*♦️ഭാഗം : 01♦️*
*ആയിശുമ്മ*
☀️〰️☀️〰️☀️〰️☀️〰️☀️〰️☀️
✍🏼എവിടെയോ ഒരു കോഴി കൂവി. പ്രഭാതം അടുത്തെത്തിയിരിക്കുന്നു. ആയിശുമ്മ കണ്ണു തുറന്ന് ചുറ്റും നോക്കി, മുറിയിലാകെ ഇരുട്ട്...
ജനലഴികൾക്കിടയിലൂടെ തണുത്ത കാറ്റ് കടന്നുവരുന്നു. മൂടിപ്പുതച്ചുറങ്ങാൻ നല്ല സുഖം. ഓർമ്മകൾ തികട്ടിവരാൻ തുടങ്ങിയപ്പോൾ സുഖം പോയി...
ആയിശുമ്മ പെട്ടെന്ന് വിയർക്കാൻ തുടങ്ങി. അവരുടെ മനസ്സിലൂടെ ചൂടുള്ള ചിന്തകൾ ഒഴുകുകയായി. പുതപ്പു മാറ്റിയിട്ടു കട്ടിലിൽ എഴുന്നേറ്റിരുന്നു. അസുഖകരമായ ചിന്തകൾ.. മനസ്സ് നീറിപ്പുകയുന്നു...
പള്ളിയിൽ നിന്ന് സുബ്ഹി ബാങ്കിന്റെ ശബ്ദം. കട്ടിലിൽ നിന്ന് എഴുന്നേറ്റു ഇരുട്ടിലൂടെ മുമ്പോട്ടു നടന്നു. കാലിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി നടക്കാൻ എന്തോ ഒരു പ്രയാസം.
ചുറുചുറുക്കുള്ള യൗവ്വനം കൈമോശം വന്നിരിക്കുന്നു. വാർദ്ധക്യത്തിന്റെ ആക്രമണം തുടങ്ങിക്കഴിഞ്ഞു. അതിന്റെ സൂചനയാണ് കാലിലെ ഈ വേദന. പ്രായം അറുപത് കടന്നുപോയി. കഴിഞ്ഞ റബീഉൽ അവ്വലിൽ അറുപത് കഴിഞ്ഞു. ഓർമ്മവെച്ച നാൾ മുതൽ കഠിനാദ്ധ്വാനമാണ്. ശരീരത്തിന് പറയത്തക്ക വിശ്രമമൊന്നും ലഭിച്ചിട്ടില്ല. ഇനി വരാനുള്ളത് കൈകാൽ വേദനയുടേയും ക്ഷീണത്തിന്റെയുമൊക്കെ കാലമാണ്.
ങ്ഹാ.. വരാനുള്ളതൊക്കെ വരട്ടെ ഇക്കാലയളവിൽ എന്തെല്ലാം കണ്ടു..? അനുഭവിച്ചു..?
ഇരുട്ടിൽ ഒരു ചുമ.
തന്റെ പ്രിയ ഭർത്താവിന്റെ ചുമ.
കുറച്ചു ദിവസമായി നല്ല സുഖമില്ല...
നാട്ടുകാർക്ക് പ്രിയങ്കരനായ അബൂബക്കർ ഹാജി. പൊതുകാര്യപ്രസക്തൻ എന്ത് കാര്യത്തിനും മൂപ്പരുടെ സാന്നിദ്ധ്യം വേണം. ഇനിയിപ്പം ഒന്നും നടക്കില്ല വയസ്സായില്ലേ..?!
ആയിശുമ്മ വാതിൽ തുറന്നു. തണുപ്പ് തള്ളിക്കയറി വന്നു. ദിനചര്യകളുടെ തുടക്കമായി. പ്രഭാതത്തിന്റെ സമാഗമം കൂട്ടിൽ ആടുകൾ കരയാൻ തുടങ്ങി. കോഴികൾ ശബ്ദമുയർത്തുന്നു. നാട്ടുമാവിൻ കൊമ്പിൽ കാക്കകളുടെ കരച്ചിൽ. കിണറ്റിൽ കരയിലേക്കു നടന്നു. അപ്പോൾ അവരുടെ മനസ്സിൽ ഇളയ മകൾ ഫാത്വിമയുടെ മുഖം തെളിഞ്ഞുവന്നു. അതോടെ അവർ കിടുകിടാ വിറച്ചുപോയി. പൊന്നുമോളേ അവർ അറിയാതെ വിളിച്ചുപോയി...
കടിഞ്ഞൂൽ പ്രസവത്തിന് സമയമായിവരുന്നു. ഭർത്താവിന്റെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവരണം. എങ്ങനെ കൊണ്ടുവരും..? ഓർത്തിട്ടൊരു രൂപവുമില്ല. ഏത് നേരവും പോലീസും പട്ടാളവും ആ വീടിനെ വട്ടമിട്ടു നടക്കുകയാണ്. അവർക്ക് അവളുടെ മാപ്പിളയെ വേണം. ആലിക്കുട്ടിയെ.. എന്റെ റബ്ബേ...
ആലിക്കുട്ടി എവിടെപ്പോയെന്ന് ആർക്കുമറിയില്ല. ഒരാഴ്ച മുമ്പു നടന്ന സംഭവം അവരോർത്തു. പോലീസ് ആ വീട്ടിൽ കയറിവന്നു വാതിലിൽ മുട്ടിവിളിച്ചു. ആലിക്കുട്ടിയുടെ ഉമ്മയാണ് വാതിൽ തുറന്നത്...
എവിടെടീ നിന്റെ മോൻ ആലിക്കുട്ടി..? പോലീസുകാരൻ ശബ്ദമുയർത്തിച്ചോദിച്ചു...
