*📌 ആലിക്കുട്ടി*
ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിക്കാൻ വരുന്നു. മാധവൻ നായർ ചായക്കടയിലേക്ക് കയറിയ ഉടനെ വാർത്ത പൊട്ടിച്ചു...
ചായ കുടിച്ചുകൊണ്ടിരുന്നവരും ചായക്ക് കാത്തിരുന്നവരും ചായ അടിച്ചുകൊണ്ടിരുന്ന മമ്മിയും അത് കേട്ട് അമ്പരന്നു. നേരാണോ നായരേ ഇക്കേട്ടത്..? അബ്ദുല്ലക്കുട്ടിക്കാക്ക സംശയം തീരാതെ ചോദിച്ചു...
നേരല്ലാതെ... എല്ലാ പരിപാടികളും തയ്യാറായിക്കഴിഞ്ഞു. മാധവൻ നായർ ഉറപ്പിച്ചു പറഞ്ഞു...
അല്പനേരത്തെ നിശ്ശബ്ദത അത് കഴിഞ്ഞ് നായർതന്നെ സംസാരം തുടങ്ങി...
ഭയങ്കര ജനക്കൂട്ടമായിരിക്കും. ഇത് സുവർണ്ണാവസരമാണെന്ന് കരുതിക്കോളീൻ
മഹാത്മജിയെക്കാണാൻ...
പിന്നെയും നിശ്ശബ്ദത തളംകെട്ടി...
എന്താടോ ആരും ഒന്നും മിണ്ടാത്തത്..? പോണ്ടേ നമുക്ക് കോഴിക്കോട്ട്..?
മാധവൻ നായർ എല്ലാവരോടുമായി ചോദിച്ചു...
നമ്മള് റെഡി അറുപത് കഴിഞ്ഞ അബ്ദുല്ലക്കുട്ടിക്കാക്ക പ്രഖ്യാപിച്ചു.
നമ്മള് നേരത്തെതന്നെ കടപ്പുറത്ത് സ്ഥലം പിടിക്കും. സെയ്തലവി തന്റെ സാന്നിദ്ധ്യം പ്രഖ്യാപിച്ചു. എല്ലാവരും പോണം പരിപാടി വിജയിപ്പിക്കണം ഗോപാലന്റെ ഉപദേശം.
അന്ന് ചായപ്പീടിക തുറക്കില്ല നമ്മളും വരുന്നു കോഴിക്കോട്ടേക്ക് മമ്മിയുടെ പ്രഖ്യാപനം. അതോടെ ചർച്ച സജീവമായി. ദേശീയ സമരത്തെക്കുറിച്ചായി പിന്നെ ചർച്ച, ദേശീയ നേതാക്കളെക്കുറിച്ചും...
ആലിക്കുട്ടി ചർച്ചയെല്ലാം കേട്ടു. പല കാര്യങ്ങളും മനസ്സിലാക്കി. കോഴിക്കോട്ടു പോയി മഹാത്മാജിയുടെ പ്രസംഗം കേൾക്കണമെന്നു മനസ്സിലുറച്ചു...
അന്ന് പാടത്തു പണിയെടുക്കുമ്പോൾ ആലിക്കുട്ടിയുടെ മനസ്സിൽ മഹാത്മാജി നിറഞ്ഞുനിന്നു. വെള്ളക്കാരുടെ ഭരണത്തിൽനിന്ന് ഭാരതത്തെ മോചിപ്പിക്കാൻ സമരം നയിക്കുന്ന മഹാത്മാവ്. ഓരോ ഭാരതീയനും അദ്ദേഹത്തിനു പിന്നിൽ അണിനിരക്കണം. എങ്കിലല്ലേ അദ്ദേഹത്തിന്റെ സമരം വിജയിക്കുകയുള്ളൂ...
സമരം... ആലിക്കുട്ടിയുടെ മനസ്സിൽ ആ പദം വല്ലാതെ പതിഞ്ഞു പോയി. ദേശത്തിനുവേണ്ടിയുള്ള സമരം ദേശീയ സമരം. മഹാത്മാജിയുടെ സമരം ആ സമരം വിജയിപ്പിക്കണം. അത് വിജയിച്ചാൽ നാം രക്ഷപ്പെട്ടു. മഹാത്മജിയുടെ സമരം വിജയിപ്പിക്കാൻ കോഴിക്കോട്ട് പോവണം അക്കാര്യത്തിൽ ആർക്കും സംശയമില്ല...
പാടത്തെ ജോലി കഴിഞ്ഞ് ആലിക്കുട്ടി വീട്ടിലെത്തി. ഫാത്വിമ അവനെ കാത്തിരിക്കുകയായിരുന്നു. പതിവില്ലാത്ത മൗനം അതവളെ അതിശയിപ്പിച്ചു. ചോറും കറികളും വിളമ്പിക്കൊടുത്തു വീർത്ത വയറുമായി അവൾ അടുത്തിരുന്നു. ചോറ് ഉരുളയാക്കി വായിലേക്കിടുന്നത് നോക്കിയിരുന്നു. ഒന്നും സംസാരിക്കുന്നില്ല. മനസ്സ് എവിടെയോ ആണ്. തന്റെ സാന്നിദ്ധ്യം പോലും അറിയുന്നില്ല...
ഇതെന്തായിങ്ങനെ..?
ഫാത്വിമ അറിയാതെ ചോദിച്ചുപോയി... മറുപടിയില്ല. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി
അല്ലാ... ഇന്നെന്തായിങ്ങനെ..?
ഒരു ഞെട്ടൽ. പിന്നെ ഫാത്വിമയെ നോക്കി.
യെങ്ങനെ..?
ഒരു ബല്ലാത്ത ആലോചന..?
ഒരു ബല്യ സംഭവം നടക്കാൻ പോണുണ്ട്..
ങേ... യെന്താദ്..?
മഹാത്മാജി വരണണ്ട്.
എവിടെ വരണത്..?
അങ്ങ് കോഴിക്കോട്ട് കടപ്പുറത്ത്.
അതിന് നമ്മൾക്കെന്താ..?
എന്താ..? എന്താ നീ ചോദിച്ചത്..?! നമ്മൾക്കെന്താന്നോ..? മേലാൽ അങ്ങനെ ചോദിച്ചു പോവരുത്.
ഫാത്വിമ ഞെട്ടി..!! ഇയാൾക്കെന്തുപറ്റി..? തന്നെ തുറിച്ചു നോക്കുന്നു. മുഖത്തൊരു ഗൗരവം...
ഞമ്മക്കൊന്നും തിരിഞ്ഞില്ല. അത്വോണ്ടാ..?
സമരം ചെയ്യുന്ന ആളാണ്. നമ്മൾക്കു വേണ്ടിയാ സമരം. ജയിലിൽ കിടന്നിട്ടുണ്ട്...
ജയിലെന്ന് കേട്ടപ്പോൾ അവൾ പേടിച്ചുപോയി.
ഇന്റെ പടച്ചോനേ..!!
ഇത്തവണ ആലിക്കുട്ടി കാരുണ്യപൂർവം ഭാര്യയെ നോക്കി. ഞാൻ കോഴിക്കോട്ടു പോവും. മഹാത്മജിയെ കാണും...
ബേണ്ടാട്ടോ..? ബേണ്ടാത്തീനൊന്നും പോണ്ട...
മിണ്ടരുത്, നാട്ടിനുവേണ്ടിയാണ് സമരം...
കൂടുതലൊന്നും പറയാൻ ആലിക്കുട്ടിക്കും അറിയില്ല. മമ്മിയുടെ ചായപ്പീടികയിൽ ചർച്ച നടക്കും. അത് കേൾക്കുമ്പോൾ കുറെ കാര്യങ്ങൾ പിടികിട്ടും...
പിറ്റേ ദിവസം ചായക്കടയിലെത്തിയപ്പോൾ മാധവൻ നായർ ഒരു പത്രവുമായി ഇരിക്കുന്നു. ചുറ്റും ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. ചായ കുടിച്ചു തീർത്തശേഷം അയാൾ പത്രം തുറന്നു ഉറക്കെ വായന തുടങ്ങി. ഇടക്കിടെ വായന നിർത്തും എന്നിട്ടൊരു വിശദീകരണം നൽകും പിന്നെയും വായന തുടരും...
ഖിലാഫത്ത് പ്രസ്ഥാനം നാടാകെ പരന്നു. അതിന്റെ പ്രചരണത്തിന്നായി മഹാത്മജി കോഴിക്കോട്ടെത്തുന്നു. അദ്ദേഹത്തിന്റെ കൂടെ മൗലാനാ ശൗഖത്തലിയും വരുന്നു...
ദേശീയ നേതാക്കളുടെ കൂട്ടത്തിൽ വളരെ പ്രസിദ്ധനാണ് യാഖൂബ്ഹസൻ സേട്ട്. അദ്ദേഹവും വൈകാതെ മലബാറിൽ എത്തിച്ചേരും. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാനെപ്പറ്റി മാധവൻ നായർ ഒരു നീണ്ട വിശദീകരണം നൽകി. കേൾവിക്കാർ കോരിത്തരിച്ചുപോയി. ഇംഗ്ലണ്ടിൽ പഠിച്ച മഹാനാണ്. ലോകം മുഴുവൻ അറിയപ്പെടുന്ന മഹാൻ... അവരൊക്കെ ആരാ..?!
മാധവൻ നായർ ഹർഷപുളകിതനായി.
സദസ്സ് പുളകം ഏറ്റുവാങ്ങി.
ആലിക്കുട്ടി കോരിത്തരിച്ചു നിൽക്കുകയാണ്. എന്തൊക്കെയാണ് കേൾക്കുന്നത്. ഇതുവരെ ഇതൊന്നും അറിയാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം. മനസ്സ് കൊണ്ട് അവനൊരു ധീര സമരയോദ്ധാവായിക്കഴിഞ്ഞു... വെള്ളപ്പട്ടാളക്കാർക്കെതിരെ മാർച്ച് ചെയ്യാൻ മനസ്സ് വെമ്പുന്നു. മാധവൻ നായർ പത്രം താഴെ വച്ചു. ആലിക്കുട്ടിയുടെ കണ്ണുകൾ വരികളിലൂടെ ഒഴുകി...
നാലാം ക്ലാസ്സിൽ തോറ്റ് പഠിത്തം നിറുത്തിയ ആലിക്കുട്ടി വാചകങ്ങൾ തപ്പിപ്പിടിച്ച് വായിക്കാൻ തുടങ്ങി...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
*☝🏼അല്ലാഹു അഅ്ലം☝🏼*
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه💚*

No comments:
Post a Comment