ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-20

 

 


➖➖➖➖➖➖➖➖➖➖

കൃഷിഭൂമി കർഷകന്ന് 

➖➖➖➖➖➖➖➖➖➖

പുരാതനകാലത്ത് അലക്സാണ്ടറിയയിൽ ഒരു ഗ്രന്ഥാലയം ഉണ്ടായിരുന്നു ഈജിപ്ത് ഭരിച്ച പുരാതന രാജാക്കന്മാരാണത് നിർമ്മിച്ചത് ഗ്രന്ഥാലയം ലോകപ്രസിദ്ധമായിത്തീർന്നു  


ഉമർ (റ) ലോകം കണ്ട ഭരണാധികാരികളിൽ തിളക്കമാർന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഇതുപോലൊരു ഭരണാധികാരിയെ അവതരിപ്പിക്കാൻ പാശ്ചാത്യർക്ക് ഒരുകാലത്തും കഴിഞ്ഞിട്ടില്ല   


ഉമർ (റ)വിന്റെ സൽപ്പേരിന് കളങ്കം ചാർത്താൻ എന്തുണ്ട് വഴി എന്നവർ ചിന്തിച്ചു വികല ബുദ്ധികൾ ഒരു കഥ മെനഞ്ഞുണ്ടാക്കി 


അലക്സാണ്ടറിയ ലൈബ്രറി കത്തിക്കാൻ ഉമർ (റ) കല്പന കൊടുത്തു അംറുബ്നുൽ ആസ്വ്(റ) അത് കത്തിച്ചുകളഞ്ഞു ഇതൊരു കള്ളക്കഥയാണ് ഈജിപ്ത് മുസ്ലിംകൾക്കു കീഴടങ്ങി നൂറ്റാണ്ടുകൾക്കുശേഷമാണ്  ഈ കഥ രൂപംകൊള്ളുന്നത് അതുവരെ ആരും അങ്ങനെയൊരുകഥ പറഞ്ഞിട്ടില്ല 


കഥ കിട്ടിയപ്പോൾ പാശ്ചാത്യ ചരിത്രകാരന്മാർ അത് ആഘോഷമാക്കി പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിച്ചു  


അംറുബ്നുൽ ആസ്വ് (റ) ഈജിപ്തിൽ എത്തുന്നതിന്റെ എത്രയോ കാലംമുമ്പുതന്നെ ആ ഗ്രന്ഥാലയം നശിപ്പിക്കപ്പെട്ടിരുന്നു  ജൂലിയസ് സീസർ ഗ്രന്ഥാലയത്തിലെ പകുതിയിലധികം ഗ്രന്ഥങ്ങളും നശിപ്പിച്ചുകളഞ്ഞിരുന്നു അലക്സാണ്ടറിയായിലെ പാത്രിയാർക്കീസുമാരോട് ബാക്കി ഗ്രന്ഥങ്ങൾ നശിപ്പിക്കാൻ  കൽപിക്കുകയും ചെയ്തു  അങ്ങനെ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു മുസ്ലിംകൾ വരുമ്പോൾ ഗ്രന്ഥങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല  


പ്രശസ്ത ചരിത്രകാരൻ ഗിബ്ബൺ രേഖപ്പെടുത്തിയതിങ്ങനെയാണ് It was long before the muslim conquest of the town  


(മുസ്ലിംകൾ അലക്സാണ്ടറിയ ടൗൺ കീഴ്പ്പെടുത്തുന്നതിന്റെ വളരെക്കാലം മുമ്പുതന്നെ അത് കത്തിച്ചു കളഞ്ഞിരുന്നു ) 


വില്യം മൂർ രേഖപ്പെടുത്തി  


It is late invention (അത് പിൽക്കാലത്തെ ഒരു കണ്ടുപിടുത്തമായിരുന്നു ) ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയതായിരുന്നു 


