ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-22



➖➖➖➖➖➖➖➖➖➖

മുസ്ലിം ഭരണത്തിൽ  

➖➖➖➖➖➖➖➖➖➖

ഉമർ (റ) ഭരണം നടത്തുന്ന കാലത്ത് ജീവിച്ച മുസ്ലിംകളല്ലാത്ത ജനങ്ങളുടെ അവസ്ഥ വളരെ മെച്ചപ്പെട്ടതായിരുന്നു


ക്രൈസ്തവർ , യഹൂദർ, മജൂസികൾ, മുശ്രിക്കുകൾ എന്നിവരൊക്കെ സമാധാനത്തോടും സന്തോഷത്തോടുംകൂടി ജീവിച്ചു   


മുസ്ലിംകൾക്ക് സൈനിക സേവനം നിർബന്ധമാണ് മറ്റുള്ളവർക്ക് നിർബന്ധമില്ല  മുസ്ലിംകളല്ലാത്തവർ ജിസ് യ സംരക്ഷണ നികുതി നൽകിയാൽ മതി നേരിയ തോതിലുള്ള നികുതിയാണിത്  


മുസ്ലിംകളല്ലാത്തവർ സൈനിക സേവനത്തിന് സന്നദ്ധരായാലോ? എന്നാൽ ജിസ് യ കൊടുക്കേണ്ടതില്ല  


ജിസ് യ കൊടുക്കുന്നവരുടെ ജീവനും സ്വത്തും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെട്ടു 


രാജ്യദ്രോഹം വലിയ കുറ്റമാണ് രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന പണി ചെയ്താലോ? ശിക്ഷ നിർബന്ധമാണ് ആ ശിക്ഷപോലും കഴിയാവുന്നത്ര ലളിതമാക്കണമെന്നാണ് ഖലീഫ നിർദ്ദേശിച്ചത് 


നജ്റാനിലെ ക്രിസ്ത്യാനികളെ നബി (സ) ഇസ്ലാമിലേക്ക് ക്ഷണിച്ചു അവർ ക്ഷണം നിരസിച്ചു തർക്കങ്ങൾ ഉടലെടുക്കാൻ തുടങ്ങി പിന്നീട് സന്ധിയായി   

സന്ധിവ്യവസ്തകൾ ലംഘിക്കുന്നതിലാണ് നജ്റാൻകാർ കൂടുതൽ താൽപര്യം കാണിച്ചത്  


മുസ്ലിംകളെപ്പോലെ ക്രൈസ്തവർക്കും മതം ആചരിക്കാം പ്രചരിപ്പിക്കാം സന്ധിയിൽ അത് പറയുന്നുണ്ട്  മദീനയെ ആരെങ്കിലും ആക്രമിച്ചാൽ മുസ്ലിംകളോടൊപ്പം അവരും പോരാടണം ഇതും സന്ധിയിലുണ്ട് 


സന്ധിവ്യവസ്ഥകൾ നിരന്തരം ലംഘിക്കപ്പെട്ടു ഖലീഫ അവർക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടി വളരെ ലളിതമായിരുന്നു 


ക്രിസ്ത്യാനികളുടെ സ്ഥലത്തിന്ന് നല്ല വില തരും സ്ഥലങ്ങൾ സർക്കാർ ഏറ്റെടുക്കും നജ്റാനിൽനിന്ന് ഇറാഖിലേക്ക് മാറിത്താമസിക്കണം എല്ലാ സഹായവുമുണ്ടാവും അവരത് സമ്മതിച്ചു 


നജ്റാൻകാർ ഇറാഖിലെത്തി സമ്പന്ന രാജ്യമാണ് താസിക്കാം മതസ്വാതന്ത്ര്യമുണ്ട് ഭേദപ്പെട്ട സാമ്പത്തികം നിലവിൽ വന്നു 


ഖലീഫ നൽകിയ നാടുകടത്തൽ ശിക്ഷ അവർക്കനുഗ്രഹമായിത്തീർന്നു രാജ്യദ്രോഹികളോട്പോലും ഖലീഫ സ്വീകരിച്ച നിലപാട് ആരെയും അതിശയിപ്പിക്കും 


ഖൈബർ, ഫദഖ് തുടങ്ങിയ  പ്രദേശങ്ങളിലെ യഹൂദികൾ കടുത്ത രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തി അവരുടെ സ്ഥലങ്ങൾ നല്ല വില കൊടുത്തു ഏറ്റെടുത്തു എന്നിട്ടവരെ സിറിയയിലേക്കയച്ചു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ കൈവശം 


ഫലസ്തീൻ ജയിച്ചടക്കിയപ്പോൾ 'ഈലിയ'ക്കാരോട് സന്ധി ചെയ്തു ക്രൈസ്തവരുടെ കുരിശും ചർച്ചും മതവിശ്വാസങ്ങളും സംരക്ഷിക്കുമെന്ന് സന്ധിയിൽ പറഞ്ഞിരുന്നു ഏറ്റവും ഉദാരമായ സന്ധി വ്യവസ്ഥകളാണ് നടപ്പാക്കിയത്  


ഖലീഫ മുസ്ലിം പൗരന്മാർക്ക് കർശന നിയമങ്ങളാണ് നൽകിയത്  


മുസ്ലിംമല്ലാത്തവരെ ആക്രമിക്കാനോ അനാദരിക്കാനോ പാടില്ല മാന്യമായി പെരുമാറിക്കൊള്ളണം അവരെ  ആക്രമിച്ചാൽ മുസ്ലിംകൾക്ക് കടുത്ത ശിക്ഷ ലഭിക്കും  


ഖലീഫ ഗവർണർമാർക്കുള്ള കത്തിൽ ഇങ്ങനെ എഴുതി: 


മുസ്ലിംകളല്ലാത്തവരെ ആക്രമിക്കാനോ സ്വത്തുക്കൾ നേടിയെടുക്കാനോ ഒരു മുസ്ലിംമിനെയും അനുവദിക്കരുത് 


ഒരിക്കൽ ഒരു മുസ്ലിം ഒരു ക്രിസ്ത്യാനിയെ കൊന്നു ഖലീഫ ഇടപെട്ടു ഘാതകനെ ക്രിസ്ത്യാനിയുടെ ബന്ധുക്കൾക്ക് നൽകി അവരവനെ കൊന്നു പ്രതിക്രിയ നടന്നതങ്ങനെയാണ് 


അർബസൂസ് എന്ന നാട് അവിടെ ഒരുകൂട്ടം ക്രൈസ്തവരുണ്ട് അവർ രാജ്യദ്രോഹം ചെയ്തു കൊണ്ടിരിക്കുന്നു പല ഗൂഢാലോചനകൾ നടത്തി മുസ്ലിംകളുടെ രഹസ്യങ്ങൾ റോമക്കാർക്ക് ചോർത്തിക്കൊടുത്തു പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വകവെച്ചില്ല ശിക്ഷ നൽകേണ്ട സമയമായി 


ശിക്ഷ ലഘുവായിരിക്കണമെന്ന് ഖലീഫ നിർദ്ദേശിച്ചു അവരുടെ സ്ഥലങ്ങൾക്ക് ഇരട്ടി വില നൽകി ഏറ്റെടുത്തു നാടുവിട്ടുപോവാൻ കല്പിച്ചു   


അർമേനിയ കീഴടക്കിയപ്പോൾ അവിടെയുള്ളവർ മുസ്ലിം സേനയിൽ ചേരാൻ സന്നദ്ധരായി അവരെ ജിസിയയിൽ നിന്നൊഴുവാക്കി സൈനികർക്കുള്ള ആനുകൂല്യങ്ങൾ അവർക്കും ബാധകമാക്കി 


അന്താക്കിയ വിജയം അനന്തര സംഭവങ്ങളും എടുത്തു പറയേണ്ട കാര്യമാണ് അവരും മുസ്ലിം സൈന്യത്തിൽ ചേർന്നു സേവനം ചെയ്യാൻ സന്നദ്ധരായി അവരേയും ജിസിയയിൽ നിന്നൊഴിവാക്കിക്കൊടുത്തു എല്ലാ അവകാശങ്ങളും നൽകി  സാമ്പത്തിക വിഷമമനുഭവിക്കുന്നവർ ജിസ് യ നൽകേണ്ടതില്ല ശാരീരിക വൈകല്യമുള്ളവരും രോഗികളും നൽകേണ്ടതില്ല  


ഖലീഫ വൃദ്ധനായ ജൂതനെ കണ്ടെത്തിയ സംഭവം പ്രസിദ്ധമാണ് യാത്രക്കിടയിൽ ഒരു യാചകനെ കണ്ടു അത് കണ്ടപ്പോൾ ഖലീഫക്ക് മനസ്സ് വേദനിച്ചു അയാളെ അടുത്ത് വിളിച്ചു കാര്യങ്ങൾ തിരക്കി 


'ഞാൻ ദരിദ്രനാണ് വൃദ്ധനാണ് വരുമാനമില്ല വിശക്കുന്നുണ്ട് '  


