'എടോ താനെന്തു പറഞ്ഞു. അല്ലാഹു ബഹുമാനിച്ചവരെ കുറിച്ച് നിന്ദ്യമായി സംസാരിക്കുകയോ. പോകൂ എന്റെ മുമ്പിൽ നിന്ന്. നിന്നെ എനിക്കിനി കാണണ്ട. ഇതിലും ഭേദം മറ്റെവിടെയെങ്കിലും നോക്കുന്നതാണ്.' ഫഖീറിന്റെ ഫൽസനം കേട്ടപ്പോൾ ശിഷ്യന്മാർക്ക് സഹിച്ചില്ല. അവർ പറഞ്ഞു: 'അരുത്, താങ്കളുടെ മുമ്പിൽ നിൽക്കുന്നത് നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ലുഖ്മാനുൽ ഹഖീമെന്നവരാണ്.' അതുകേട്ട മാത്രയിൽ ഫഖീറിന്റെ മുഖം വികസിച്ചു. ആനന്ദം ആ മിഴികളിൽ നിറഞ്ഞുനിന്നു.' യാ അള്ളാ' എന്ന മഹത് വചനം മുഴക്കിക്കൊണ്ട് അദ്ദേഹം ഒന്നു പിടഞ്ഞു. 'ലാ ഇലാഹ ഇല്ലള്ളാ' എന്ന പരിശുദ്ധ കലിമ ഉച്ചരിച്ച് ആ ഫഖീർ അന്ത്യം വരിച്ചു. മഹാനവർകളും ശിഷ്യൻമാരും കൂടി മയ്യിത്തിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു.
ലുഖ്മാനുൽ ഹഖീം(റ) ശിഷ്യഗണങ്ങളുമായി പല സ്ഥലങ്ങളിലും സഞ്ചരിക്കുക പതിവായിരുന്നു. തന്റെ അഭിവന്ദ്യ ഗുരുവിനെ കണ്ടെത്താത്തതിൽ മഹാനവർകൾക്ക് മനസ്താപമുണ്ടായിരുന്നു. അന്ത്യസമയത്ത് ഞാൻ നിന്റെ സന്നിധിയിൽ എത്തുമെന്ന് വാക്കു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യമടുത്തിട്ടില്ലാത്തതു കൊണ്ടായിരിക്കാം ഇതുവരെ നേരിൽ കാണാത്തത് . എങ്കിലും ഗുരുവര്യനെ ഒരു നോക്കു കാണാൻ മഹാനവർകളുടെ മനം തുടിച്ചു. പതിവു പ്രകാരമുള്ള യാത്രയിൽ ഒരു വയോധികനെ അവർ കണ്ടുമുട്ടി. ദേഹം മുഴുവനും വ്രണം കൊണ്ടു മൂടിയിരുന്നു. മുറിവുകളിൽ പുഴുക്കളും കൃമികളും അള്ളിപ്പിടിച്ചിരിക്കുന്നു. ചോരയും ചലവും കൊണ്ട് ഒരു തരം നാറ്റം പുറപ്പെടുന്നു. മുറിവുകളിൽ നിറയെ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു. നിരങ്ങി നിരങ്ങി ആ രൂപം അടുത്തു വരികയാണ്. വികൃതമായ കോലമാണെങ്കിലും ഗുരുനാഥനെ ലുഖ്മാനവർകൾ തിരിച്ചറിഞ്ഞു. മഹാൻ ഓടിച്ചെന്ന് ആവയോവൃദ്ധനെ ആലിംഗനം ചെയ്തു.
'അങ്ങ് ഇത്രയും വിഷമിച്ച് നിരങ്ങി നീങ്ങുന്നതെങ്ങോട്ടാണ് ?'
'ഞാൻ നിനക്കൊരു ഉറപ്പു നൽകിയിരുന്നില്ലെ, അവസാന നിമിഷം നിന്റെ അരികിലെത്തിക്കൊള്ളാമെന്ന്.'
'എങ്കിലും ഈ ദുരവസ്ഥയിൽ ഇങ്ങനെ ഒരു യാത്ര.'
'ശരീരത്തിന്റെ ദുരവസ്ഥ ആരു വകവെക്കാനാണ്. ഇനിയും ഭൗതിക കാര്യങ്ങളിലുള്ള നിന്റെ അങ്കലാപ്പ് മാറിയില്ലെന്നോ?'
'ഗുരുഭൂതരെ, ഞാനെന്റെ മനസ്സിനെ സംസ്കരിച്ചെടുത്തിട്ടുണ്ട്. എങ്കിലും അങ്ങയുടെ ഈ ദുര്യോഗം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.'
' ലുഖ്മാനെ, നിന്റെ മനസ്സ് ഭൗതികങ്ങളെക്കുറിച്ച് ചിന്തിച്ച് വേദനപ്പെടുകയാണെങ്കിൽ നിന്നോടുള്ള എന്റെ ബന്ധം ഇവിടെ വെച്ചവസാനിക്കുമെന്നോർക്കുക.'
ലുഖ്മാനുൽ ഹഖീം(റ) ലജ്ജിച്ചു തലതാഴ്ത്തി. എങ്കിലും ഗുരുവിന് അൽപ്പം മരുന്നു നൽകി അദ്ദേഹത്തിന്റെ ശരീരത്തിലെ വ്രണങ്ങൾ നശിപ്പിച്ചു കളയുവാനുള്ള ആഗ്രഹം പേടിച്ചു കൊണ്ടാണെങ്കിലും തുറന്നു പറഞ്ഞു.അതു കേട്ട ഗുരുനാഥൻ ലുഖ്മാനവർകൾക്കു നേരേ ആക്രോശിച്ചു. ' ലുഖ്മാനേ, ഇനിയും ഇത്തരം വില കുറഞ്ഞ വാചകങ്ങൾ പ്രയോഗിക്കാൻ നീ ഒരുങ്ങുകയാണെങ്കിൽ നീ മാപ്പർഹിക്കുകയില്ലെന്നോർത്തോ.' ലുഖ്മാനുൽ ഹഖീം(റ) ഗുരുവിനോട് മാപ്പു ചോദിച്ചു.
(തുടരും)

 
No comments:
Post a Comment