ലുഖ്മാനുൽ ഹഖീം (റ) ഭാഗം:25


         ലുഖ്മാനുൽ ഹഖീമി(റ)നെപ്പോലെ മഹാന്റെ പല ശിഷ്യന്മാരും ഉന്നതശീർഷരായി. പല അത്ഭുത ചികിത്സാ മുറകളും അവർ പ്രയോഗിച്ചു. ഉടലും ശരീരവും വരെ വേർപ്പെട്ടു രണ്ടായിപ്പോയാൽ ചില പ്രത്യേകതരം പച്ചിലകൾ കുത്തിപ്പിഴിഞ്ഞ് അതിന്റെ നീരുകൊണ്ടു ചേർത്തു വെച്ചൊട്ടിച്ചു പൂർവ്വസ്ഥിതിയിലാക്കുവാൻ അവർക്കും സാധിക്കുമായിരുന്നു. ഒരിക്കൽ ഇതുപോലൊരു ചികിത്സക്കിടയിൽ ഒരു ശിഷ്യനു അബദ്ധം പിണഞ്ഞു. ഉടലിന്മേൽ ശിരസ്സ് ഒട്ടിക്കുന്നതിനിടയിൽ അതിന്റെ ഭാഗം മാറിപ്പോയി. ഇപ്പോൾ അയാളെ കണ്ടാൽ ഏതു അരസികനും ചിരിച്ചു മണ്ണുകപ്പിപ്പോകും. കാരണം കണ്ണും, മൂക്കും, വായയുമെല്ലാം പിറകുവശത്താണ്. മുൻ ഭാഗത്തേക്ക് നടന്നു പോകാൻ വയ്യ. കാരണം കണ്ണുകൾ പിൻഭാഗത്താണല്ലോ. അയാളെ കണ്ടവരെല്ലാം പൊട്ടിച്ചിരിച്ചു. ചെയ്ത ചികിത്സ തിരിച്ചെടുക്കാൻ ആ ശിഷ്യനു കഴിഞ്ഞില്ല. പിൻതലയൻ ലുഖ്മാനുൽ ഹഖീമി(റ)ന്റെ സന്നിധിയിലെത്തി ആവലാതി പറഞ്ഞു. മഹാനവർകൾ അവനെ തന്റെ ശിഷ്യഗണങ്ങളിൽ ഉൾപ്പെടുത്തി. ആത്മാവ് സംസ്കരിക്കപ്പെട്ടപ്പോൾ തന്റെ വൈരൂപ്യം ഒരു വിഷമമായി അയാൾക്കനുഭവപ്പെട്ടതേയില്ല.

   തിളച്ചുരുകുന്ന മണലിൽ ഒരു പാവം ഫഖീർ. ലുഖ്മാനുൽ ഹഖീ(റ)മും ശിഷ്യൻമാരും ഒരു സഞ്ചാരത്തിനിടയിലാണ് അയാളെ കണ്ടുമുട്ടിയത്. മെലിഞ്ഞൊട്ടി എല്ലും തോലുമായ ആ മനുഷ്യരൂപത്തിന്റെ സമീപത്തേക്ക് ലുഖ്മാനവർകൾ നടന്നടുത്തു. 'വെള്ളം, വെള്ളം' അയാൾ ദയനീയമായി യാചിച്ചു. പെട്ടെന്നു ശിഷ്യൻമാർ വെള്ളവുമായെത്തി. മഹാനവർകൾ അത് ഫഖീറിന്റെ വായിലൊഴിച്ചു കൊടുത്തു. അൽപം ആശ്വാസമായെന്നു തോന്നിയപ്പോൾ ലുഖ്മാനവർകൾ ചോദിച്ചു: 'ഈ ചുട്ടുപൊള്ളുന്ന മണലിൽ ഇങ്ങനെ കിടക്കുന്നതെന്തിനാണ് '.

      'ഞാൻ മൗത്തിനെ പ്രതീക്ഷിക്കുകയാണ്.'

      'മരണവും ജീവിതവും അല്ലാഹുവിന്റെ കൈകളിലല്ലേ. അത് ആഗ്രഹിക്കാൻ മനുഷ്യനെന്തവകാശം.'

       ' ഐഹിക ജീവിതം വെറുമൊരു ഉറക്കമാണ് സുഹൃത്തെ. ഈ ഉറക്കത്തിൽ നിന്ന് ഒന്നുണരണമെന്ന് ആശിച്ചു പോയി.'

       'അതിരിക്കട്ടെ താങ്കളുടെ അഭിലാഷമെന്താണ്.'

       'എനിക്ക് നോർദിയിലെത്തി മഹാനായ ലുഖ്മാനുൽ ഹഖീമി(റ)നെ ഒന്നു കണ്ടതിനു ശേഷം മരിച്ചാൽ കൊള്ളാമെന്നുണ്ട്.'

         'എങ്കിൽ ഈ മരുന്ന് കഴിക്കൂ. താങ്കളുടെ അഭിലാഷം ഞാൻ നിറവേറ്റിത്തരാം.'

        'അതിന് നിങ്ങൾ ലുഖ്മാനുൽ ഹഖീമിനെ കണ്ടിട്ടുണ്ടോ?'

        'അയാളെ കണ്ടിട്ടെന്തു കാര്യം.' ലുഖ്മാനവർകളുടെ ഈ മറുപടി ആഫഖീറിന് തീരെ പിടിച്ചില്ല.
(തുടരും)

No comments:

Post a Comment