യജമാനനുവേണ്ടി അടിമവേല ചെയ്തു കൊണ്ട് ലുഖ്മാനുൽ ഹഖീം(റ) നാളുകൾ നീക്കി. ഒഴിവു സമയങ്ങളിൽ മഹാൻ തന്റെ യഥാർത്ഥ യജമാനനായ അല്ലാഹുവിന് ആരാധനകളർപ്പിച്ചു കൊണ്ട് റബ്ബിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ആ മണിമാളികയിൽ ഒരു സംഭവമുണ്ടായി. അവിടെയുള്ള ഒരു വേലക്കാരി വീണു കഴുത്തൊടിഞ്ഞു. നിലക്കാത്ത രക്തപ്രവാഹം. വിദഗ്ദരായ വൈദ്യൻമാർ എത്തിച്ചേർന്നു. പലവിധ മരുന്നുകൾ പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. നിമിഷങ്ങൾക്കകം ആ സ്ത്രീ മരണപ്പെടുമെന്ന് വൈദ്യന്മാർ വിധിയെഴുതി. ഇതെല്ലാം കണ്ട് കൊണ്ട് ലുഖ്മാനുൽ ഹഖീം(റ) ഒരു മൂലയിൽ ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇവിടെ ശങ്കിച്ചു നിന്നിട്ടു കാര്യമില്ല. ജീവകാരുണ്യ പ്രവർത്തനം അനിവാര്യമായിത്തീർന്നിരിക്കുന്നു എന്നു മനസ്സിലാക്കിയ മഹാനവർകൾ പെട്ടെന്നു അടുത്തുള്ള കാട്ടിലേക്കോടി. ചില പച്ചമരുന്നുകൾ പറിച്ചു കൊണ്ടുവന്നു.
എല്ലാവരും പരാജയപ്പെട്ട അവസരത്തിൽ ആ അടിമയുടെ പരീക്ഷണം മുഖ്യഭിഷഗ്വരൻമാർക്കെല്ലാം ചിരിക്കു വകനൽകുന്നതായിരുന്നു. ആയുസ്സ് ബാക്കിയുണ്ടെങ്കിൽ തിരിച്ചെടുക്കാൻ കഴിവുള്ള പ്രഗത്ഭമതികൾക്കൊന്നും കഴിയാത്തത് ഈ അടിമക്ക് സാധിക്കുമെന്നോ? അവനതാ പറയുന്നു പരീക്ഷിച്ചു നോക്കട്ടെയെന്ന്. എങ്കിലും മുങ്ങിച്ചാകാൻ പോകുന്നവന് പുൽക്കൊടി എന്നു പറഞ്ഞതുപോലെ ലുഖ്മാനുൽ ഹഖീമിന്റെ ചികിത്സ ഒന്നു പരീക്ഷിച്ചു നോക്കാം എന്ന് ആ യജമാനൻ കരുതി. സമ്മതം കിട്ടിയ ഉടനെ പച്ചിലച്ചാറ് ഒടിഞ്ഞ കഴുത്തിലും മുറിവിലും പുരട്ടി. അത്ഭുതം! ഒന്നും സംഭവിക്കാത്തതുപോലെ ആ യുവതി എഴുന്നേറ്റിരുന്നു. മുറിവിന്റെ ഒരു കലപോലും കാണുന്നുണ്ടായിരുന്നില്ല. അവിടെ കൂടിയിരുന്നവരെല്ലാം അത്ഭുതം കൊണ്ട് മിഴിച്ചിരുന്നു പോയി. പരിസരബോധം വന്നപ്പോൾ അവരെല്ലാം ആ അടിമയെ വളഞ്ഞു. നിനക്കീ മരുന്നെവിടെ നിന്നു കിട്ടി? ആരാണീ വൈദ്യോപദേശം തന്നത്? ഇത്തരം ചോദ്യങ്ങൾ കൊണ്ടവർ മഹാനവർകളെ വീർപ്പുമുട്ടിച്ചു. ലുഖ്മാനുൽ ഹഖീമി(റ)ന്റെ മനസ്സിൽ ഭീതിയുടെ കനലാട്ടമുണ്ടായി. തന്റെ ഉള്ളുകള്ളികൾ വെളിപ്പെടുമോ എന്നുള്ളതായിരുന്നു മഹാനവർകളുടെ ഭയത്തിനു കാരണം. എങ്കിലും യാതൊരു ഭാവഭേദവും പുറത്തു കാണിക്കാതെ മഹാനവർകൾ പറഞ്ഞു: 'ഈ ഔഷധം വഴിയിൽ വെച്ച് എനിക്കൊരാൾ തന്നതാണ് '.
