➖➖➖➖➖➖➖➖➖➖
ഖലീഫ ഫലസ്തീനിൽ
➖➖➖➖➖➖➖➖➖➖
ഫലസ്തീനിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട സ്വഹാബിയാണ് അംറുബ്നുൽ ആസ്വ് (റ) നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത പരിചയ സമ്പന്നനായ സൈന്യാധിപൻ
ഹിരാക്ലിയസിന്റെ വൻ സൈന്യത്തെയാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത് പ്രതികാരദാഹം കൊണ്ട് മതിമറന്നു നിൽക്കുകയാണ് റോമാ ചക്രവർത്തി
പുണ്യകേന്ദ്രമായ അന്താക്കിയ
അന്താക്കിയ പട്ടണം സംരക്ഷിക്കാൻ എന്തുമാത്രം ശ്രമിച്ചു ഒരു ശ്രമവും വിജയിച്ചില്ല പതിനായിരക്കണക്കായ യോദ്ധാക്കൾ വധിക്കപ്പെട്ടു എന്തൊരു നഷ്ടം
മുസ്ലിം പക്ഷത്ത് മരണം കുറവാണ് വിജയം അവർക്ക് തന്നെ
അന്താക്കിയ നഷ്ടപ്പെട്ട രാജാവും പരിവാരവും ഫലസ്തീനിൽ വന്നു ഉഗ്രമായ പോരാട്ടമാണ് ഫലസ്തീനിൽ നടക്കാൻ പോവുന്നത്
റോമക്കാരുടെ സൈന്യാധിപൻ അരീത്വിയൂൻ ആകുന്നു ധീരസാഹസികനായ സൈന്യാധിപൻ
അംറുബ്നുൽ ആസ്വ്(റ) എല്ലാ വിവരവും കാണിച്ചു ഖലീഫക്ക് കത്തെഴുതി ശത്രുക്കൾക്ക് കടൽവഴി സഹായം വരുന്നത് തടയണമെന്ന് പ്രത്യേകം എഴുതിയിരുന്നു
ഖൈസാരിയ തുറമുഖം വഴിയാണ് അരീതിയൂന്ന് സഹായം വരിക അത് തടയാൻ വേണ്ടി മുആവിയ(റ)വിനെ ഖലീഫ നിയോഗിച്ചു വൻ സൈന്യവുമായി മുആവിയ(റ) ആ പ്രദേശത്തെത്തി
ഖൈസാരിയ തുറമുഖം തന്ത്രപ്രധാന കേന്ദ്രമാണ് ശക്തമായ കോട്ടയുമുണ്ട് റോമൻ സൈന്യം കോട്ടക്കകത്താണുള്ളത് മുആവിയ കോട്ടക്ക് ഉപരോധം ഏർപ്പെടുത്തി ഇടക്കിടെ റോമൻ സൈന്യം കോട്ടയിൽ നിന്ന് പുറത്ത് വരും മുസ്ലിംകളുമായി ഏറ്റുമുട്ടും മുസ്ലിംകളെ തുരത്തിയോടിക്കാനാവില്ലെന്ന് ബോധ്യമാവുമ്പോൾ കോട്ടയിലേക്ക് തന്നെ പിൻവലിയും ഇത് പലതവണ തുടർന്നു
ഒരു ജൂതൻ മുആവിയയെ കാണാൻ വന്നു രഹസ്യസംഭാഷണത്തിൽ കോട്ടയിലേക്കുള്ള രഹസ്യകവാടം കാണിച്ചു തരാമെന്നു പറഞ്ഞു രഹസ്യമാർഗത്തിലൂടെ മുസ്ലിംകൾ കോട്ടയിൽ പ്രവേശിച്ചു കനത്ത ഏറ്റുമുട്ടൽ നടന്നു കോട്ട കൈവശപ്പെടുത്തി
ഖൈസാരിയ തുറമുഖം മുസ്ലിംകളുടെ അധീനതയിലായി ഗാസ തന്ത്രപ്രധാന കേന്ദ്രമാണ് അത് നേരത്തെ തന്നെ അധീനപ്പെടുത്തിയിരുന്നു കടൽമാർഗമുള്ള വിപത്ത് തൽക്കാലമുണ്ടാവില്ല
