➖➖➖➖➖➖➖➖➖➖
വിട വാങ്ങി
➖➖➖➖➖➖➖➖➖➖
ഹിജ്റഃ ഇരുപത്തിമൂന്നാം വർഷം
ദുൽഹജ്ജ് 26 ലോകത്തെ നടുക്കിയ സംഭവം നടന്ന പ്രഭാതം ഖലീഫ ഉമറുൽ ഫാറൂഖ് (റ) മസ്ജിദുന്നബവിയിലേക്ക് വന്നു പരിസരമെല്ലാം ഇരുട്ടിൽ തന്നെ പള്ളിയിൽ മണ്ണെണ്ണ വിളക്കിന്റെ പ്രകാശം സ്വുബ്ഹി ബാങ്ക് കൊടുത്ത് കഴിഞ്ഞിട്ടുണ്ട് സത്യവിശ്വാസികൾ പള്ളിയിലേക്കുവന്നുകൊണ്ടിരിക്കുന്നു
അമീറുൽ മുഅ്മിനീനാണ് നിസ്കാരത്തിന് ഇമാമത്ത് നിൽക്കുന്നത് സമയമായി ഇമാം മുമ്പോട്ടുവന്നു സ്വഫ്ഫുകൾ നിരന്നു ഒരു പകലിന്റെ തുടക്കം അത് പ്രാർത്ഥനയിൽ തുടങ്ങുന്നു
തക്ബീർ ചൊല്ലി നിസ്കാരം തുടങ്ങി അവിടെ ഒരു തൂണിന്റെ മറവിൽ , ഒരു കൊടുംഭീകരൻ മറഞ്ഞുനിൽപ്പുണ്ടായിരുന്നു കൈയിൽ മാരക ആയുധം അവിടെ ഇരുട്ട് തളംകെട്ടി നിൽക്കുകയായിരുന്നു അതിനാൽ അവൻ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല
ഇരുട്ടിന്റെ മറവിൽനിന്ന് ഒറ്റക്കുതിപ്പ് ഇരുതലമൂർച്ചയുള്ള കഠാരി ആഞ്ഞുവീശി ഖലീഫക്ക് കുത്തേറ്റു മൂന്നുതവണ കുത്തി മൂന്നാമത്തെ കുത്ത് പൊക്കിളിന്നുതാഴെയായിരുന്നു മാരകമായ വിഷം പുരട്ടിയ കഠാരയാണ് രക്തം ചീറ്റി ഉമർ (റ) തളർന്നു
അനുയായികൾ ഒരു നിമിഷം പകച്ചുനിന്നു ഘാതകന്റെ നേരെ കുതിച്ചുചെന്നു കഠാര ആഞ്ഞുവീശുന്നു പന്ത്രണ്ട് പേർക്ക് കുത്തേറ്റു ആറുപേരുടെ മുറിവുകൾ മാരകമായിരുന്നു ആറാളുകൾ പിന്നീട് രക്തസാക്ഷികളായി
ഘാതകനെ അധീനപ്പെടുത്താനുള്ള ശ്രമം തുടരുകയാണ് ഇതിന്നിടയിൽ അവൻ സ്വന്തം ശരീരത്തിൽ കഠാര കുത്തിയിറക്കി ആത്മഹത്യ ചെയ്തു
അബ്ദുറഹ്മാനുബ്നു ഔഫ്(റ) വിനോട് ഇമാമായി നിന്ന് നിസ്കാരം പൂർത്തിയാക്കാൻ ഖലീഫ കൽപിച്ചു വേഗത്തിൽ നിസ്കരിച്ചു തീർത്തു
ഉമർ (റ) അബോധാവസ്ഥയിലായി വെളിച്ചം പരക്കുകയാണ് ആളുകൾ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിൽക്കുകയാണ് ബോധം തെളിഞ്ഞു ഉടനെ ചോദിച്ചു
എല്ലാവരും നിസ്കരിച്ചോ?