ഉമർ (റ) ഗ്രന്ഥങ്ങളെ സ്നേഹിച്ച മഹാനായിരുന്നു പണ്ഡിതന്മാരെ മനസ്സറിഞ്ഞ് ആദരിച്ചിരുന്നു ക്രൈസ്തവ പണ്ഡിതന്മാരെയും യഹൂദ പണ്ഡിതരെയും ബഹുമാനിച്ചിരുന്നു  


ഫലസ്തീൻ സന്ദർശനവേളയിൽ ക്രൈസ്തവ പണ്ഡിതന്മാർ എത്രയോ വിഷയങ്ങളെക്കുറിച്ച് ഖലീഫയോട് സംസാരിച്ചിരുന്നു ആശയങ്ങളുടെ സമുന്നതമായ വിനിമയം തന്നെ നടന്നു തന്റെ ഗവർണർമാരെയും ഇതേ രീതിയിൽ തന്നെയാണ് ഉമർ (റ) പരിശീലിപ്പിച്ചത് 


ജനങ്ങളോട് നല്ല രീതിയിൽ പെരുമാറാൻ ഗവർണർമാരോട് കല്പിച്ചു ജനങ്ങളുമായി ഇടപെടുമ്പോൾ കാർക്കശ്യം പാടില്ല ആക്ഷേപം വന്നാൽ ശിക്ഷിക്കപ്പെടാം  


ശാമിൽ ഗവർണറായി  നിയോഗിക്കപ്പെട്ടത് അബൂ ഉബൈദ(റ) ആയിരുന്നു പ്രഗത്ഭനായ ഭരണാധികാരിയാണ് സ്ഥിരമായി ഒരാളെ ഒരേ സ്ഥാനത്ത് നിലനിർത്തുന്നതും ഉചിതമാവില്ല മാറ്റം അനിവാര്യമായാൽ മാറ്റണം  ശാമിലെ ഗവർണറെ മാറ്റി യാസീദുബ്നു അബീസുഫ്യാനെ ഗവർണറാക്കി ഈജിപ്തിൽ ഗവർണറായത് അംറുബ്നുൽ ആസ്വ് ആയിരുന്നു  


കൂഫയിലെ ഗവർണർ സഅദ്ബ്നു അബീ വഖാസ്(റ) ആയിരുന്നു ബസ്വറയിലെ ഗവർണർ ഉത്ബത്തുബ്നു ഗാസ് വാൻ ആയിരുന്നു അബൂമുസൽ അശ്അരി ജസീറയിൽ നിയമിക്കപ്പെട്ടു അംറുബ്നു സഅദ് ഹിംസിൽ നിയമിതനായി സുഫ്യാനുബ്നു അബ്ദുള്ളാക്ക് ത്വാഇഫിന്റെ ചാർജ് നൽകി   


ഉസ്മാനുബ്നു അബിൽ ആസ്വ് ബഹ്റൈനിന്റെ ഭരാണാധികാരിയായി യഅ്ലസ്ബ്നു മൻബഹ്സൻആഇൽ ഗവർണറായി   


ഇവരാരും സ്ഥാനം ചോദിച്ചുവരുന്നവരല്ല അതുകൊണ്ടാണ് നിയമനം കിട്ടിയത് അധികാരം ആഗ്രഹിക്കുന്നവർക്ക് കൊടുക്കില്ല  


ഒരിക്കൽ ഒരു പ്രശസ്ത വ്യക്തിയെ ഗവർണറാക്കാൻ ഖലീഫ മനസ്സിൽ കരുതി പുറത്ത് വിട്ടില്ല കുറച്ചുകഴിഞ്ഞപ്പോൾ അതേ ആൾതന്നെ ഒരപേക്ഷയുമായി വന്നു   


തന്നെ ആ തസ്തികയിൽ നിയമിക്കണമെന്ന അപേക്ഷ 


ഉമർ (റ) പറഞ്ഞു: ഇനി നിങ്ങളെ നിയമിക്കാൻ പറ്റില്ല പകരം മറ്റൊരാളെ നിയമിച്ചു   


ഗവർണർമാർ പണ്ഡിതന്മാരാവണം മനഃശുദ്ധി വേണം എല്ലാ നിലയിലും മാതൃകാ പുരുഷനായിരിക്കണം  

 