ഖലീഫ അയാളെ വീട്ടിൽ കൊണ്ടുപോയി ആഹാരം നൽകി അയാൾക്ക് ജീവിക്കാനുള്ള വക പൊതുഖജനാവിൽ നിന്നനുവദിച്ചു ഖലീഫ തന്റെ ഉദ്യോഗസ്ഥന്മാരോടിങ്ങനെ കല്പിച്ചു 


'ഇത്പോലുള്ള വൃദ്ധന്മാർ നാട്ടിൽ ഇനിയും കാണും അവരെ കണ്ടുപിടിച്ച് കൊണ്ടുവരണം ' 


മുസ്ലിംകളല്ലാത്തവരുടെ കാര്യത്തിൽ ഖലീഫ എത്രത്തോളം ശ്രദ്ധാലുവായിരുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം 


അംഗവൈകല്യം സംഭവിച്ചവർക്ക് പ്രത്യേക പെൻഷൻ അനുവദിച്ചിരുന്നു ഇത് മുസ്ലിംകൾക്കും അല്ലാത്തവർക്കും ഒരുപോലെ ലഭിച്ചിരുന്നു  


ഖലീഫയുടെ നിരവധി ഉദ്യോഗസ്ഥന്മാർ അമുസ്ലിംകളായിരുന്നു മുസ്ലിം ഉദ്യോഗസ്ഥരെപ്പോലെ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അവർക്കും ലഭിച്ചിരുന്നു  


അമുസ്ലിംകളോടുള്ള ഉദാരമായ സമീപനം കാരണം ഖലീഫയെ അവർ വളരെയധികം ആദരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു യുദ്ധവേളകളിലാണ് ഈ സഹായം കൂടുതൽ ലഭിച്ചത്  


റോമക്കാർ ക്രിസ്ത്യാനികളാണ് അവരുടെ ഭരണം സിറിയയിലെയും ജോർഡാനിലെയും ക്രൈസ്തവർ ഇഷ്ടപ്പെട്ടില്ല അവർ മുസ്ലിംകളോട് പറഞ്ഞതിങ്ങനെയായിരുന്നു 


ഞങ്ങൾക്ക് റോമക്കാരെ വേണ്ട മുസ്ലിംകളെ മതി  


ക്രൈസ്തവർ അക്കാലത്തും വലിയ ഉത്സവങ്ങൾ നടത്താറുണ്ടായിരുന്നു വാദ്യഘോഷങ്ങളുണ്ടാവും പലരും ചേർന്ന് ചെണ്ടകൊട്ടും കുരിശ് എഴുന്നള്ളിക്കും   


ഇതിനൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല നിസ്ക്കാരസമയത്ത് മസ്ജിദിന്റെ മുമ്പിൽ വെച്ച് ശബ്ദമുണ്ടാക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു 


മസ്ജിദിനോട് അവർക്ക് വലിയ ബഹുമാനമായിരുന്നു മസ്ജിദിന്റെ മുമ്പിലെത്തുമ്പോൾ ശബ്ദമുണ്ടാക്കില്ല നിസ്കാരസമയത്തും അല്ലാത്തപ്പോഴും അങ്ങനെ തന്നെ 


മുസ്ലിംകളും മറ്റു മതക്കാരും തമ്മിൽ ഏറ്റവും നല്ല ബന്ധം നിലനിന്നത് ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലത്തായിരുന്നു സൈനികസേവനം നടത്തിയ അമുസ്ലിംകൾക്ക് നല്ല വരുമാനം ലഭിച്ചിരുന്നു പലർക്കും കൃഷിഭൂമിയും ഉണ്ടായിരുന്നു ഖലീഫയുടെ കീഴിൽ അവർ സംതൃപ്തരായി കഴിഞ്ഞു കൂടി 


പൊതുഖജനാവിലേക്ക് ഏറ്റവും കൂടുതൽ ധനം ലഭിച്ചതും ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലത്തായിരുന്നു ജനങ്ങളെല്ലാം പൂർണ്ണ സമ്മതത്തോടെയാണ് നികുതികൾ അടച്ചിരുന്നത് നികുതി നിരക്കുകൾ വളരെ കുറവായിരുന്നതിനാൽ നികുതി വെട്ടിപ്പ് നടന്നിരുന്നില്ല  


വഞ്ചന, കള്ളം, തട്ടിപ്പ്, മായം ചേർക്കൽ , സ്വാർത്ഥത, അലസത തുടങ്ങിയ ദുർഗുണങ്ങൾ ഖലീഫ തുടച്ചുനീക്കുകയായിരുന്നു കഠിനാധ്വാനത്തിന്റെ സന്തോഷം കണ്ടറിഞ്ഞ കാലം  


