ലുഖ്മാനുൽ ഹഖീമി(റ)ന് ഒരു പുത്രനുണ്ടായിരുന്നു. ബുദ്ധിമാനും സൽഗുണ സമ്പന്നനുമായ ആ മകന് മഹാനവർകൾ ഒരുപാട് നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. ആ ഉപദേശങ്ങൾ പിൽക്കാലത്ത് അനർഘ മുത്തുകളായി സജ്ജനങ്ങൾ സൂക്ഷിച്ചു വെച്ചു, ജീവിതത്തിൽ പകർത്തി. വിശുദ്ധ ഖുർആനിൽ ഒരു അധ്യായം തന്നെ ആ ഉപദേശങ്ങൾക്കു വേണ്ടി അല്ലാഹു കാഴ്ചവെച്ചു.
ലുഖ്മാനവർകളും മകനും കൂടി യാത്രയിൽ ഒരു വനത്തിലെത്തി.അവിടെ ഏകനായി ഒരു മനുഷ്യൻ നിൽക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു . രണ്ടു പേരും അങ്ങോട്ടടുത്തു ചെന്നു. അവിടെ കണ്ട കാഴ്ച വിചിത്രമായിരുന്നു. കുറെ വെളളിനാണയങ്ങൾ കൂമ്പാരമായി കിടക്കുന്നു. അതിനു കാവൽ നിൽക്കുകയാണ് ആ മനുഷ്യൻ.മഹാനവർകളെ കണ്ടമാത്രയിൽ അയാൾ പറഞ്ഞു: 'താങ്കളുടെ കൈവശം വല്ല പത്രവുമുണ്ടോ? എങ്കിൽ താങ്കൾക്കും ഈ വെള്ളിനാണയത്തിൽ നിന്നൊരു പങ്ക് തരാം.' ലുഖ്മാനവർകൾ ചോദിച്ചു: 'ഈ നാണയങ്ങൾ നിങ്ങളുടേതാണോ?'
'അതെ'
'നിങ്ങൾക്കെങ്ങനെ ഈ കാട്ടിൽ നാണയങ്ങളുണ്ടായി?'
'സത്യം പറയാമല്ലോ. ഞാൻ വിറകു ശേഖരിക്കാൻ വന്നതാണ്. ആ സമയത്ത് കണ്ടെത്തിയതാണ്. ഞാൻ കണ്ടെത്തിയത് കൊണ്ട് ഞാൻ തന്നെയാണ് ഇതിന് അവകാശി.' മഹാനവർകൾ പുഞ്ചിരിച്ചു. അയാൾ വീണ്ടും പറഞ്ഞു: 'ഈ നാണയങ്ങൾ ഇവിടെ നിന്നും കടത്താൻ എന്നെ സഹായിച്ചാൽ ഞാൻ താങ്കൾക്ക് അർഹമായ പങ്ക് തരാം.' ലുഖ്മാനവർകൾ ഒന്നും ഉരിയാടാതെ തിരിഞ്ഞു നടന്നു. പിതാവിന്റെ പ്രവർത്തനത്തിൽ മകന് വിസ്മയം തോന്നി. ആരെങ്കിലും ഇത്രയധികം നാണയങ്ങൾ വെറുതെ കിട്ടുമെന്നു കണ്ടാൽ ഉപേക്ഷിക്കുമോ? അതായിരുന്നു മകന്റെ സംശയം. അത് പിതാവിനോട് നേരിട്ടു തന്നെ ചോദിച്ചു. അപ്പോൾ മഹാനവർകൾ പറഞ്ഞു: 'മകനെ നീ ഒരുപാട് മനസ്സിലാക്കാനുണ്ട്. ഞാൻ അത് തിരസ്കരിച്ചതിന്റെ പൊരുൾ മടക്കയാത്രയിൽ നിനക്ക് ബോധ്യമാകും.'
മഹാനവർകളും പുത്രനും നിർദ്ദിഷ്ട യാത്ര കഴിഞ്ഞ് തിരിച്ചു പോന്നു.വെള്ളിനാണയങ്ങൾ കണ്ട സ്ഥലത്തെത്തിയപ്പോൾ അവിടെ വെള്ളിക്കൂമ്പാരത്തിനു മുകളിൽ തളം കെട്ടി നിൽക്കുന്ന ചോരയിൽ കുളിച്ച് ആ മനുഷ്യൻ മരിച്ചു കിടക്കുന്നു. കുറച്ചപ്പുറത്തായി വെട്ടേറ്റ് മറ്റൊരു മനുഷ്യനും മൃതിയടഞ്ഞു കിടക്കുന്നു. മഹാനവർകൾ മകനോട് പറഞ്ഞു: 'നമുക്ക് ശേഷം മറ്റൊരു മനുഷ്യൻ അവിടെ വന്നു. അവർ തമ്മിൽ നാണയങ്ങൾക്കു വേണ്ടി കലഹിച്ചു വെട്ടി മരിച്ചു. ആ നാണയത്തിൽ പങ്കുപറ്റിയിരുന്നുവെങ്കിൽ നമ്മുടെ സ്ഥിതിയും മറിച്ചാകുമായിരുന്നില്ല.' പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ മകന് തന്റെ സംശയം അസ്ഥാനത്തായിരുന്നുവെന്ന് ബോധ്യമായി. പിൽക്കാലത്ത് പിതാവിൽ നിന്നും ഉപദേശങ്ങൾ നുകർന്ന് മഹാനായ പുത്രൻ ഔന്നത്യത്തിന്റെ പടവുകളേറി. ലുഖ്മാനുൽ ഹഖീമി(റ)ന്റെ ജീവിത ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത ഏടുകൾ തൽക്കാലം ഇവിടെ സമാപിക്കുന്നു. അല്ലാഹു ആ മഹാനുഭാവന്റെ ബർക്കത്ത് കൊണ്ട് നമുക്ക് ഐഹികവും പാരത്രികവുമായ സൗഖ്യം പ്രദാനം ചെയ്യട്ടെ.ആമീൻ. ദുആ വസിയ്യത്തോടെ.
അവസാനിച്ചു
അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ...
ആമീൻ,,,,,,,,,നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...
🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹
abdul rahiman

No comments:
Post a Comment