നബിﷺയുടെ വിയോഗം ഭാഗം: 2


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അവസാനവാരം
രോഗം കഠിനമായ പ്രവാചകന്‍ ഭാര്യമാരോടന്വേഷിച്ചു 'നാളെ ഞാന്‍ എവിടെയായിരിക്കും? നാളെ ഞാന്‍ എവിടെയായിരിക്കും? അവിടുത്തെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ അവിടുത്തെ ഇഷ്ടംപോലെ ആഇശ(റ)യുടെ വീട്ടിലേക്ക് നീങ്ങാന്‍ അനുമതി നല്കി. അങ്ങനെ ഫള്ല്‍ ബിന്‍ അബ്ബാസിന്റെയും അലിയ്യുബിന്‍ അബീത്വാലിബിന്റെയും ഇടയിലായി തലപ്പാവ് ധരിച്ച് കാലിഴഞ്ഞ് അവിടുന്നു നടന്നുപോയി തുടര്‍ന്നുള്ള അവസാനത്തെ ആഴ്ച അവിടെയാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.

ആഇശ(റ) തിരുദൂതരില്‍നിന്ന് അഭ്യസിച്ച 'മുഅവ്വിദാത്'(വി. ക്വുര്‍ആനിലെ 113ഉം 114ഉം അധ്യായങ്ങള്‍) അഥവാ അഭയാര്‍ഥനാ അധ്യായങ്ങളും മറ്റു പ്രാര്‍ഥനകളും ഉരുവിട്ട് അവിടുത്തെ കൈകളില്‍ ഈതി ശരീരത്തില്‍ തടവിക്കൊടുത്തു.

അഞ്ചുദിവസങ്ങള്‍ക്കുമുമ്പ്
മരണത്തിന്റെ അഞ്ചുനാളുകള്‍ക്ക് മുമ്പ് ബുധനാഴ്ച പനി കഠിനമാവുകയും വേദനകൂടുകയും തുടര്‍ന്ന് ബോധരഹിതനാവുകയുമുണ്ടായി. അവിടുന്നു പറഞ്ഞു: 'വ്യത്യസ്ത കിണറുകളില്‍നിന്ന് ശേഖരിച്ച ഏഴു തോല്‍പാത്രം വെള്ളം എന്റെ മേല്‍ ചൊരിയുക. എന്നാല്‍ എനിക്ക് ജനങ്ങളെ അഭിമുഖീകരിച്ചു സംസാരിക്കാമല്ലോ! അവര്‍ അദ്ദേഹത്തെ കുളിക്കാനുപയോഗിക്കുന്ന പാത്രത്തില്‍ ഇരുത്തുകയും 'മതിമതി' എന്ന് പറയുവോളം വെള്ളം ചൊരിയുകയും ചെയ്തു. രോഗത്തിന് അല്പം ആശ്വാസം തോന്നിയപ്പോള്‍ തലപ്പാവ് ധരിച്ച് പള്ളിയുടെ മിമ്പറില്‍ കയറിയിരുന്നു പ്രസംഗിച്ചു. ഇതായിരുന്നു അവിടുത്തെ അവസാന സദസ്സ്. അല്ലാഹുവെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തശേഷം അവിടുന്നു പറഞ്ഞു: 'ജനങ്ങളേ ഇങ്ങോട്ടടുത്ത് വരൂ.' അവരെല്ലാം അടുത്തുകൂടി. അതോടെ അവിടുന്നു പറഞ്ഞുതുടങ്ങി "ജൂതരേയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ശ്മശാനങ്ങള്‍ പള്ളികളാക്കിയിരിക്കുന്നു. 'എന്റെ ഖബ്ര്‍ നിങ്ങള്‍ ആരാധ്യവിഗ്രഹമാക്കിമാറ്റരുതേ''.

തുടര്‍ന്ന് തന്റെ ശരീരം പ്രതിക്രിയക്കായി സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു: 'ഞാനാരുടെയെങ്കിലും മുതുകില്‍ അടിച്ചിട്ടുണ്ടെങ്കില്‍ എന്റെ മുതുകിതാ അവര്‍ എന്നോടു പ്രതിക്രിയ ചെയ്യട്ടെ. ഞാനാരുടെയെങ്കിലും അഭിമാനം ധ്വംസിച്ചിട്ടുണ്ടെങ്കില്‍ എന്റെ അഭിമാനമിതാ സമര്‍പ്പിക്കുന്നു. എന്നോടവര്‍ക്ക് പ്രതികാരം ചോദിക്കാം.'' പിന്നീട് മിമ്പറില്‍നിന്ന് താഴെയിറങ്ങി 'ളുഹ്ര്‍' നമസ്കരിച്ചശേഷം വീണ്ടും മിമ്പറില്‍ കയറി മുമ്പ് പറഞ്ഞതെല്ലാം പിന്നെയും ആവര്‍ത്തിച്ചു. അപ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: "താങ്കള്‍ എനിക്ക് മൂന്ന് ദിര്‍ഹം തരാനുണ്ട് ഉടനെ അദ്ദേഹം ഫദ്ലിനെ വിളിച്ചു നിര്‍ദേശിച്ചു 'അത് അദ്ദേഹത്തിന് നല്കുക'. അദ്ദേഹം തുടര്‍ന്നു: 'അന്‍സ്വാറുകളുടെ കാര്യം നിങ്ങളെ ഞാന്‍ ഉപദേശിക്കുന്നു. കാരണം, അവരെന്റെ കുടുംബവും കൂട്ടുകാരുമാണ്; അവരുടെ ബാധ്യത അവര്‍ നിര്‍വഹിച്ചിരിക്കുന്നു ഇനി, അവര്‍ക്കവകാശപ്പെട്ടതാണ് അവശേഷിക്കുന്നത്. അവരുടെ നന്മസ്വീകരിച്ച് തിന്മ വിട്ടുവീഴ്ചചെയ്യുക: മറ്റൊരു നിവേദന മനുസരിച്ച്: 'ജനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. അന്‍സ്വാറുകള്‍ കുറഞ്ഞുകൊണ്ടുമിരിക്കുന്നു. അവസാനം ഭക്ഷണത്തില്‍ ഉപ്പെന്നപോലെ അതായിത്തീരും. നിങ്ങളില്‍ ആരെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുന്ന വല്ലസ്ഥാനത്തും അവരോധിതരായാല്‍ അവര്‍ അന്‍സ്വാറുകളുടെ നന്മ സ്വീകരിക്കുകയും വീഴ്ചകള്‍ വിട്ടുവീഴ്ചയും ചെയ്യട്ടെ.''
അവിടുന്ന് പിന്നെയും തുടര്‍ന്നു: 'ഒരടിമക്ക് ഇഹലോക സൌഖ്യത്തില്‍നിന്ന് അവനുദ്ദേശിക്കുന്നതോ അല്ലാഹുവിങ്കല്‍ ഉള്ളതോ തെരഞ്ഞെടുക്കാന്‍ അനുമതി നല്കിയിരിക്കുന്നു. അദ്ദേഹം അല്ലാഹുവിങ്കലുള്ളത് തെരഞ്ഞെടുത്തിരിക്കുന്നു.' അബൂസഈദില്‍ ഖുദ്രി പറയുന്നു: ഇത് കേട്ടപ്പോള്‍ കരഞ്ഞുകൊണ്ട് അബൂബക്കര്‍(റ) പറഞ്ഞു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്കുവേണ്ടി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.'' അത്ഭുതത്തോടെ ജനങ്ങള്‍ പറഞ്ഞു: "നോക്കൂ ഈ വൃദ്ധനെ, റസൂല്‍(സ) ഒരടിമ ഇഹലോകത്തെ സൌഖ്യത്തിനുപകരം പരലോകം തെരഞ്ഞെടുത്തതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇദ്ദേഹം പറയുന്നു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്ക് സമര്‍പ്പിച്ചിരിക്കുന്നുവെന്ന്'. യഥാര്‍ഥത്തില്‍ ഇത് റസൂല്‍(സ)യെ സംബന്ധിച്ചു തന്നെയായിരുന്നു അവിടുന്ന് പറഞ്ഞത്: അബൂബക്കര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വിവരമുള്ളയാളായിരുന്നു.''