'അതെ' അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) മറുപടി നൽകി
'നിസ്കരിക്കാത്തവന് ഇസ്ലാമിൽ സ്ഥാനമില്ല '
കുത്തേറ്റ് വീണ ഖലീഫ ബോധരഹിതനായി കുറെ സമയം കടന്നുപോയി ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടു നിസ്കാരത്തിന്റെ കാര്യം ഖലീഫയെ ഓർമ്മപ്പെടുത്താം
ഒരാൾ ഖലീഫയെ വിളിച്ചു പറഞ്ഞു നിസ്കാരം നിസ്കാരം ഖലീഫ കണ്ണു തുറന്നു ബോധം വന്നു വുളു എടുത്തു നിസ്കരിച്ചു
എന്റെ ഘാതകൻ ആരാണ്? ഖലീഫ ചോദിച്ചു
അബൂലുഅ്ലുഅ്
കേട്ടപ്പോൾ ആശ്വാസം തോന്നി അല്ലാഹുവിനെ സ്തുതിച്ചു
ഖലീഫ പറഞ്ഞു: അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ഒരു വിശ്വാസിയല്ലല്ലോ തന്നെ വധിച്ചത്
അപ്പോഴേക്കും വൈദ്യൻ എത്തി പരിശോധിച്ചു അൻസാരികളിൽപ്പെട്ട ഒരു വൈദ്യനും വന്നു മൂന്നാമതൊരു വൈദ്യനും എത്തി മരുന്നുകൾ ഫലിക്കാത്ത അവസ്ഥയാണ് മരണം സുനിശ്ചിതമായി
ആളുകൾ വാവിട്ടുകരയാൻ തുടങ്ങി സ്വയം നിയന്ത്രണമില്ലാത്ത അവസ്ഥ കരയരുത് അത് മയ്യിത്തിന് ദോഷം ചെയ്യും
ഖലീഫ ഉപദേശിച്ചു മനസ്സ് വിങ്ങുമ്പോൾ കരയാതിരിക്കുന്നതെങ്ങനെ? ഇപ്പോൾ ഉമറുൽ ഫാറൂഖിന്റെ മനസ്സിനെ അസ്വസ്ഥമാകുന്നതെന്താണ് ?
ഭാവിയിലെ ഭരണാധികാരി ആര് ? ഖലീഫയെ ആര് നിയമിക്കും നബി(സ) ഖലീഫയെ നിയമിക്കാതെ വഫാത്തായി താൻ ആ മാതൃക സ്വീകരിക്കണോ ?
അബൂബക്കർ സിദ്ദീഖ് (റ) പിൻഗാമിയെ നിയമിച്ചു ആ മാർഗ്ഗം പിൻപറ്റണമോ ? ഏത് വഴി സ്വീകരിക്കണം നന്നായി ചിന്തിച്ചു ഒരു മാർഗം കണ്ടെത്തി മഹാന്മാരായ ആറ് സ്വഹാബികൾ അവരെ ഏല്പിക്കാം അവർ ഖലീഫയെ തിരഞ്ഞെടുക്കട്ടെ താനറിയുന്നവരിൽ ഏറ്റവും സമുന്നതന്മാരാണിവർ
1. അലി(റ) , 2.ഉസ്മാൻ (റ), 3. അബ്ദുറഹ്മാനുബ്നു ഔഫ് (റ), 4. സഅദ്ബ്നു അബീവഖാസ് (റ),5. സുബൈറുബ്നുൽ അവ്വാം(റ), 6. ത്വൽഹത്തുബ്നു സുബൈർ (റ)
ഇവരെ അടുത്തേക്ക് വിളിച്ചു അവരോട് പറഞ്ഞു:
'നിങ്ങളാണ് നേതാക്കൾ പരിശുദ്ധരായ നായകന്മാർ ജനങ്ങളിൽ ഏറ്റവും നന്മനിറഞ്ഞവർ നിങ്ങളാണെന്നാണ് എന്റെ വിശ്വാസം നബി (സ) തങ്ങൾ നിങ്ങളെ തൊട്ട് തൃപ്തിപ്പെട്ടിട്ടുണ്ട് നിങ്ങൾ ഒന്നിച്ചു നിൽക്കണം ഭിന്നിക്കരുത് നിങ്ങളിൽ നിന്നൊരാളായിരിക്കണം ഭവി ഖലീഫ '
പറഞ്ഞു തീരും മുമ്പെ ബോധം നഷ്ടപ്പെട്ടു
അമീറുൽ മുഅ്മിനീൻ വഫാത്തായോ?