ദുർബലരെ സഹായിക്കുകയെന്നത് ഖലീഫക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു ഒരിക്കൽ അങ്ങാടിയിലൂടെ ഖലീഫനടന്നു പോകുമ്പോൾ ഒരു സ്ത്രീ ഭാരം ചുമന്നുകൊണ്ടുപോവുന്നത് കണ്ടു അവർ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്  


ഉമർ (റ)സ്ത്രീയുടെ സമീപത്തെത്തി  ഞാൻ സഹായിക്കാം കെട്ട് ഇങ്ങോട്ടുതരൂ  


സ്ത്രീ ഭാരം ഏൽപ്പിച്ചു  ഉമർ (റ)ഭാരവും ചുമന്നു നടന്നു സ്ത്രീ വഴി പറഞ്ഞു കൊടുത്തുകൊണ്ട് പിന്നാലെ നടന്നു സ്ത്രീക്ക് ആളെമനസ്സിലായില്ല   

പലവഴികൾ പിന്നിട്ട് വീട്ടിലെത്തി സ്ത്രീക്ക് വല്ലാത്ത ആശ്വാസം  


'നിങ്ങൾ നാളെ ഉമറിനെ ചെന്ന് കാണണം വല്ല സഹായവും കിട്ടും ' ഉമർ (റ) പറഞ്ഞു  


'ഞാനൊരു പാവമാണ് എനിക്കെങ്ങനെ അദ്ദേഹത്തെ കാണാൻ കഴിയും അവിടെ വലിയ തിരക്കായിരിക്കും'  


അതൊന്നും സാരമില്ല കാണാൻ കഴിയും 


അത് കേട്ടപ്പോൾ  സ്ത്രീക്ക് സംശയമായി ഇത് തന്നെയായിരിക്കുമോ ഖലീഫ  


സ്ത്രീ ചോദിച്ചു: താങ്കൾ തന്നെയാണോ ഖലീഫ? 


അതെ നിങ്ങൾ നാളെ വന്നു കണ്ടോളൂ  


പിറ്റെദിവസം അവർ ഖലീഫയെ കാണാനെത്തി സന്തോഷത്തോടെ സംസാരിച്ചു  


ഒരു വേലക്കാരനെ വെച്ചുകൊടുത്തു ജീവിക്കാനാവശ്യമായ സംഖ്യയും അനുവദിച്ചു  


ഇത് പോലെ എത്രയെത്ര സംഭവങ്ങൾ  


ഒരിക്കൽ ഒരു ഗർഭിണി വെള്ളമെടുക്കാൻ പാത്രവുമായി കിണറ്റിൻകരയിലേക്ക് പോവുന്നത് ഉമർ (റ) കണ്ടു മറ്റാരും സഹായിക്കാനില്ലാത്ത പാവം സ്ത്രീ  


ഉമർ (റ) അവരെ സമീപിച്ചു പാത്രം വാങ്ങി അതിൽ വെള്ളം നിറച്ചു ചുമലിലേറ്റി അവരുടെ വീട്ടിലേക്ക് നടന്നു പലരും ഇത് കാണുന്നുണ്ടായിരുന്നു വീട്ടിലെത്തി വെള്ളപ്പാത്രം നിലത്തുവെച്ചു  


ഇതിനെപ്പറ്റി ഉമർ (റ) പറഞ്ഞതിങ്ങനെയാണ് : 


എന്റെ ശരീരത്തെ പാകപ്പെടുത്തിയെടുക്കാൻ വേണ്ടിയാണ് ഞാനിത് ചെയ്തത് ചരിത്രം മറക്കാത്ത സംഭവമായി മാറി അത് 


'യൂഫ്രട്ടിസിന്റെ തീരത്ത് ഒരു ഒട്ടകം പട്ടിണികിടന്ന് ജീവൻ പോയാൽ ഞാനതിന് ഉത്തരം പറയേണ്ടിവരും'  


ഇതായിരുന്നു ഉമറുൽ ഫാറൂഖ് (റ) വിന്റെ ചിന്ത  


ഖിലാഫത്ത് ഏറ്റെടുക്കുകവഴി അവയുടെയെല്ലാം സംരക്ഷണച്ചുമതലയാണ് താൻ ഏറ്റെടുത്തിരിക്കുന്നത് ഖലീഫ തനിക്കുവേണ്ടി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ ഗവർണർമാരെയും ഉന്നത ഉദ്യോഗസ്ഥന്മാരെയും ചുമതലപ്പെടുത്തിയിരുന്നു 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment