പലരുവോളം നിദ്രാവിഹീനനായി ആരാധനയിൽ മുഴുകിയെങ്കിലും അതിന്റെ ക്ഷീണമൊന്നും മഹാൻ പ്രകടിപ്പിച്ചില്ല.
യജമാനൻ പറയുന്ന ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ ലുഖ്മാനവർകൾ പ്രത്യേകം ശ്രദ്ധിച്ചു. മുമ്പു ചെയ്തു പരിചയമില്ലാത്ത ജോലികളായിരിന്നിട്ടുപോലും അൽപ്പം പോലും വീഴ്ച വരുത്താതെ വളരെ വൃത്തിയോടുകൂടി നിർവ്വഹിച്ചു. എല്ലാവരും സുഖസുഷുപ്തിയിൽ ലയിക്കുന്ന ഏകാന്തതയിലാണ് ലുഖ്മാനവർകൾ ആരാധനകൾ നിർവ്വഹിച്ചിരുന്നത്. തന്റെ പ്രവർത്തനങ്ങൾ ആരുടെയും ദൃഷ്ടിയിൽ പെടരുതെന്ന് മഹാനവർകൾക്ക് നിർബന്ധമുണ്ടായിരുന്നു. എങ്കിലും ഒരു ദിവസം അത് സംഭവിച്ചു.സുബ്ഹിയോടടുത്ത സമയം സുജൂദിൽ വീണു കിടക്കുകയായിരുന്നു മഹാനവർകൾ. പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല യജമാനൻ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. 'ലുഖ്മാൻ' ആ അട്ടഹാസം കേട്ട് കൊട്ടാരമാകെ വിറച്ചു. ലുഖ്മാനുൽ ഹഖീം(റ) കണ്ണ് തുറന്നു യജമാനനെ നോക്കി.
ലുഖ്മാനുൽ ഹഖീമി(റ)നു യജമാനനിൽ നിന്ന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് ഒട്ടും വേവലാതി ഉണ്ടായിരുന്നില്ല. താൻ ആരാണെന്നും അത് കണ്ടുപിടിക്കപ്പെടുമോ എന്നുള്ളതുമായിരുന്നു മഹാന്റെ ഭയം. എങ്കിലും ഒട്ടും കൂസലില്ലാതെ എഴുന്നേറ്റു നിന്നു. ' ലുഖ്മാനെ, നീ ഇവിടെ എന്തു ചെയ്യുകയായിരുന്നു?' യജമാനൻ നല്ല ഉച്ചത്തിൽ തന്നെ ചോദിച്ചു.
'ഞാൻ വെറുതെ ഇരിക്കുകയായിരുന്നു'.
' എന്ത്? നീയൊരു അടിമയല്ലെ. നിനക്കു വെറുതെയിരിക്കാൻ അവകാശമുണ്ടോ?' എന്ന ചോദ്യവും ചാട്ടവാറു കൊണ്ടുള്ള അടിയും ഒന്നിച്ചായിരുന്നു.
' യജമാനാ, അങ്ങ് എന്നെ ഏൽപ്പിച്ച ജോലികളെല്ലാം ഞാൻ ഒന്നൊഴിയാതെ ചെയ്തു തീർത്തിട്ടുണ്ട്. ഇനിയും ഏത് ജോലി ഏൽപ്പിച്ചാലും ഞാൻ അതു നിർവ്വഹിക്കാൻ തയ്യാറുമാണ്.' അടിയുടെ ന്യായവാദം അയാളെ കൂടുതൽ രോഷാകുലനാക്കി. ചാട്ടവാറു കൊണ്ടുള്ള പ്രഹരത്തിന് ഊക്കുകൂടി. വേദന കൊണ്ട് പുളഞ്ഞിട്ടും ലുഖ്മാൻ(റ) ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. അടികൊണ്ട ഭാഗത്തെല്ലാം തൊലിയുരിഞ്ഞുപൊട്ടി ചുടുചോര ഒഴുകുന്നുണ്ടായിരുന്നു.
'ഇതെന്ത് നീതി റബ്ബേ' മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകൾ. പക്ഷെ ഇവിടെയിതാ ഒരടിമ മറ്റൊരടിമയുടെ മേൽ യജമാനൻ ചമയുന്നു. വെറുതെ കുറ്റാരോപണം നടത്തി ശിക്ഷിക്കുന്നു. പക്ഷെ ശിക്ഷയേൽക്കുന്ന ആ മഹാത്മാവിന് ഒരു പരാതിയുമില്ല. ഇതെല്ലാം താൻ അനുഭവിക്കണമെന്ന ഭാവമായിരുന്നു മഹാനവർകൾക്ക്. ഐഹിക ശിക്ഷകളെ നിസ്സാരമായി പരിഗണിക്കാൻ സാധിക്കുന്നവനുമാത്രമേ പാരത്രിക വിജയം കൈവരിക്കാനാവുകയുള്ളൂ എന്ന ചിന്തയുള്ളവർക്ക് പരാതിക്കും പരിഭവത്തിനും സമയമെവിടെ. ക്രൂരനായ യജമാനന്റെ കണ്ണിൽ ചോരയില്ലാത്ത ഈ പ്രവർത്തനങ്ങളെല്ലാം മാളികയുടെ മട്ടുപ്പാവിൽ ഇരുന്നു കൊണ്ട് അയാളുടെ മൂത്ത മകൾ കാണുന്നുണ്ടായിരുന്നു.ബാപ്പ അടി നിർത്തുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഓടി താഴെയിറങ്ങി. ബാപ്പയുടെയുടെയും ലുഖ്മാനി(റ)ന്റെയും ഇടയിൽ നിന്ന് കൊണ്ട് പറഞ്ഞു: 'അരുത്, ബാപ്പ ഇനിയിവനെ തല്ലരുത് '.
(തുടരും)

 
No comments:
Post a Comment