ഇല്ല അല്പം കഴിഞ്ഞു ബോധം തിരിച്ചു കിട്ടി ഇത്രകൂടി പറഞ്ഞു :
ഞാൻ മരണപ്പെട്ടാൽ നിങ്ങൾ കൂടിയാലോചന തുടങ്ങണം കൂടിയാൽ മൂന്നു ദിവസം അതോടെ തീരുമാനം പ്രഖ്യാപിക്കണം നാലാം ദിവസം പുതിയ ഖലീഫയെ പ്രഖ്യാപിക്കണം ഖലീഫയില്ലാതെ നാലാം ദിവസം വന്നണയരുത്
മക്കളോടുള്ള ഉപദേശം ഇതായിരുന്നു:
ബൈത്തുൽ മാലിൽ നിന്നെടുത്ത സംഖ്യ തിരിച്ചടക്കണം ഖബർ അധികം വലുപ്പമുള്ളതാവരുത് കഫൻതുണി ലളിതമായിരിക്കണം
മകന്റെ മടിയിൽ തലവെച്ചാണ് കിടക്കുന്നത് എന്റെ തല മണ്ണിൽ വെക്കൂ കവിൾ മണ്ണിൽ വെക്കൂ മകൻ വൈമനസ്യം കാണിച്ചപ്പോൾ നിർബന്ധിച്ചു ശിരസ്സ് നിലത്ത് വെച്ചപ്പോൾ ഖലീഫ പറഞ്ഞു:
അല്ലാഹു എനിക്ക് പൊറുത്തു തന്നില്ലെങ്കിൽ ..... ഞാൻ നശിച്ചത് തന്നെ......
കൂടിയാലോചനക്ക് നിയോഗിച്ചവരിൽപെട്ട ത്വൽഹ(റ) യുദ്ധമുന്നണിയിലായിരുന്നു മൂന്നു ദിവസം അദ്ദേഹത്തെ പ്രതീക്ഷിക്കാം എത്തിയില്ലെങ്കിൽ ബാക്കിയുള്ളവർ തീരുമാനമെടുക്കണം നബി (സ) തങ്ങളും അബൂബക്കർ സിദ്ദിഖ് (റ)വും റൗളാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു അവരോടൊപ്പം ഖബറടക്കപ്പെടണമെന്നാണ് ഉമറുൽ ഫാറൂഖ് (റ)വിന്റെ ആഗ്രഹം ആഇശ(റ)യുടെ വകയാണത് അവർ സമ്മതം തന്നാൽ തന്റെ ആഗ്രഹം നടക്കും
മകൻ അബ്ദുല്ലയെ അയച്ചു അമീറുൽ മുഅ്മിനീൻ കുത്തേറ്റു വീണതറിഞ്ഞ് ദുഃഖം സഹിക്കാതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ആഇശ(റ)
അബ്ദുല്ലാഹിബ്നു ഉമർ (റ) വന്ന് ഉപ്പായുടെ ആഗ്രഹം അറിയിച്ചു
ആഇശ(റ) ഇങ്ങനെ മറുപടി നൽകി:
'ഞാൻ എനിക്കുവേണ്ടി കരുതിവെച്ച സ്ഥലമാണത് ഞാൻ ഇന്ന് അമീറുൽ മുഅ്മിനീന്റെ ആഗ്രഹത്തിന്നാണ് കൂടുതൽ വില കല്പിക്കുന്നത് അദ്ദേഹത്തിന്റെ ജനാസ റൗളാ ശരീഫിൽ തന്നെ ഖബറടക്കട്ടെ '
മകൻ മടങ്ങിയെത്തി വിവരം പറഞ്ഞു
ഉമറുൽ ഫാറൂഖ് (റ) മകനോട് പറഞ്ഞിരുന്നു : എന്റെ മയ്യിത്തുമായി പുറപ്പെട്ടാൽ വേഗം നടക്കണം മയ്യിത്ത് ഖബറടക്കുംമുമ്പ് ആഇശയോട് ഒരിക്കൽകൂടി സമ്മതം ചോദിക്കണം
ഒരു സാധാരണക്കാരന്റെ മരണാനന്തര കർമ്മങ്ങൾപോലെ ഖലീഫയുടെ ആവശ്യകർമ്മങ്ങൾ നിർവ്വഹിക്കപ്പെടുകയാണ്
ജീവിതകാലം മുഴുവൻ മനസ്സ് നിറയെ തൗഹീദിന്റെ പ്രകാശവുമായി ജീവിച്ച ഉമറുബ്നുൽ ഖത്താബ്(റ ) പൂർണ്ണ തൗഹീദിലായി വഫാത്തായി മദീനാ ശോകമൂകമായി എവിടെയും ദുഃഖം മാത്രം കരയുന്ന മുഖങ്ങൾ മാത്രം
അമീറുൽ മുഅ്മിനീൻ വഫാത്തായി എന്ന് വിശ്വസിക്കാനാവുന്നില്ല ദുഃഖം മനസ്സുകളെ തളർത്തിക്കളഞ്ഞു മരണാനന്തര കർമ്മങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കി മയ്യിത്ത് കട്ടിൽ പുറപ്പെട്ടു റൗളാ ശരീഫിലേക്ക്
ജനക്കൂട്ടം റൗളാ ശരീഫിന്റെ മുമ്പിലെത്തി മയ്യിത്ത് കട്ടിൽ താഴ്ത്തിവെച്ചു ഒരിക്കൽ കൂടി ആഇശാബീവി(റ) വോട് സമ്മതം ചോദിച്ചു
മയ്യിത്ത് നിസ്കാരം നടന്നു
കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് അന്ത്യയാത്ര മയ്യിത്ത് ഖബറിലേക്ക് താഴ്ന്നു ഗാംഭീര്യമുള്ള ആ ശബ്ദം ഇനിയവിടെ മുഴങ്ങില്ല അന്ത്യനിമിഷം വരെയും ഖലീഫ കർമ്മനിരതനായിരുന്നു
വിശുദ്ധ നബി (സ) യുടെ മസ്ജാദിൽ ഇമാമായി സുബ്ഹി നിസ്കരിക്കുമ്പോൾ ആക്രമിക്കപ്പെടുക ശഹീദാവുക അങ്ങനെ ഖലീഫ ചരിത്രത്തിൽ അനശ്വരനായി മാറി
ഉമറുൽഫാറൂഖ് (റ)വിന്റെ ഒരു പ്രധാന പ്രാർത്ഥന ഇതായിരുന്നു:
'എന്റെ റബ്ബേ..... ' നിന്റെ മാർഗ്ഗത്തിൽ ശഹീദാവാൻ തൗഫീഖ് നൽകേണമേ..... എന്റെ മരണം നബി (സ) തങ്ങളുടെ നാട്ടിൽ വെച്ചാക്കേണമേ'
പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്ന ആഗ്രഹം സഫലമായി
ഒരിക്കൽ ഉമർ(റ) നബി (സ) തങ്ങളുടെ മുമ്പിലെത്തിയത് വല്ലാത്തൊരവസ്ഥയിലായിരുന്നു ഷർട്ട് കീറിപ്പറിഞ്ഞിരുന്നു നബി (സ) അദ്ദേഹത്തോടിങ്ങനെ പറഞ്ഞു:
'നല്ല വസ്ത്രം ധരിക്കുക നന്നായി ജീവിക്കുക രക്തസാക്ഷിയായിത്തീരുക ഈ ലോകത്തും പരലോകത്തും താങ്കൾ പ്രതാപവാനായിത്തീരട്ടെ '
നബി(സ) തങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും
ദുൽഹജ്ജ് മാസത്തിലാണ് വഫാത്തായത് ഹജ്ജിന്റെ മാസം അക്കൊല്ലവും ഹജ്ജിന്ന് നേതൃത്വം വഹിക്കാൻ മക്കത്തെത്തി ഇത് അവസാന ഹജ്ജാണോ?
അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്
നബി (സ) തങ്ങൾ വഫാത്തായത് അറുപത്തിമൂന്നാം വയസ്സിലാണ് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദിഖ് (റ) വഫാത്തായത് അറുപത്തിമൂന്നാം വയസ്സിലാണ്
താനിപ്പോൾ എത്രാം വയസ്സിൽ എത്തിനിൽക്കുന്നു ?
അറുപത്തിമൂന്നാം വയസ്സിൽ തന്റെ മുൻഗാമികളോടൊപ്പം ചേരാൻ സമയമായി ഈ ചിന്തയോടുകൂടിയാണ് മക്കയിലും മിനായിലും , അറഫായിലും മുസ്ദലിഫയിലുമെല്ലാം പോയത്
ജംറത്തുൽ അഖ്ബായിൽ കല്ലെറിയാൻ വന്ന ഉമർ (റ)വിന് തലയിൽ ഏറുകൊണ്ട് വേദനിച്ചു കഅബയോടു വിട പറയുമ്പോൾ വല്ലാത്ത വേദന തോന്നി ഇനിയിവിടെ വരാൻ കഴിയുമോ? ഈ പുണ്യഭവനം കാണാനാവുമോ? ഇത് മക്കയാണ് തന്റെ ജന്മനാട് ഇവിടെയാണ് ജനിച്ചുവളർന്നത് തന്റെ ബാല്യകാലസ്മരണകൾ ഇവിടെയാണ് തങ്ങിനിൽക്കുന്നത്
ഓർമ്മകളുടെ ചുരുൾ നിവർന്നു വരുന്നു തന്റെ വീട് , ബന്ധുക്കൾ, കൂട്ടുകാർ ഈ പുണ്യഭവനത്തിന്റെ മുന്നിലാണ് ഖുറൈശി പ്രമുഖർ സമ്മേളിക്കാറുള്ളത്
അന്നത്തെ ഉക്കാള് ചന്ത അവിടെ നടന്ന വിനോദങ്ങൾ ഇസ്ലാം മതം സ്വീകരിച്ച വാർത്ത ഇവിടെയാണ് പുറത്തുവിട്ടത് തുടർന്നുള്ള കൂട്ടമർദ്ദനങ്ങൾ പിന്നെന്തെല്ലാം സംഭവങ്ങൾ കാലം തന്നെ അമീറുൽ മുഅ്മിനീനാക്കി
പിന്നെത്രയോ തവണ പുണ്യമക്കയിലെത്തി വിദാഇന്റെ ത്വവാഫും കഴിഞ്ഞു ഓരോ പ്രദേശത്തുകാർ മടങ്ങുകയാണ് തന്റെ ഗവർണർമാരും ഉന്നത ഉദ്യോഗസ്ഥന്മാരും പാട്ടാളമേധാവികളുമെല്ലാം വന്നിരുന്നു അവരെയെല്ലാം കണ്ടു വേണ്ട ഉപദേശങ്ങൾ നൽകി ശാസിക്കേണ്ടവരെ ശാസിച്ചു
മദീനക്കാർ മടങ്ങുകയാണ് സംസംവെള്ളം ശേഖരിച്ചിട്ടുണ്ട് ഹജറുൽ അസ് വദ് , മഖാമുഇബ്റാഹിം, ഹിജ്റ് ഇസ്മാഈൽ, സംസം കിണർ , സഫാ, മർവാ.... എല്ലാറ്റിനോടും വിടച്ചൊല്ലി
ഒട്ടകപ്പുറത്ത് കയറി മടക്കയാത്ര ഒട്ടകങ്ങൾ നീങ്ങി മദീനയിലേക്കുള്ള വഴി നീണ്ടുകിടക്കുന്നു
ഹാജിമാരുടെ ഒട്ടകങ്ങൾ നിരനിരയായി നീങ്ങുന്നു മക്കാപട്ടണത്തിന്റെ അതിർത്തിവിട്ടു വിശാലമായ മരുഭൂമി അല്പം ദൂരം യാത്ര ചെയ്തശേഷം മണൽപരപ്പിലിറങ്ങി ഇരു കൈകളും മേൽപ്പോട്ടുയർത്തി ഉമർ (റ) പ്രാർത്ഥിച്ചു
എന്റെ റബ്ബേ..... എനിക്ക് വാർദ്ധക്യം എത്തിയിരിക്കുന്നു എന്റെ കായികശക്തി കുറഞ്ഞിരിക്കുന്നു മുസ്ലിംകൾ എണ്ണത്തിൽ വളരെ വർദ്ധിച്ചിരിക്കുന്നു രാജ്യം വളരെ വിശാലമായിരിക്കുന്നു എല്ലാം നിന്റെ അനുഗ്രഹം എന്റെ നേരെ ആരോപണങ്ങളൊന്നുമില്ല എന്നെ ആരും കഴിവുകെട്ടവനായി കാണുന്നില്ല ഈ അവസ്ഥയിൽ നീ എന്നെ മരിപ്പിക്കേണമേ.....