അരീത്വിയൂൻ പട്ടാളത്തോട് അജ്നദൈനിലേക്ക് പോകാൻ കൽപിച്ചു പല ഭാഗങ്ങളിൽനിന്ന് റോമൻ പട്ടാളം നീങ്ങാൻ തുടങ്ങി എല്ലാവരുടെയും ലക്ഷ്യം അജ്നദൈൻ എല്ലാവരും അജ്നദൈനിൽ എത്തിയാൽ അപകടമാണ് എല്ലാവരും അവിടെ എത്തരുത് വഴിയിൽ തടയണം
അൽഖമത്തുബ്നു ഹകീം(റ) ബൈത്തുൽ മുഖദ്ദസിന്റെ ഭാഗത്തേക്ക് ഒരു സൈന്യത്തെ നയിച്ചു
അബൂ അയ്യൂബുൽ അൻസ്വാരി(റ) റംലയിലേക്ക് നീങ്ങി
ഈ വിവരം അംറുബ്നുൽ ആസ്വ്(റ) ഖലീഫയെ അറിയിച്ചു ഖലീഫ സഹായസൈന്യത്തെയും അയച്ചു സഹായ സൈന്യത്തിൽ നല്ലൊരു വിഭാഗത്തെ ബൈത്തുൽ മുഖദ്ദസിന്റെ ഭാഗത്തേക്കയച്ചു ഒരു വിഭാഗത്തെ റംലയിലേക്കയച്ചു
വലിയൊരു സൈന്യവുമായി അംറുബ്നു ആസ്വ്(റ) അജ്നദൈനിലേക്ക് നീങ്ങി അരീത്വിയൂനെ നേർക്കുനേരെ നേരിടാനായിരുന്നു ഈ മുന്നേറ്റം
ശത്രുക്കളെല്ലാം കോട്ടയ്ക്കകതാണ് കോട്ടയാണെങ്കിൽ ഒരു കുന്നിന്റെ നെറുകയിൽ കോട്ടക്കകത്തെ സജ്ജീകരണങ്ങൾ മനസ്സിലാക്കാൻ ഒരു വഴിയുമില്ല
ഒടുവിൽ അംറ്(റ) ഒരു തന്ത്രം പ്രയോഗിച്ചു ഒരു ദൂതന്റെ വേഷത്തിൽ പുറപ്പെട്ടു എല്ലാം അല്ലാഹുവിൽ സമർപ്പിച്ചുള്ള യാത്രയാണ് ദൂതനാണെന്ന് ധരിച്ചു പാറാവുകാർ തടഞ്ഞില്ല കോട്ടക്കകത്തു കടന്നു എല്ലാ ഭാഗത്തും നോട്ടമെത്തുന്നുണ്ട് എന്തെല്ലാം സംവിധാനങ്ങൾ നിരവധി ഒളിസങ്കേതങ്ങൾ
അരീത്വിയൂനെ നേരിൽകണ്ടു എന്തൊരു ശക്തൻ
അരീത്വിയൂനും ദൂതനും തമ്മിൽ സംസാരിച്ചു
'ദൂതന്ന് സമ്മാനം നൽകൂ' -അരീത്വിയൂൻ കൽപിച്ചു ദൂതന്റെ തലവെട്ടാൻ കാവൽക്കാരനോട് ആംഗ്യം കാണിച്ചു
തന്ത്രശാലിയായ അംറ്(റ) സംഗതി മനസ്സിലാക്കി രക്ഷപ്പെടാൻ തന്ത്രം തന്നെ വേണം
സമ്മാനം സ്വീകരിച്ചു സന്തോഷം പ്രകടിപ്പിച്ചു എന്നിട്ടിങ്ങനെ പറഞ്ഞു: ഞങ്ങൾ പത്തുപേരുണ്ട് ഒമ്പതുപേർ പുറത്തുണ്ട് ഞങ്ങളെല്ലാം അംറിന്റെ ഉപദേശകരാണ് അങ്ങ് എന്നോട് പറഞ്ഞ കാര്യങ്ങൾ അവരോടുകൂടി പറയണം ഞാനവരെ കൂട്ടിവരാം
അരീത്വിയുന്ന് വളരെ സന്തോഷമായി
'വേഗം പോയി അവരെ കൂട്ടി വരൂ ' പത്ത് പേരെ ഒന്നിച്ച് വധിക്കാം
അംറ് പുറത്ത് കടന്നു പിന്നെയാരും അദ്ദേഹത്തെ കണ്ടില്ല അരീത്വിയൂൻ കാത്തിരുന്നു മടുത്തു
അറബി തന്നെ പറ്റിച്ചു കളഞ്ഞു കോട്ടയിൽ വന്നു രഹസ്യങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കി ഒരു പോറൽപോലും ഏൽക്കാതെ രക്ഷപ്പെട്ടു കളഞ്ഞു
എന്തൊരു തന്ത്രം എന്തൊരു ധൈര്യം
ഇവരെയെങ്ങിനെ തോൽപിക്കാനാവും ?
ഈ കോട്ടയിൽ വന്നിട്ട് രക്ഷപ്പെട്ടുകളഞ്ഞല്ലോ വന്നുപോയത് അംറ് തന്നെയായിരുന്നുവെന്ന് പിന്നീടറിഞ്ഞപ്പോൾ ന്യായാധിപന്റെ ജാളിത്യ വർദ്ധിച്ചു
വിവരങ്ങളറിഞ്ഞപ്പോൾ ഖലീഫക്ക് സന്തോഷമായി തന്റെ സൈന്യാധിപന്മാരുടെ തന്ത്രങ്ങളും ധീരതയും വാഴ്ത്തപ്പെടേണ്ടതുതന്നെ അല്ലാഹുവിന്ന് സ്തുതി
ഏറെനാൾ കഴിഞ്ഞില്ല റോമൻ സൈന്യവും മുസ്ലിം സൈന്യവും ഏറ്റുമുട്ടി യുദ്ധം ഉഗ്രാവസ്ഥയിലെത്തി സന്ധ്യയോടെ റോമക്കാരുടെ അടിപതറി അവർ ചിതറിയോടി കോട്ട മുസ്ലിംകൾക്ക് അധീനപ്പെടുത്താൻ കാണാൻ വേണ്ടി വന്ന കോട്ടയുടെ അധിപനായി മാറി അംറ് (റ)
ഫലസ്തീൻ യുദ്ധം തുടങ്ങുന്നതിന്ന് കടൽത്തീര പ്രദേശങ്ങൾ അധീനപ്പെടുത്തണം ഫലസ്തീനിലും റംലയിലും ഉപരോധം തുടങ്ങിക്കഴിഞ്ഞിരുന്നു യുദ്ധം പൊട്ടിയിട്ടില്ല അംറ്ബ്നു ആസ്വ്(റ) എത്തുംവരെ ഉപരോധം നീട്ടിക്കൊണ്ട് പോവണം
കടലോരനഗരങ്ങൾ അധീനപ്പെട്ടു തുടങ്ങി തദ്ദേശവാസികളുമായി സന്ധി ചെയ്തു
നാബുൽസ് കീഴടങ്ങി സബസ്ത്വിയ കീഴടങ്ങി ഗാസ, യാഫ തുടങ്ങിയ പ്രദേശങ്ങളെല്ലാം മുസ്ലിം അധീനതയിലായി
അരീത്വിയൂനും മതനേതാക്കളും കൂടി ഫലസ്തീനിലെ വലിയ കുരിശ് കപ്പലിൽ കയറ്റിക്കൊണ്ടുപോയി അയോസോഫിയായിലേക്കാണ് കൊണ്ടുപോയത് ഫലസ്തീൻ കൈവിട്ടുപോകുമെന്ന് അവർക്കുറപ്പായിരുന്നു
തദ്ദേശവാസികൾ മുസ്ലിംകളുമായി സന്ധിയിലാവാൻ ധൃതി കാണിച്ചു കൊണ്ടിരുന്നു
യുദ്ധം പൊട്ടി അത് ശക്തമായി ഇരുവിഭാഗവും പരിസരം മറന്ന പോരാട്ടത്തിലാണ് റോമൻ സൈന്യം അടിപതറി അപ്പോഴേക്കും നിരവധിയാളുകൾ ഈജിപ്തിലേക്ക് രക്ഷപ്പെടാൻ തുടങ്ങിയിരുന്നു പട്ടാളക്കാർ കൂട്ടത്തോടെ ഓടി രക്ഷപ്പെടുകയാണ് ഇസ്ലാമിന്റെ പ്രകാശം നൈൽ നദിയുടെ തീരങ്ങളിലും എത്തിത്തുടങ്ങുകയാണ് ആഫ്രിക്കൻ വൻകരയിലേക്കുള്ള ഇസ്ലാമിന്റെ പ്രവേശനത്തിന് സമയമായിരിക്കുന്നു
പുണ്യമദീനയിൽ സന്ദേശമെത്തി സൈന്യാധിപൻ അംറുബ്നുൽ ആസ്വ്(റ) ഫലസ്തീനിൽ നിന്നയച്ച സന്ദേശം
ഫലസ്തീൻ അധീനപ്പെട്ടുകഴിഞ്ഞു ക്രൈസ്തവർ സന്ധിക്കു സന്നദ്ധരായിട്ടുണ്ട് ഖലീഫ നേരിട്ടുവരണം അദ്ദേഹവുമായി സന്ധിയുണ്ടാക്കണം എന്നൊക്കെയാണവർ ആവശ്യപ്പെടുന്നത് താങ്കൾ ബൈത്തുൽ മുഖദ്ദസിൽ വരണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം
ഖലീഫ പ്രമുഖ സ്വഹാബികളെയെല്ലാം വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്തു പലരും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു ഖലീഫ ഫലസ്തീനിൽ പോകണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ടായി
അലി(റ) പറഞ്ഞു: അമീറുൽ മുഅ്മിനീൻ തീർച്ചയായും ഫലസ്തീനിൽ പോവണം അത് അവിടെയുള്ള നമ്മുടെ സഹോദരങ്ങൾക്ക് കരുത്ത് നൽകും അവർക്ക് നന്നായി പൊരുതാൻ പ്രചോദനം നൽകും വിജയം എളുപ്പമാക്കും
പല സന്ദർഭങ്ങളിലും സ്വീകരിക്കുന്നത് അലി(റ)വിന്റെ അഭിപ്രായമാണ് ഇപ്പോഴും അതുതന്നെ സംഭവിച്ചു
ഖലീഫ ബൈത്തുൽ മുഖദ്ദസ്സിലേക്കുപോവുന്ന വാർത്ത മദീനയിൽ സന്തോഷം പരത്തി ബൈത്തുൽ മുഖദ്ദസ് അല്ലാഹു മുസ്ലിംകൾക്കു നൽകി എന്നറിഞ്ഞ് ആഹ്ലാദം കൊള്ളുകയായിരുന്നു മദീന ഖലീഫയുടെ ചുമതലകൾ അലി(റ)വിനെ ഏല്പിച്ചു മദീന ഖലീഫയെ യാത്രയയച്ചു
ഒരു സാധാരണ കുതിരയെ തയ്യാറാക്കി അതിന്റെ പുറത്താണ് യാത്ര ഏതാനും സ്വഹാബികൾ കൂടെയുണ്ട് ഒരു തോൽപ്പാത്രത്തിൽ വെള്ളം ഒരു സഞ്ചിയിൽ കാരക്ക ഖലീഫ തന്റെ സാധാരണ വേഷത്തിൽ തന്നെ പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നുമില്ല
കിസ്റായെയും കൈസറിനെയും തകർത്ത ലോക ജേതാവിന്റെ യാത്രയാണിത് എത്ര ലളിതമായ യാത്ര ആ ജേതാവിനെ ഒരു നോക്കു കാണാൻ ഫലസ്തീനിലെ ക്രൈസ്തവസമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്നു നീതിമാനായ മഹാരാജാവ് വരുന്നു എന്നാണവർ ധരിച്ചിരിക്കുന്നത് മഹാരാജാവിനെ സ്വീകരിക്കാൻ ചർച്ച് മേധാവികളും അനുയായികളും കാത്തിരിക്കുന്നു പാതിരിമാർ അവരുടെ പദവികൾക്കനുസരിച്ച വേശം ധരിക്കും ഉന്നത നിലവാരം പ്രകടമാക്കുന്ന വേഷങ്ങൾ
ഖലീഫ വരുന്നു എന്ന വാർത്ത മുസ്ലിം യോദ്ധാക്കളെ ആഹ്ലാദഭരിതരാക്കി മാറ്റി
നവ മുസ്ലിം യോദ്ധാക്കൾ ഇത് വരെ ഖലീഫയെ കണ്ടിട്ടില്ല വളരെ അപൂർവ്വം പേരൊഴികെ അല്ലാത്തവർക്കിടയിൽ തന്നെ ഖലീഫയെ കാണാത്തവരുണ്ട് എല്ലാവരും ഇതൊരു മഹാസൗഭാഗ്യമായിട്ടാണ് കാണുന്നത്
നാളുകളോളം യാത്ര ചെയതു വളരെയേറെയാളുകൾ ഖലീഫയെ കണ്ടു ഓരോ പ്രദേശത്തും എത്തുമ്പോൾ ജനക്ഷേമകാര്യങ്ങൾ അന്വേഷിക്കും അങ്ങനെ സന്തോഷകരമായ യാത്ര തുടർന്നു
ജാബിയ എന്ന പ്രദേശത്തെത്തി മുസ്ലിം സേനാ നായകന്മാർ ഖലീഫയെ സ്വീകരിച്ചു
ഖാലിദുബ്നുൽ വലീദ്(റ) , അംറുബ്നുൽ ആസ്വ്(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ), മുആവിയ(റ), തുടങ്ങിയ പ്രമുഖരെല്ലാം ഖലീഫയെ കാത്തിരിക്കുകയായിരുന്നു
ഖലീഫ എത്തിയ വിവരമറിഞ്ഞ് ക്രൈസ്തവ പ്രതിനിധികളും വന്നെത്തി ഇവിടെവെച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു സന്ധിവ്യവസ്ഥകൾ തയ്യാറാക്കി
ക്രൈസ്തവർ പറയുന്ന നിർദ്ദേശങ്ങൾ പലതും ഖലീഫ അംഗീകരിച്ചപ്പോൾ അവർക്ക് ഏറെ സന്തോഷമായി തങ്ങളെ എത്രയോ കാലമായി അടക്കി ഭരിക്കുന്ന റോമൻ ക്രൈസ്തവരെക്കാൾ മുസ്ലിംകൾ എത്രയോ ഭേദമാണെന്നവർക്ക് തോന്നി
സന്ധിവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയുമുണ്ടായിരുന്നു
ഈലിയായിലെ ക്രൈസ്തവരുടെ ജീവൻ രക്ഷിക്കും സ്വത്തുവകകളും സംരക്ഷിക്കും