ഗനം എന്ന വാക്കിന്റെ അർത്ഥം ആട് എന്നാകുന്നു ധാരാളം ആടുകളെ മേയ്ക്കുന്ന ഒരാളുണ്ടായിരുന്നു ജനങ്ങൾക്കിടയിൽ അദ്ദേഹം ഗനം എന്നറിയപ്പെട്ടു ഗനമിന്റെ മകനാണ് ഗിയാസ്(റ)  ഗിയാസിനെ ഈജിപ്തിൽ ഒരു പ്രവിശ്യയുടെ ഗവർണറാക്കി   


ഇദ്ദേഹം വിലകൂടിയ ഉടുപ്പുകൾ ധരിക്കാൻ തുടങ്ങി ഉമർ (റ) ഇതറിഞ്ഞ് കോപാകുലനായിത്തീർന്നു അദ്ദേഹത്തെ മദീനയിൽ വിളിച്ചു വരുത്തി വിലപിടിച്ച ഉടുപ്പുകൾ ഒഴിവാക്കാനും പരുക്കൻ വസ്ത്രം ധരിക്കാനും കല്പിച്ചു അദ്ദേഹം അങ്ങനെ ചെയ്തു ആടിനെ മേയ്ക്കാനും കല്പിച്ചു യാതൊരു വൈമനസ്യവുമില്ല പറഞ്ഞതെല്ലാം ചെയ്തു 


ഉമർ ചോദിച്ചു: 'ഈ ജോലിയിൽ വല്ല അപമാനവുമുണ്ടോ?' 


'യാതൊന്നുമില്ല'  


താങ്കളുടെ പിതാവ് ആടുകളെ മേച്ചിരുന്നു അത് കാരണം ഗനം എന്നു പേരിട്ടു  


ഗവർണർ പശ്ചാത്തപിച്ചു തനിക്ക് പറ്റിയ അബദ്ധം മനസ്സിലായി മനസ്സ് മാറി   


ഖലീഫ അദ്ദേഹത്തെ വീണ്ടും ഗവർണറാക്കി  


ഇടയന്റെ വസ്ത്രം ധരിക്കാനും ആടുകളെ മേയ്ക്കാനും കല്പിച്ചു അദ്ദേഹം അതനുസരിച്ചു  


'കൊട്ടാരം പണിയാനല്ല ഞാൻ നിങ്ങളെ ഗവർണറായി നിയോഗിച്ചത് ' ഉമർ (റ) ശാസിച്ചു 


ഗവർണർ പദവി സമുന്നതമായ പദവിയാണ് ആ പദവിയിലുള്ളവർ മഹാൻമാരാണ് ആദരണീയരാണ് മുസ്ലിം സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകി യോഗ്യത തെളിയിച്ചവരാണവർ ഖലീഫക്ക് അവരോട് സ്നേഹമാണ് 


ഒരു ചെറിയ തെറ്റുപോലും ഉമർ (റ) സഹിക്കില്ല പരസ്യമായി ശിക്ഷ ഏറ്റുവാങ്ങുകയാണ് ഗവർണർമാർ അതിലവർക്ക് മനഃക്ലേശമില്ല തങ്ങളെ ശുദ്ധീകരിക്കുകയാണെന്ന ഉറച്ച വിശ്വാസമാണവർക്കുള്ളത്  


ഗവർണർമാരുടെയും ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാമ്പത്തികനില ഇടക്കിടെ പരിശോധിക്കുമായിരുന്നു ഉദ്യോഗം ഏറ്റെടുത്ത കാലത്തെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടുകണ്ടാൽ  അന്വേഷിക്കും അവിഹിതമായി സമ്പാദിച്ചു എന്നുകണ്ടാൽ പൊതുഖജനാവിൽ ലയിപ്പിക്കും   

