ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-7

 



➖➖➖➖➖➖➖➖➖➖

പാവങ്ങളോടൊപ്പം 

➖➖➖➖➖➖➖➖➖➖

ഒരു രാത്രി പ്രമുഖ സ്വഹാബി വര്യനായ ത്വൽഹ(റ) നടന്നു പോവുകയാണ് മുമ്പിൽ ഒരാൾ നടന്നു പോവുന്നുണ്ട് ആളെ മനസ്സിലായി ഉമർ (റ) അല്പം ധൃതിയിലാണ് നടപ്പ് ഏതോ ഏതോ ലക്ഷ്യസ്ഥാനത്തേക്കുള്ള പോക്കാണ്  


ഒരു ചെറ്റപ്പുരയിലേക്ക് കയറിപ്പോയി ഖലീഫക്ക് അവിടെയെന്ത് കാര്യം അത്ഭുതം തോന്നി അന്നേരം അതന്വേഷിക്കാൻ നിൽക്കുന്നത് മാന്യതയല്ല ത്വൽഹ (റ) നടന്നു പോയി 


പിറ്റേദിവസം അതേ വഴിയിലൂടെ ത്വൽഹ(റ) നടന്നു വന്നു ആ വീട് കണ്ടെത്തി അവിടെ കയറിച്ചെന്നു അവിടത്തെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി  


ഒരു വൃദ്ധ മാത്രമേ ആ വീട്ടിലുള്ളൂ അവർക്കാണെങ്കിൽ കാഴ്ചയുമില്ല ത്വൽഹ(റ) അവരോട് വിവരങ്ങൾ അന്വേഷിച്ചു അവർ പറഞ്ഞു: എനിക്ക്, തീരെ സുഖമില്ല കിടപ്പിലാണ്  മലമൂത്ര എങ്ങനെയൊക്കെയോ നടക്കുന്നു വിരിപ്പെല്ലാം വൃത്തികേടായിപ്പോകും  എല്ലാ ദിവസവും രാത്രി ഒരാൾ ഇവിടെ വരും എന്റെ മാലിന്യങ്ങൾ വൃത്തിയാക്കിത്തരും നല്ല വിരിപ്പ് വിരിച്ചു തരും എനിക്ക് വേണ്ട ശുശ്രൂഷകൾ നൽകും ആഹാരം തരും മരുന്ന് തരും രാത്രി വൈകിയാണ് വരിക അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നൽകട്ടെ  


ത്വൽഹ(റ) വിന്റെ കണ്ണുകൾ നിറഞ്ഞുപോയി തന്നെ പരിചരിക്കാൻ വരുന്നത് അമീറുൽ മുഅ്മിനീൻ ആണെന്ന കാര്യം ആ സ്ത്രീക്കറിയില്ലായിരുന്നു  


ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ടറിയാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഭരണാധികാരിയായിരുന്നു ഉമറുൽഫാറൂഖ് (റ) ജനങ്ങളുടെ വിഷമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വളരെ പെട്ടെന്ന് അത് പരിഹരിക്കുമായിരുന്നു  മനുഷ്യർക്കു മാത്രമല്ല മറ്റൊരു ജീവിക്കും തന്റ ഭരണകാലത്ത് പ്രയാസങ്ങൾ നേരിടരുത് എന്നായിരുന്നു അമീറുൽ മുഅ്മിനീന്റെ ആഗ്രഹം  


ഒരിക്കൽ തന്റെ ഉൾഭയം പ്രകടമാക്കിയതിങ്ങനെ: യൂഫ്രട്ടീസ് തീരത്ത് ഒരു ആട്ടിൻകുട്ടി സംരക്ഷണം കിട്ടാതെ ജീവൻപോയാൽ അത് കാരണം അല്ലാഹു എന്നെ ശിക്ഷിക്കുമോ? അതായിരുന്നു ഭയം എന്തൊരു കർമ്മബോധം 


