എന്തെല്ലാം പരീക്ഷണങ്ങൾ. എത്രയെത്ര പ്രതിബന്ധങ്ങൾ. ഏതെല്ലാം മർദ്ദനമുറകൾ. ഒക്കെയും ക്ഷമിച്ചും സഹിച്ചും കഴിഞ്ഞുകൂടുകയാണ് ലുഖ്മാനുൽ ഹഖീം(റ). രാത്രി മുഴുവൻ നിന്ന് നമസ്കരിക്കും. ഇടയിൽ എപ്പോഴെങ്കിലുമൊന്ന് മയങ്ങിയെങ്കിലായി. അത്തരം ഒരു മയക്കത്തിൽ മഹാനവർകൾ മനോഹരമായൊരു കിനാവു കണ്ടു. മനോഹരമായ ഒരു പറുദീസയിലാണിപ്പോൾ ലുഖ്മാൻ(റ). മനോജ്ഞമായ മണിസൗധങ്ങൾ തലഉയർത്തി നിൽക്കുന്നു. തറയിൽ ചിതറിക്കിടക്കുന്നത് നവരത്നങ്ങളാണ്. സുഖകരമായ ഒരു കാലാവസ്ഥ. പറവകളുടെ കളകൂജനം. അരുവികൾ കളകളാരവം മുഴക്കിക്കൊണ്ടിരിക്കുന്നു. മധുരിതഫലവർഗ്ഗങ്ങൾ എങ്ങും വിളഞ്ഞു നിൽക്കുന്നു. എന്ത് ആഗ്രഹിക്കുന്നുവോ അത് ക്ഷണനേരം കൊണ്ട് മുന്നിലെത്തുന്നു. കൽപ്പനകൾ കാത്തു ചുറ്റും നിൽക്കുന്ന ലലനാമണികൾ. 'ഹാ! എന്തൊരു അത്ഭുതം. എന്തൊരു സൗഖ്യം. ഈ സൗഖ്യങ്ങളെല്ലാം തനിക്കുള്ളതാണ്.' മദിപ്പിക്കുന്ന സുഗന്ധവാഹിയായ കാറ്റ് അളകങ്ങളെ തലോടി.
കിനാവിൽ ഏറ്റവും അതിശയിപ്പിക്കുന്ന മറ്റൊരു കാര്യവും കൂടി ലുഖ്മാനവർകൾ ദർശിക്കാനിടയായി. അതി മനോഹരമായൊരു കനകവിഗ്രഹം. സൗന്ദര്യ ധാമങ്ങൾ അതു തേച്ചുമിനുക്കുകയാണ്. ലുഖ്മാൻ(റ) അവരോട് അതിന്റെ കാരണമാരാഞ്ഞു. അവർ പറഞ്ഞു. ' അങ്ങയുടെ രൂപമാണിത്. ഈ രൂപത്തെ തേച്ചുമിനുക്കുന്നത് ഞങ്ങൾ വർഷങ്ങളോളം തുടരും.' മഹാനവർകളുടെ മനസ്സിൽ വസ്തുതകൾ ഉരുത്തിരിഞ്ഞ് വന്നു. മഹാൻ അല്ലാഹുവിന് സുജൂദ് ചെയ്തു. സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ വീണ്ടും സർവ്വശക്തനെ സ്തുതിക്കുകയും അവനു ഇബാദത്തുകൾ വർദ്ധിപ്പിക്കുകയും ചെയ്തു. അടിമയായി ജീവിക്കുകയാണെങ്കിലും കിട്ടുന്ന അവസരമെല്ലാം മഹാൻ പാവപ്പെട്ട രോഗികളെയും മറ്റും ചികിത്സിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു ദിവസം ജോലികളെല്ലാം തീർത്ത് അങ്ങാടിയിൽ പോയി തിരിച്ചു വരുമ്പോഴാണ് ഒരു ദീനവിലാപം മഹാന്റെ കർണ്ണപുടങ്ങളിൽ പതിച്ചത്. 'ഓടി വരണേ, എന്നെ കൊല്ലുന്നേ'. ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി ലുഖ്മാനവർകൾ ഓടിച്ചെന്നു. അവിടെ ഒരാൾക്കൂട്ടമാണ് മഹാന്റെ ദൃഷ്ടിയിൽ പെട്ടത്. മഹാനവർകൾ അരികത്തൊരിടത്ത് മാറി നിന്ന് അവിടെ നടക്കുന്ന സംഭവങ്ങൾ മനസ്സിലക്കി. ദേവപ്രീതിക്കായി മനുഷ്യനെ ബലിയർപ്പിക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. അത്തരമൊരു മനുഷ്യബലിക്കുള്ള ഒരുക്കമാണ് ലുഖ്മാനവർകൾ അവിടെ കണ്ടത്. ഒരു കൗമാരപ്രായക്കാരനെയാണ് ബലിക്കല്ലിൽ നിർത്തിയിരിക്കുന്നത്. ആ ബാലൻ കാറിക്കരഞ്ഞുകൊണ്ട് സഹായാഭ്യർത്ഥന നടത്തുകയാണ്. ഈ അവസാന നിമിഷത്തിലെങ്കിലും ആരെങ്കിലും വരും, തന്നെ രക്ഷപ്പെടുത്തും എന്ന പ്രത്യാശയുടെ തിളക്കം ആ കുട്ടിയുടെ കണ്ണുകളിൽ ലുഖ്മാനുൽ ഹഖീം(റ) വായിച്ചെടുത്തു.
(തുടരും)

No comments:
Post a Comment