മാന്യമായ ശമ്പളം നൽകുന്നുണ്ട് അതുകൊണ്ട് ജീവിക്കണം അവിഹിത സമ്പാദ്യം പാടില്ല  


ഭരണനൈപുണ്യം പോരെന്ന് കണ്ടാൽ ഗവർണർമാരെയും ഉന്ന ഉദ്യോഗസ്ഥരെയും പിരിച്ചുവിടും തൽസ്ഥാനത്ത് യോഗ്യതയുള്ളവരെ നിയമിക്കും 


അമ്മാറുബ്നു യാസിർ (റ), അബൂഹുറൈറ(റ) എന്നിവർ ഇസ്ലാമിക ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വങ്ങളാണ് കഠിനാധ്വാനത്തിന്റെയും , ത്യാഗത്തിന്റയും , ക്ഷമയുടെയും ആൾരൂപങ്ങളാണ് പ്രവാചകരുടെ വളരെയടുത്ത അനുയായികളുമാണ്  പക്ഷെ ഭരണകർത്താവ് എന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞില്ല അവർക്കു ഗവർണർ സ്ഥാനം നഷ്ടപ്പെട്ടു അവർക്ക് ഒരു പരാതിയുമില്ല യോഗ്യരായവർ വരട്ടെ അവർ മറ്റു മേഖലകളിൽ പ്രവർത്തനം നടത്തി   


കൃഷിനിലങ്ങൾ അളന്ന് തിട്ടപ്പെടുത്താനും നികുതി ചുമത്താനും ഉമർ (റ) കൽപിച്ചു ഇറാഖിൽ ഇത് വളരെ പ്രശംസാർഹമായ നിലയിൽ നടപ്പാക്കി  


ഉസ്മാനുബ്നു ഹനീഫ്(റ) ഹുദൈഫത്തുൽ യമാനി(റ) എന്നിവർ ഇക്കാര്യത്തിൽ നൈപുണ്യം നേടിയവരായിരുന്നു മലകളും നദികളും മരുഭൂമിയും അല്ലാത്ത സ്ഥലങ്ങൾ അളന്നു ഒരു തുണ്ട് ഭൂമിയും വെറുതെ വിടരുത് കൃഷി ചെയ്യണം കർഷകർക്ക് എല്ലാ പ്രോത്സാഹനവും നൽകും കൃഷിയിൽ താൽപര്യമുള്ളവർക്കെല്ലാം അതിനുള്ള അവസരം നൽകും 


ഗോതമ്പ് കൃഷി ചെയ്യുന്ന നിലം അളന്നു തിട്ടപ്പെടുത്തി ഇന്നത്തെ ഏക്കർ കണക്കൊന്നും അന്നില്ല ചങ്ങല വെച്ചുള്ള അളവാണ് നിശ്ചിത അളവിന്ന് നിശ്ചിത നികുതി  വളരെ ചെറിയ നികുതിയാണ് നിശ്ചയിച്ചത് ഗോതമ്പിന്നാണ് നികുതി തീരെ കുറവ് 


ചോളം , മുന്തിരി, ഈത്തപ്പന എന്നിവക്ക് കുറച്ചു കൂടിയ നിരക്കായിരുന്നു നിശ്ചിത സ്ഥലത്തിന്ന് പത്ത് ദിർഹം , പരുത്തി , കരിമ്പ് തുടങ്ങി നിരവധി കാർഷിക വിഭവങ്ങളുണ്ട് ചെറിയ നികുതികൾ ചുമത്തി  


കാർഷിക ഭൂമി വളരെ വിശാലമാണ് മൊത്തം നികുതി വലിയ സംഖ്യ വരും കോടിക്കണക്കിൽ ദിർഹം വരും എന്നാൽ ഓരോ കർഷകൻ നൽകേണ്ടത് നിസ്സാരസംഖ്യ  


