➖➖➖➖➖➖➖➖➖➖
സേവകൻ
➖➖➖➖➖➖➖➖➖➖
റോമാ ചക്രവർത്തിയുടെ ദൂതൻ ഖലീഫയെ കാണാൻ വേണ്ടി മദീനയിൽ വന്നു ദൂതൻ വിശേഷപ്പെട്ട വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് കൂടെ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്
മുസ്ലിംകളുടെ രാജാവിനെ കാണാൻ പോവുകയാണ് റോമാചക്രവർത്തിയുടെ കൊട്ടാരത്തിൽ നിന്നാണ് പുറപ്പെട്ടത് റോമാ ചക്രവർത്തിയുടെ കൈവശമായിരുന്ന പല രാജ്യങ്ങളും പിടിച്ചടക്കിയ രാജാവിനെ കാണാനാണ് പോവുന്നത് ലോകം പേര് കേട്ടാൽ ഞെട്ടുന്ന മഹാനായ ഭരണാധികാരി
റോമാകൊട്ടാരത്തെക്കാൾ വലിയ കൊട്ടാരത്തിലായിരിക്കും അദ്ദേഹത്തിന്റെ താമസം അംഗരക്ഷകർ കാണും വലിയ കൊട്ടാരവും രത്നങ്ങൾ പതിച്ച സിംഹാസനവും സ്വർണ്ണത്തിൽ തീർത്ത കിരീടവും കാണുമായിരിക്കും
മഹാരാജാക്കന്മാരെ വിറപ്പിച്ച രാജാവല്ലേ, ഭാവനയിലൊതുങ്ങാത്ത രാജചിഹ്നങ്ങൾ കാണുമായിരിക്കും
ദൂതനും സംഘവും മദീനത്തെത്തി പലവഴിയിലൂടെയും നടന്നു നോക്കി കോട്ടയില്ല കൊട്ടാരവുമില്ല
അമീറുൽ മുഅ്മിനീൻ പട്ടണത്തിൽ നിന്ന് പുറത്തുപോയി അന്വേഷണത്തിൽ അങ്ങനെയാണ് അറിയാൻ കഴിഞ്ഞത്
റോമാ ചക്രവർത്തി പട്ടണം വിട്ട് പുറത്ത് പോവുന്ന രംഗമാണ് ദൂതന്റെ മനസ്സിൽ തെളിഞ്ഞത് എന്തെല്ലാം ഒരുക്കങ്ങൾ എന്തെല്ലാം അലങ്കാരങ്ങൾ
ഇവിടെ അങ്ങനെയൊന്നും കാണാനില്ല സാധാരണ റോഡുകൾ , ആളുകൾ നടന്നുപോവുന്നു ലളിതമായ വേഷം , ഒരലങ്കാരവും എവിടെയും കാണാനില്ല
അമീറുൽ മുഅ്മിനീൻ പോയ വഴിയേ സഞ്ചരിച്ചും പ്രത്യേകിച്ചൊരു ലക്ഷണവുമില്ല ആളുകളോടന്വേഷിച്ചു
ഒരാൾ പറഞ്ഞു: നോക്കൂ ..... അവിടെ ഒരു മരം കാണുന്നില്ലേ.... അതിന്റെ ചുവട്ടിൽ കിടന്നുറങ്ങുന്നു
ഞെട്ടിപ്പോയി കിടന്നുറങ്ങുകയോ? മരത്തിന്റെ ചുവട്ടിലോ? എന്താണീ കേൾക്കുന്നത് ദൂതന്റെ ചിന്താമണ്ഡലം ആടിയുലഞ്ഞു ചിന്തകൾക്ക് ചൂടുപിടിച്ചു
റോമാ ചക്രവർത്തിയുടെ ഉറക്കത്തെക്കുറിച്ച് ദൂതൻ ചിന്തിച്ചു എത്ര വലിയ കൊട്ടാരം അതിന്റെ ഉള്ളിന്റെയുള്ളിൽ സുരക്ഷിതമായ ഉറക്കുമുറി എന്തുമാത്രം പാറാവുകാർ , കൊട്ടാരത്തിന്റെ മുക്കുമൂലകളിലെല്ലാം പാറാവുകാരുണ്ട് ഗെയ്റ്റുകളിലും മുറ്റത്തും പരിസരത്തുമെല്ലാം കാവൽക്കാർ കൊട്ടാരത്തിനു ചുറ്റും ഉയരമുള്ള ചുറ്റുമതിൽ എന്നിട്ടും ചക്രവർത്തിക്ക് ശരിക്ക് ഉറക്കം വരുന്നില്ല പലപ്പോഴും ഭയന്ന് ഞെട്ടിയുണരും അതാണ് നമ്മുടെ ചക്രവർത്തിയുടെ അവസ്ഥ
ഇതെന്താണ് താൻ കണ്ടത് ? കൊട്ടാരമില്ല ചുറ്റും മതിലിന്റെ സംരക്ഷണമില്ല ഒരറ്റ പാറാവുകാരനില്ല ഉറക്കമോ? സുരക്ഷിതമായ ഉറക്കം ഭയമില്ല , ശങ്കയില്ല എന്താണിതിന്റെ രഹസ്യം?