ക്രൈസ്തവരുടെ ചർച്ചുകളും കുരിശുകളും സംരക്ഷിക്കും അവരുടെ ആരാധനാ കർമ്മങ്ങൾ സ്വതന്ത്രമായി നിർവ്വഹിക്കാം മതം മാറാൻ ആരെയും നിർബന്ധിക്കാറില്ല
യഹൂദരെ അവരോടൊപ്പം താമസിപ്പിക്കില്ല
സംരക്ഷണത്തിന് പകരം ക്രൈസ്തവർ ജിസ് യ നൽകുന്നതാണ്
ഈലിയായിൽ നിന്നാരെങ്കിലും റോമക്കാരുടെ കൂടെ പോകുന്നെങ്കിൽ അവരെ തടയില്ല ബൈത്തുൽ മുഖദ്ദസിലെ റോമക്കാർക്ക് അവിടെ താമസിക്കുകയോ , സ്ഥലം വിടുകയോ ചെയ്യാം
എല്ലാ വ്യവസ്ഥകളും ഇരുവിഭാഗവും സന്തോഷത്തോടെ സ്വീകരിച്ചു ക്രൈസ്തവ ദൂതന്മാർ കരാർ കോപ്പിയുമായി ഫലസ്തീനിലെത്തി ബിഷപ്പും മറ്റ് മത നേതാക്കളും അത്യധികം സന്തോഷിച്ചു
ഇത് നീതിമാനായ രാജാവ് തന്നെ
റംലാ നിവാസികളുടെ പ്രതിനിധികൾ ഖലീഫയെ കാണാൻ വന്നു ഇത്പോലൊരു കരാർ അവർക്ക് വേണ്ടിയും ഉണ്ടായി
ഖലീഫ ബൈത്തുൽ മുഖദ്ദസിലേക്ക് വരുന്നു ഖാലിദ് (റ) , അംറുബ്നുൽ ആസ്വ്(റ) , ശുറഹ്ബീൽ(റ) എന്നിവർ കൂടെ യാത്ര ചെയ്യുന്നു ഖലീഫയുടെ കുതിര പതുക്കെയാണ് നടന്നിരുന്നത് അതിന്റെ ലാടം തേഞ്ഞുപോയിരുന്നു മറ്റൊരു കുതിരയെ കൊണ്ടുവന്നെങ്കിലും യാത്ര സുഖകരമായില്ല ഖലീഫ അതിന്റെ പുറത്ത് നിന്നിറങ്ങി നടന്നു
ബൈത്തുൽ മുഖദ്ദസിന്റെ അതിർത്തി പ്രദേശത്ത് വെച്ച് സർവ്വസൈന്യാധിപൻ അബൂഉബൈദ(റ) വും സംഘവും ഖലീഫയെ സ്വീകരിച്ചു
ഖലീഫയുടെ വേഷം പരുക്കൻ കമ്പിളി വസ്ത്രം അതിൽ പതിനാല് സ്ഥലത്ത് കഷ്ണം വെച്ചു തുന്നിയിരിക്കുന്നു ക്രേസ്തവമേധാവികൾ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് അവരൊക്കെ വിലകൂടിയ സ്ഥാനവസ്ത്രങ്ങൾ ധരിച്ചാണ് കാത്തിരിക്കുന്നത്
ഖലീഫ വേഷം മാറണം അല്ലെങ്കിൽ കുറച്ചിലാണ് മുസ്ലിം നേതാക്കൾ മേത്തരം വസ്ത്രവും നല്ല കുതിരയെയും കൊണ്ടുവന്നു കൊടുത്തു എന്നിട്ടിങ്ങനെ അപേക്ഷിച്ചു
'അമീറുൽ മുഅ്മിനീൻ ഈ വേഷം ഇന്നാട്ടിലേക്ക് പറ്റിയതല്ല ഇത് മാറ്റണം ക്രേസ്തവരിൽ മതിപ്പുണ്ടാക്കുന്ന വസ്ത്രം ധരിക്കണം ഈ കുതിരപ്പുറത്ത് യാത്ര ചെയ്യണം
ഉമർ (റ) പറഞ്ഞു: അല്ലാഹു നമുക്ക് പ്രതാപം നൽകിയത് ഇസ്ലാമിലൂടെയാണ് ഇസ്ലാമിനെ മുറുകെപ്പിടിക്കുക അതിനപ്പുറം ഒരു പ്രതാപവുമില്ല നാം നിന്ദ്യരും നിസ്സാരരുമായിരുന്നു നമ്മെ ഉണർത്തിയത് അല്ലാഹുവാണ് വൻ വിജയങ്ങൾ നൽകിയതും അല്ലാഹുവാണ് അവനെ വിട്ട് നിങ്ങൾ ആഡംബരങ്ങളുടെ പിന്നാലെ പോവുകയാണോ? എങ്കിൽ നിങ്ങളെയവൻ പഴയ അവസ്ഥയിലേക്കു തന്നെ മടക്കും
അവർ കൊണ്ടു വന്ന വസ്ത്രം ധരിക്കുകയും തന്റെ വസ്ത്രം അഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു അത് ഉണങ്ങി കഷ്ണം ഇളകിയ സ്ഥലത്ത് തുന്നിപ്പിടിപ്പിച്ചു ആ വസ്ത്രം ഉടുക്കുകയും പുതിയത് മാറ്റി തിരിച്ചു കൊടുക്കുകയും ചെയ്തിട്ടാണ് മീതെ കണ്ടവിധം പ്രസ്താവന നടത്തിയത്
എതിർത്തു പറയാൻ ഒരാളുടെ നാവും അനങ്ങിയില്ല
മഹത്തായ ബൈത്തുൽ മുഖദ്ദസ് തിങ്ങിനിറഞ്ഞ പരിസരം അമീറുൽ മുഅ്മീനിനെ ജനം കാണുന്നു ഇത് രാജാവല്ല ഫഖീർ , ജനസേവകൻ
മുഖത്തെ ഗാംഭീര്യം വേഷത്തിലെ ലാളിത്യം അത്ഭുത മനുഷ്യൻ പാത്രിയാർക്കീസ് സ്വഫർ നിയൂസ് ഖലീഫയെ ബഹുമാന പുരസ്സരം സ്വീകരിച്ചു മറ്റ് നഗര പ്രമുഖരും സ്വാഗതം ചെയ്തു
താക്കോൽ ദാന കർമ്മമാണ് ഇനി നടക്കുന്നത്
വിശുദ്ധ ബൈത്തുൽ മുഖദ്ദസിന്റെ താക്കോൽ സ്വഫണിയൂസ് ഭക്തിപൂർവ്വം ഖലീഫയുടെ കൈകളിൽ വെച്ചു കൊടുത്തു
അവിസ്മരണീയമായ ചരിത്രനിമിഷം അതിന്ന് സാക്ഷിയായ മുസ്ലിംകളുടെയും ക്രൈസ്തവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു സ്വഫർണിയുസ് വികാരഭരിതനായി ഈ വാക്കുകൾ പറഞ്ഞു
'ഈ താക്കോൽ ഏറ്റുവാങ്ങുന്ന മഹൽവ്യക്തിയെക്കുറിച്ച് ഞങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട് പല ലക്ഷണങ്ങളും പറഞ്ഞിട്ടുണ്ട് ആ ലക്ഷണങ്ങൾ അങ്ങയിൽ കാണുന്നുണ്ട് '
അർഹിക്കുന്ന കരങ്ങളിൽ താക്കോൽ ഏല് പിക്കാൻ കഴിഞ്ഞതിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല
നാട്ടിന്റെ ഭാവിയെക്കുറിച്ചായി പിന്നെ സംസാരം ഹൃദ്യമായ വാക്കുകൾ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും സായാഹ്നം
ബൈതുൽ മുഖദസിന്റെ മഹാനായ അതിഥിയെ സ്നേഹപൂർവ്വം സൽക്കരിച്ചു വിഭവങ്ങളൊന്നും വേണ്ട അല്പം ആഹാരം
ഉമർ (റ)വിന്റെ നിത്യജീവിതം ഫലസ്തീനികൾ അത് നേരിട്ട് കാണുകയാണ് ലോകത്തിലെ ഏറ്റവും ശക്തനായ ഭലണാധികാരിയുടെ നിത്യജീവിതത്തിന്റെ നേർക്കാഴ്ചകൾ
പരമലളിതമായ ജീവിതം
എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ദാവൂദ് നബി(അ) നിസ്കരിച്ച സ്ഥാനത്ത് ഖലീഫ ചെന്നു നിന്നു വിനയാന്വിതനായി നിസ്കാരം നിർവ്വഹിച്ചു
ബൈത്തുൽ മുഖദ്ദസ് മുസ്ലിംകളുടെ ആദ്യഖിബ്ല കഅബാ ശരീഫ് -മസ്ജിദുന്നബവി -ബൈത്തുൽ മുഖദ്ധസ് ഇവ മൂന്നും ഓരോ സത്യവിശ്വാസിയുടെ മനസ്സിലുണ്ട്
ഖലീഫയുടെ വസ്ത്രം, ഭക്ഷണം, ഉറക്കം, സംസാരം, പെരുമാറ്റം.....എല്ലാം ജനങ്ങൾ കണ്ടറിഞ്ഞു ഖലീഫയോടുള്ള ബഹുമാനം എത്രയോ ഇരട്ടിയായി വർദ്ധിച്ചു
ഖലീഫയോടുള്ള ബഹുമാനം ഇസ്ലാമിനോടുള്ള ബഹുമാനമായി മാറി ഇങ്ങനെയൊരു ഖലീഫയെ രൂപപ്പെടുത്തിയത് ഇസ്ലാമാണ് ആ ഇസ്ലാം തന്നെയാണ് തങ്ങൾക്കു വേണ്ടത് ഈ വിധത്തിൽ ചിന്ത പോയത് ആയിരങ്ങളുടെ മനസ്സിലാണ് പിന്നെയവർ അമാന്തിച്ചു നിന്നില്ല സത്യസാക്ഷ്യത്തിലേക്ക് ഉളരി വന്നു ആയിരക്കണക്കായ നവ മുസ്ലിംകളുണ്ടായി മഹാനായ സ്വാഹാബികളുടെ ജീവിതമായിരുന്നു അവരുടെ പാഠപുസ്തകം ആ പുസ്തകം നന്നായി വായിച്ചു പഠിച്ചു