ഭൂമി തരിശാക്കിയിടാൻ പാടില്ല കൃഷി ചെയ്തു കൊള്ളണം ഏത് പ്രശ്നവും പരിഹരിക്കാം അപേക്ഷ കൊടുത്താൽ മതി ഒരാൾ അതിനൊന്നും പോയില്ലെന്ന് കരുതൂ അവൻ തന്റെ ഭൂമി തരിശായിട്ടു മൂന്നു വർഷം ഇത് തുടർന്നാൽ ഭൂമി സർക്കാർ പിടിച്ചെടുക്കും കൃഷി ചെയ്യാൻ സന്നദ്ധമുള്ളവർക്കു നൽകും  


വിപ്ലവകരമായൊരു പരിഷ്ക്കരണമായിരുന്നു ഇത് സ്വന്തം ഭൂമി നഷ്ടപ്പെടാൻ ആരെങ്കിലും സമ്മതിക്കുമോ ? ഭൂമി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി കൃഷി തുടങ്ങി എവിടെയും സ്ഥലം വെറുതെ കിടന്നില്ല 


ധാന്യങ്ങളുടെ ഉല്പാദനം പതിൻമടങ്ങായി വർദ്ധിച്ചു ജനങ്ങൾ സുഭിക്ഷമായി കഴിഞ്ഞു കൂടി ഖജനാവും നിറഞ്ഞു തദ്ദേശീയരുടെ ആവശ്യം കഴിച്ചുള്ളത് മദീനയിലേക്കയച്ചുകൊടുത്തു ഖലീഫ ആവശ്യക്കാർക്കെല്ലാം ധാന്യം വിതരണം ചെയ്തു  


വലിയൊരു കാർഷിക വിപ്ലവമാണ് അരങ്ങേറിയത് ഭൂനികുതി ബറാജ് എന്ന പേരിലാണറിയപ്പെട്ടിരുന്നത് 


നബി (സ) തങ്ങളുടെ കാലത്ത് ഖൈബർ യുദ്ധം നടന്നു ഖൈബറിൽ ജൂതന്മാരുടെ സമ്പന്നമായ കൃഷിയിടങ്ങളുണ്ടായിരുന്നു അവ നഷ്ടപ്പെടുന്നത് സഹിക്കാൻ വയ്യ  

നബി(സ) ഉദാരമായ നിലപാട് സ്വീകരിച്ചു കൃഷിഭൂമി ജൂതന്മാർക്കു തന്നെ നൽകി കൃഷിക്ക് നികുതി ചുമത്തി മിതമായ നികുതി ജൂതന്മാർക്ക് സന്തോഷമായി  


'കൃഷിഭൂമി കർഷകനുള്ളതാണ് ' ഇസ്ലാമിന്റെ ഈ നിലപാട് വളരെ പ്രസിദ്ധമാണ് 


സിറിയയിലെ കർഷകരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു കൃഷിഭൂമിയുടെ അവകാശികൾ റോമൻ ഉദ്യോഗസ്ഥരും  പട്ടാളക്കാരുമായിരുന്നു പിന്നെ റോമക്കാരായ പ്രമുഖന്മാരും അവകാശികളായി തദ്ദേശീയർക്ക് ഭൂമിയിൽ അവകാശമില്ല അവർ കൃഷിഭൂമിയിൽ അടിമകളെപ്പോലെ ജോലി ചെയ്യണം കൊയ്ത്തുകഴിഞ്ഞാൽ വിളവിന്റെ പകുതിയും ഭൂ ഉടമകൾ കൊണ്ടുപോവും  


നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ഈ വ്യവസ്ഥിയെ ഉമർ (റ) ഉടച്ചുവാർക്കുകയാണ് ചെയ്തത് റോമക്കാർ നാടുവിട്ട് പോയി കൃഷിഭൂമിയിൽ പണിയെടുത്തിരുന്നവർക്ക് ഭൂമി പതിച്ചുകൊടുത്തു അവരെ ഭൂമിയുടെ ഉടമസ്ഥരാക്കി വളരെ നേരിയ നികുതിയാണ് ചുമത്തിയത് ആ നികുതി അവർ സന്തോഷത്തോടെ അടച്ചുകൊണ്ടിരുന്നു സർക്കാരിന്റെ വരുമാനം വളരെ വർദ്ധിച്ചു കാർഷിക വിളകൾ പതിന്മടങ്ങായി വർദ്ധിക്കുകയും ചെയ്തു എവിടെയും ഐശ്വര്യം കളിയാടി  


ധാരാളം ജലസേചന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി നദികളിൽ നിന്ന് കനാൽ വെട്ടി വെള്ളം കൊണ്ടുവരുന്ന പദ്ധതിയാണ് നടപ്പിലാക്കിത് 


മൈലുകൾക്കപ്പുറത്തുള്ള കൃഷിഭൂമികളിലേക്ക് വരെ കനാൽ വെട്ടുകയുണ്ടായി അതിലൂടെ നദീജലം ഒഴുകി പലതരം ധാന്യങ്ങളും , പഴവർഗ്ഗങ്ങളും, പച്ചക്കറികളും , പയറുവർഗ്ഗങ്ങളും , കിഴങ്ങുകളും വിളയിച്ചു വിളവെടുപ്പുകാലം ഉത്സവംപോലെ സന്തോഷകരമായിത്തീർന്നു  


ചരിത്രം കണ്ട മഹാസംഭവമായിരുന്നു കൊയ്ത്തുകാലം ധാരാളം കിണറുകളും കുളങ്ങളും കുഴിച്ചു ദാഹജലത്തിന്നും കൃഷി നനക്കാനും ഇതുപോയോഗിച്ചു   


ശുദ്ധജല പ്രോജക്റ്റുകൾക്കുമാത്രം പ്രത്യേകം ഉദ്യോഗസ്ഥന്മാരും ഓഫീസുകളും ഉണ്ടായിരുന്നു   


കർഷകർ മിക്കവാറും ക്രൈസ്തവരോ, യഹൂദരോ, മജൂസികളോ, മുശ്രിക്കുകളോ ആയിരിക്കും അവർക്കാണ് നിസ്സാര നിരക്കിലുള്ള നികുതി നിശ്ചയിച്ചത് ഖറാജ് എന്ന നികുതി  


മുസ്ലിം കർഷകർ വിളവെടുക്കുമ്പോൾ സക്കാത്ത് കൊടുക്കണം അതിന് നിശ്ചിത നിരക്കുണ്ട് അതിൽ മാറ്റം വരില്ല ഫലത്തിൽ മുസ്ലിംകൾ നൽകേണ്ട കർഷക സക്കാത്ത് കൂടുതലും മറ്റുള്ളവരുടെ കാർഷിക നികുതി കുറവായിരുന്നു സക്കാത്ത് കൊടുക്കുമ്പോൾ മുസ്ലിംകൾക്ക് സമാധാനവും സന്തോഷവുമുണ്ടാകും മറ്റുള്ളവർക്കു നികുതി കൊടുക്കുമ്പോൾ മനം നിറയെ സന്തോഷമാണ്  


ഇസ്ലാംമത തത്വങ്ങൾ പഠിപ്പിക്കാൻ വേണ്ടി വിപുലമായ പദ്ധതികളാണ് ഉമറുൽ ഫാറൂഖ് (റ) ആവിഷ്കരിച്ചത് ഇത് നടപ്പാക്കാൻ പ്രഗത്ഭരായ സ്വഹാബിമാരെ നിയോഗിക്കുകയും ചെയ്തു അവരിൽ ചിലരുടെ പേരുകൾ പറയാം  


അബുദ്ധർദാഅ്(റ) 


അബ്ദ്ധുറഹ്മാനുബ്നു മുഗഫ്ഫൽ(റ) 


മുആദുബ്നു ജബൽ(റ) 


ഉബാദത്ത് ബ്നു സ്വാമിത്(റ) 


അബ്ദുറഹ്മാനുബ്നുഗനം(റ) 


ഇംറാനുബ്നു ഹസീം(റ) 


വിശുദ്ധ ഖുർആനും മതകാര്യങ്ങളും പഠിപ്പിക്കാൻ ഇത്പോലുള്ള നിരവധി സ്വഹാബികൾ രംഗത്തിറങ്ങി 


എല്ലാ നാടുകളിലും വിശുദ്ധ മസ്ജിദുകൾ സ്ഥാപിച്ചു മസ്ജിദുകൾ ഇൽമിന്റെയും ഇബാദത്തിന്റെയും കേന്ദ്രങ്ങളായി വളർത്തിയെടുത്തു   


യോഗ്യരായ ഇമാമുമാരെയാണ് നിയോഗിച്ചത് 


ജനങ്ങളുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം തെളിയിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് അവർ വിശ്വസിച്ചു അത് ലക്ഷ്യമാക്കിയായിരുന്നു അവരുടെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമെല്ലാം മസ്ജിദുകൾ നന്നായി നടത്താനുളള ഏർപ്പാടുകൾ ഖലീഫ തന്നെ ചെയ്തിരുന്നു  


ഖലീഫയുടെ ജുമുഅ ഖുത്വുബകൾ ജനമനസ്സുകളിൽ സ്വർഗ്ഗത്തിന്റെ പ്രകാശം പരത്താൻ പര്യാപ്തമായിരുന്നു എന്തെല്ലാം വിഷയങ്ങളാണ് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടത് കേട്ടവരാരും അതൊന്നും മറന്നില്ല  


ഖുത്വുബ നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ അങ്ങകലെ പടവെട്ടുന്ന സൈന്യത്തെ അദ്ദേഹം കാണുന്നു മുസ്ലിം സൈന്യത്തിന്റെ പിന്നിലുള്ള മലകൾ ശത്രുക്കൾ അധീനപ്പെടുത്താൻ നോക്കുന്നു അവർ മല കയറുകയാണ് മുസ്ലിംകളുടെ ശ്രദ്ധയിൽ അത് പെട്ടിട്ടില്ല സൈന്യാധിപൻ സാരിയത്ത്(റ ) വിനെ ഉടനെ വിവരമറിയിക്കണം ശത്രുക്കൾ മലയുടെ മുകളിലെത്തിയാൽ എളുപ്പത്തിൽ മുസ്ലിംകളെ നശിപ്പിക്കാം ഉടനെ ഖലീഫ വിളിച്ചു പറയുന്നു 


യാ...... സാരിയാ.....അൽ ജബൽ..... അൽജബൽ  


ഖലീഫയുടെ ശബ്ദം സാരിയത്ത്(റ) കേൾക്കുന്നു അപകടം മനസ്സിലാക്കുന്നു ശത്രുക്കളെ തുരത്തിയോടിക്കുന്നു  


ഹജ്ജ് കാലം ഖലീഫ ഇസ്ലാമിക പ്രബോധനത്തിന് നന്നായി ഉപയോഗപ്പെടുത്തി ഹാജിമാരെ പ്രഭാഷണങ്ങൾ നടത്തി ബോധവൽക്കരിക്കാൻ നിരവധി പ്രഭാഷകന്മാരെ രംഗത്തിറക്കി ഹജ്ജിന്റെ കർമ്മങ്ങൾ വിശദമായി പഠിച്ചു ജീവിതവിജയം കൈവരിക്കാനുള്ള മാർഗ്ഗങ്ങളെല്ലാം പഠിപ്പിച്ചു കൂടുതൽ ഇൽമും ഇബാദത്തുമായാണ് ഹാജിമാർ മടങ്ങിയത് സ്വദേശത്തെത്തിയാൽ അവർ ദീനീ പ്രവർത്തനം സജീവമാക്കുകയും ചെയ്തിരുന്നു  


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു

No comments:

Post a Comment