ലുഖ്മാനുൽ ഹഖീം (റ) ഭാഗം:15


        'അതെന്താ, ഇവൻ നമ്മുടെ അടിമയല്ലെ മോളെ'.

        'സാധാരണ അടിമകളെ പോലെയല്ല ഇവൻ. എന്ത് ഭാരിച്ച ജോലി ഏൽപ്പിച്ചാലും ഒരു മടിയും കൂടാതെ ചെയ്തു തീർക്കും.'

         'ഓ! നിനക്ക് അത്രക്കങ്ങ് ഇഷ്ടമായെങ്കിൽ അവനെ വിവാഹം കഴിക്കുന്നതാണ് നല്ലത്. ഒരു ശുപാർശക്കാരി വന്നിരിക്കുന്നു.' അതിനു ശേഷം അയാൾ വീടിനുള്ളിലേക്ക് പോയി. ബാപ്പയുടെ വാക്കുകൾ അവളുടെ ഹൃദയത്തിലെവിടെയോ ഉടക്കി. ദൃഢഗാത്രനായ ആ അടിമയെ കണ്ട നാൾ മുതൽക്കു തന്നെ അവളുടെ മനസ്സിൽ അടിമയോട് ഒരു പ്രത്യേകത തോന്നിയിരുന്നു. ബാപ്പ കളിയാക്കി പറഞ്ഞതാണെങ്കിലും ആ അടിമയെ ഭർത്താവായി അവൾ സങ്കൽപ്പിച്ചു നോക്കി. ഖൽബിൽ മധുരാനുഭൂതികൾ പടർന്നു. അവളിൽ ഗാഢമായൊരു പ്രണയം മൊട്ടിടുകയായിരുന്നു. ലുഖ്മാനുൽ ഹഖീം(റ) ഉറക്കത്തിൽ പോലും ചിന്തിക്കാത്ത കാര്യം ആ പ്രഭുകുമാരി മനസ്സിൽ താലോലിക്കാൻ തുടങ്ങുകയായിരുന്നു.

  മകളുടെ ഇടപെടലിനെ തുടർന്ന് യജമാനൻ പിൻവാങ്ങി. രക്തമൊലിച്ചുകൊണ്ട് ലുഖ്മാൻ(റ) തന്റെ കീറച്ചാക്കിൽ കുനിഞ്ഞിരുന്നു. മനസ്സിൽ നൊമ്പരവുമായി യജമാനപുത്രി മഹാനവർകളെ സമീപിച്ചു കൊണ്ട് ചോദിച്ചു:'ഹേ നിങ്ങൾക്ക് ശരീരമാകെ ചോരയൊലിക്കുന്നുണ്ടല്ലോ? മുറിവുകൾ നല്ല വേദനയുണ്ടോ?' ആ സുന്ദരിപ്പെണ്ണിന്റെ മധുര സ്വരം ലുഖ്മാനുൽ ഹഖീമി(റ)ൽ ഒരു വികാരവും ഉണർത്തിയില്ല. അവളുടെ സാന്ത്വനം മഹാനവർകൾക്ക് ഏശിയില്ല. എങ്കിലും സാമാന്യ മര്യാദക്കെന്നവണ്ണം മഹാൻ പറഞ്ഞു: 'സഹോദരി, എന്നെ മർദ്ദിച്ചത് എന്റെ താൽക്കാലിക യജമാനനാണ്. അദ്ദേഹത്തിന്റെ മർദ്ദനങ്ങൾ എത്ര കഠിനമായാലും സഹിക്കേണ്ടത് എന്റെ ബാധ്യതയാണ്.'

         'എങ്കിലും എന്റെ ബാപ്പ ചെയ്തത് തീരെ ശരിയായില്ല. ഇത്രയധികം ക്രൂരനാകാൻ അദ്ദേഹത്തിനെങ്ങനെ കഴിഞ്ഞു.'

         'ഭവതി, സ്വന്തം പിതാവിനെ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കരുത്. അർഹതപ്പെട്ടതു മാത്രമേ എനിക്കു ലഭിച്ചിട്ടുള്ളൂ.'

       'താങ്കളുടെ മുറിവുകളിൽ മരുന്നു പുരട്ടിത്തരുവാൻ എന്നെ അനുവദിക്കാമോ?'

        'ഞാനൊരു യുവാവ്, നീയൊരു യുവതി. നാം തമ്മിൽ പരസ്പരം സ്പർശനം പാടില്ല.'

          ' ഞാൻ പറയുന്നത് അനുസരിക്കാൻ ബാധ്യതയുള്ള അടിമയാണ് നീ എന്നോർക്കണം.'

         ' ന്യായമായ എന്തും ഞാൻ അനുസരിക്കും'. ആ യുവതിക്ക് ലുഖ്മാനുൽ ഹഖീമി(റ)നോടുള്ള സ്നേഹം കൂടുകയാണ് ചെയ്തത്. മറ്റേതു അടിമയാണെങ്കിലും ഈ അവസരം വിനിയോഗിക്കും. യജമാന പുത്രിയോടൊത്തു സ്വർഗ്ഗീയ സുഖമനുഭവിക്കാനുള്ള അസുലഭ സന്ദർഭം പാഴാക്കാൻ ധൈര്യം കാണിച്ച ഈ അടിമ സാധാരണക്കാരനല്ലെന്നു അവളുടെ അന്തരംഗം മന്ത്രിച്ചു.

          'യുവതീ, നീയെന്തറിയുന്നു. പരിശുദ്ധദീനിന്റെ സകല സംഹിതകളും മന:പാoമാക്കിയ മഹാനായ ലുഖ്മാനുൽ ഹഖീമാ(റ)ണ് നിന്റെ മുന്നിലിരിക്കുന്ന ഈ അടിമ. വൈദ്യശാസ്ത്രത്തിനു അജ്ഞാതമായ പല ചികിത്സകളും വശത്താക്കിയ മഹത്വത്തിനുടമായാണ് ഈ മനുഷ്യൻ. വേണമെങ്കിൽ സ്വന്തം ശരീരത്തിലെ മുറിപ്പാടുകൾ ഒരു തലോടൽ കൊണ്ട് മായ്ച്ചുകളയുവാൻ കെൽപ്പുള്ള ഭിഷഗ്വരനാണ് ഈ യുവാവ്. എല്ലാം മറച്ചുവെച്ച് ഭൗതിക മൂശയിലിട്ട് സ്വന്തം ശരീരത്തെ ഊതിക്കാച്ചിയെടുക്കാനുള്ള ബദ്ധപ്പാടിലാണ് ആ മഹാനുഭാവൻ'.
(തുടരും)

No comments:

Post a Comment