ഖലീഫ സംസാരിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ ഒഴുകിവരുന്നു വാക്കുകൾക്കിടയിൽ എത്രയോ തവണ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസ്മരിക്കുന്നു ഒന്നാം ഖലീഫയെയും അനുസ്മരിക്കുന്നു
അല്ലാഹുവേ ഈ പാവപ്പെട്ടവനെ നീയെത്ര ആദരിച്ചു അനുഗ്രഹിച്ചു നന്ദി പറയാനറിഞ്ഞുകൂടാ
ഖലീഫയുടെ കൂടെ സ്വഫർണിയൂസ് നടന്നു ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെല്ലാം കാണിച്ചു കൊടുത്തു
ദാവൂദ് (അ)ന്റെ മിഹ്റാബ് , സുലൈമാൻ (അ)ന്റെ മസ്ജിദ്, യഅ്ഖൂബ്(അ)ന്റെ പാറ, യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്ലിംകളുടെയും പുണ്യകേന്ദ്രം
നട്ടുച്ചസമയം സൂര്യൻ ചൂടും വെളിച്ചവും വാരി വിതറുന്നു ഖലീഫ സ്വഫർണിയൂസിനോട് പറഞ്ഞു
'ഈ സമയത്താണ് ഞങ്ങളുടെ ളുഹർ നിസ്കാരം എനിക്ക് നിസ്കരിക്കണം '
ചർച്ചിലിരുന്നാണ് ഇവരുടെ സംസാരം
ഉടനെ സ്വഫർണിയൂസ് പറഞ്ഞു: ഇവിടെവെച്ച് തന്നെ നിസ്കരിക്കാം സൗകര്യപ്പെടുത്താം
ഖലീഫ പറഞ്ഞു: അത് വേണ്ട ഞാനിവിടെവെച്ച് നിസ്കരിച്ചാൽ പിൽക്കാലത്ത് മുസ്ലിംകൾ ആ സ്ഥലത്തിന്റെ പേരിൽ അവകാശവാദം ഉന്നയിച്ചേക്കാം ഞാൻ പുറത്ത് പോയി നിസ്കരിച്ചു കൊള്ളാം
യഅ്ഖൂബ് നബി (അ) ന്റെ പാറയുടെ സമീപത്തേക്ക് നടന്നു പോയി അവിടെ നിലത്ത് വിരിപ്പ് വിരിച്ചു ളുഹ്ർ നിസ്കരിച്ചു
ഈ നടപടി ക്രൈസ്തവരെ നന്നായി ചിന്തിപ്പിച്ചു ജേതാവിന്റെ സൂക്ഷ്മതയും ദൂരക്കാഴ്ചയും അവരെ അമ്പരപ്പിച്ചുകളഞ്ഞു
ഖലീഫ നിസ്കരിച്ച സ്ഥലത്ത് മുസ്ലിംകൾ പള്ളി പണിതു മസ്ജിദ് ഉമർ എന്ന് നാമകരണം ചെയ്തു ഉമർ (റ)വിന്റെ ഫലസ്തീൻ സന്ദർശനത്തിന്റെ സ്മാരകമായി ആ മസ്ജിദ് നിലനിന്നു
ബിലാലുബ്നുറബാഹ(റ)
നബി(സ)യുടെ ബാങ്ക് വിളിക്കാരൻ കർണ്ണാനന്ദകരമായ ബാങ്ക് വിളി പുണ്യ മദീനയെ അത് കോരിത്തരിപ്പിച്ചു നബി (സ) തങ്ങളുടെ വഫാത്ത് വരെ അത് തുടർന്നു
നബി (സ) യില്ലാത്ത മദീന
നബി(സ)യെ കാണത്ത ജീവിതം ബിലാൽ (റ) വിന്ന് സഹിക്കാനാവുന്നില്ല ഇനി ബാങ്ക് വിളിക്കാൻ തന്നെക്കൊണ്ടാവില്ല ഒന്നാം ഖലീഫയെ സമീപിച്ചു സങ്കടം പറഞ്ഞു
റസൂലുല്ലാഹിയില്ലാത്ത മദീനയിൽ എനിക്കിനി ജീവിക്കാനാവില്ല ബാങ്ക് വിളിക്കാനുമാവില്ല അകലെയവിടെയോ പോയി ഞാൻ ജീവിച്ചു കൊള്ളാം
ഒന്നാം ഖലീഫ തടയാൻ നോക്കി കഴിഞ്ഞില്ല
ബിലാൽ (റ) മദീന വിട്ടുപോയി നബി(സ) യെ കാണാത്ത വേദന മനസ്സിനെ ഇറുക്കിക്കളയുന്നു
ഉമർ (റ) ഫലസ്തീനിലെത്തിയപ്പോൾ ബിലാൽ (റ ) കാണാൻ വന്നു ആ കണ്ടു മുട്ടൽ വികാരനിർഭരമായിരുന്നു
ഒരുദിവസം ഉമർ(റ) പറഞ്ഞു: പ്രിയപ്പെട്ട ബിലാൽ എനിക്കൊരാഗ്രഹമുണ്ട് നിറവേറ്റിത്തരണം ഒരിക്കൽകൂടി താങ്കളുടെ ബാങ്ക് കേൾക്കണം ഇന്ന് താങ്കൾ ബാങ്ക് വിളിക്കണം
