ലുഖ്മാനുൽ ഹഖീം (റ) ഭാഗം:24


      നോർദി രാജാവ് ലുഖ്മാനുൽ ഹഖീമി(റ)ന്റെ നിത്യ സന്ദർശകനായിരുന്നു. മഹാൻ നൽകുന്ന ഉപദേശങ്ങൾ രാജാവ് ശ്രദ്ധാപൂർവ്വം കേൾക്കും. പക്ഷെ ഒരു കാര്യത്തിൽ അദ്ദേഹത്തിനു വിയോജിപ്പുണ്ടായി. ദേഹേച്ഛകളെ കടിഞ്ഞാണിടുന്ന കാര്യത്തിൽ മാത്രം. ഭൗതിക സുഖങ്ങൾ എന്തു കൊണ്ട് അനുഭവിച്ചു കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹം. നിദ്രാവിഹീനങ്ങളായ രാത്രികളാണ് ലുഖ്മാനവർകൾ നിർദ്ദേശിച്ചത്. ഉറങ്ങുന്നതിനു പകരം ആരാധനകളിൽ മുഴുകി ശരീരത്തെ സംസ്കരിച്ചെടുക്കുക. എന്നാൽ രാജാവിനു ഉറക്കമിളച്ചിരിക്കാൻ തീരെ സാധിക്കുന്നില്ല. അത്തരം കഠിന പരിശീലനങ്ങൾ ഒന്നും കൂടാതെത്തന്നെ ആത്മാവിനെ സംസ്കരിച്ചെടുക്കുവാൻ അല്ലാഹുവിന് കഴിയുകയില്ലെ എന്ന സംശയവും രാജാവിനുണ്ടായിരുന്നു. രാജാവിന്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കി ലുഖ്മാനുൽ ഹഖീം(റ) ഒരു തന്ത്രം പ്രയോഗിച്ചു. രാജാവ് ജോലിക്കാരിലൊരുവനെ വയലിൽ ഗോതമ്പുനടാൻ ഏൽപ്പിച്ചിരുന്നു ലുഖ്മാനവർകൾ ആ വേലക്കാരനെ വിളിച്ചു ഇപ്രകാരം പറഞ്ഞു: 'സുഹൃത്തെ, താങ്കൾ വയലിൽ ഗോതമ്പു നടുന്നതിനു പകരം ഇപ്രാവശ്യം കടല വിത്തുകൾ ന‌ടണം. രാജാവിൽ നിന്നും താങ്കൾക്ക് ഒരു ഭവിഷ്യത്തുമേൽക്കാതെ ബാക്കി ഞാൻ കൈകാര്യം ചെയ്തു കൊള്ളാം.' ലുഖ്മാനുൽ ഹഖീമി(റ)ൽ പൂർണ്ണ വിശ്വാസമുള്ള ആ വേലക്കാരൻ മഹാന്റെ നിർദ്ദേശപ്രകാരം കടല വിത്ത് കൃഷി ചെയ്തു. ദിവസങ്ങൾ നീങ്ങി. വയലിൽ കടലച്ചെടികൾ തലപൊക്കി, കഥയറിയാതെ രാജാവ് മിഴിച്ചു നിന്നു.

          രാജാവിനു കലിയിളകി. അദ്ദേഹം ഭൃത്യനെ വിളിപ്പിച്ചു. 'ഞാൻ ഗോതമ്പു വിതക്കാൻ പറഞ്ഞിട്ട് ഇവിടെ കാണുന്നത് കടലയാണല്ലോ. ഈ തെറ്റിനു നിനക്ക് തക്കതായ ശിക്ഷ  നൽകുന്നുണ്ട്.' അതുകേട്ട് അവിടെയുണ്ടായിരുന്ന  ലുഖ്മാനുൽ ഹഖീം(റ) പറഞ്ഞു.' തിരുമേനീ, ഈ വേലക്കാരനെ വെറുതെ ശിക്ഷിക്കരുത്. അവൻ വിതച്ചത് ഗോതമ്പുതന്നെയാണ്. പക്ഷെ മുളച്ചത് കടലയായിപ്പോയെന്ന് മാത്രം.'

     എന്ത്! ഗോതമ്പ് വിതച്ചിട്ട് കടലമുളക്കുകയോ, അസംഭവ്യം.'

   'ഇതിലെന്താണിത്ര അസംഭവ്യമായിട്ടുള്ളത്.'

         ' പ്രകൃതി വിരുദ്ധമായ കാര്യമാണിത്.'

    'അപ്പോൾ തിരുമേനിയല്ലെ പറഞ്ഞത് ആത്മാവിനെ സംസ്കരിച്ചെടുക്കാതെ മനുഷ്യനെ അല്ലാഹു സംസ്കരിച്ചെടുക്കുമെന്ന്.' രാജാവിനു കാര്യം മനസ്സിലായി. ലുഖ്മാനവർകൾ തന്നെ പരീക്ഷിക്കാൻ വേണ്ടി ചെയ്ത വേലയാണിതെന്ന് അദ്ദേഹം ഉറപ്പിച്ചു. തനിക്ക് തെറ്റുപറ്റിപ്പോയെന്നറിഞ്ഞ രാജാവ് മഹാനവർകളോട് മാപ്പിന്നപേക്ഷിച്ചു. അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയ രാജാവ് മഹാനവർകളുടെ എല്ലാ ഉപദേശങ്ങളും അക്ഷരംപ്രതി അനുസരിക്കാൻ തയ്യാറായി.
(തുടരും)

No comments:

Post a Comment