➖➖➖➖➖➖➖➖➖➖
കോടതികൾ
➖➖➖➖➖➖➖➖➖➖
ഉമർ (റ)വിന്റെ നീതിബോധം ചരിത്രപ്രസിദ്ധമാണ് തന്റെ ഭരണകാലത്ത് തന്റെ രാഷ്ട്രത്തിൽ ഒരാൾക്കും നീതി നിഷേധിക്കപ്പെടരുത് ധനികനും ദരിദ്രനും നീതി ലഭിക്കണം ആരോടും അനീതി കാണിക്കാൻ പാടില്ല ഇതിന്ന് വേണ്ടി നീതി ന്യായക്കോടതികൾ സ്ഥാപിക്കപ്പെട്ടു
നബി (സ) തങ്ങളുടെ കാലത്ത് ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പ്രവാചകനെ സമീപിക്കും പരാതി പറയും എതിർകക്ഷിയെയും വിളിച്ചു വരുത്തും ഇരുവർക്കും പറയാനുള്ളത് തുറന്നു പറയാം നബി(സ) നീതിയോടെ വിധിപറയും ഇരുകൂട്ടർക്കും സമാധാനം, സന്തോഷം
ഒന്നാം ഖലീഫ അബൂബക്കർ സിദ്ദിഖ് (റ)വിന്റെ കാലത്തും ഈ നില തുടർന്നു പരാതികൾ വളരെ കുറഞ്ഞ കാലമായിരുന്നു അത്
ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലം വന്നപ്പോൾ ഇസ്ലാമിക രാഷ്ട്രങ്ങളുടെ എണ്ണം വർദ്ധിച്ചു ജനങ്ങൾ വർദ്ധിച്ചു നവമുസ്ലിംകൾ ധാരാളമുണ്ടായി ജനങ്ങൾ വർദ്ധിക്കുമ്പോൾ പ്രശ്നങ്ങളും വർദ്ധിക്കും പരാതികൾ കൂടും അവ കൈകാര്യം ചെയ്യാൻ പ്രത്യേക വകുപ്പ് തന്നെ തുടങ്ങേണ്ടിവന്നു അങ്ങനെയാണ് കോടതികൾ വന്നത്
കോടതികൾ നിഷ്പക്ഷമായി പ്രവർത്തിക്കണം നീതി എവിടെയാണോ അത് കണ്ടെത്തണം നീതി നിഷേധിക്കപ്പെടരുത് ഭരണ കർത്താക്കളും ഭരിക്കപ്പെടുന്നവരും കോടതിയിൽ ഒരുപോലെ പരിഗണിക്കപ്പെടണം
ജഡ്ജിമാർ ഉന്നത നിലവാരമുള്ളവരാകണം നല്ല പാണ്ഡിത്യം വേണം അനുഭവസമ്പത്ത് വേണം കുറ്റം കണ്ടെത്താനുള്ള കഴിവുണ്ടാവണം ധീരനായിരിക്കണം ഉചിതമായ ശിക്ഷ വിധിക്കാൻ തന്റേടം വേണം
ഇതുപോലൊരു നീതിന്യായ വ്യവസ്ഥ ലോകത്തൊരിടത്തും നിലവിലുണ്ടായിരുന്നില്ല ഇതുകൊണ്ട് തന്നെ ഉമറുൽ ഫാറൂഖ് (റ)വിന്റെ കോടതികളുടെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ നിരീക്ഷിക്കുകയായിരുന്നു
സത്യവും നീതിയും തിളങ്ങിനിന്ന കാലം
കോടതികൾ സ്വതന്ത്രമാണ്, ഭരണകൂടം കൈ കടത്തില്ല ജീവിതവിശുദ്ധിയുള്ളവരെ മാത്രം ന്യായാധിപൻമാരായി നിയോഗിക്കാൻ ഖലീഫ തീരുമാനിച്ചു
മഹാനായ ഹാരിസുബ്നു സാബിത്(റ)
നബി(സ) യുടെ വഹ് യ് എഴുതിയിരുന്ന പ്രഗത്ഭനായ സ്വഹാഹിബിയാണ് വിശുദ്ധ വ്യക്തിത്വമാണ് നല്ല പണ്ഡിതനാണ് പല ഭാഷകൾ സംസാരിക്കും കർമ്മശാസ്ത്രത്തിൽ നല്ല പാണ്ഡിത്യമുണ്ട് തലസ്ഥാനമായ മദീനയിൽ ഹാരിസുബ്നു സാബിത്(റ)വിനെ ജഡ്ജിയായി നിയമിച്ചു