മണൽത്തരികളാണ് മെത്ത ആകാശമാണ് മേൽപ്പുര മരത്തിന്റെ തണൽ കണ്ടപ്പോൾ കിടന്നതാണ് എവിടെയും സുരക്ഷാവലയമുണ്ട് അല്ലാഹു നൽകിയ സുരക്ഷ പടുകൂറ്റൻ കോട്ടയെക്കാൾ ശക്തമാണ് ആ സുരക്ഷ. ആ സുരക്ഷ ലഭിച്ചാൽ പിന്നൊരു പാറാവുകാരൻ വേണ്ട ആരും വേണ്ട ഒന്നും വേണ്ട അവൻ മതി അല്ലാഹു മതി എങ്കിൽ തനിക്കും അത് വേണ്ടേ? അതല്ലേ മെച്ചം ദൂതന്റെ ചിന്തകൾ ശരിയായ ദിശയിൽ സഞ്ചരിക്കുന്നു കിസ്റായും കൈസറും പേര് കേട്ടാൽ വിറക്കുന്ന ഭരാണധികാരിയാണിത് ഈ കിടപ്പ് കണ്ടില്ലേ? ദൂതന്റെ മനസ്സിൽ തീരുമാനം രൂപം കൊള്ളുകയാണ്
ചെറിയ ഉറക്കം അത്കഴിഞ്ഞ് എഴുന്നേറ്റു ദൂതനുമായി സംസാരിച്ചു ഇസ്ലാം മത തത്വങ്ങൾ വിശദീകരിച്ചു ദൂതന്റെ മനസ്സില് ഈമാൻ പ്രകാശിച്ചു ചുണ്ടുകൾ മൊഴിഞ്ഞു
'ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു '
റോമാ കൊട്ടാരത്തിൽനിന്നും വന്ന ചക്രവർത്തിയുടെ ദൂതൻ ഇതാ സത്യസാക്ഷ്യം വഹിച്ചിരിക്കുന്നു
ചരിത്രത്തെ രോമാഞ്ചമണിയിച്ച വിശ്വാസഭാവം
ഉമർ (റ) മതപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പണ്ഡിതന്മാരുമായി കൂടിയാലോചന നടത്തുക പതിവായിരുന്നു വിശുദ്ധ ഖുർആനിൽ അഗാധപാണ്ഡിത്യം നേടിയവരെയാണ് ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കുക ചെറുപ്പക്കാരും പ്രായംചെന്നവരുമായ പണ്ഡിതന്മാർ ഇത്തരം ചർച്ചകളിൽ പങ്കെടുക്കുമായിരുന്നു പ്രായമല്ല പാണ്ഡിത്യമാണ് പ്രധാനം
കുട്ടികളെ കാണുമ്പോൾ ഉമർ(റ) ഇങ്ങനെ പറയുമായിരുന്നു 'മകനെ..... എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ നീ ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ '
ലോകപ്രശസ്തനായ ഭരണാധികാരി കുട്ടികളുടെ കൂട്ടത്തിലെത്തുമ്പോൾ അവരിൽ ഒരാളായി മാറും അവരുടെ ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കും ഒരു സംഭവം പറയാം :
ഉമർ(റ) നടന്നു വരികയാണ് നിറയെ ഈത്തപ്പനകളുള്ള തോട്ടം പഴുത്തു പാകമായ കുലകൾ പഴങ്ങൾ താഴെ വീണു കിടക്കുന്നു അത് പെറുക്കാൻ കുറെ കുട്ടികളെത്തി
ഉമർ(റ)വിനെ കണ്ടതോടെ കുട്ടികൾ ഓടിമറിഞ്ഞു ഒരു കുട്ടി മാത്രം ഓടിയില്ല അവൻ ഭയപ്പാടോടെ അവിടെത്തന്നെ നിന്നു അവന്റെ കൈയിൽ കുറച്ചു പഴങ്ങളുണ്ട് അവൻ കുറ്റബോധത്തോടെ പറഞ്ഞു
'അമീറുൽ മുഅ്മിനീൻ ഈ പഴങ്ങൾ കാറ്റിൽവീണതാണ് '
'എവിടെ നോക്കട്ടെ കാറ്റിൽ വീണത് കണ്ടാൽ എനിക്കറിയാം ഉമർ (റ) പറഞ്ഞു പഴം പരിശോധിച്ചു '
'ഇത് കാറ്റിൽ വീണത് തന്നെ പോയ്ക്കോളൂ'
അപ്പോൾ കുട്ടി പറഞ്ഞു: അവിടെ കുറെ കുട്ടികൾ മറഞ്ഞുനിൽപ്പുണ്ട് അവർ ഈ പഴം തട്ടിപ്പറിക്കാൻ നിൽക്കുകയാണ്
കുട്ടിയുടെ മുഖത്തെ ദൈന്യത ഉമർ (റ) കണ്ടു അദ്ദേഹം പറഞ്ഞു: നിന്നെ ഞാൻ വീട്ടിലെത്തിച്ചുതരാം അവർ രണ്ടുപേരും നടന്നു കുട്ടിയെ വീട്ടിലെത്തിച്ചു കൊടുത്തു
മറ്റൊരു സംഭവം പറയാം: പുലരാൻ കാലം പാൽ കറന്നെടുക്കുന്ന സമയം, ഒരു വീട്ടിന്നടുത്തു കൂടി നടന്നു പോവുകയാണ് വീട്ടിനകത്ത് സംഭാഷണം ഒരു ഉമ്മയും മകളും തമ്മിലാണ് സംഭാഷണം സ്വരം കേട്ടപ്പോൾ മനസ്സിലായി
ഉമ്മ: മോളേ ആ പാലിൽ കുറച്ചുവെള്ളം ചേർത്തോളൂ....
മകൾ: ഉമ്മാ...പാടില്ല പാലിൽ വെള്ളം ചേർക്കുന്നത് കുറ്റമാണ്
ഉമ്മ: സാരമില്ല മോളേ..... കുറച്ചു വെള്ളം ചേർത്തോളൂ.... നമുക്ക് വില കൂടുതൽ കിട്ടും
മകൾ: ഉമ്മാ പാലിൽ വെള്ളം ചേർക്കരുതെന്ന് അമീറുൽ മുഅ്മിനീൻ പറഞ്ഞിട്ടുണ്ട് ഉമ്മ മറന്നുപോയോ?
ഉമ്മ: മോളേ.... അമീറുൽ മുഅ്മിനീൻ ഇത് കാണില്ല
മകൾ: അല്ലാഹു കാണും ഞാൻ വെള്ളം ചേർക്കില്ല
അമീറുൽ മുഅ്മിനീന്റെ മനസ്സിൽ ആ മകളെപ്പറ്റി വല്ലാത്ത മതിപ്പുണ്ടായി ഒരു ചെറിയ വീടാണത് ഖലീഫ വീട് ഓർത്തുവെച്ചു
പിന്നീട് ഈ കുട്ടിയെ തന്റെ മകന്ന് വേണ്ടി വിവാഹാലോചന നടത്തി മകൻ ആസ്വിമിന് ആ ചെറുപ്പക്കാരിയെ വധുവായി തിരഞ്ഞെടുത്തു
നാട്ടിൽ തപാൽ സൗകര്യം ഏർപ്പെടുത്തിയ ഭരണാധികാരിയാണ് ഉമർ (റ) പേർഷ്യയിലേക്കും റോമിലേക്കും കത്തുകളയക്കാം മദീന മുതൽ പേർഷ്യവരെ തപാലാപ്പീസുകളുണ്ട് ഒരു തപാലാപ്പീസ് മുതൽ അടുത്ത തപാൽ ഓഫീസ് വരെ ഒരു കുതിരക്കാരൻ കത്തുകൾ കൊണ്ടുപോവും അവിടെ ഒരു കുതിരക്കാരൻ കാത്തുനിൽക്കുകയാണ് തപാൽ കിട്ടിയാൽ ഉടനെ അയാൾ കുതിരയെ ഓടിക്കും ഓരോ തപാലാപ്പിസിലും കുതിരക്കാൻ കുതിരക്കാരൻ ഓട്ടത്തിന്ന് തയ്യാറായി നിൽക്കുന്നു കത്തുകൾ കിട്ടിയാൽ പറക്കും.
കത്തുകൾ തിരിച്ചുവരുന്നും ഇങ്ങനെ ആണ് മടക്കത്തപാൽ വരുന്നതും കാത്ത് കുതിരക്കാരൻ അവിടെ നിൽക്കും കുതിരക്കാർക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമെല്ലാം സൗകര്യമുണ്ടായിരുന്നു
പട്ടാളക്കാരുടെ കത്തുകളാണ് ഏറെയും വരുന്നത് യുദ്ധങ്ങളുടെ ഇടവേളകളിൽ ഭർത്താക്കന്മാർ ഭാര്യമാർക്ക് കത്തുകളയക്കും എഴുത്തും വായനയും അറിയുന്നവർ അറിയാത്തവർക്ക് എഴുതികൊടുക്കും കടലാസും മഷിക്കുപ്പിയും ഖലമും പട്ടാളക്യാമ്പിൽ ലഭ്യമാണ്
പട്ടാളക്കാരുടെ ഭാര്യമാരിൽ പലർക്കും എഴുത്തും വായനയും അറിവില്ല വായിക്കാനറിയുന്ന പെണ്ണുങ്ങൾ വായിച്ചു കൊടുക്കും മറുപടി തയ്യാറാക്കിക്കൊടുക്കും
തപാൽ പുറപ്പെടാൻ സമയമായിത്തുടങ്ങിയാൽ ഖലീഫ ധൃതി പിടിച്ചു നടക്കും പട്ടാളക്കാരുടെ ഭാര്യമാർ താമസിക്കുന്ന വീടുകളുടെ വാതിലിൽ മുട്ടും ഭർത്താവിന്ന് കത്തയക്കാനുണ്ടെങ്കിൽ വാചകങ്ങൾ പറഞ്ഞു തരൂ.... ഞാനെഴതിയെടുക്കാം
ഖലീഫയുടെ കൈവശം കടലാസും മഷിക്കുപ്പിയും ഖലമും ഉണ്ട് അടഞ്ഞ വാതിലിന്നപ്പുറത്ത് നിന്ന് ഭാര്യ പറയുന്ന കാര്യങ്ങൾ ഖലീഫ എഴുതുന്നു അത് കഴിഞ്ഞാൽ അടുത്ത വീട്ടിലേക്ക് പോകും
എത്രയോ വീടുകളിൽ കയറുന്നു എത്രയോ കത്തുകൾ രൂപം കൊള്ളുന്നു ഭാര്യമാർക്ക് ചെലവില്ല കത്തുകൾ തപാൽക്കാരൻ കൊണ്ടുപോവുന്നു
ബാക്കിയുള്ള വീടുകളിൽ കൂടി കയറും കത്തുകൾ തയ്യാറാക്കും അത് അടുത്ത തപാലിൽ അയക്കും
മടക്കത്തപാലിൽ മറുപടികൾ വരും അവ പെട്ടെന്ന് തന്നെ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കും എന്തൊരു മികച്ച സംവിധാനം
തന്റെ സൈനികരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബദ്ധശ്രദ്ധനായ ഭരണാധികാരി
ചിലപ്പോൾ ഖലീഫ പട്ടാളക്കാരുടെ വീടുകളിൽ ചെല്ലും വീട്ടിലേക്കുവേണ്ട ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണെന്ന് ചോദിക്കും അവർ പറയും ഖലീഫ എഴുതിയെടുക്കും ആ സാധനങ്ങളെല്ലാം ഖലീഫ വീട്ടിലെത്തിച്ചുകൊടുക്കും ഇതിന്ന് വേണ്ടി ജോലിക്കാരെ നിർത്തിയിട്ടുണ്ട് എന്നാലും ഖലീഫക്ക് തൃപ്തിവരില്ല
മദീനക്കാർ അതിശയത്തോടെ കാണുന്ന ഒരു കാഴ്ചയുണ്ട് ഖലീഫ മുമ്പിൽ നടക്കും വേലക്കാർ പിന്നാലെ നടക്കും വേലക്കാരുടെ കൈകളിൽ കൂട്ടകൾ , പട്ടാളക്കാരുടെ വീടുകളിലെ വേലക്കാരാണവർ
ഖലീഫ തന്നെ നല്ല സാധനങ്ങൾ നോക്കിയെടുത്ത് കൂട്ടകളിൽ വെച്ചുകൊടുക്കുന്നു കച്ചവടക്കാർക്ക് ഖലീഫ വിലയും നൽകുന്നു വേലക്കാർ സാധനങ്ങൾ വീടുകളിലെത്തിക്കുന്നു അങ്ങാടിയിലെ കച്ചവടക്കാർ സത്യസന്ധരാണ് കളവും വഞ്ചനയും മായം ചേർക്കലുമില്ല എന്നാലും ഖലീഫയുടെ പരിശോധന നടക്കും അളവും തൂക്കവും പരിശോധിക്കും സാധനങ്ങളുടെ ഗുണനിലവാരം നോക്കും അവയെല്ലാം പരിശോധിക്കാൻ നിരവധി ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുമുണ്ട്
ഒരിക്കൽ ഇറാഖിൽ നിന്നൊരു സംഘം പ്രമുഖന്മാർ ഖലീഫയെ കാണാൻ മദീനയിലെത്തി
അഹ്നഫുബ്നു ഖൈസ്(റ) അക്കൂട്ടത്തിലുണ്ട് സംഘം വന്നപ്പോൾ കണ്ട കാഴ്ചയെന്താണ്?
ഖലീഫ ഒരു ഒട്ടകത്തെ കുളിപ്പിക്കുന്നു വെള്ളം ഒഴിച്ച് അഴുക്കുകൾ ഉരച്ചുകഴുകി വൃത്തിയാക്കുന്നു
ഖലീഫ വിളിച്ചു പറഞ്ഞു: അഹ്നഫ് വസ്ത്രം മാറി വരൂ നമുക്കിതിനെ കുളിപ്പിച്ചു വൃത്തിയാക്കാം ധർമ്മഫണ്ടിലെ ഒട്ടകമാണിത് വിധവകൾക്കും, യത്തീമുകൾക്കും പാവപ്പെട്ടവർക്കും അവകാശപ്പെട്ട മുതലാണിത്
ഇത്കേട്ടപ്പോൾ സംഘത്തിലെ ഒരാൾ ചോദിച്ചു 'ഇതൊരു അടിമയെ ഏൽപ്പിച്ചാൽ പോരെ ' ഖലീഫയുടെ പ്രതികരണം ഇങ്ങനെയായിരുന്നു എന്നെക്കാളും അഹ്നാഫിനെക്കാളും വലിയ അടിമകൾ ആരുണ്ട്?
ഇതാണ് അമീറുൽ മുഅ്മിനീൻ
ബൈത്തുൽമാലിന്റെ സംരക്ഷണ കാര്യത്തിൽ ഖലീഫ പുലർത്തിയ ശ്രദ്ധ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്
അമീറുൽ മുഅ്മിനീന്റെ മുമ്പിൽ വിജയത്തിന്റെ കവാടങ്ങൾ അല്ലാഹു ഒന്നൊന്നായി തുറന്നുകൊടുക്കുകയായിരുന്നു സമ്പത്ത് മദീനയിലേക്ക് ഒഴുകിവരികയായിരുന്നു ആയിരക്കണക്കായ ഒട്ടകങ്ങളാണ് ദ്രവ്യങ്ങളുമായി എത്തിക്കൊണ്ടിരുന്നത്
ഉമർ (റ) ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പുതന്നെ വിവാഹം കഴിച്ചിരുന്നു സൈനബയാണ് ആദ്യ ഭാര്യ സൈനബിന്റെ സഹോദരന്മാർ പ്രമുഖ സ്വഹാബികളായിരുന്നു ആദ്യകാല വനിതാ സ്വഹാബികളിൽ ഒരാളായി മാറി സൈനബ്(റ)
അലി(റ)വിന്റെ മകൾ ഉമ്മു കുൽസൂമിനെ ഉമർ (റ) വിവാഹം ചെയ്തു ഇസ്ലാം ദീനിന്ന് മഹത്തായ സേവനങ്ങളർപ്പിച്ച മഹതിയാണ് ഉമ്മുകുൽസൂം(റ)
സാബിതിന്റെ പുത്രി ജമീലയാണ് മറ്റൊരു ഭാര്യ ഉമ്മുഹകീം, ലുഹയ്യത്ത്, ആതിക, ഫുകൈഹ എന്നിവരെയും വിവാഹം ചെയ്തു
ഉമർ (റ) വിന്ന് ആറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു 1. അബ്ദുല്ല, 2. അബ്ദുറഹ്മാൻ, 3. സൈദ്, 4. ഉബൈദുല്ല, 5. ആസ്വിം, 6. ഇയാള്
1. ഹഫ്സ, 2. റുഖിയ്യ, 3.ഫാത്വിമ,4. സ്വഫിയ്യ, 5. സൈനബ്,6. ഉമ്മുൽവലീദ്
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

 
No comments:
Post a Comment