ഗുരുവിനു നോർദിയിലെത്തണം. അവിടെ വെച്ചായിരിക്കും അദ്ദേഹത്തിന്റെ അന്ത്യം. ഭൗതികമായ ഒരു സുഖസൗകര്യങ്ങളും അനുഭവിക്കാൻ അദ്ദേഹം തയ്യാറല്ലെന്ന് ലുഖ്മാനവർകൾക്ക് അറിയാം. എങ്കിലും ധൈര്യം സംഭരിച്ച് മഹാൻ ചോദിച്ചു: 'അങ്ങ് ഇതുപോലെ ഇഴഞ്ഞിഴഞ്ഞ് നോർദിയിലെത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഈ വാഹനത്തിൽ കയറൂ. അങ്ങയെ ഞങ്ങൾ അവിടെ കൊണ്ടു ചെന്നിറക്കാം.' ലുഖ്മാനുൽ ഹഖീമി(റ)ന്റെ അഭ്യർത്ഥന കേട്ടപ്പോൾ ആ സൂഫിവര്യന്റെ കണ്ണുകളിൽ കോപാഗ്നി ആളിപ്പടരുന്നതുപോലെ തോന്നി. എങ്കിലും ക്ഷമയവലംബിച്ച് അദ്ദേഹം പറഞ്ഞു.
'ലുഖ്മാനെ, ഭൗതിക ബന്ധങ്ങളിൽ നിന്നും അകന്നു ജീവിക്കുന്നവനാണ് ഞാൻ. ഭൗതിക സുഖസൗകര്യങ്ങൾ എനിക്ക് വെച്ച് നീട്ടാനൊരുങ്ങുന്ന നിന്നെ വിട്ടു ഞാൻ ഈ നിമിഷം മടങ്ങിപ്പോകും.'
'ഗുരോ, അരുത് അങ്ങയുടെ കൽപ്പന പോലെ ഞാൻ പ്രവർത്തിക്കാം.'
'ശരി എങ്കിൽ ഈ നിമിഷം എന്നെ വിട്ടു പോകൂ.'
'അപ്പോൾ അങ്ങ്.....'
'ഞാൻ നോർദിയിലെത്തിച്ചേരും, എന്റെ വാഗ്ദത്തം ഞാൻ പാലിക്കും.' പിന്നെ ലുഖ്മാനവർകൾ അവിടെ നിന്നില്ല. മഹാൻ ശിഷ്യഗണങ്ങളൊത്ത് മുന്നോട്ട് നടന്നു. ശിഷ്യൻമാർ ആ വയോധികൾ ആരെന്നറിയാതെ മിഴിച്ചു നിൽക്കുകയായിരുന്നു. തങ്ങളുടെ ഗുരു വളരെ ആദരവോടു കൂടി സംസാരിച്ചു നിൽക്കുന്നതു കണ്ടപ്പോൾ തന്നെ ആൾ ചില്ലറക്കാരനല്ലെന്നു അവർ മനസ്സിലാക്കിയിരുന്നു. അവരുടെ ജിജ്ഞാസ അണപൊട്ടിയൊഴുകി.
'ഗുരോ അങ്ങ് വളരെയധികം ആദരവോടെ സംസാരിച്ച ആ വയോധികൻ ആരാണ്. അവർ കൂട്ടത്തോടെ ചോദിച്ചു.
'അത് എന്റെ ഗുരുവാണ്.' അതു കേട്ട ശിഷ്യൻമാർക്കെല്ലാം ഉണ്ടായ ആശ്ചര്യത്തിനു അളവില്ലായിരുന്നു. അവർ ചോദിച്ചു.
'അങ്ങയുടെ ഗുരുനാഥൻ മഹാനായൊരു സൂഫീ വര്യനല്ലെ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ഇങ്ങനെ വ്രണം കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നത്.'
'ശിഷ്യൻമാരെ, അതൊരു മറയാണ്. മഹാൻ ബഹുജനശല്യം ഭയപ്പെടുന്നു. അതിനു മറയിടുവാനാണ് ഈ വ്രണങ്ങൾ'
'ബഹുമാന്യരെ അദ്ദേഹമെന്താണ് ഇങ്ങനെ മുട്ടുകാലിൽ ഇഴഞ്ഞു നടക്കുന്നത്. ഈ വാഹനങ്ങളിലൊന്നിൽ കയറിയിരുന്നാൽ നമ്മൾക്ക് അദ്ദേഹത്തെ ഉദ്ദിഷ്ടദിക്കിലെത്തിക്കാമല്ലോ.'
'ഭൗതികമായ ഒരു സുഖസൗകര്യങ്ങളും സ്വീകരിക്കാൻ അദ്ദേഹം തയ്യാറില്ല. നിങ്ങൾ ഈ വാഹനങ്ങളുമായി മുന്നിൽ പോവുക. എന്റെ ഗുരുനാഥൻ മുട്ടിൽ ഇഴഞ്ഞു നടക്കുമ്പോൾ വാഹനത്തിൽ പോകാൻ എന്റെ മനസ്സനുവദിക്കില്ല. ഞാനും അതേ പ്രകാരം മുട്ടിൽ ഇഴഞ്ഞു നടന്നു വരാം.' ലുഖ്മാനുൽ ഹഖീമി(റ)ന്റെ ശിഷ്യൻമാർ അതിനു തയ്യാറായില്ല. അവർ ഗുരുവിനോടൊപ്പം മുട്ടിൽ ഇഴഞ്ഞു നീങ്ങി.
ലുഖ്മാനുൽ ഹഖീ(റ)മും ശിഷ്യൻമാരും നോർദി ലക്ഷ്യമാക്കി മുട്ടിൽ ഇഴഞ്ഞു നീങ്ങുന്നതു കണ്ട് ഒരുപാട് ആളുകൾ അതനുകരിച്ചു. ആയിരക്കണക്കിനാളുകൾ തന്റെ കൂടെ ഇഴഞ്ഞു നീങ്ങാനെത്തിയതു കണ്ട് ലുഖ്മാനവർകൾ അമ്പരന്നു. മഹാൻ അവരോട് പിരിഞ്ഞു പോകാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ജാഥ നീങ്ങിക്കൊണ്ടേയിരുന്നു. ഒടുവിൽ മഹാനവർകൾ അവരോട് പറഞ്ഞു: 'നിങ്ങൾ ഇവിടെ നിൽക്കുക. എന്റെ ഗുരുനാഥൻ ഇതേപോലെ ഇഴഞ്ഞുനീങ്ങിവരുന്നുണ്ട്. മഹാന് തണലായി ഇഴഞ്ഞു നീങ്ങിക്കൊള്ളുക. ഒരു കാരണവശാലും ഞാൻ നിർദ്ദേശിച്ചതുകൊണ്ടാണ് നിങ്ങളിതു ചെയ്യുന്നതെന്ന് ഗുരുവര്യൻ അറിയാൻ പാടില്ല.' ജനം അതു സമ്മതിച്ചു. അങ്ങനെ അവർ രണ്ടു സംഘമായി. ലുഖ്മാനവർകളും സംഘവും കുറച്ചു മുന്നിലായി നീങ്ങി. ഗുരുനാഥനും സംഘവും പിറകിലും.രണ്ടു സമയങ്ങളിലായി രണ്ടു സംഘവും നോർദിയിലെത്തിച്ചേർന്നു.
(തുടരും)

 
No comments:
Post a Comment