ലുഖ്മാനുൽ ഹഖീം (റ) ഭാഗം:30


      വർഷം തോറും ലുഖ്മാനവർകൾ മക്കയിൽ മഹൽയോഗത്തിൽ അദ്ധ്യക്ഷസ്ഥാനമലങ്കരിക്കാൻ എത്തിച്ചേരുക പതിവായിരുന്നു. രാത്രിയായിരിക്കും യാത്ര. ശിഷ്യൻമാരെല്ലാം ഇബാദത്തിലും നിദ്രയിലും ലയിച്ച അവസരത്തിൽ പതിവുപോലെ ആ വർഷവും മഹാനവർകൾ മക്കയിലേക്കു പുറപ്പെട്ടു. എന്നാൽ പ്രഥമ ശിഷ്യനായ ദാവൂദ് മഹാന്റെ പിന്നാലെ കൂടി.

         'നീയെന്തിനാണ് എന്റെ കൂടെ വരുന്നത്.'

       'എനിക്ക് അങ്ങയുടെ കൂടെ വന്നാൽ എന്തെങ്കിലും കൂടുതൽ പഠിക്കാമല്ലോ.'

പിന്നെ മഹാനവർകൾ എതിർപ്പൊന്നും പറഞ്ഞില്ല. അവർ നേരേ സമുദ്രത്തിലെത്തി. തിരമാലകൾക്കു മുകളിൽ കയറി നിന്നു. മിന്നൽ പിണർ കണക്കെ തിരമാല ചലിച്ചു. നിമിഷങ്ങൾക്കകം അവർ മക്കയിലെത്തി. ലുഖ്മാനവർകൾ ശിഷ്യനോടു പറഞ്ഞു. 'ആദ്ധ്യാത്മികമായ ഒരു കൂടിച്ചേരലിലാണ് എനിക്ക് പങ്കെടുക്കാനുള്ളത്. അവിടെ നിനക്കു കടന്നു ചെല്ലാൻ അനുവാദമില്ല. അതു കൊണ്ട് ഒരു പ്രത്യേക സ്ഥലം കാണിച്ചു തരാം. അവിടെ ഇരുന്നാൽ മതി.' അവിടെയെങ്ങും കനത്ത വെളിച്ചം പരന്നു. ഒരു വലിയ ഹാളും പ്രവേശന കവാടവും ഒരു ദ്വരപാലകനും അവിടെ ദൃശ്യമായി. ലുഖ്മാനവർകളുടെ നിർദ്ദേശപ്രകാരം പാറാവുകാരാൻ ദാവൂദിന് ഒരു ഇരിപ്പിടം തയ്യാറാക്കി കൊടുത്തു.ദാവൂദ് ഇരിക്കുന്ന സ്ഥലത്തു നിന്നു നോക്കിയാൽ അകത്തു നടക്കുന്ന കാര്യങ്ങൾ കാണാം. ഒരുയർന്ന പീഠത്തിൽ ലുഖ്മാനവർകൾ ഇരിക്കുന്നു.

 ലുഖ്മാനുൽ ഹഖീമി(റ)നു ചുറ്റും നിരത്തിയ ഇരിപ്പിടങ്ങളിൽ ദിവ്യ തേജസു വിളയാടുന്ന മഹോന്നതർ മഹാനവർകളുടെ വാക്കുകൾ ശ്രവിക്കാനെന്നവണ്ണം ഇരിക്കുകയാണ്.ദാവൂദ് നബി(അ) വഫാത്താകുകയും മകൻ സുലൈമാൻ നബി(അ) തൽസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. ആ വിവരങ്ങൾ ലുഖ്മാനവർകൾ സഭയിൽ അറിയിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. അവിടെ സഭാംഗങ്ങൾക്ക് കുടിക്കാൻ നൽകിയ പാനീയം ഒരു ചഷകത്തിലാക്കി ദാവൂദിനു നൽകി. മധുരതരവും രുചികരവുമായ അത്തരമൊരു പാനീയം ജീവിതത്തിലൊരിക്കലും ദാവൂദ് കുടിച്ചിട്ടുണ്ടായിരുന്നില്ല. അത്ഭുതം, ആ മധുര പാനീയം കുടിച്ചു കഴിഞ്ഞപ്പോൾ ദാവൂദ് അറിയാതെ നിദ്രയിലേക്ക് വഴുതി വീണു. ഉറക്കത്തിൽ നിന്നുണർന്നപ്പോൾ നേരം പരപരാ വെളുക്കുന്നതേയുള്ളു. കടലോരത്ത് വിജനമായ ഒരു സ്ഥലത്താണ് ദാവൂദ് കിടക്കുന്നത്. പരിസര ബോധമുണ്ടാവാൻ കുറെ നിമിഷങ്ങൾ വേണ്ടിവന്നു.

