ലുഖ്മാനുൽ ഹഖീം (റ) ഭാഗം: 29


          ശിഷ്യൻമാർക്ക് സന്തോഷമായി. മൂസ തന്റെ മനസ്സിന്റെ ദൗർബല്യത്തെക്കുറിച്ച് ബോധവാനായി. അതുകൂടാതെ മറ്റൊരു പരീക്ഷണം കൂടി അവർക്കിടയിൽ ലുഖ്മാനവർകൾ നടത്തിയിരുന്നു. അതിലും വിജയം ദാവൂദിന് തന്നെയായിരുന്നു. അതൊരു പതിവു സഞ്ചാരത്തിനിടയിലായിരുന്നു. വിജനമായ ഒരു സ്ഥലത്ത് മഹാനവർകളും ശിഷ്യൻമാരും എത്തിച്ചേർന്നു. യാത്രാ ക്ഷീണം കൊണ്ട് അവരെല്ലാം ദാഹവിവശരായിത്തീർന്നിരുന്നു. ശിഷ്യൻമാർ അവിടെയെല്ലാം വെള്ളത്തിനു വേണ്ടി പരതി. അപ്പോഴാണ് ഒരു കിണർ അവരുടെ ദൃഷ്ടിയിൽ പെട്ടത്. കിണറ്റിൽ വെള്ളമുണ്ട്. പക്ഷെ കോരിയെടുക്കാനുള്ള ഒരു സംവിധാനവുമില്ല. ലുഖ്മാനവർകൾ ഒട്ടും സംശയിക്കാതെ ബിസ്മി ചൊല്ലി കിണറിനു മുകളിൽ കൈ നീട്ടി. വെള്ളം ഉയർന്നു വന്നു. മഹാൻ ദാഹം തീരുവോളം കുടിച്ചു. പിന്നീട് ദാവൂദും അപ്രകാരം തന്നെ വെള്ളം കുടിച്ചു. മൂസ വെള്ളത്തിനു വേണ്ടി കൈ നീട്ടിയെങ്കിലും വെള്ളം ഉയർന്നു വന്നില്ല. ലുഖ്മാനവർകൾ പറഞ്ഞു: 'മൂസാ നിന്റെ ഹൃദയത്തിൽ സംശയത്തിന്റെ ചെറിയൊരു പാട കെട്ടിക്കിടന്നിരുന്നു. അതാണ് വെള്ളം ഉയർന്നു വരാതിരുന്നത്.' മൂസ പശ്ചാത്തപിച്ചു. ദൃഢമാനസനായി വീണ്ടും കൈ നീട്ടിയപ്പോൾ വെള്ളം ഉയർന്നു വന്നു. അദ്ദേഹവും മതിയാകുന്നതുവരെ കുടിച്ചു. ഈ സംഭവത്തിൽ നിന്നും നേതാവാകാൻ യോഗ്യൻ ദാവൂദ് തന്നെയെന്നു തെളിഞ്ഞു.
             ഭൗതിക സുഖങ്ങളെ ത്യജിച്ച് ആത്മാവിനെ കീഴടക്കി ജീവിക്കുന്ന സൂഫിവര്യൻമാർക്ക് അസാധ്യമായതൊന്നുമില്ല. അത്തരം മികവ്പരീക്ഷ ലുഖ്മാനവർകൾ തന്റെ ശിഷ്യൻമാരിൽ പലപ്രാവശ്യം നടത്തിയിരുന്നു. ഒരവസരത്തിൽ മഹാനവർകൾ കുറെ ശിഷ്യൻമാർക്ക് വെള്ളത്തിനു മുകളിൽ നടക്കുവാൻ നിർദ്ദേശം നൽകി. ഒരു സംശയവും കൂടാതെ ആ ശിഷ്യൻമാർ വെള്ളത്തിനു മുകളിലൂടെ നടന്നു. പാറപ്പുറത്തു കൂടെ നടക്കുന്ന അനുഭവമാണ് അവർക്കുണ്ടായത്. പക്ഷെ ഒരു ശിഷ്യൻ മാത്രം കാലുവെച്ച മാത്രയിൽ വെള്ളത്തിലേക്കാണ്ടു പോയി. നീന്തിക്കയറിയ അയാളോട് ലുഖ്മാനവർകൾ ചോദിച്ചു: നീ എന്തുകൊണ്ട് ഇവിടെ പരാജയപ്പെട്ടു. അടുത്ത കാലത്ത് എന്തെങ്കിലും ഒരു തെറ്റ് നിന്നിൽ നിന്നുണ്ടായിട്ടുണ്ടോ ?. ശിഷ്യൻ എത്ര ആലോചിച്ചിട്ടും ഒരു തെറ്റും ചെയ്തതായി ഓർമ്മ വന്നില്ല. എങ്കിലും കൊല്ലത്തിലൊരു പ്രാവശ്യം ഉമ്മയെ കാണാൻ പോകുന്ന പതിവ് ഇപ്രാവശ്യം തെറ്റിച്ചിരിക്കുന്നു. അതായിരിക്കുമോ കാരണം. അയാൾ സംശയിച്ചു. അക്കാര്യം ഗുരുവിനോട് തുറന്നു പറഞ്ഞു. മഹാനവർകൾ പറഞ്ഞു: 'തെറ്റ് അതു തന്നെയാണ്. മാതാപിതാക്കളെ വേദനിപ്പിച്ചതുകൊണ്ടാണ് നിന്റെ മാനസിക സിദ്ധി നഷ്ടമായത്. ഉടൻ പോയി ഉമ്മായോട് മാപ്പ് പറയൂ. അവരുടെ തൃപ്തി ലഭിച്ചിട്ട് തിരിച്ചു വന്നാൽ മതി.' ആ ശിഷ്യൻ കുറ്റബോധത്തോടെ ഉമ്മായെ തേടിപ്പോയി. മാതാവിനോട് മാപ്പ് പറഞ്ഞ് അവരെ തൃപ്തിപ്പെടുത്തി തിരിച്ചെത്തി.
(തുടരും)

No comments:

Post a Comment