ലുഖ്മാനുൽ ഹഖീം (റ) ഭാഗം:28


         ഗുരു എത്തിച്ചേർന്നാൽ അദ്ദേഹത്തിനു വിശ്രമിക്കാൻ പ്രത്യേക സ്ഥലം ലുഖ്മാനവർകൾ തയ്യാറാക്കിയിരുന്നു. പക്ഷെ ഗുരുനാഥൻ ആ നടപടിയെ വിമർശിക്കുകയാണുണ്ടായത്. വീണ്ടും അവിവേകം പ്രകടിപ്പിച്ചതിന് മഹാനവർകൾ ഗുരുനാഥനോട് ക്ഷമ ചോദിച്ചു. മഹാനായ ആ സൂഫിവര്യൻ വെറും തറയിൽ കിടന്നു. തനിക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം പെട്ടെന്ന് തയ്യാറാക്കാൻ അദ്ദേഹം ശിഷ്യനോട് കൽപ്പിച്ചു. ഖൽബിൽ നിറയുന്ന നൊമ്പരം പുറത്തു കാണിക്കാതെ ലുഖ്മാനവർകൾ ഗുരുവിനു വേണ്ടി ഖബറൊരുക്കി. പിന്നെ അധികം താമസിച്ചില്ല. ശുദ്ധജലം ആവശ്യപ്പെട്ടു. അതുകൊണ്ട് വുളൂ ചെയ്തു. അൽപ്പം കുടിച്ചു. അനന്തരം 'ലാ ഇലാഹ ഇല്ലള്ളാ' എന്ന വിശുദ്ധ വചനം ഉച്ചരിച്ച് ഗുരുവര്യൻ അന്ത്യശ്വാസം വലിച്ചു. തയ്യാർ ചെയ്യപ്പെട്ട ഖബ്റിൽ തന്നെ അദ്ദേഹത്തെ മറവു ചെയ്തു.

                        ലുഖ്മാനുൽ ഹഖീമി(റ)ന്റെ ശിഷ്യന്മാരുടെ പ്രസിദ്ധിയും നാടെങ്ങും പരന്നു. തന്റെ ശിഷ്യൻമാർക്കിടയിൽ ഒരു നേതാവിനെ ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ മഹാൻ ആഗ്രഹിച്ചു. ആരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ചിന്തിച്ചപ്പോൾ രണ്ടുപേരാണ് മനസ്സിൽ ഓടിയെത്തിയത്. രണ്ടു പേരും അഗ്രഗണ്യൻമാരു തന്നെ. ഇബാദത്തു കൊണ്ടും വിജ്ഞാനംകൊണ്ടും സ്വഭാവ മഹിമകൊണ്ടും മൂസയും ദാവൂദും ഒരേ തട്ടിൽ നിൽക്കുന്നു. ഇവരിൽ ആരെ തെരഞ്ഞെടുക്കും. ഒടുവിൽ മഹാൻ ഒരു വഴി കണ്ടെത്തി. രണ്ടു ശിഷ്യൻമാരെയും അരികിൽ വിളിച്ചു പറഞ്ഞു: 'പ്രിയപ്പെട്ട ശിഷ്യൻമാരെ നിങ്ങളുടെ ഈ ഇബാദത്തുകൾ കൊണ്ടൊന്നും നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പോകുന്നില്ല.' അതു കേട്ടപ്പോൾ മൂസക്കു വലിയ സങ്കടമായി. അദ്ദേഹം അന്നപാനീയങ്ങൾ ഉപേക്ഷിച്ചു കിടന്നു കരച്ചിൽ തന്നെ. ഒരു ദിവസം മുഴുവനും ഇതു തുടർന്നു. എന്നാൽ ദാവൂദ് ഒട്ടും വ്യാകുലപ്പെട്ടില്ല. അദ്ദേഹം ഇബാദത്തുകൾ തുടർന്നു കൊണ്ടേയിരുന്നു. 'ഞാൻ ആരാധന ചെയ്യുന്നത് സർവ്വശക്തനായ അല്ലാഹുവിന് വേണ്ടിയാണ്. അല്ലാതെ നരകമോ, സ്വർഗ്ഗമോ കാംക്ഷിച്ചല്ല.' എന്നതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. ലുഖ്മാനവർകൾ രണ്ടു പേരുടെയും അവസ്ഥ മനസ്സിലാക്കി. നേതാവായി തെരഞ്ഞെടുക്കാൻ അർഹൻ ദാവൂദാണെന്ന് കണ്ടെത്തി. മഹാൻ വീണ്ടും രണ്ടു ശിഷ്യൻമാരെയും അരികിൽ വിളിച്ചു കൊണ്ടു പറഞ്ഞു: 'പ്രിയപ്പെട്ട ശിഷ്യന്മാരെ, നിങ്ങൾ സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്നല്ല ഞാൻ ഇന്നലെ പറഞ്ഞതിന്റെ സാരം. നിങ്ങളുടെ ഇബാദത്തു കൊണ്ട് മാത്രം സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നാണ്. സ്വർഗ്ഗ പ്രവേശനം നടക്കണമെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹം വേണം. അല്ലാഹുവിന്റെ അനുഗ്രഹമില്ലാതെ ഒരു ജീവിത സൗഭാഗ്യവും നമുക്ക് ലഭിക്കുകയില്ല. എന്റെ വാക്കുകൾ കേട്ടിട്ട് യാതൊരു ചാഞ്ചല്യവുമില്ലാതെ ഇബാദത്തുകളിൽ മുഴുകിയ ദാവൂദ് മൂസയേക്കാൾ ഒരു പടി മുന്നിട്ടു നിൽക്കുന്നു.മൂസ കരഞ്ഞു നേരം കഴിക്കുകയായിരുന്നുവല്ലോ. ഞാൻ നടത്തിയത് ഒരു പരീക്ഷണമായിരുന്നു. ഈ പരീക്ഷണത്തിൽ ദാവൂദ് വിജയിച്ചിരിക്കുന്നു. ദാവൂദിനെ ഞാൻ എന്റെ ശിഷ്യൻമാർക്കിടയിലെ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നു.'
(തുടരും)

No comments:

Post a Comment