ഉമർ(റ)വിന്റെ മദീനാ കോടതി നിരവധി കേസുകളിൽ നിഷ്പക്ഷമായ വിധി പ്രഖ്യാപിച്ചു കോടതിയും ജഡ്ജിയും ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു
ഉബാദത്തുബ്നു സാമിത്(റ)
വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ സ്വഹാബിവര്യൻ വിഷയങ്ങൾ നന്നായി പഠിച്ചറിഞ്ഞ പണ്ഡിതൻ സൂക്ഷ്മനിരീക്ഷണം നടത്തി സത്യം കണ്ടെത്താനുള്ള മിടുക്ക്
ഈ കഴിവുകൾ ഒത്തുചേർന്ന ഉബാദത്തുബ്നു സാമിത്(റ) വിനെ ഫലസ്തീനിൽ ജഡ്ജിയായി നിയമിച്ചു
ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കോടതികൾ സ്ഥാപിക്കപ്പെട്ടു ഏതൊരു പൗരനും കോടതിയിൽ വരാം പരാതി പറയാം വാദിയെയും പ്രതിയെയും വിളിച്ചു വരുത്തി വിചാരണ ചെയ്യാം സാക്ഷികളെയും ഹാജരാക്കാം സാക്ഷികളുടെ വാക്കുകൾ പ്രത്യേകം പരിഗണിക്കും സത്യസന്ധമായ വിധി പുറത്ത് വരും
ഒരിക്കൽ ഉബയ്യുബ്നു കഅബ്(റ) ഉമർ (റ) വിന്നെതിരെ മദീനയിലെ കോടതിയിൽ പരാതി നൽകി കോടതി ഖലീഫയേയും പരാതിക്കാരനെയും വിളിപ്പിച്ചു
ഖലീഫ കോടതിയിലെത്തി ജഡ്ജി അദ്ദേഹത്തിന്നിരിക്കാൻ പ്രത്യേകം ഇരിപ്പിടം നൽകി ഉടനെ ഖലീഫ പ്രതിഷേധിച്ചു ഇങ്ങനെ പറഞ്ഞു: നിങ്ങൾ ഈ ചെയ്തത് അനീതിയാണ് എനിക്കെതിരെ ഒരാൾ പരാതി നൽകുക ഞാൻ വിചാരണ നേരിടാൻ ഇവിടെയെത്തുക എന്നെ ബഹുമാനിച്ചു പ്രത്യേകം ഇരിപ്പിടം തരിക ഇത് തെറ്റാണ്
ഈ വാക്കുകൾ പരിഗണിക്കപ്പെട്ടു വാദിക്കും പ്രതിക്കും ഒരുപോലുള്ള ഇരിപ്പിടം നൽകി
'ഭരണാധികാരിയെയും സാധാരണക്കാരനെയും ഒരുപോലെ കാണാൻ ന്യായാധിപന്ന് കഴിയണം അതിനു കഴിയാത്തവർ പദവി സ്വീകരിക്കരുത് '
ചരിത്രം മറക്കാത്ത വചനങ്ങളാണിത്
പല കേസുകളും പറഞ്ഞു തീർക്കാൻ കഴിഞ്ഞിട്ടുണ്ട് ഇരുകക്ഷികളെയും രമ്യതയിലെത്തിക്കും അപ്പോൾ ശിക്ഷ ഒഴിവാക്കിക്കിട്ടും കള്ള സാക്ഷി പറയാൻ ആരും ധൈര്യപ്പെടാത്ത കാലം
പ്രഗത്ഭസ്വഹാബി വര്യനായ അബൂമൂസൽ അശ്അരി(റ) വായിരുന്നു കൂഫയിലെ ജഡ്ജി ഇദ്ദേഹത്തിന്ന് ഖലീഫ അയച്ച സുദീർഘമായ കത്ത് ചരിത്ര പ്രസിദ്ധമായിത്തീർന്നു
എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിക്കണം പ്രമുഖന്മാർക്ക് പ്രത്യേക പരിഗണന നൽകരുത് നാട്ടിലെ ഏറ്റവും ദുർബ്ബലനായ വ്യക്തിക്കുപോലും നിരാശ വരുന്ന അവസ്ഥയുണ്ടാവരുത് തന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസം പാവപ്പെട്ടവരുടെ മനസ്സിൽ രൂഢമൂലമാവണം
വിധി പ്രസ്താവിച്ച ശേഷം പുതിയ തെളിവുകൾ കിട്ടിയാൽ വിധി പുനഃപ്പരിശോധിക്കാം സത്യസന്ധമായി പുതിയ വിധി പ്രസ്താവിക്കും
വിശുദ്ധ ഖുർആന്റെയും തിരുസുന്നത്തിന്റെയും നിർദ്ദേശങ്ങളും സൂചനകളും വെച്ചാണ് വിധി പ്രഖ്യാപിച്ചിരുന്നത് ഇവയിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽ ഇജ്മാഅ്, ഖിയാസ് എന്നിവയെ ആശ്രയിച്ച് വിധി നടത്താം
വിധി പറയുന്ന ജഡ്ജിക്ക് മികച്ച ശമ്പളമാണ് നൽകിയിരുന്നത് ഒരാൾക്കും അവരെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നില്ല സേവനം മെച്ചമല്ലെന്ന് തോന്നിയാൽ ഖലീഫ ജഡ്ജിയെ മാറ്റുകയും ചെയ്യും
ഉമറുൽ ഫാറൂഖ് (റ) വും അബ്ബാസ് (റ)വും തമ്മിൽ ഒരു തർക്കമുണ്ടായി തർക്കം മദീനാ കോടതിയിലെത്തി ചരിത്രത്തിൽ ഇടം നേടിയ മഹാസംഭവം അതിവിടെപ്പറയാം
മദീനയിലെ മസ്ജിദിനോട് ചേർന്നാണ് അബ്ബാസ് (റ)വിന്റെ വീട് വെള്ളം വീഴാനുള്ള ഒരു പാത്തിയും സ്ഥാപിച്ചിരുന്നു പാത്തിയിലെ വെള്ളം മഴ ശക്തിപ്പെടുമ്പോൾ പുറത്തേക്ക് തെറിക്കും നിസ്കരിക്കാൻ വരുന്നവരുടെ ശരീരത്തിൽ ചിലപ്പോൾ വെള്ളത്തുള്ളികൾ തെറിച്ചു വീഴും
മദീനയിലെ മസ്ജിദ് വിപുലീകരിക്കേണ്ട ഘട്ടമായി അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു
ഉമർ (റ) ഒരു പണി ചെയ്തു അബ്ബാസ് (റ)വിന്റെ വീട്ടിന്റെ വെള്ളത്തിന്റെ പാത്തി എടുത്തുമാറ്റി ഒരു അത്യാവശ്യകാര്യം ചെയ്യുന്നു എന്ന മട്ടിലാണ് അങ്ങനെ ചെയ്തത്
അബ്ബാസ് (റ)വിന്ന് വേദന തോന്നി കോടതിയിൽ കേസ് കൊടുത്തു കോടതി ഖലീഫയെ വിളിപ്പിച്ചു ഉബയ്യുബ്നു കഅബ്(റ) യായിരുന്നു ജഡ്ജി
അബ്ബാസ് താങ്കളുടെ പരാതിയെന്താണ് ? ജഡ്ജി ചോദിച്ചു
എന്റെ വീട്ടിൽ വെള്ളം ഒലിച്ചുപോകാൻ ഒരു പാത്തി നിർമ്മിച്ചിരുന്നു നബി (സ) തങ്ങളുടെ കാലത്താണത് സ്ഥാപിച്ചത് ഇത് വരെയും അതങ്ങനെ തന്നെ നിലനിന്നു ഇപ്പോൾ അമീറുൽ മുഅ്മിനീൻ അതെടുത്തു മാറ്റി അതുകാരണം എനിക്ക് പ്രയാസമുണ്ടായി എന്റെ പ്രയാസം തീർത്തുതരണം
അമീറുൽ മുഅ്മിനീൻ താങ്കൾക്കെന്താണ് പറയാനുള്ളത്?
