും. പിന്നെ പ്രസവം കഴിഞ്ഞ് നാല്പത് നാൾ കഴിയണം. അത് വരെ പിരിഞ്ഞിരിക്കണം. ഹോ ഓർക്കാൻകൂടി വയ്യ...


 വേർപിരിയുമ്പോൾ എന്തൊരു വേദനയായിരിക്കും. വിരഹ വേദന സഹിക്കാതെ പറ്റുമോ..? ഈ ഒരു രാത്രി കഴിച്ചുകൂട്ടാൻ തന്നെക്കൊണ്ടാവുന്നില്ല. ഒന്നു വന്നെങ്കിൽ, ഒരു നോക്കു കണ്ടെങ്കിൽ, വീണ്ടും കിടന്നു. ഭർത്താവിന്റെ മുഖം മനസ്സിൽ തെളിയുന്നു. ബലം കൂടിയ മസിലുകൾ അധ്വാനശീലനായ ചെറുപ്പക്കാരൻ. എന്തെല്ലാം കളിതമാശകൾ കാണിക്കുന്ന ആളാണ്. ഫാത്വിമയുടെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി വിടർന്നു മേലാകെ കോരിത്തരിച്ചുപോയി...



*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*


       *☝️അള്ളാഹു അഅ്ലം☝️*



_______________________________


*🤲🤲ദു:ആ വസിയതോടെ.🤲🤲* 


  

👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*

💖♨💖♨💖♨💖♨💖♨💖

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

💚🌻💚🌻💚🌻💚🌻💚🌻💚


‎‎

No comments:

Post a Comment