എന്നെ നീ രക്തസാക്ഷിയാക്കേണമേ
നബി (സ) തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിൽ എനിക്ക് നീ മരണം നൽകേണമേ ആമീൻ
കണ്ണുകൾ നിറഞ്ഞൊഴുകി ഖൽബ് പിടഞ്ഞു വീണ്ടും യാത്ര ഈ വഴികൾ എത്ര സുപരിചിതമാണ് മണൽപ്പരപ്പും മൊട്ടക്കുന്നുകളും എത്ര തവണ കയറുന്നതാണ്
പുണ്യ മദീനയിലെത്തി അടുത്തൊരു ദിവസം ഖലീഫ അങ്ങാടിയിലൂടെ നടക്കുമ്പോൾ അബൂലുഅ്ലുഅ് അടുത്തേക്ക് വന്നു അയാളുടെ ശരിയായ പേര് ഫൈറൂസ് എന്നാകുന്നു പേർഷ്യക്കാരനാണ് പേർഷ്യൻ ദേശീയത തലക്കുപിടിച്ചു നടക്കുന്നയാളാണ് നഹാവന്ദ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ പോരാടിയിരുന്നു മുസ്ലിംകൾ യുദ്ധം ജയിക്കുകയും നിരവധി ഫാർസികളെ ബന്ദികളാക്കുകയും ചെയ്തു അക്കൂട്ടത്തിൽ ഫൈറൂസും ഉണ്ടായിരുന്നു യുദ്ധത്തടവുകാർ അടിമകളായി പരിഗണിക്കപ്പെടും അടിമകളെ വിതരണം ചെയ്യും
മുഗീറത്തുബ്നു ശുഅ്ബ(റ) വിന്നാണ് ഫൈറൂസിനെ കിട്ടിയത് അടിമയെക്കൊണ്ട് ജോലി ചെയ്യിക്കാം അല്ലെങ്കിൽ പുറത്തു ജോലിക്കുവിടാം കിട്ടുന്നകൂലിയിൽ ഒരു പങ്ക് ഉടമസ്ഥന്ന് നൽകിയാൽ മതി മുഗീറ(റ) വളരെ കരുണയോടെയാണ് ഫൈറൂസിനോട് പെരുമാറിയത് നിസ്സാരമായ പ്രതിഫലം നിശ്ചയിച്ചു പുറത്ത് ജോലിക്കു വിട്ടു ദിവസം രണ്ട് ദിർഹം മുഗീറ (റ)വിന്ന് കൊടുത്താൽ മതി ബാക്കിയെല്ലാം ഫൈറൂസിന്നെടുക്കാം അബൂലുഅ്ലുഅ് ഖലീഫയോട് പരാതി പറഞ്ഞു
അമീറുൽ മുഅ്മിനീൻ മുഗീറയിൽ നിന്ന് എനിക്ക് സ്വാതന്ത്ര്യം കിട്ടണം അതിനെന്നെ സഹായിക്കണം ഞാനയാൾക്ക് നല്ല സംഖ്യ നൽകണം
മുഗീറക്ക് നിങ്ങൾ എന്താണ് നൽകുന്നത് ?
ദിവസത്തിൽ രണ്ട് ദിർഹം കൊടുക്കണം
നിങ്ങളെന്തൊക്കെ ജോലിയാണ് ചെയ്യുക?