ഇബടില്ല... ഉമ്മയുടെ ശബ്ദമിടറി...
എവിടെപ്പോയി..? സത്യം പറഞ്ഞോ..?
ഞമ്മക്കറിയില്ല. അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
കരയണ്ട ഈ അടവൊന്നും വിലപ്പോവില്ല. ആലിക്കുട്ടിയെ ഞങ്ങൾക്കു വേണം. അവനെവിടെ..?
ഞമ്മക്കറിയില്ല...
അവന്റെ ഭാര്യയെവിടെ..?
അകത്തുണ്ട്.
വിളിക്കവളെ...
ഉമ്മ അകത്തേക്കു നടന്നു. പോലീസുകാരൻ കോലായിൽ ഉലാത്തിക്കൊണ്ടിരുന്നു. കനത്ത ബൂട്ട് തറയിൽ ഉരയുന്ന ശബ്ദം. അല്പം കഴിഞ്ഞപ്പോൾ വാതിൽക്കൽ ഉമ്മയുടെ മുഖം. ഉമ്മയുടെ പിന്നിൽ പേടിച്ചരണ്ട യുവതി ആലിക്കുട്ടിയുടെ ഭാര്യ ഫാത്വിമ. പോലീസുകാരൻ ഫാത്വിമയെ തുറിച്ചുനോക്കി. അവൾ പേടിച്ചു വിറച്ചു...
ഇങ്ങോട്ട് കടന്നുവാടീ...
ഫാത്വിമ കോലായിലേക്ക് കടന്നു വന്നു. വീർത്തുന്തിയ വയർ. വിളർച്ച ബാധിച്ച മുഖം. അവൾ ചുമർ ചാരി നിന്നു.
സത്യം പറഞ്ഞോ എവിടെടീ അവൻ..?
ഞമ്മക്കറിയില്ല...
അറിയില്ലേ..? നിന്നെ ഞാൻ..?! പോലീസുകാരൻ ബൂട്ടിട്ട് ശബ്ദമുണ്ടാക്കി അവനെ ഞങ്ങൾ പിടിക്കും നല്ലപാഠം പഠിപ്പിക്കും മനസ്സിലായോ നിനക്ക്..?!
ങ്ഹാ...
അവനെപ്പറ്റി വല്ല വിവരവും കിട്ടിയാൽ ഞങ്ങളെ അറിയിക്കണം മനസ്സിലായോടീ...
ങ്ഹാ...
അവന്റെയൊരു ഖിലാഫത്ത്.
ചുട്ടുകളയും..!!
പോലീസ് തിരിച്ചു പോയി.
വീട്ടിൽ ഉൽക്കണ്ഠ നിറഞ്ഞു നിന്നു. അയൽക്കാർക്ക് അങ്ങോട്ടു കടന്നുവരാനും ഭയം. പോലീസ് പിടികൂടി ചോദ്യം ചെയ്യുമോ എന്ന പേടി. എല്ലാവരും അകന്നു നിൽക്കുന്നു. ആ വീട്ടുകാർ ഒറ്റപ്പെട്ടു. ഖിലാഫത്ത് കമ്മിറ്റിയിൽ ചേർന്നതാണ് കുറ്റം..!!
ആയിശുമ്മ കണ്ണീർ തുടച്ചു. കിണറ്റിൽനിന്നു വെള്ളം കോരിയെടുത്തു മുഖം കഴുകിയപ്പോൾ നേർത്ത ആശ്വാസം. ആ തണുത്ത പ്രഭാതത്തിലും അവർ വിയർക്കുകയായിരുന്നു. സുബ്ഹിക്കു ശേഷം ദീർഘനേരം ദുആ ഇരന്നു...
പടച്ച തമ്പുരാനേ... എന്റെ മക്കളെ കാത്തുരക്ഷിക്കണേ... എല്ലാ ആപത്തിലും സഹായിക്കണേ...
പടച്ച തമ്പുരാനോട് തേടുകയല്ലാതെന്തുവഴി..? നിസ്കാരക്കുപ്പായം ചുരുട്ടിവെച്ചു മെല്ലെ കോലായിലേക്ക് നടന്നു...
അബൂബക്കർ ഹാജി നിസ്കാരം തുടങ്ങിയതേയുള്ളൂ മുതുകിലെ ആ വളവ് കുനിഞ്ഞുള്ള ആ നിൽപ്പ്.. ഹോ... കണ്ട് സഹിക്കാനാവുന്നില്ല. എന്തൊരു കാഴ്ചയാണിത്. നെഞ്ചുവിരിച്ച് കൈകൾ വീശിയുള്ള ആ നടപ്പ് ഇനി കാണാനാവില്ല. യൗവ്വനത്തിന്റെ പ്രസരിപ്പുകാലത്തുള്ള ആ നടപ്പ് ഒന്നു കാണണമായിരുന്നു. എന്തൊരു ശുജായി ആയിരുന്നു. ആ മനുഷ്യനാണോ ഈ നിൽക്കുന്നത്. സുജൂദിലേക്കു പോവുന്ന രംഗം നോക്കി നിന്നു. ശരീരമൊന്നു വളഞ്ഞുകിട്ടാൻ എത്ര പ്രയാസപ്പെടുന്നു.
വാർദ്ധക്യത്തിന് ഇത്രയും പ്രയാസമോ..?!
*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*
*☝️അള്ളാഹു അഅ്ലം☝️*
_______________________________
*🤲🤲ദു:ആ വസിയതോടെ.🤲🤲*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
💖♨💖♨💖♨💖♨💖♨💖
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

No comments:
Post a Comment