ഭിഷഗ്വരൻമാരും സാധാരണക്കാരും അവിടെ കൂടിയിരുന്ന ജനങ്ങൾ മുഴുവനും ആശ്ചര്യഭരിതരായി ലുഖ്മാനുൽ ഹഖീമി(റ)നെത്തന്നെ നോക്കി നിൽക്കുകയയാണ്. വാസ്തവത്തിൽ അത് ലുഖ്മാനുൽ ഹഖീമാ(റ)ണെന്ന് അവർക്കാർക്കും അറിയുകയില്ലല്ലോ. വെറുമൊരു നീഗ്രോ അടിമ. അയാളിൽ നിന്ന് ഇത്തരമൊരു സിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കാൻ മാത്രം മഠയരല്ലല്ലോ അവിടെ കൂടിയിരുന്നവർ. ഒരു പക്ഷെ ഈ അടിമക്ക് മരുന്ന് പറിച്ചു കൊടുത്തത് സാക്ഷാൽ ലുഖ്മാനുൽ ഹഖീമാ(റ)ണെങ്കിലോ. എങ്കിൽ മഹാനവർകളെ ഈ അടിമ വിട്ടു കളഞ്ഞല്ലോ. എല്ലാവർക്കും അടിമയോടായി ദേഷ്യം. നീയെന്തിനാ ആ ദിവ്യപുരുഷനെ വെറുതെ വിട്ടത്? ഇത്ര മാത്രം മഹത്വമുള്ള ഒരാൾ നമ്മുടെ നാട്ടിലുണ്ടായാൽ അതിന്റെ ഐശ്വര്യം പറയാനുണ്ടോ? ആ മഹാൻ ഇപ്പോൾ എവിടെയാണുള്ളത്? ലുഖ്മാൻ(റ) ഒട്ടും പതറിയില്ല. മഹാൻ പറഞ്ഞു: 'എനിക്ക് മരുന്നു തന്നയുടനെ അയാൾ അപ്രത്യക്ഷനായി '.
'എടോ മഠയാ, നിനക്കദ്ദേഹത്തെ കൂട്ടി കൊണ്ടുവരാമായിരുന്നില്ലെ. അല്ലെങ്കിലും ഇത്തരം വിവരംകെട്ട അടിമകൾക്ക് മഹാത്മാക്കളുടെ കഴിവിനെ കുറിച്ചും ബഹുമതിയെക്കുറിച്ചും എന്തറിയാനാണ്.' ലുഖ്മാനുൽ ഹഖീം(റ) അവരുടെ പ്രതികരണങ്ങളെല്ലാം കേട്ട് മൗനം പാലിച്ചു. ഏതെങ്കിലും രൂപത്തിൽ താനാരാണെന്ന് അവർ മനസ്സിലാക്കിയാൽ പിന്നെ ഈ ഏകാന്തതയും മാനസിക സൗഖ്യവുമെല്ലാം നഷ്ടപ്പെടും. അതിനിടയാവരുത് എന്നു മാത്രമേ മഹാൻ ആഗ്രഹിച്ചിരുന്നുള്ളു. അതുകൊണ്ടാണ് ആ രീതിയിൽ സംസാരിക്കേണ്ടി വന്നത്.
(തുടരും)

 
No comments:
Post a Comment