ലുഖ്മാനുൽ ഹഖീം (റ) ഭാഗം:23


   നോർദി എന്ന രാജ്യത്താണ് ലുഖ്മാനുൽ ഹഖീം(റ) എത്തിച്ചേർന്നത്. ലോകമാകെ ബഹുമാനിക്കുന്ന മഹാൻ. അല്ലാഹുവിന്റെ പൊരുത്തത്തിന് പാത്രീഭൂതനായ വലിയ്യ്. മഹാൻ നോർദിയിലെത്തിയ വിവരമറിഞ്ഞു ആൾക്കൂട്ടം ഓടിയടുത്തു. പലവിധ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർ ലുഖ്മാനവർകളുടെ സന്നിധിയിലെത്തി രോഗശമനം വരുത്തി സംതൃപ്തരായി തിരിച്ചുപോയി. വർഷങ്ങളോളം അടിമത്വത്തിൽ കഴിഞ്ഞിട്ടും ലുഖ്മാനുൽ ഹഖീമി(റ)ന്റെ നാമം ജനമനസ്സുകളിൽ നിന്ന് അകന്നു പോയിരുന്നില്ല. അവർ ആ മഹൽ സൂഫി എവിടെയെന്നന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കാലങ്ങൾ സഞ്ചരിച്ച് മഹാന്റെ സമീപമെത്താൻ ആളുകൾ മത്സരിച്ചു. നോർദിയിലെ ഭരണാധികാരിയായിരുന്നു ലുഖ്മാനവർകൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നത്. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ തന്നെയായിരുന്നു മഹാനവർകളുടെ താമസം., പലദേശങ്ങളിൽ നിന്നായി ഒട്ടനേകം ആളുകൾ അവിടെയെത്തി. പലരും ലുഖ്മാനവർകളുടെ ശിഷ്യത്വം സ്വീകരിച്ചു. ആ ഭരണാധികാരിയും ലുഖ്മാനവർകളെ വളരെയധികം സ്നേഹിക്കുകയും മഹാനവർകൾക്കു ശിഷ്യപ്പെടുകയും ചെയ്തു.

         കൊട്ടാരത്തിൽ അനുദിനം വരുന്ന ജനങ്ങളെ ഉൾക്കൊള്ളാതെ വന്നു. ലുഖ്മാനുൽ ഹഖീമി(റ)നു സ്വതന്ത്രമായി ഇരുന്ന് ഇബാദത്തുകൾ ചെയ്യുവാനും ചികിത്സ നടത്തുവാനും ഗവേഷണങ്ങളിലൂടെ പുതിയ മരുന്ന് കണ്ടു പിടിക്കുവാനും മറ്റൊരു താവളം അത്യാവശ്യമായി വന്നു. ഈ വസ്തുത മനസ്സിലാക്കിയ രാജാവ് കടലോരത്ത് വിശാലമായ കെട്ടിടങ്ങൾ നിർമ്മിച്ചു ലുഖ്മാനവർകൾക്കു സമ്മാനിച്ചു. ചുറ്റും മതിലുകൾ കെട്ടി ഒരു കോട്ട പോലെ പണിതുയർത്തിയ ആ കെട്ടിടങ്ങളിൾ ചികിത്സക്കും ഗവേഷണത്തിനും പ്രത്യേകം പ്രത്യേകം സൗകര്യങ്ങളുണ്ടായിരുന്നു. ഒരു പക്ഷെ ലോകത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജും പരീക്ഷണശാലയും ഇതായിരിക്കുകയില്ലെന്നാരു കണ്ടു.മഹാനവർകൾ ആ കോട്ടയിലേക്ക് താമസം മാറ്റി. ഒട്ടധികം ഗവേഷണ വിദ്യാർത്ഥികൾ അവിടെ വന്നു താവളമടിച്ചു. ദൈനംദിനം വന്നു മടങ്ങുന്ന രോഗികളുടെ നിര വളരെ കൂടുതലായിരുന്നു. കൂടാതെ നിത്യ സന്ദർശകരായി രാജാവും മറ്റു പല പ്രമുഖരും അവിടെ എത്തിച്ചേരുക പതിവായിരുന്നു. ആത്മ സംസ്ക്കരണമായിരുന്നു ലുഖ്മാനവർകൾ തന്റെ ശിഷ്യൻമാർക്ക് പരിശീലിപ്പിച്ചിരുന്നത്. കേവലം ശാരീരിക ചികിത്സക്കുള്ള പഠനമല്ല മഹാൻ നടത്തിയിരുന്നത്. ഭൗതികാവശ്യങ്ങൾക്കു വേണ്ടി എത്തിച്ചേരുന്നവരെ തിരിച്ചറിയുകയും മടക്കി അയക്കുകയും ചെയ്യുന്നത് അവിടെ നിത്യസംഭവമായിരുന്നു.

  ലുഖ്മാനുൽ ഹഖീം(റ) തന്റെ ശിഷ്യഗണങ്ങൾക്ക് ആത്മീയ കാര്യങ്ങൾ ഉപദേശിച്ചു കൊടുത്തു. 'ഭൗതിക സുഖ സൗഖകര്യങ്ങൾ വെറും ക്ഷണികമാണ്. അതിൽ ആകൃഷ്ടരായി വെറുതെ ജീവിതം നശിപ്പിച്ചു കളയരുത്. ഏതു പരീക്ഷണങ്ങളും പതറാതെ അതിജീവിക്കാൻ കഴിയണം.' വിദ്യാർത്ഥികളെ മാനസികമായി സംസ്കരിച്ചെടുത്തതിനു ശേഷം മാത്രമേ മഹാൻ ശാരീരിക രോഗങ്ങൾക്കുള്ള ചികിത്സകൾ അഭ്യസിപ്പിച്ചിരുന്നുള്ളൂ. ലുഖ്മാനുൽ ഹഖീമി(റ)ന്റെ ചികിത്സകൾ അധികവും സുലഭമായ പച്ചിലകൾ കൊണ്ടായിരുന്നു. അത്തരം പച്ചിലകളുടെ ഔഷധഗുണങ്ങൾ മനസ്സിലാക്കാനുള്ള ഗവേഷണവും അവിടെ തുടർന്നുകൊണ്ടിരുന്നു.
(തുടരും)

No comments:

Post a Comment