മൂസാ നബി (അ) ന്റെ ജനനം
ഫറോവ പേടിച്ചതെന്തോ അത് സംഭവിക്കട്ടെയെന്ന് അല്ലാഹു തീരുമാനിച്ചു. ഫറോവയുടെ രാജപദവി ഏതൊരുവന്റെ കയ്യാൽതെറിച്ചു പോകണമെന്നാണോ അല്ലാഹു ഇച്ഛിച്ചത് ആ കുഞ്ഞ് പിറന്നു.
ഏതൊരു മഹാനുഭാവന്റെ കരങ്ങളിലാണോ ഇസ്രയേൽ സന്തതികളുടെ വിമോചനം സാധ്യമാകണമെന്ന് ദൈവം ഇച്ഛിച്ചത് ആ കുഞ്ഞുമോൻ ഭൂജാതനായി. സൃഷ്ടിപൂജയിൽനിന്ന് ഏകനായ സ്രഷ്ടാവിന്റെ ആരാധനയിലേക്ക് സമഷ്ടിയെ കൊണ്ടുവരാൻ ആരെയാണോ പ്രപഞ്ചനാഥൻ കണക്കാക്കിയത് ആ കുഞ്ഞ് പിറവിയെടുത്തു.
മനുഷ്യസമൂഹത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തേക്ക് വഴി നയിക്കാൻ ഏതൊരു പുണ്യപൂമാനെയാണോ ഈശ്വരൻ തെരഞ്ഞെടുത്തത് ആ ഓമനപ്പൈതൽ ജനിച്ചു. ഫറോവയെയും പ്രഭൃതികളെയും വകവെക്കാതെ ഇംറാന്റെ പുത്രൻ മൂസ പിറന്നു പോലീസും അന്വേണങ്ങളും ഒക്കെ മുറക്ക് നടന്നിട്ടും മൂസ പിറന്ന് മൂന്നാം മാസം പിന്നിട്ടു.
പക്ഷേ മൂസയുടെ മാതാവ് തന്റെ സുന്ദരനായ കുഞ്ഞിന്റ കാര്യത്തിൽ ഭയാവിഹ്വലയായി. എങ്ങനെ ഭയപ്പെടാതിരിക്കും ? കുഞ്ഞുങ്ങളുടെ ശത്രു പതിയിരിക്കുകയല്ലേ? എങ്ങനെ ഭയപ്പെടാതിരിക്കും? ശതക്കണക്കിന് ശിശുക്കളെ മാതാക്കളുടെ മടിത്തട്ടിൽ നിന്ന് പോലീസുകാർ റാഞ്ചിയില്ലേ?

 
No comments:
Post a Comment