ലുഖ്മാനുൽ ഹഖീം (റ) ഭാഗം:21


 വേനലും, മഞ്ഞും മഴയുമായി വർഷങ്ങൾ പലതും പൊഴിഞ്ഞു വീണു. പരീക്ഷണങ്ങൾ ഒരുപാട് അനുഭവിച്ച ലുഖ്മാനുൽ ഹഖീമി(റ)നു തന്റെ യഥാർത്ഥ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള സന്ദർഭമായി. അതും ഒരു പരീക്ഷണത്തിലൂടെ തന്നെ എന്നാണ് രക്ഷിതാവ് തീരുമാനിച്ചത്. യജമാനന്റെ മൂത്തപുത്രി വികാരവിവശയായ കണ്ണുകളുമായി ലുഖ്മാനുൽ ഹഖീമി(റ)നെ സമീപിച്ചു. അവൾ ലുഖ്മാനവർകളോട് പ്രണയാഭ്യർത്ഥന നടത്തി. ഇത്രകാലം അവളിൽ നിന്നും അകന്നു രക്ഷപ്പെട്ട മഹാന് ഇനിയും അത് അസാധ്യമായി തോന്നിയില്ല. 'ഹേ സുന്ദരീ പോകൂ. സുമുഖനായ ഒരു യുവാവിനെ വിവാഹം കഴിച്ചു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റൂ. എന്നെ എന്റെ വഴിക്കു വിടൂ.'

    'ഹേ അടിമേ, നിന്നിൽ അനുരുക്തയായിക്കഴിഞ്ഞ എനിക്ക് മറ്റൊരു പുരുഷന്റെ സാമീപ്യം പത്ഥ്യമായി തോന്നുന്നില്ല. ഞാൻ വിരലൊന്നു ഞൊടിച്ചാൽ ഒന്നല്ല ഒരായിരം യുവകോമളൻമാരെ എനിക്കു കിട്ടും. അതെല്ലാം ഒഴിവാക്കി കൊണ്ടാണ് ഞാൻ നിന്നെത്തേടിയെത്തിയത്. ഇനിയും എന്റെ ക്ഷമ പരീക്ഷിക്കാൻ തുനിയരുത്.' ലുഖ്മാനവർകൾ എന്തു ന്യായവാദങ്ങൾ ഓതിയിട്ടും കാമാന്ധയായ ആ യുവതി ഒരടി പിറകോട്ടു വെക്കാൻ തയ്യാറായില്ല. മഹാനെ ബലാൽക്കാരമായി തന്നിലേക്കടിപ്പിക്കാനാണ് അവൾ തുനിഞ്ഞത്. ഇനിയൊരു രക്ഷയുമില്ലെന്നു കരുതി മഹാനവർകൾ ബഹളം വെച്ച് ആളെക്കൂട്ടാൻ ഒരുങ്ങി. പക്ഷെ വെളുക്കാൽ തേച്ചത് പാണ്ഡായി എന്നു പറഞ്ഞതുപോലെ ആ ബഹളം വെക്കലും മഹാന് വിനയായി ഭവിക്കുകയായിരുന്നു.

        ആളുകൾ ഓടിക്കൂടുന്നത് കണ്ടപ്പോൾ ആ യുവതി അടവു മാറ്റി. സ്ത്രീകളിൽ അന്തർലീനമായിക്കിടക്കുന്ന കുതന്ത്രചിന്ത അവളുടെ തുണക്കെത്തി. അവൾ തന്റെ വസ്ത്രം വലിച്ചു കീറി. നഖം കൊണ്ട് കവിളിൽ ചോരപ്പാടുകളുണ്ടാക്കി. 'ഓടി വരണേ എന്നെ ഈ അടിമ ഉപദ്രവിക്കുന്നേ'. യജമാനപുത്രി അത്യുച്ഛത്തിൽ വിളിച്ചു പറഞ്ഞു. പിന്നെ പൂരം പറയാനുണ്ടോ. ഓടിക്കൂടിയവരെല്ലാം തങ്ങളുടെ കൈകരുത്ത്  ലുഖ്മാനവർകൾക്കു നേരേ പ്രയോഗിച്ചു. ദുഷ്ടൻ, ഉണ്ടചോറിനു നന്ദി കാണിക്കാത്തവൻ, സ്വന്തം യജമാനന്റെ മോളെ ബലാത്സംഗം ചെയ്യാൻ ഇവനെങ്ങിനെ ധൈര്യം വന്നു. ഇപ്രകാരം പറയുകയും അതോടൊപ്പം മഹാനവർകളെ കടുത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു. ഒരു പാട് മർദ്ദനങ്ങളേറ്റ ലുഖ്മാനുൽ ഹഖീ(റ) അവശനായി. ശരീരമാകെ പൊട്ടിയും മുറിഞ്ഞും നിലക്കാത്ത രക്തപ്രവാഹം തന്നെ. എഴുന്നേൽക്കാൻ പോലും ശേഷിയില്ലാതെ മഹാൻ തറയിൽ കിടന്നു. 'അല്ലാഹു അഹദ്' എന്ന ആത്മമന്ത്രം മാത്രം ആ മഹാപുരുഷന്റെ നാവിൽ നിന്നും ഉതിർന്നു കൊണ്ടിരുന്നു. നാട്ടുകാരുടെ കലിയടങ്ങിയില്ല. അവർ മർദ്ദനം തുടർന്നു കൊണ്ടേയിരു

     സത്യം പറഞ്ഞാൽ യജമാനന്റെ മൂത്തപുത്രി ലുഖ്മാനുൽ ഹഖീമി(റ)നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. താൻ ഖൽബിൽ ആരാധിച്ചിരുന്ന കനകവിഗ്രഹത്തെ നാട്ടുകാർ തല്ലിയുടക്കുന്നതു കണ്ടപ്പോൾ അവളുടെ ഹൃദയം വിങ്ങിപ്പൊട്ടി. വാസ്തവത്തിൽ പിടിക്കപ്പെടുമെന്നു കണ്ടപ്പോൾ സ്ത്രീ സഹജമായ ഒരടവ് പ്രയോഗിക്കുക മാത്രമാണവൾ ചെയ്തത്. പക്ഷെ അതിത്രത്തോളം ഗൗരവകരമാവുമെന്ന് ചിന്തിച്ചില്ല. ഇനിയും സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ ആ പാവത്തെ അവരെല്ലാം ചേർന്ന് തല്ലിക്കൊല്ലുമെന്ന് ആ യുവതി ഭയപ്പെട്ടു. അതിനനുവദിച്ചു കൂടാ, എന്തു സംഭവിച്ചാലും ശരി സത്യം തുറന്നു പറയുകതന്നെ എന്നവൾ തീരുമാനിച്ചു.
(തുടരും)

No comments:

Post a Comment