ആശാരിപ്പണി, കൊല്ലപ്പണി, കൊത്തുപണി ഇവയെല്ലാം നല്ല പ്രതിഫലം ലഭിക്കുന്ന തൊഴിലുകളാണ് മുഗീറക്ക് നൽകുന്നത് വെറും രണ്ടു ദിർഹം അത് വലിയ സംഖ്യയൊന്നുണമല്ല
ഖലീഫയുടെ മറുപടി അടിമക്ക് ഇഷ്ടപ്പെട്ടില്ല അവൻ എന്തൊക്കെയോ പുലമ്പിക്കൊണ്ട് നടന്നു പോയി
'അവൻ എന്നെ ഭീഷണിപ്പെടുത്തിയല്ലോ...' ഖലീഫ പറഞ്ഞു
മദീനയിൽ താമസിക്കുന്ന മറ്റൊരു പേർഷ്യക്കാരനാണ് ഹുർമുസാൻ രാജകുടുംബാംഗമാണ് പേർഷ്യ കീഴടങ്ങിയതോടെ എല്ലാം നഷ്ടപ്പെട്ട് മദീനയിലെത്തി ജുഫൈന മറ്റൊരു പേർഷ്യക്കാരൻ ക്രിസ്ത്യാനിയാണ്
ഉമർ (റ) കാരണം തങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്ന മൂന്നുപേർ പ്രതികാരദാഹവുമായി നടക്കുകയാണ് ഖലീഫയുടെ അനുകമ്പകൊണ്ടാണവർ മദീനയിൽ ജീവിക്കുന്നത് മൂന്നുപേരും സ്വകാര്യം പറയും രഹസ്യതീരുമാനങ്ങളെടുക്കും
ഉമർ (റ)വിനെ കുത്താനുപയോഗിച്ച കഠാരി കണ്ടപ്പോൾ അബ്ദുറഹ്മാനുബ്നു ഔഫ്(റ) ഞെട്ടിപ്പോയി തലേന്നാൾ ഈ കഠാര താൻ കണ്ടിരുന്നു ഹുർമുസാനും ജുഫൈനയും താമസിക്കുന്ന സ്ഥലത്ത് വെച്ചാണ് കണ്ടത് അതേ കഠാരയാണിത് ഇരുതലമൂർച്ചയുള്ള കഠാര കുത്തേൽക്കുന്നതിന്റെ തലേദിവസം
അബ്ദുറഹ്മാനുബ്നു അബൂബക്കർ (റ) ഒരു കാഴ്ച കണ്ടു അബൂലുഅ്ലയും, ഹുർമുസാനും, ജുഫൈനയും സ്വകാര്യസംഭാഷണത്തിലാണ് അബ്ദുറഹ്മാൻ(റ) നെ കണ്ടപ്പോൾ അവർ അസ്വസ്ഥരായി സ്ഥലം വിടാൻ തുടങ്ങിയപ്പോൾ കഠാര താഴെ വീണു ഇരുതലമൂർച്ചയുള്ള കഠാര ആ കഠാരയാണ് ഖലീഫയുടെ ശരീരത്തിൽ പ്രയോഗിച്ചത് ഈ സംഭവങ്ങളെല്ലാം വിരൽചൂണ്ടുന്നത് ഒരു ഗൂഢാലോചനയിലേക്കാണ് മുഗീറ (റ) കൂലി കൂടുതൽ വാങ്ങുന്നു എന്നത് ഒരു നിമിത്തം മാത്രമായിരുന്നു
പുണ്യറൗളാ ശരീഫിൽ നബി (സ) തങ്ങളോടൊപ്പം രണ്ട് ഖലീഫമാരും അന്ത്യവിശ്രമം കൊള്ളുന്നു സിയാറത്തിനെത്തുന്നവർ നബി (സ) തങ്ങൾക്ക് സലാം പറയുന്നു ഒന്നാം ഖലീഫക്ക് സലാം പറയുന്നു പിന്നെ രണ്ടാം ഖലീഫക്കും സലാം
സന്ദർശകരുടെ പ്രവാഹവും സലാം പറച്ചിലും തുടർന്നുകൊണ്ടേയിരിക്കും അന്ത്യനാൾവരെ
✍🏻അലി അഷ്ക്കർ
(അവസാനിച്ചു)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു..
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ_ഞങ്ങളെ അറിയിക്കുമെന്ന് വിശ്വസിക്കുന്നു. അത് ഞങ്ങൾക് കൂടുതൽ ഊർജം നൽകും

 
No comments:
Post a Comment