മൂസ നബി ചരിത്രം part 3



ജോത്സ്യന്റെ പ്രവചനം



ഖിബ്ത്വി വംശജനായ ഒരു ജ്യോത്സ്യൻ ഫറോവയോട് വന്നു പറഞ്ഞു : സന്തതികളിൽ ആൺകുഞ്ഞ് ജനിക്കും അവന്റെ കരങ്ങളിലൂടെ അങ്ങയുടെ രാജാധികാരം തെറിച്ചുപോകും. ഇതു കേൾക്കേണ്ട താമസം ഫറോവ പരിഭ്രാന്തനായി. ഇസ്രയേൽ സന്തതികളിൽ പിറക്കുന്ന സകല ആൺകുഞ്ഞുങ്ങളെയും പിടിച്ചറുക്കാൻ തന്റെ ഭടന്മാരോട് ഫറോവ കല്പിച്ചു. 


താൻ ദൈവമാണെന്നാണല്ലോ ഫറോവയുടെ വിചാരം അതിനാൽ താനുദ്ദേശിക്കുന്നവരെ അറുക്കാനും അല്ലാത്തവരെ വെറുതേ വിടാനും അയാൾക്ക് അധികാരമുണ്ടെന്നാണ് മൂപ്പന്റെ മനസ്സിലിരിപ്പ്. ആട്ടിൻപറ്റത്തിന്റെ ഉടമയ്ക്ക് താനുദ്ദേശിക്കുന്ന ആടുകളെ അറുക്കാനും അല്ലാത്തവയെ അറുക്കാതിരിക്കാനും അധികാരമുണ്ടല്ലോ. 


ഫറോവയുടെ ഓർഡർ സ്വീകരിച്ചുകൊണ്ട് ഭടന്മാർ നാലുപാടും ഓടി ഇസ്രയേൽ സന്തതികളിൽ എവിടെയൊക്കെ ഒരു ആൺശിശു ജനിച്ചിട്ടുണ്ടെന്ന് അവർ അന്വേഷിച്ചുകൊണ്ടിരുന്നു. എവിടെയൊക്കെ അങ്ങനെ ജനിച്ചതായി അറിഞ്ഞോ അവിടങ്ങളിലൊക്കെ കയറിച്ചെന്ന് ആ ചോരപ്പെതലിനെ പിടിച്ചുപറ്റി ആട്ടിൻകിടാങ്ങളെയെന്നപോലെ കശാപ്പു ചെയ്തു.


അന്നും കാട്ടിൽ ചെന്നായ്ക്കൾ പാർത്തിരുന്നു. അന്നും നാട്ടിൽ പാമ്പും തേളുമുണ്ടായിരുന്നു. പക്ഷെ അവയൊന്നും ആരും ഉപദ്രവിച്ചില്ല. ഫറോവയുടെ പോലീസുകാരിൽ ഒരാൾ പോലും അവയെ വേട്ടയാടിയില്ല. പക്ഷെ ഇസ്രയേൽ സന്തതികൾ ആണായി പിറക്കുന്ന പിഞ്ചോമനകൾക്ക് ഫറോവയുടെ രാജ്യത്ത് അനുവാദമില്ല. സ്വന്തം മാതാപിതാക്കളുടെ മുമ്പിൽ വച്ച് ആയിരക്കണക്കിന് ഓമനപ്പൈതങ്ങളുടെ ശിരസ്സുകൾ അറുത്തുമാറ്റപ്പെട്ടു.


അക്കാലത്ത് ഇസ്രയേൽ സന്തതികളുടെ കുടുംബത്തിൽ ഒരു ആൺകുഞ്ഞ് പിറന്നാൽ ആ ദിനം അങ്ങേയറ്റം പ്രയാസകരം തന്നെയായിരുന്നു. അത് കദനത്തിന്റെയും കരച്ചിലിന്റെയും ദിനമായിരുന്നു. ബനൂ ഇസ്രയേൽ (ഇസ്രയേൽ സന്തതികൾ ) കുടുംബത്തിൽ ഒരു ആൺപൈതൽ പിറക്കുന്ന ദിനം അനുശോചനത്തിന്റെയും വിലാപത്തിന്റെയും ദിനമായിരുന്നു. ഒരൊറ്റ ദിവസത്തിൽ തന്നെ നൂറുകണക്കിന് പൈതങ്ങൾ ആട്ടിനെയും പോത്തിനെയും അറുക്കുന്നപോലെ അറുകൊല ചെയ്യപ്പെട്ടു. വിശുദ്ധ ഖുർആൻ സിദ്ധിച്ചപോലെ ഫറോവ ഭൂമിയിൽ പ്രതാപം നടിച്ച അധികാരം വാണു. അയാൾ രാജ്യത്ത് ദ്വിരാഷ്ട്രവാദം കൊണ്ടുവന്നു. ഒരുവിഭാഗത്തെ ദുർബലരാക്കി അവരിലെ ആൺകുഞ്ഞുങ്ങളെ ഹനിക്കുകയും പെൺകുഞ്ഞുങ്ങൾക്ക് ജീവിക്കാൻ അനുമതി നൽകുകയും ചെയ്തു ഫറോവ കുഴപ്പക്കാരനാണെന്ന കാര്യം തീർച്ച.


No comments:

Post a Comment