ബിലാൽ ഒഴിഞ്ഞു മാറാൻ നോക്കി സമ്മതിച്ചില്ല പിന്നെയും പിന്നെയും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു
ഒരു ചരിത്രം കൂടി തുന്നിച്ചേർക്കപ്പെടുകയാണ് മസ്ജിദുന്നബവിയിലും കഅബാശരീഫിലും മുഴങ്ങിയ ബാങ്ക് മസ്ജിദുൽ അഖ്സായിലും ഉയരാൻ പോവുന്നു
ബാങ്കിന്ന് സമയമായി ബിലാൽ (റ) വിന്റെ ബാങ്ക് ഉയർന്നു ആറ് വർഷങ്ങളായി ഈ ശബ്ദം കേട്ടിട്ട്
നബി (സ) ജീവിച്ചിരുന്ന കാലത്തേക്ക് തിരിച്ചു പോയത്പോലെ സ്വഹാബികൾക്കു തോന്നി തങ്ങൾ മദീനയിലാണെന്നും ചിന്തിച്ചു പോയി പഴയകാല ഓർമ്മകൾ തെളിയാൻ തുടങ്ങിയപ്പോൾ കണ്ണുകൾ നിറഞ്ഞു പിന്നെ കരച്ചിലായി
ഉമർ (റ ) കരഞ്ഞുപോയി കണ്ണീർ വല്ലാതെ ഒഴുകി ബാങ്ക് തീർന്നപ്പോൾ ഖലീഫയുടെ താടിയിൽനിന്ന് കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു ബിലാൽ (റ) തളർന്നിരുന്നുപോയി
ഏതാനും ദിവസങ്ങൾ കൂടി കടന്നുപോയി കീഴടങ്ങിയ പ്രദേശങ്ങളിലെ ഭരണസംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്തു സുപ്രധാന തീരുമാനങ്ങളെടുക്കുകയും ചെയ്തു
ഖലീഫക്ക് മടങ്ങാൻ സമയമായി ഉയർന്ന കുന്നിൻ മുകളിൽ കയറി നിന്ന് ഖലീഫ ചുറ്റും നോക്കി
വിശാലമായ കൃഷിയിടങ്ങൾ പച്ചപുതച്ച് കിടക്കുന്നു ഈത്തപ്പനത്തോട്ടങ്ങൾ , മുന്തിരിയുടെയും അത്തിപ്പഴത്തിന്റെയും തോട്ടങ്ങൾ ഐശ്വര്യം നിറഞ്ഞൊഴുകുന്ന പ്രദേശം സർവ്വശക്തനായ അല്ലാഹു ഈ നാട് മുസ്ലിംകരങ്ങളിൽ വെച്ചു തന്നിരിക്കുകയാണ് അൽഹംദുലില്ലാഹ്
ഉമർ (റ) ഫലസ്തീനിലായിരുന്നപ്പോൾ എല്ലാവർക്കും ഉത്സവത്തിന്റെ സന്തോഷമായിരുന്നു ഇനി മടങ്ങുകയാണ് വേണ്ട ഉപദേശങ്ങൾ ഓരോ വിഭാഗക്കാർക്കും നൽകി
ഉമർ (റ)വിന്റെ യാത്രയുടെ ദിവസം ഒരു ചരിത്ര സംഭവത്തിന് സാക്ഷികളാവാൻ കഴിഞ്ഞതിലുള്ള സന്തോഷം എല്ലാവർക്കുമുണ്ട്
ഖലീഫയുടെ ഒട്ടകം നടന്നുനീങ്ങി ആളുകൾ നോക്കിനിന്നു പലരും കരഞ്ഞു യാത്രാ സംഘം കുന്നുകൾക്കപ്പുറം മറഞ്ഞു മദീന ഫലസ്തീനിലെത്തിയത് പോലെയായിരുന്നു ഇത്രയും നാളുകൾ ഖലീഫയുടെ പട്ടാള ഭരണ പരിഷ്കാരങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് പട്ടാളക്കാരുടെ രജിസ്റ്റർ സൂക്ഷിക്കാൻ തുടങ്ങി പട്ടാളക്കാർക്ക് കൃത്യമായ ശമ്പളം നൽകി ജയിലുകൾ സ്ഥാപിച്ചു മിലിട്ടറി ആസ്ഥാനങ്ങളിൽ നാലായിരം റിസർച്ച് പടയാളികളെ സജ്ജമാക്കിനിർത്തി ഏത് ആവശ്യഘട്ടങ്ങളിലും എവിടേക്ക് വേണമെങ്കിലും വിളിക്കാം ഓരോ ആസ്ഥാനത്ത്നിന്നും നാലായിരം പേരെത്തും ധ്രുതകർമ്മസേന ആദ്യം ഒമ്പത് ആസ്ഥാനങ്ങളുണ്ടായി മുപ്പത്താറായിരം പേരെ ഒരു വിളിക്ക് അണിനിരത്താം
✍🏻 അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment