ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. ലുഖ്മാനുൽ ഹഖീമി(റ)നെ ഒരുപാട് പഴിച്ചെങ്കിലും വേലക്കാരിപ്പെണ്ണിന്റെ ജീവൻ രക്ഷിച്ചതിന്റെ പേരിൽ മഹാനെ അവർ ഉപദ്രവിക്കാതെ വിട്ടു. പതിവുപോലെ അന്നും ജോലികളെല്ലാം കഴിഞ്ഞ ശേഷം ലുഖ്മാൻ(റ) തൊഴുത്തിന്റെ വരാന്തയിൽ ഏകനായി അല്ലാഹുവിന് ഇബാദത്തുകൾ ചെയ്തു കൊണ്ടിരുന്നു. ഒരപരിചിതൻ മഹാനെ സമീപിച്ചു.
'ഹേ ലുഖ്മാൻ, താങ്കൾക്ക് ഈ ജീവിതം മടുത്തുവോ?'
'ഇല്ല, മടുപ്പ് എനിക്കൊട്ടും ബാധിച്ചിട്ടില്ല'.
'ദുരിത പൂർണ്ണമായ ഈ ജീവിതം ഒന്നവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്നു താങ്കളാഗ്രഹിക്കുന്നുണ്ടോ?'
'ഒരിക്കലുമില്ല. ഈ ജീവിതം ദുരിതപൂർണ്ണമായി എനിക്കു തോന്നിയിട്ടില്ല.'
'എങ്കിൽ പത്ത് കൊല്ലം കൂടി താങ്കൾ ഈ നിലയിൽ തുടരണമെന്നാണ് റബ്ബിന്റെ തീരുമാനം.'
'അല്ലാഹുവിന്റെ വിധി എന്തുതന്നെയായാലും അതെനിക്ക് മധുരതരമായ ഒരനുഭവമാണ്.'
' പത്ത് കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും താങ്കൾ ആരാണെന്ന് വെളിപ്പെടുത്തരുത്. വെളിപ്പെടുത്തിയാൽ ഈ ദുരിതമെന്ന പരീക്ഷണം താങ്കൾക്കന്യമാകും. ദുനിയാവിലെ സൗഭാഗ്യങ്ങൾ അനുഭവിക്കേണ്ടി വരും'.
'ഇല്ല, അല്ലാഹുവിന്റെ അനുമതിയുണ്ടാകുന്നതുവരെ ഞാനാരാണെന്നു വെളിപ്പെടുത്തുകയില്ല.' അത് കേട്ട ആഗതൻ തിരിച്ചു പോയി. അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് ലുഖ്മാനുൽ ഹഖീമി(റ)ന്റെ സാന്നിദ്ധ്യത്തിലെത്തിയ ഒരു മലക്കായിരുന്നു അത്
യജമാനന്റെ മൂത്ത മകളെക്കൊണ്ടുള്ള ശല്യം കൂടി വന്നു. സുന്ദരിയായ ആ പെണ്ണ് ഈ അടിമയിൽ ആകൃഷ്ടയാവാൻ കാരണമെന്തായിരിക്കും? ഒരു ദിവസം അനുജത്തിമാരെല്ലാം വെളിയിലെവിടെയോ പോയ തക്കം നോക്കി അവൾ അണിഞ്ഞൊരുങ്ങി. പട്ടുവസ്ത്രങ്ങളും കനകാഭരണങ്ങളും അണിഞ്ഞപ്പോൾ അവളുടെ സൗന്ദര്യം പതിൻമടങ്ങ് വർദ്ധിച്ചു. ആരോഗ്യമുള്ള ഏതു ചെറുപ്പക്കാരനും ഈ സന്ദർഭത്തിൽ അവളെ കണ്ടാൽ സ്വന്തമാക്കാൻ കൊതിക്കുക തന്നെ ചെയ്യും. ഈ വേഷത്തിൽ തന്നെ അടിമ കണ്ടാൽ അവൻ തന്റെ അഭീഷ്ടം സാധിപ്പിച്ചു തരാൻ തയ്യാറാകുമെന്ന് ആ യുവതിക്കു തോന്നി. അവൾ അടിമയെ തന്റെ അറയിലേക്ക് വിളിപ്പിച്ചു. പെണ്ണിന്റെ ദുരുദ്ദേശ്യമൊന്നും ലുഖ്മാനുൽ ഹഖീമി(റ)നു മനസ്സിലായില്ല. താനൊരടിമ. യജമാനന്റെ മകൾ വിളിച്ചാൽ പോകണം. അതു കൊണ്ട് പോകുന്നു. അടിമ അറയിലെത്തിയപ്പോൾ ആ സുന്ദരി വശ്യമനോഹരമായ രീതിയിൽ കുണുങ്ങിച്ചിരിച്ചു. അവളുടെ വേഷത്തിലേക്കോ ഭാവത്തിലേക്കോ ലുഖ്മാ(റ)ന്റെ മിഴികൾ ചിന്തിച്ചില്ല. നിഷിദ്ധമായത് കാണാനുള്ള കണ്ണ് മഹാന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വിലക്കപ്പെട്ടത് കേൾക്കാനുള്ള ശ്രവണശക്തി മഹാനിൽ നിന്നും എടുത്തുകളയപ്പെട്ടിരുന്നു. പെണ്ണിന്റെ ചാപല്യങ്ങളിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ ലുഖ്മാൻ(റ) ചോദിച്ചു:
' എന്തിനാണ് എന്നെ വിളിപ്പിച്ചത് ?'
'നീ ഈ മുറിയൊന്ന് വൃത്തിയാക്ക്.' മുറി വൃത്തിയാക്കുന്നതിനിടയിൽ അവളുടെ മിഴികൾ മഹാനെ കഴുകനെപ്പോലെ കൊത്തിവലിക്കാൻ തുടങ്ങി. അടിമയെ നോക്കും തോറും അവളുടെ അഭിനിവേശം ആളിപ്പടരാൻ തുടങ്ങി. ഒരു നിമിഷം മുറി വൃത്തിയാക്കുന്ന ലുഖ്മാനെ(റ) അവൾ കേറിപ്പിടിച്ചു. മൃദുലമായ ആ സ്പർശനം വാളുകൊണ്ടതു പോലെയാണ് ലുഖ്മാന്(റ) അനുഭവപ്പെട്ടത്. മഹാൻ ഒരൊറ്റ കുടയൽ. ആ സുന്ദരിപ്പെണ്ണ് അതാ കിടക്കുന്നു ദൂരെ. അവളുടെ ശരീരമാകെ മുറിഞ്ഞ് ചോരയൊഴുകുന്നു. നിമിഷനേരം കൊണ്ട് പെണ്ണ് അബോധാവസ്ഥയിലായി. ലുഖ്മാൻ(റ) തെല്ലും ശങ്കിച്ചു നിന്നില്ല. പച്ചിലകൾ പറിച്ചെടുത്ത് പിഴിഞ്ഞ് അവളുടെ മുറിവുകൾ സുഖപ്പെടുത്തി. യുവതി പൂർണ്ണാരോഗ്യത്തോടു കൂടി എഴുന്നേറ്റിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾക്ക് ഒരു കുറ്റബോധവുമുണ്ടായില്ല എന്നതാണ് കഷ്ടമായത്. അവൾ പറഞ്ഞു: 'എടോ അടിമേ, നിന്നെ ഞാൻ വെറുതെ വിടുകയില്ല. ഇപ്പോൾ നിനക്ക് പോകാം. മറ്റൊരവസരത്തിൽ എന്റെ അഭീഷ്ടം നീ നിറവേറ്റിത്തരണം. അല്ലാത്തപക്ഷം നിന്നെ ഞാൻ നാണക്കേടിലാക്കും.' രക്ഷപ്പെട്ടതു ഭാഗ്യം എന്നു നിനച്ച് ലുഖ്മാൻ(റ) അവിടെ നിന്നും ഇറങ്ങിയോടി.
(തുടരും)

No comments:
Post a Comment