       എന്ത്? താനെവിടെയാണ് കിടക്കുന്നത്? ആ സമ്മേളന നഗരി എവിടെ? തന്റെ ഗുരുനാഥനും മറ്റുള്ളവരും എവിടെ? ഒന്നും കാണുന്നില്ല. പിന്നിൽ നീണ്ടു പരന്നു കിടക്കുന്ന മണൽത്തിട്ട. മുന്നിൽ അറ്റം കാണാത്ത കടൽ. പടച്ചവനെ ഇതെന്തത്ഭുതം! എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് അടിയുറച്ചു വിശ്വസിച്ച ദാവൂദ് ഒട്ടും നിരാശനായില്ല. അദ്ദേഹം അംഗശുദ്ധി വരുത്തി ആ മണൽത്തിട്ടയിൽ ഇബാദത്തിലേർപ്പെട്ടു. നിമിഷങ്ങൾ മണിക്കൂറുകളായി ഓടിയകലുന്നത് ദാവൂദ് അറിഞ്ഞില്ല. അർക്കൻ തലക്കു മുകളിൽ കത്തി ജൂലിച്ചു നിൽക്കുകയാണ്. ഒരാൾ തോളിൽ തട്ടിയപ്പോഴാണ് ദാവൂദിനു പരിസര ബോധമുണ്ടായത്. നോക്കുമ്പോൾ കടലിലതാ ഒരു കപ്പൽ. ഒരപരിചിതൻ ദാവൂദിനെ കപ്പലിൽ കയറാൻ ക്ഷണിക്കുകയാണ്. ലുഖ്മാനവർകളുടെ നിർദ്ദേശപ്രകാരമാണ് അവർ ദാവൂദിനെ വിളിക്കുന്നത്. ഒട്ടും സംശയിക്കാതെ ദാവൂദ് അപരിചിതനോടൊപ്പം നടന്നു കപ്പലിൽ കയറി. യാത്രയിൽ ഒരുപാട് ചിന്തകൾ ദാവൂദിന്റെ മനസ്സിൽ മുളപൊട്ടി. എന്തുകൊണ്ട് താൻ ഉറങ്ങിപ്പോയി. എന്തു കൊണ്ട് അവിടെ നടന്നതൊന്നും കാണാൻ സാധിച്ചില്ല. തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ കൂടെ കൊണ്ടു പോകാതിരുന്നത് എന്തുകൊണ്ടാണ്. ഇത്തരം സംശയങ്ങൾ മനസ്സിലൊതുക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. ഗുരുവിനോടൊപ്പമുള്ള യാത്രയിൽ കണ്ണു ചിമ്മി തുറക്കുന്നതിനു മുമ്പ് മക്കയിലെത്തിയതാണ്. എന്നാൽ തിരിച്ചുള്ള യാത്രയിൽ ഒരു മാസം കൊണ്ടാണ് നോർദിയിലെത്താൻ കഴിഞ്ഞത്. കപ്പലിറങ്ങിയ പാടെ ദാവൂദ് ഗുരുനാഥന്റെ സമീപത്തേക്കോടി. ലുഖ്മാനവർകൾ പറഞ്ഞു: 'പ്രിയശിഷ്യാ, ഇതു നിനക്കൊരു പാഠമാകട്ടെ. ഒരിക്കലും അർഹതപ്പെടാത്ത സ്ഥലത്ത് എത്തിച്ചേരാൻ കൊതിക്കരുത്.' ദാവൂദിനു തെറ്റു മനസ്സിലായി. അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങി. ദാവൂദിനുണ്ടായ അനുഭവം മറ്റു ശിഷ്യൻമാരിലും അത്ഭുതമുളവാക്കി
(തുടരും)

No comments:

Post a Comment