ആ പത്തി കാരണം നിസ്കരിക്കാൻ വരുന്നവർക്ക് ബുദ്ധിമുട്ട് നേരിടാറുണ്ട് നിസ്കരിക്കാൻ വരുന്നവരുടെ ശരീരത്തിൽ വെള്ളം തെറിച്ചുവീഴാറുണ്ട് പള്ളി വിപുലീകരണത്തിന് സമയമായിരിക്കുന്നു പാത്തി മാറ്റേണ്ടത് അനിവാര്യമായിരിക്കുന്നു പാത്തി മാറ്റിയതിന്റെ ഉത്തരവാദി ഞാൻ മാത്രമാണ് അനിവാര്യമായൊരു സംഗതി ഞാൻ ചെയ്തുവെന്നേയുള്ളൂ
അബ്ബാസ് താങ്കൾക്കിനിയും വല്ലതും പറയാനുണ്ടോ?
ഞാൻ പറയാം എന്റെ വീട്ടിന്ന് സ്ഥലം നിർണ്ണയിച്ചു തന്നത് നബി (സ) തങ്ങളാകുന്നു പാത്തി വെക്കേണ്ട സ്ഥാനം നിർണ്ണയിച്ചുതന്നതും നബി (സ) തങ്ങൾ തന്നെ ആ പാത്തിയാണ് അമീറുൽ മുഅ്മിനീൻ എടുത്തു മാറ്റിയത്
ഇതിന്ന് സാക്ഷികളുണ്ടോ?
ഉണ്ട്
സാക്ഷികളെ ഹാജരാക്കി അവർ സംഭവം വിവരിച്ചു
പാത്തി അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കുമെന്ന് ഉമർ (റ) ഉറപ്പു നൽകി
അങ്ങനെ ചെയ്യാൻ കോടതിയും നിർദ്ദേശിച്ചു
വാസ്തവത്തിൽ നബി (സ) തങ്ങളുടെ നിർദ്ദേശപ്രകാരം സ്ഥാപിക്കപ്പെട്ട പാത്തിയാണെന്ന് ഉമർ (റ) അറിഞ്ഞിരുന്നില്ല അറിഞ്ഞിരുന്നെങ്കിൽ എടുത്തു മാറ്റുമായിരുന്നില്ല അക്കാര്യം കോടതിയിൽ പറയുകയും ചെയ്തു
കോടതി പിരിഞ്ഞ ഉടനെ ഉമർ (റ) നേരെ പോയത് അബ്ബാസ് (റ) വിന്റെ വീട്ടിലേക്കായിരുന്നു പാത്തി പുനഃസ്ഥാപിച്ചശേഷമേ അമീറുൽ മുഅ്മിനീന്റെ മനസ്സിന് സമാധാനം ലഭിച്ചുള്ളൂ
ചരിത്രസംഭവത്തിന് സാക്ഷിയാവാൻ പലരും അവിടെ കൂടിയിരുന്നു അവരുടെ മുമ്പിൽ വെച്ച് അബ്ബാസ് (റ) ചരിത്ര പ്രസിദ്ധമായൊരു പ്രഖ്യാപനം നടത്തി
അമീറുൽ മുഅ്മിനീൻ അങ്ങയുടെ ന്യായബോധം പ്രശംസനീയമാണ് അങ്ങയുടെ മനസ്സിന് ഞാൻ കാരണം വേദന അനുഭവിച്ചെങ്കിൽ എനിക്ക് മാപ്പ് തരണം
നബി (സ) തങ്ങളുടെ മസ്ജിദ് വിപുലീകരിക്കണം അതാണ് അത്യാവശ്യ കാര്യം നമുക്കെല്ലാം അതറിയാം
നബി (സ) യുടെ മസ്ജിദ് വിപുലീകരിക്കാൻ വേണ്ടി ഞാനിതാ എന്റെ വീട് പൂർണ്ണമായി വിട്ടുതന്നിരിക്കുന്നു അമീറുൽ മുഅ്മിനീന്ന് കൈമാറുന്നു
അല്ലാഹു അക്ബർ
എന്തൊരു വിശാലമായ മനസ്സ് കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞുപോയി
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

 
No comments:
Post a Comment