ബദർ യുദ്ധചരിത്രം💞 ഭാഗം:14


നിന്ദിതരും ലജ്ജിതരുമായി മുശ്രിക്കുകള്‍ പല കൈവഴികളിലൂടെ മക്കയില്‍ ചേക്കേറി. പരാജയവാര്‍ത്തയുമായി ആദ്യം മക്കയിലെത്തിയത് ഖുസാഅ ഗോത്രക്കാരന്‍ ഹൈസുമാന്‍ബിന്‍ അബ്ദുല്ലയാണ്. അദ്ദേഹം വധിക്കപ്പെട്ടവരുടെ നിരയില്‍ ഉത്ബ, റബീഅ, ശൈബ, അബുല്‍ഹകം, ഉമയ്യ എന്നീ പ്രമുഖരുടെ പേരുകള്‍ എണ്ണിയപ്പോള്‍ അവരത് ആദ്യം വിശ്വസിച്ചില്ല. അദ്ദേഹത്തെ പരിശോധിക്കാനായി അവര്‍ കഅബയുടെ ഹിജ്റില്‍ ഇരിക്കുകയായിരുന്ന സ്വഫ്വാന്‍ ബിന്‍ ഉമയ്യക്കെന്തുപറ്റി എന്ന് അന്വേഷിച്ചു. അദ്ദേഹം ഹിജ്റില്‍ ഇരിക്കുന്നതായി ഹൈസുമാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവിശ്വസനീയമായി തോന്നിയ സത്യം അവര്‍ പയ്യെ പയ്യെ അംഗീകരിച്ചു. സ്വഫ്വാന്റെ പിതാവും സഹോദരനും വധിക്കപ്പെട്ടതായി താന്‍ കണ്ടുവെന്ന് ഹൈസുമാന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


അബൂലഹബ് ബദറില്‍ പങ്കെടുത്തിരുന്നില്ല. കഅബയുടെ സമീപം ഇരിക്കുകയായിരുന്ന അദ്ദേഹത്തെ യുദ്ധവാര്‍ത്തയുമായി അബൂസുഫ്യാന്‍ സമീപിച്ചു. യുദ്ധത്തില്‍ മലക്കുകളുടെ സാന്നിധ്യവും സേവനവും മുസ്ലിംകള്‍ക്ക് ലഭിച്ചത് അദ്ദേഹം പറഞ്ഞപ്പോള്‍ സ്വയം നിയന്ത്രിക്കാനാവാതെ അടുത്തുണ്ടായിരുന്ന അബൂറാഫി എന്ന ദുര്‍ബലനായ വിശ്വാസിയെ പൊതിരെ തല്ലി. അദ്ദേഹം മലക്കുകളുടെ സാന്നിധ്യത്തില്‍ സന്തോഷം രേഖപ്പെടുത്തിയതായിരുന്നു കാരണം. ഇത് കണ്ട് സഹിക്കാനാവാതെ ഉമ്മുല്‍ഫദ്ല്‍ എന്ന മുസ്ലിംവനിത ഒരു വലിയ വടിയെടുത്ത് അബൂലഹബിന്റെ തലക്കടിച്ച് മുറിവേല്‍പ്പിച്ചു. അതിനുശേഷം അബൂലഹബ് ഏഴ് നാള്‍ മാത്രമാണ് ജീവിച്ചത്. അവന്‍ വസൂരി ബാധിച്ച് ശരീരമാസകലം ചീഞ്ഞുപൊട്ടി ആര്‍ക്കും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. മക്കള്‍പോലും കയ്യൊഴിച്ചു. മൂന്നുദിവസം ജഡം മറമാടാതെ അവിടെ കിടന്നു അവസാനം ഒരു കുഴിയിലേക്ക് വടികൊണ്ട് തോണ്ടിയെറിഞ്ഞ് അകലെനിന്ന് കല്ലിട്ട് മൂടിക്കളഞ്ഞു.                                         

കനത്ത ദുഃഖവും പ്രയാസവും സമ്മാനിച്ച ഈ സംഭവത്തില്‍ മക്കക്കാരുടെ മനസ്സ് നീറി. വധിക്കപ്പെട്ട ബന്ധുക്കളുടെ കാര്യമോര്‍ത്ത് അവര്‍ ഉറക്കമൊഴിച്ചു. പക്ഷെ, അവരുടെ സമ്പ്രദായമനുസരിച്ചുള്ള മരിച്ചവരുടെ പേരിലുള്ള വിലാപം തീര്‍ത്തും വിരോധിച്ചു. അതും മുസ്ലിംകളുടെ ആഹ്ളാദത്തിന് പ്രേരകമായേക്കുമോ എന്ന ആശങ്കയായിരുന്നു കാരണം.
(തുടരും)

No comments:

Post a Comment