'നിർത്തൂ, അയാൾ നിരപരാധിയാണ്.' അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. കലികൊണ്ട് കണ്ണു കാണാതായ നാട്ടുകാർ ആദ്യം അവളുടെ വാക്കുകൾ ഗൗനിച്ചില്ല. പക്ഷെ അവൾ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി ശക്തമായ ഭാഷയിൽ സത്യം വെളിപ്പെടുത്തി. ആ നിരപരാധിയെ തല്ലിച്ചതച്ചതിൽ അവർക്കെല്ലാം കുറ്റബോധം തോന്നി. കുറ്റബോധം രോഷാഗ്നിയായി ആ യുവതിയുടെ നേർക്കു പടർന്നു. ചാട്ടവാറുകൾ യജമാനപുത്രിയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടാക്കി. മുറിവിന്റെ വേദനയിലുപരി തന്റെ കാമുകൻ രക്ഷപ്പെട്ടതിലുള്ള ആത്മസംതൃപ്തിയായിരുന്നു അവളുടെ മനസ്സിൽ. സ്വന്തം പിതാവും വീട്ടുകാരും നാട്ടുകാരുമെല്ലാം ആ പെണ്ണിനു നേർക്കു തിരിഞ്ഞപ്പോൾ ലുഖ്മാൻ(റ) അവശനാണെങ്കിലും കൈകൾ വീശി അവരെ വിലക്കി. ഏതോ പച്ചില പറിച്ചു കൊണ്ടുവരുവാൻ മഹാൻ പ്രയാസപ്പെട്ടു പറഞ്ഞു. ആരോ പച്ചില കൊണ്ടുവരികയും നിമിഷങ്ങൾക്കകം അതു കുത്തിപ്പിഴിഞ്ഞു മുറിവുകളിൽ പുരട്ടി. യുവതിക്കും പുരട്ടാൻ കൊടുത്തു. ലുഖ്മാനുൽ ഹഖീം(റ) പൂർണ്ണ ആരോഗ്യവാനായി എഴുന്നേറ്റിരുന്നു. യുവതിയുടെ ശരീരത്തിലെയും മുറിവുകളെല്ലാം അപ്രത്യക്ഷമായി. കൂടി നിന്നിരുന്നവർ അത്ഭുതം തുടിക്കുന്ന കണ്ണുകളുമായി മിഴിച്ചു നിന്നു.
'താങ്കൾ ആരാണ്? മഹാനായ ലുഖ്മാനുൽ ഹഖീമി(റ)നു മാത്രം സാധിക്കുന്ന സിദ്ധിയാണല്ലോ അങ്ങിവിടെ കാണിച്ചത്.' കൂട്ടത്തിലാരോ ചോദിച്ചു. ഇവിടെ സത്യം വെളിപ്പെടുത്താനുള്ള സന്ദർഭമാണ്. അല്ലാഹുവിന്റെ പരീക്ഷണം അവസാനിച്ചിരിക്കുന്നു. അല്ലാഹുവിൽ നിന്ന് അനുമതി ലഭിച്ചിരിക്കുന്നു. ലുഖ്മാനുൽ ഹഖീം(റ) ആ ജനക്കൂട്ടത്തെ നോക്കി ഉരുവിട്ടു. 'ഞാൻ തന്നെയാണ് ലുഖ്മാനുൽ ഹഖീം.'
ആ ജനങ്ങളുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ വിശദീകരിക്കാൻ പ്രയാസം. 'ലുഖ്മാനുൽ ഹഖീം' ആ നാമം കേൾക്കുമ്പോൾ അവർ പുളകിതരാകാറുണ്ട്. ആ മഹാനെ ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ എന്നു പലവുരു കൊതിച്ചിട്ടുണ്ട്. മഹാന്റെ ഉപദേശങ്ങൾ കേൾക്കാൻ കാതുകൾ ത്രസിച്ചിട്ടുണ്ട്. ആ ചികിത്സ ലഭിക്കാൻ രോഗമനുഭവപ്പെടുമ്പോഴെല്ലാം ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഈ രൂപത്തിലാണല്ലൊ തങ്ങൾക്ക് ലുഖ്മാനവർകളെ കണ്ടെത്താൻ കഴിഞ്ഞത്. എല്ലാവരും കൂടി മത്സരിച്ചു തല്ലിച്ചതച്ചത് ആ പൂമേനിയായിരുന്നല്ലോ. എല്ലാവരും ഭത്സനം ചൊരിഞ്ഞു തുപ്പിയത് ആ പൂമുഖത്തേക്കായിരുന്നല്ലോ. ഓർക്കും തോറും അവരുടെ മനസ്സ് നടുങ്ങി. ഇത്രയും കാലം ലുഖ്മാനുൽ ഹഖീമി(റ)നെ നേരിൽ കാണാൻ കൊതിച്ചു നടന്നവർ ഇപ്പോൾ മഹാനു നേരേ നോക്കാൻ മടിക്കുകയാണ്. പടച്ചവനേ ഞങ്ങൾ ഇത്രമാത്രം പാപികളായിത്തീർന്നല്ലോ. ആ ജനത വിലപിച്ചു. പക്ഷെ ലുഖ്മാനവർകൾക്ക് ഒരു ചാഞ്ചല്യവുമില്ല. ഇതെല്ലാം താൻ അനുഭവിക്കേണ്ടതു തന്നെ. ഈ മനുഷ്യർ അതിനൊരു നിമിത്തമായി എന്നു മാത്രം. അതായിരുന്നു ആ മഹാന്റെ ഉൾഗതി.
ലുഖ്മാനുൽ ഹഖീമി(റ)നെ ഇതുവരെയും അടിമയാക്കി വെച്ച് കഠിന ജോലി ചെയ്യിച്ച യജമാനന്റെ കാര്യമായിരുന്നു കഷ്ടം. വെറും നിസ്സാര കാരണങ്ങൾ മതി ചാട്ടവാറുകൊണ്ട് പ്രഹരിക്കാൻ. അങ്ങനെ എത്രയെത്ര പ്രഹരങ്ങളാണ് അയാൾ ലുഖ്മാനുൽ ഹഖീമി(റ)നെ ഏൽപ്പിച്ചത്. അന്നൊന്നും തന്റെ മുന്നിലുള്ള അടിമ മഹാനായ വലിയ്യാണെന്ന് സ്വപ്നത്തിൽ പോലും അയാളോർത്തില്ല. ഇപ്പോൾ ഈ നിമിഷം അയാൾക്ക് പശ്ചാത്താപം തോന്നി. അയാൾ മഹാനവർകളോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പിന്നപേക്ഷിച്ചു. ലുഖ്മാനവർകൾ യജമാനനോട് ഒരു വെറുപ്പും പ്രകടിപ്പിച്ചില്ല. അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. യജമാന പുത്രിയുടെ മാനസികവ്യാപാരങ്ങൾ മഹാനവർകൾ വായിച്ചറിയുന്നുണ്ടായിരുന്നു. ഒരു വിവാഹം തന്റെ ജീവിതത്തിൽ വിധിക്കപ്പെട്ടതാണ്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഈ യുവതിയെത്തന്നെ വിവാഹം കഴിക്കാം എന്ന് മഹാനവർകൾ മനസ്സുകൊണ്ട് തീരുമാനിച്ചു.
യൂസുഫ് നബി(അ)യെ കണ്ടമുതൽക്കു തന്നെ നബിയിൽ അനുരക്തയായ സുലൈഖാബീവിയുടെ കഥ നമുക്കറിയാം. ഈ യുവതിയുടെയും കഥ മറിച്ചായിരുന്നില്ല. ഒരുപാട് ആശിച്ചു. പ്രലോഭനങ്ങൾ കൊണ്ടു വശത്താക്കാൻ നോക്കി, നടന്നില്ല. ഒടുവിൽ തികച്ചും നിനച്ചിരിക്കാത്ത ഒരവസരത്തിൽ ഇതാ ലുഖ്മാനുൽ ഹഖീം(റ) തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ആ യുവകുസുമങ്ങളുടെ വിവാഹം സമംഗളം നടന്നു. നാട്ടുകാർക്കെല്ലാം സന്തോഷമായി. ലുഖ്മാനവർകളെ കാണാനും രോഗങ്ങൾക്ക് പ്രതിവിധി കാണാനും ധാരാളം പേർ ദൈനംദിനം അവിടെ എത്തിച്ചേർന്നുകൊണ്ടിരുന്നു. ഒട്ടധികം മാറാവ്യാധികൾ മഹാനവർകളുടെ നിസ്സാരമെന്നു തോന്നിക്കുന്ന മരുന്നുകളാൽ സുഖപ്പെട്ടു. പക്ഷെ ആ നാട്ടുകാരുടെ സൗഭാഗ്യം അധികകാലം നിലനിന്നില്ല. സർവ്വശക്തന്റെ കൽപ്പന ആ നാട് വിട്ടു പോകാനായിരുന്നു. ദിവ്യബോധനത്തിലൂടെ ലുഖ്മാനുൽ ഹഖീം(റ) അത് മനസ്സിലാക്കി. മഹാൻ പിന്നീടവിടെ നിന്നില്ല. നാട്ടുകാരെല്ലാം ഒന്നിച്ചാവശ്യപ്പെട്ടിട്ടും അവിടെ നിന്നു പുറപ്പെടുക തന്നെ ചെയ്തു. യാത്ര പുറപ്പെടുമ്പോൾ ലുഖ്മാനുൽ ഹഖീമി(റ)ന്റെ കൂടെ മഹാന്റെ പ്രിയ പത്നിയുമുണ്ടായിരുന്നു. ഒരുപാട് പരീക്ഷണങ്ങൾക്കു ശേഷം മഹാനവർകൾ ഇണയാക്കിയ ആ യുവസുന്ദരി.
(തുടരും)

No comments:
Post a Comment