ഒരിക്കൽ ഒരാൾ ഒട്ടകത്തെയും കൊണ്ട്പോവുന്നു ഒട്ടകത്തിന്റെ പുറത്ത് ചരക്കുണ്ട് നല്ല ഭാരം ഒട്ടകത്തിന് വഹിക്കുവാൻ കഴിയുന്നതിൽ കൂടുതൽ ഭാരം ഒട്ടകപ്പുറത്തുണ്ടെന്ന് മനസ്സിലായി  ഉമർ (റ)ക്ഷുഭിതനായി ഒട്ടകക്കാരനെ അടിച്ചു  മൃഗത്തിന് ചെയ്യാൻ കഴിയുന്ന ജോലി മാത്രമേ കൊടുക്കാവൂ ഒട്ടകക്കാരനെ ഉപദേശം നൽകി വിട്ടയച്ചു 


ഉമർ (റ) വളരെ ലളിതമായ ജീവിതമാണ് നയിച്ചത് വളരെ ദരിദ്രനായ ഒരടിമയെപ്പോലെ ജീവിച്ചു ആഹാരത്തിന്റെ കാര്യത്തിൽ വല്ലാത്ത സൂക്ഷ്മത പാലിച്ചു 


നല്ല രുചികരമായ ആഹാരമൊക്കെ കഴിച്ച്, മോടികൂടിയ വസ്ത്രങ്ങളും ധരിച്ച് മിനുസമുള്ള വിരിപ്പിലുറങ്ങിയാൽ തന്റെ നന്മകൾ നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്നു തന്റെ കുടുംബാംഗങ്ങളെയും അത്പോലെ പരിശീലിപ്പിച്ചു  


ജനങ്ങൾ തെറ്റുചെയ്യാൻ ഇടവരുന്നതും ഖലീഫ പേടിച്ചിരുന്നു അനീതിയോ അക്രമമോ കണ്ടാൽ ഉടനെ ഇടപെടും തെറ്റു ചെയ്തവർക്ക് നല്ല ശിക്ഷ ലഭിക്കും   


തന്റെ ഗവർണർമാർക്കയച്ച കത്തുകളിലെ വാചകങ്ങൾ എത്ര ഹൃദയസ്പർശിയായിരുന്നു ബസറയിലെ ഗവർണറായിരുന്ന ഉത്ബത്ത്ബ്നുഗസ് വാത്ത് അയച്ച കത്തിലെ ചില വാചകങ്ങൾ കാണുക 


ഉപചാര വചനങ്ങൾക്കുശേഷം അദ്ദേഹം ഇങ്ങനെ തുടരുന്നു 

താങ്കൾ സ്വഹാബിയാണ് നബി (സ) തങ്ങളുടെ ജീവിത മാതൃകകൾ നേരിൽ കണ്ടറിഞ്ഞ ആളാണ് നാം വളരെ നിസ്സാരമായിരുന്നു അല്ലാഹുവിന്റെ റസൂൽ(സ)  കാരണം നമുക്ക് പ്രതാപം ഉണ്ടായി സമുന്നത പദവികൾ നമ്മെത്തേടിയെത്തി താങ്കൾ സമ്പന്നമായൊരു പ്രദേശത്തിന്റെ ഗവർണറായിത്തീർന്നു  ഇന്ന് നിങ്ങൾക്ക് സേവകന്മാരുണ്ട് ജനങ്ങൾ നിങ്ങളുടെ വാക്കുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നു നിങ്ങളുടെ കൽപ്പനകൾ അനുസരിക്കാൻ അവർ സന്നദ്ധരാണ് ഇസ്ലാമാണ് നമുക്ക് ഈ അവസ്ഥ നൽകിയത്  അത്കൊണ്ട് മേനി നടിച്ചു നടക്കരുത് കീഴിലുള്ളവരോട് അഹങ്കാരത്തോടെ പെരുമാറരുത് പാപം വന്നു പോവുന്നതിനെ നാം സൂക്ഷിക്കണം അത്പോലെ അനുഗ്രഹങ്ങളെയും  


