യജമാനന്റെ പുത്രിമാരിൽ മൂത്തവൾ മാത്രം അടിമയുടെ വാക്കുകൾ കേട്ട് പിന്തിരിയാനൊരുങ്ങി. എന്നാൽ ഇളയ രണ്ടു പെൺകുട്ടികളും ലുഖ്മാനുൽ ഹഖീമി(റ)ന്റെ നേരെ തിരിഞ്ഞു: 'എടോ, താൻ വാതിൽ തുറന്നു തരുന്നുണ്ടോ?' അവർ അവസാനവാക്കെന്നോണം ചോദിച്ചു. 'ഇല്ല, എനിക്കതിനു സാധ്യമല്ല.' പറഞ്ഞു തീർന്നതും പെൺകുട്ടികൾ ലുഖ്മാനെ(റ) മർദ്ദിക്കാൻ തുടങ്ങി. മൂത്തവൾ കഴിയുന്നത്ര തടയാൻ നോക്കിയെങ്കിലും അവർ പിന്തിരിഞ്ഞില്ല. മർദ്ദനം കൊണ്ട് മഹാനവർകളുടെ ശിരസ്സ്പൊട്ടി. രക്തം ധാരധാരയായി ഒഴുകി. പക്ഷെ അതെല്ലാം സഹിച്ച് സർവ്വശക്തനായ അല്ലാഹുവിനെ സ്മരിച്ച് ലുഖ്മാൻ(റ) ഒരേയിരിപ്പു തുടർന്നു. പെൺകുട്ടികളോട് മഹാനവർകൾക്ക് ഒരു വെറുപ്പും തോന്നിയില്ല. ഇതെല്ലാം താൻ അനുഭവിക്കേണ്ടതാണല്ലൊ എന്ന ചിന്തയായിരുന്നു മഹാന്. ഒടുവിൽ എപ്പോഴോ പെൺകുട്ടികൾ പിൻവാങ്ങി. അതുവരെയും മഹാൻ പ്രതികരിക്കാതെ മർദ്ദനങ്ങൾ സഹിച്ചു കൊണ്ടിരുന്നു.
നാളുകൾ ചിലതു കഴിഞ്ഞു. വിദേശയാത്ര കഴിഞ്ഞു യജമാനൻ തിരിച്ചെത്തി. തന്നെ ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി നിർവ്വഹിച്ചതിൽ ലുഖ്മാനുൽ ഹഖീം(റ) അല്ലാഹുവിന് സ്തുതികളർപ്പിച്ചു. യജമാനന്റെ മൂത്ത പുത്രിയുടെ ശല്യം മഹാന് ഇടക്കിടെ അനുഭവപ്പെട്ടു. ആ യുവാവിനെ അവൾ മനസ്സിൽ വെച്ചാരാധിച്ചു. അടിമയെ എങ്ങനെയെങ്കിലും വശപ്പെടുത്തി തന്റെ ഇംഗിതം നിറവേറ്റാൻ അവൾ കൊതിച്ചു. പലവിധ പ്രലോഭനങ്ങളുമായി അവൾ മഹാനവർകളെ സമീപിക്കും. പക്ഷെ അതിൽ നിന്നെല്ലാം ലുഖ്മാൻ(റ) ഒഴിഞ്ഞു മാറി. ചിലപ്പോൾ മധുര പലഹാരങ്ങളുമായിട്ടായിരിക്കും അവളുടെ വരവ്. വളരെ അനുനയ സ്വരത്തിലായിരിക്കും സംസാരം. അതൊന്നും ഫലിക്കുന്നില്ലെന്നു കണ്ടാൽ ചുവടുമാറ്റിച്ചവിട്ടും. 'നീ എന്റെ അടിമയാണ്. ഞാൻ ആവശ്യപ്പെടുന്നതെന്തും നിറവേറ്റിത്തരുവാൻ നീ ബാധ്യസ്ഥനാണ് '. എന്നുള്ള നിലക്ക് അധികാര സ്വരം പുറപ്പെടുവിക്കും. ലുഖ്മാനുൽ ഹഖീം(റ) അതിനു വഴങ്ങുന്നില്ലെന്നു കാണുമ്പോൾ ഭീഷണിയുടെ സ്വരമായിരിക്കും ആ യുവതി മുഴക്കുക.
'ഹേ അടിമേ, ഞാൻ നിന്നെ അഗാധമായി സ്നേഹിക്കുന്നു. ഈ ഏകാന്തതയിൽ നമുക്കൊന്നു ചേരാം. ആ സൗഭാഗ്യ പറുദീസയിൽ നമുക്ക് ആനന്ദസാമ്രാജ്യം പണിയാം.'
' യജമാനപുത്രി, നിന്റെ അഭീഷ്ടത്തിനു വഴങ്ങാൻ എനിക്കു സാധിക്കുകയില്ല. പാപത്തിലേക്കു വഴുതി വീഴുന്നതിൽ നിന്നു അല്ലാഹുവിനോട് ഞാൻ കാവലിനെ ചോദിക്കുന്നു.'
'എടോ അടിമേ, നിന്റെ നിഷേധാത്മക നിലപാട് എന്റെ കലിയിളക്കുകയാണ്. നോക്കൂ നീയെന്നെ അനുസരിക്കാൻ തയ്യാറില്ലെങ്കിൽ ഒരുപാട് പ്രത്യാഘാതങ്ങൾ സഹിക്കാൻ ഒരുങ്ങി നിൽക്കുക.'
'മരണം തന്നെ സംഭവിച്ചാലും അരുതാത്ത കാര്യത്തിനു ഞാൻ കൂട്ടുനിൽക്കുകയില്ല.'
ഇങ്ങനെ പല പ്രാവശ്യം ആയജമാനത്തിപ്പെണ്ണ് നിരാശയായി മടങ്ങി.
(തുടരും)

No comments:
Post a Comment