*തുടര്‍ന്ന് പറഞ്ഞു: 'സഹവാസത്തിന്റെയും സമ്പത്തിന്റെയും കാര്യത്തില്‍ എനിക്കേറ്റവും സുരക്ഷിതന്‍ അബൂബക്കര്‍ ആണ്. അല്ലാഹുവിനു പുറമെ ഞാനാരെയെങ്കിലും ആത്മമിത്രമായി സ്വീകരിക്കുമെങ്കില്‍ അത് അബൂബക്കറിനെയായിരിക്കും. എന്നാല്‍ ഇസ്ലാമിക സാഹോദര്യവും സ്നേഹബന്ധങ്ങളുമേയുള്ളു. പള്ളിയിലേക്കുള്ള വാതിലുകളില്‍ അബൂബക്കറിന്റേതല്ലാത്ത എല്ലാ വാതിലുകളും അടക്കുക.''
നാലു നാളുകള്‍ക്കുമുമ്പ്
മരണത്തിന്റെ നാലുദിവസങ്ങള്‍ക്കുമുമ്പ്. വ്യാഴാഴ്ച. അവിടുത്തേക്ക് വേദന കഠിനമായി. അവിടുന്ന് പറഞ്ഞു: ഇവിടെ വരൂ, ഞാന്‍ നിങ്ങള്‍ക്ക് എഴുതിത്തരാം, അതിനുശേഷം നിങ്ങള്‍ക്ക് പിഴവു പറ്റുകയില്ല. ഇതുകേട്ട അവിടെയുണ്ടായിരുന്നവരോട് ഉമര്‍ പറഞ്ഞു: അവിടുത്തേക്ക് വേദന കഠിനമായിരിക്കുന്നു. നിങ്ങളുടെയടുക്കല്‍ ക്വുര്‍ആന്‍ ഉണ്ടല്ലോ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മതിയല്ലോ. അതോടെ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി. ബഹളവും അഭിപ്രായവ്യത്യാസങ്ങളും വര്‍ധിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എല്ലാവരും ഇവിടെനിന്നെഴുന്നേറ്റു പോകുക''.
അന്ന് മൂന്ന് കാര്യങ്ങള്‍ അവിടുന്ന് നിര്‍ദേശിച്ചു: ഒന്ന്, ജൂതരേയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരേയും അറേബ്യയില്‍നിന്ന് പുറത്താക്കുക. രണ്ട്, നിയോഗിച്ചയച്ച സംഘങ്ങളെ ആ വഴിക്കുതന്നെ തിരിച്ചുവിടുക. മൂന്നാമത് പറഞ്ഞ കാര്യം നിവേദകന്‍ മറന്നു. ഒരു പക്ഷേ, ക്വുര്‍ആനും സുന്നത്തും അവലംബിച്ചു ജീവിക്കണമെന്ന നിര്‍ദേശമോ, ഉസാമയുടെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിക്കണമെന്നോ നമസ്കാരത്തിന്റെയും അടിമകളുടെയും കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശമോ ആകാമത്.
കഠിന രോഗമായിരുന്നിട്ടും അവിടുന്ന് ഈ ദിവസം വരെ- വ്യാഴാഴ്ച- നമസ്കാരത്തിനു നേതൃത്വം നല്കികൊണ്ടിരുന്നു. അന്ന് മഗ്രിബ് നമസ്കാരത്തില്‍ അവിടുന്നു 'വല്‍മുര്‍സലാതി ഉര്‍ഫന്‍' എന്ന അധ്യായമാണ് പാരായണം ചെയ്തത്.

രാത്രിയായതോടെ രോഗം വീണ്ടും കഠിനമാവുകയും പള്ളിയിലേക്ക് പുറപ്പെടാന്‍ കഴിയാത്തസ്ഥിതിയിലെത്തുകയും ചെയ്തു. അവിടുന്ന് ചോദിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' 'ഇല്ല, ദൈവദൂതരേ, അവര്‍ അങ്ങയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.' ഞങ്ങള്‍ മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: 'ഒരു പാത്രത്തില്‍ അല്പം വെള്ളം കൊണ്ടുവരിക'. വെള്ളം കൊണ്ടുവന്നപ്പോള്‍ അതില്‍ കുളിച്ച് എഴുന്നേല്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ ക്ഷയമുണ്ടായി. ബോധംതെളിഞ്ഞപ്പോള്‍ അവിടുന്നന്വേഷിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' വീണ്ടും കുളിച്ചു അപ്പോഴും ബോധക്ഷയമുണ്ടായി. ഇങ്ങനെ മൂന്നുതവണ ആവര്‍ത്തിച്ചു. അതോടെ അബൂബക്കറിനെ നമസ്കാരത്തിനു ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍(റ)വാണ് നമസ്കാരത്തിന് നേതൃത്വം നല്കിയത്. മൊത്തം പതിനേഴ് സമയത്തെ നമസ്കാരങ്ങള്‍ക്ക് അദ്ദേഹം നബിയുടെ കാലത്ത് നേതൃത്വം നല്കി. വ്യാഴാഴ്ചരാത്രിയിലെ ഇശാ നമസ്കാരം മുതല്‍ തിങ്കളാഴ്ച കാലത്തെ സുബ്ഹ് വരെയുള്ള നമസ്കാരങ്ങളാണ് ഇവ.
(തുടരും)

No comments:

Post a Comment