നിങ്ങളുടെ കാര്യത്തിൽ അനുഗ്രഹങ്ങൾ വന്നുചേരുന്നതിനേയാണ് ഞാൻ കൂടുതൽ പേടിക്കുന്നത് അനുഗ്രഹങ്ങൾ കാലക്രമത്തിൽ നിങ്ങളെ ചതിയിൽ ചാടിക്കും അനുഗ്രഹങ്ങളെ നന്നായി സൂക്ഷിക്കണം ചതിയിൽ ചാടിപ്പോയാൽ പിന്നെ യാത്ര നരകത്തിലാണ് നിങ്ങളെയും എന്നെയും അല്ലാഹു രക്ഷിക്കട്ടെ ആമീൻ  


എത്ര അർത്ഥവത്തായ ഉപദേശമാണിത് തെറ്റ്ചെയ്യാൻ ഗവർണർമാർ ഭയന്നു എന്ത് ചെയ്താലും ഖലീഫ അറിയും എന്നായിരുന്നു വിശ്വാസം രഹസ്യമായി വിവരം ശേഖരിക്കാൻ സംവിധാനമുണ്ടായിരുന്നു 


ജാബിറുബ്നു അബ്ദില്ല (റ) പറയുന്നു: ഞാൻ മാംസവുമായി പോവുന്നത് അമീറുൽ മുഅ്മിനീൻ കണ്ടു ഉടനെ ചോദ്യം വന്നു  


ജാബിറേ എന്താണിത്? ജാബിർ (റ) ഇങ്ങനെ മറുപടി നൽകി 


നല്ല മാംസം കണ്ടപ്പോൾ കൊതി തോന്നി കുറച്ചു വാങ്ങി അമീറുൽ മുഅ്മിനീൻ ഉപദേശിച്ചതിങ്ങനെ 


കൊതി തോന്നുമ്പോഴൊക്കെ നല്ല സാധനങ്ങൾ വാങ്ങിത്തിന്നുകയോ? കർമ്മങ്ങൾ തൂക്കി നോക്കുന്ന ദിവസം നന്മകൾ നഷ്ടപ്പെട്ടു പോവുന്നതിനെ ഭയപ്പെടുന്നില്ലേ? 


എത്ര ഗൗരവമുള്ള ഉപദേശം മേത്തരം ഭക്ഷണങ്ങൾ തോന്നുമ്പോഴെല്ലാം വാങ്ങിത്തിന്നാൽ നന്മകൾ നഷ്ടപ്പെട്ടുപോവാൻ സാധ്യതയുണ്ട് എന്നാണ് ഉപദേശം  


ചില ഭരണാധികാരികൾക്കെതിരിൽ ജനങ്ങൾ പരാതി ബോധിപ്പിച്ചിട്ടുണ്ട് ഗവർണർമാർക്ക് ഖലീഫ അർഹമായ ശിക്ഷ നൽകിയിട്ടുമുണ്ട് നീതി നടപ്പാക്കുന്ന കാര്യത്തിൽ കണിശമായ നിലപാട് സ്വീകരിച്ചിരുന്നു  


ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു ഭരണപരിഷ്കാരം ഉമർ (റ) നടപ്പിൽ വരുത്തിയിരുന്നു  


ജനങ്ങൾക്ക് പെൻഷൻ നൽകുന്ന പദ്ധതിയായിരുന്നു അത് ആധുനിക സർക്കാറുകൾ പലതരം പെൻഷൻ പദ്ധതികൾ നടപ്പിൽ വരുത്തുന്നുണ്ട് വിധവാ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, സ്വതന്ത്ര സമര സേനാനികളുടെ പെൻഷൻ  


ഇതിനെല്ലാം തുടക്കമിട്ടത് ഉമർ (റ) ആയിരുന്നു ബദറിൽ പങ്കെടുത്തവർക്ക് പെൻഷൻ ബദറിൽ പങ്കെടുത്ത് പിന്നീട് മരണപ്പെട്ടുപോയവരുടെ കുടുംബത്തിന് പെൻഷൻ, അങ്ങനെ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പെൻഷൻ പ്രഖ്യാപിച്ചു അവസാനം മുലകുടി മാറിയ കുട്ടികൾക്ക് വരെ പെൻഷൻ അനുവദിച്ചു വിവിധ വിഭാഗങ്ങൾക്കുള്ള തുകയിൽ വ്യത്യാസമുണ്ടായിരുന്നു പട്ടിണിയും ദാരിദ്ര്യവും കുടിലുകളിൽനിന്ന് പോലും തുടച്ചുനീക്കണമെന്ന് ഖലീഫ ആഗ്രഹിച്ചു 


ഒരു രാത്രിയിൽ ഉമർ (റ) നടക്കാനിറങ്ങി കുറെ ദൂരം ചെന്നപ്പോൾ ഒരു കുടിലിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു കുറച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു ഖലീഫക്ക് ആശ്വാസമായി ഏറെക്കഴിഞ്ഞില്ല കുഞ്ഞ് കരച്ചിൽ തുടങ്ങി  


ഖലീഫ വാതിലിൽ മുട്ടിവിളിച്ചു സ്ത്രീ വാതിൽ തുറന്നു  


'ഈ കുഞ്ഞിന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക' ഈ ഉപദേശം സ്ത്രീക്ക് സ്വീകാര്യമായില്ല പുരുഷ സ്വരത്തിൽ അവർ സംസാരിച്ചു 


'ഞാൻ ഈ കുഞ്ഞിന്റെ മുലകുടി നിർത്താൻ ശ്രമിക്കുകയാണ് അവൻ വഴങ്ങുന്നില്ല അവന്റെയൊരു വാശി മുലപ്പാലിന്ന് വേണ്ടി തിക്ക് കൂട്ടുകയാണവൻ അതിന്നിടയിലാണ് നിങ്ങൾ വന്ന് ശല്യം ചെയ്തത് ?'


കുഞ്ഞിന് എത്ര പ്രായമായി ? 


സ്ത്രീ കുഞ്ഞിന്റെ പ്രായം പറഞ്ഞു 


'മുലപ്പാൽ കുടിക്കുന്നത് നിർത്താൻ പ്രായമായിട്ടില്ലല്ലോ നിങ്ങളെന്തിന് ധൃതി കൂട്ടുന്നു' 


'മുലകുടി നിർത്തിയ കുട്ടികൾക്ക് ഉമർ റേഷൻ നൽകും'  


ഉമർ (റ) ഞെട്ടിപ്പോയി കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്ന ഉമ്മമാർ താനല്ലേ ഇതിന്ന് കാരണക്കാരൻ ? എന്തൊരവസ്ഥയാണിത്? കരഞ്ഞുപോയി ഉമർ (റ) ഇറങ്ങിപ്പോയി വന്നുപോയ ആൾ ആരാണെന്ന് ആ സ്ത്രീക്കറിയില്ല 


ഉമർ (റ)വിന്ന് ഉറക്കം വന്നില്ല എന്തുമാത്രം സ്ത്രീകൾ ഇത്പോലെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചിട്ടുണ്ടാവും   


രാത്രി നീങ്ങിപ്പോവുകയാണ് സ്വുബ്ഹിയാവുകയാണ് കിഴക്ക് വെള്ള കീറിത്തുടങ്ങുകയാണ് ഉമർ (റ) പള്ളിയിലെത്തി അദ്ദേഹത്തിന്റെ മനസ്സ് നിറയെ ദുഃഖമായിരുന്നു ഇന്നലെ രാത്രി നടന്ന സംഭവം മനസ്സിനെ അസ്വസ്ഥയാക്കുന്നു  


ബാങ്ക് മുഴങ്ങി മസ്ജിദ് തിങ്ങിനിറഞ്ഞു സുന്നത്ത് നിസ്കാരം കഴിഞ്ഞ് ഖലീഫ ദുഃഖത്തോടെ ഇരുന്നു  


ഇഖാമത്ത് കൊടുത്തു ഖലീഫ മിഹ്റാബിലെത്തി നിസ്കാരം ആരംഭിച്ചു വിശുദ്ധ ഖുർആൻ പാരായണം തുടങ്ങിയപ്പോൾ കരച്ചിൽ വന്നു  


കേൾവിക്കാർക്ക് ഖുർആൻ വചനങ്ങൾ ശരിക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം കരച്ചിൽതന്നെ  ജനങ്ങൾ ബേജാറായിപ്പോയി ഖലീഫക്കെന്തുപറ്റി? 


നിസ്കാരം കഴിഞ്ഞു ഖലീഫയുടെ ദുഃഖം അടങ്ങിയില്ല അശങ്കയോടെ നിൽക്കുന്ന ജനങ്ങളോട് ഉമർ (റ) പറഞ്ഞു 


ഉമറിന്റെ കാര്യം കഷ്ടം തന്നെ എത്ര പൈതങ്ങളോടാണ് ഉമർ ക്രൂരത കാണിച്ചത് ഉമ്മമാർ കുഞ്ഞുങ്ങളുടെ മുലകുടി നേരത്തെ നിർത്താൻ ശ്രമിക്കുന്നു കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നു ഉമറാണിതിന് കാരണക്കാരൻ  


ഇന്ന് മുതൽ എല്ലാ കുഞ്ഞുങ്ങൾക്കും റേഷൻ അനുവദിച്ചിരിക്കുന്നു മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്കും റേഷൻ അനുവദിച്ചിരിക്കുന്നു ഉമ്മ ബാപ്പമാർ ആരാണെന്നറിയാതെ കുഞ്ഞുങ്ങളെ കണ്ടുകിട്ടിയാൽ ആ കുഞ്ഞുങ്ങൾക്കുപോലും റേഷൻ അനുവദിച്ചിരിക്കുന്നു  


നിയമം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ഖലീഫയുടെ മനസ്സിന്നാശ്വാസമായി 

 

സ്ത്രീകളുടെ അഭിപ്രായങ്ങൾ ഉമർ (റ) വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു അവർ പരാതി പറയാൻ വന്നാൽ ശ്രദ്ധയോടെ കേൾക്കും ഉടൻ പരിഹാരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യും സ്ത്രീകളുടെ സൗന്ദര്യബോധത്തെപ്പോലും പരിഗണിച്ചിരുന്നു പുത്രിമാർക്ക് സൗന്ദര്യമുള്ള ചെറുപ്പക്കാരെ ഭർത്താക്കന്മാരായി തിരഞ്ഞെടുക്കാൻ രക്ഷിതാക്കളോട് പറയുമായിരുന്നു പുരുഷന്മാർ സൗന്ദര്യമുള്ള വനിതകളെ ഭാര്യമാരായി ലഭിക്കാൻ ആഗ്രഹിക്കുന്നതുപോലെ യുവതികൾക്കും ആഗ്രഹം കാണും അത് പരിഗണിക്കണം വൈരൂപ്യമുള്ള പുരുഷന് മകളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് ഉമർ (റ) കൽപ്പിച്ചു 


ഒരിക്കൽ ഒരു യുവതി തന്റെ ഭർത്താവിനെയും കൂട്ടി ഖലീഫയെ കാണാൻ വന്നു എന്നിട്ട് യുവതി പറഞ്ഞു 


'അമീറുൽ മുഅ്മിനീൻ' 


'ഇതെന്റെ ഭർത്താവാണ് ഇദ്ദേഹത്തിൽനിന്ന് എന്റെ ത്വലാഖ് വാങ്ങിത്തരണം'  


ഉമർ (റ) ആ ചെറുപ്പക്കാരനെ നോക്കി മുഷിഞ്ഞവേഷം കുളിച്ചിട്ട് ദിവസങ്ങളായി നീണ്ട് കോലം കെട്ട മുടി അലക്ഷ്യമായി വളർന്ന താടി നഖങ്ങൾ നീണ്ടിരിക്കുന്നു 


ഉമർ (റ) ചെറുപ്പക്കാരനോടിങ്ങനെ കൽപ്പിച്ചു  


നീ നഖം വെട്ടണം മുടി വെട്ടണം നന്നായി കുളിക്കണം വസ്ത്രം ധരിക്കണം   


ഭാര്യ നന്നായി ഒരുങ്ങണമെന്ന് ഭർത്താവ് ആഗ്രഹിക്കും അതുപോലെ ഭർത്താവ് അണിഞ്ഞൊരുങ്ങണമെന്ന് ഭാര്യക്കും ആഗ്രഹം കാണും  

നല്ല ഉപദേശം നൽകി അവരെ തിരിച്ചയച്ചു  


ഒരു യോദ്ധാവിന്റെ ഭാര്യയെ ഒരു രാത്രിയിൽ ഖലീഫ കണ്ടു മുട്ടി ഖലീഫയുടെ സൈന്യത്തിലെ പട്ടാളക്കാരനാണ് ഭർത്താവ് അദ്ദേഹം ദൂരെ യുദ്ധഭൂമിയിലാണ് കണ്ടിട്ടെത്രയോ നാളായി അസ്വസ്ഥയായ ഭാര്യ വല്ലാത്തൊരു വികാരവായ്പോടെ പാട്ട് പാടുന്നു ആ ഈരടികൾ നടന്നുപോവുകയായിരുന്ന ഖലീഫ കേട്ടു അതൊരു നേരം പോക്കിന്റെ പാട്ടല്ല ഖലീഫ വാതിലിൽ മുട്ടി സ്ത്രീ വാതിൽ തുറന്നു   


എന്താണ് നിന്റെ വിശേഷം ? 


എന്റെ ഭർത്താവ് പട്ടാളക്കാരനാണ് ദൂരെ എവിടെയോ യുദ്ധം ചെയ്യുന്ന സൈന്യത്തിൽ എന്റെ ഭർത്താവുണ്ട് ഞങ്ങൾ തമ്മിൽ കണ്ടിട്ട് കാലം കുറെയായി ഭർത്താവിനെ കാണാതെ ജീവിക്കാൻ പ്രയാസമായിരിക്കുന്നു  


ഉമർ (റ) ഞെട്ടിപ്പോയി ഭാര്യയുമായി ബന്ധപ്പെടാൻ അവസരം കൊടുക്കാതെ ഒരു പട്ടാളക്കാരനെയും ദീർഘകാലം അകറ്റിനിർത്താൻ പാടില്ല ഈ ചിന്ത ഖലീഫയെ തളർത്തി അദ്ദേഹം ബുദ്ധിമതിയും പണ്ഡിതയുമായ മകൾ ഹഫ്സയെ സമീപിച്ചു  


'ഒരു സ്ത്രീക്ക് ഭർത്താവിനെക്കാണാതെ എത്രകാലം ക്ഷമിച്ചിരിക്കാൻ കഴിയും?' 


മകൾ ചോദ്യം കേട്ട് ലജ്ജിച്ചുപോയി 


'മോളേ.... മുസ്ലിംകളുടെ കാര്യം ഞാൻ ശ്രദ്ധിക്കണ്ടെ? അതുകൊണ്ടാണ് ചോദിച്ചത് ' 


ഹഫ്സ(റ) വിരൽകൊണ്ട് ആംഗ്യം കാണിച്ചു മൂന്ന് അല്ലെങ്കിൽ നാല് ഉമർ (റ) കാര്യം മനസ്സിലാക്കി മൂന്നുമാസം ക്ഷമിക്കും കൂടി വന്നാൽ നാല് മാസം  


ഖലീഫ ഉടനെത്തന്നെ ഉത്തരവിറക്കി 


'പട്ടാളക്കാർക്ക് മൂന്ന് മാസം കൂടുമ്പോൾ ലീവ് അനുവദിക്കണം ' എത്രയോ  ഭാര്യമാർക്ക് ഇത് ആശ്വാസം പകർന്നു  


ഉമർ (റ)വിന്റെ സേവനങ്ങൾ എല്ലാ മതവിഭാഗക്കാർക്കും ലഭിച്ചിരുന്നു ദാരിദ്ര്യം അനുഭവിച്ചിരുന്ന എത്രയോ ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കും സ്ഥിരമായി സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നു 


ജനസമ്പർക്ക പരിപാടികൾക്ക് തുടക്കമിട്ട ആദ്യ ഭരണാധികാരിയാണ് ഉമർ (റ) ഓരോ പ്രദചശത്തുചെന്ന് ക്യാമ്പു ചെയ്യും പരാതിക്കാർക്ക് നേരിട്ടു വന്നു കാണാം അപ്പോൾ തന്നെ പരിഹാരമുണ്ടാകും ഭക്ഷ്യവസ്തുക്കളും, പണവും, വസ്ത്രവുമെല്ലാം ഖലീഫ കൊണ്ടുവരും ആ പ്രദേശത്തുള്ള ദരിദ്രരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടാവും അവർക്കെല്ലാം സഹായം എത്തിച്ചുകൊടുക്കും     


ജനങ്ങൾ വിശക്കുമ്പോൾ ആദ്യം വിശക്കുന്നവൻ ഞാനായിരിക്കും  

ജനങ്ങൾ വിശപ്പടക്കുമ്പോൾ അവസാനം വിശപ്പടക്കുന്നതും ഞാനായിരിക്കും ഇതായിരുന്നു ഖലീഫയുടെ നയം   


എല്ലാവരുടെയും വിശപ്പ് തീർന്നിട്ട് തന്റെ വിശപ്പ് തീർന്നാൽ മതി ഈ നിലപാട് ഖലീഫയെ സമുന്നതനാക്കിത്തീർത്തു  


മദീനയിൽ ക്ഷാമം പിടിപെട്ട കാലം മഴയില്ല, വെള്ളം പരിമിതമായി കൃഷിയില്ല ധാന്യങ്ങളുടെ വരവ് കുറഞ്ഞ് നെയ്യ് കിട്ടാൻ വലിയ വില കൊടുക്കണം 


ധാന്യം ഉള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചുകൊണ്ടുവന്നു ജനങ്ങൾക്ക് വിതരണം ചെയ്തു ഗ്രാമപ്രദേശങ്ങളിലൂടെ ധാന്യച്ചാക്കും ചുമന്ന് നടന്നു പോവുന്ന ഖലീഫയെ ജനങ്ങൾ കണ്ടു മഴക്ക് വേണ്ടി ഖലീഫ നിരന്തരം ദുആ ചെയ്തു ഖലീഫ നെയ്യിന്റെ ഉപയോഗം നിർത്തി പരുക്കൻ റൊട്ടിയിൽ അൽപം എണ്ണ ഒഴിച്ചു കഴിക്കും പരമ ദരിദ്രരെപ്പോലെ എണ്ണ വയറിന്നി പിടിച്ചില്ല വയറ്റിൽ അസ്വസ്ഥത വളർന്നു   


വയറ്റത്തടിച്ചുകൊണ്ട് വയറിനോട് പറഞ്ഞു 

വയറേ.....അടങ്ങൂ നെയ്യിന്റെ വില കുറയുന്നതുവരെ ഞാൻ എണ്ണ തന്നെ കഴിക്കും 


കഷ്ടപ്പാടുകൾ കൂടി ഖൽബുരുകിയ ദുആ നടന്നു അല്ലാഹു ആ ദുആ സ്വീകരിച്ചു മഴ കോരിച്ചൊരിഞ്ഞു കാർഷിക വിഭവങ്ങളുണ്ടായി പഴവർഗങ്ങൾ സുലഭമായി ജനങ്ങൾക്കാശ്വാസമായി 


അല്ലാഹുവിന്റെ മുമ്പിൽ അമീറുൽ മുഅ്മിനീൻ കൂടുതൽ വിനയാന്വിതനായി കൂടുതൽ നന്ദി പ്രകടിപ്പിച്ചു  


വളരെ ചുരുങ്ങിയ വേതനം മാത്രമാണ് അദ്ദേഹം കൈപ്പറ്റിയിരുന്നത് അത് അല്പം കൂടി വർദ്ധിപ്പിക്കണമെന്ന് പല പ്രമുഖ വ്യക്തികളും ആവശ്യപ്പെട്ടു മകൾ ഹഫ്സ (റ)യെക്കൊണ്ട് പറയിക്കുകയും ചെയ്തു ഖലീഫ ആ നിർദ്ദേശം സ്വീകരിച്ചില്ല 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment