മനസ്സിൽ ലുഖ്മാനുൽ ഹഖീമി(റ)നോടുള്ള അഭിനിവേശം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് യജമാനന്റെ മൂത്തമകൾ തന്റെ അറയിലേക്ക് മടങ്ങിപ്പോയത്. തന്റെ ഹൃദയാഭിലാഷം നിറവേറ്റാനുള്ള അവസരത്തിനുവേണ്ടി കാതോർത്തു നിൽക്കുകയാണവൾ. ഒരിക്കൽ യജമാനൻ ഒരു വിദേശയാത്രക്കൊരുങ്ങി. തന്റെ മണിമാളികയും കൃഷിയിടങ്ങളും പുതിയ അടിമയെ ഏല്പിച്ചാണയാൾ പോയത്. കൊട്ടാരത്തിന്റെ പ്രവേശന കവാടം ഒരിക്കലും തുറന്നിടരുതെന്ന് അയാൾ ലുഖ്മാന്(റ) നിർദ്ദേശം നൽകി. തന്റെ മൂന്നു പുത്രിമാരെയും സൂക്ഷിച്ചു കൊള്ളണമെന്നും യാതൊരു കാരണവശാലും അവരെ പുറത്തേക്കെങ്ങും പറഞ്ഞയക്കരുതെന്നും യജമാനൻ പ്രത്യേകം മുന്നറിയിപ്പു നൽകി. ബാപ്പ പോയതോടെ പെൺകുട്ടികൾ മൂന്നും ലുഖ്മാനുൽ ഹഖീമി(റ)ന്റെ അടുത്തെത്തി. അതിൽ ഇളയവൾ പറഞ്ഞു: 'ഹേ അടിമേ, ഈ പടിവാതിൽ ഒന്നു തുറന്നു തരൂ.ഞങ്ങൾക്കൊന്നു പുറത്തു പോകണം.' ലുഖ്മാനുൽ ഹഖീം(റ) അവരോട് വളരെ വിനയസ്വരത്തിൽ പ്രതിവചിച്ചു.
'എന്റെ യജമാനന്റെ പ്രിയപ്പെട്ട പുത്രിമാരാണ് നിങ്ങൾ മൂന്നുപേരുമെന്നെനിക്കറിയാം. പക്ഷെ യജമാനന്റെ നിർദ്ദേശത്തിനു വിപരീതമായി നിങ്ങളെ പുറത്തു വിടാൻ ഞാൻ ഒരുക്കമല്ല. ദയവു ചെയ്ത് നിങ്ങൾ അകത്തു പോകണം.' അടിമയുടെ വാക്കുകളിൽ അവർ ഒട്ടും ന്യായം കണ്ടില്ല. നേരേ മറിച്ച് വെറും ധിക്കാരമായിട്ടാണ് അനുഭവപ്പെട്ടത്. കൂട്ടത്തിൽ രണ്ടാമത്തെ മകൾ പറഞ്ഞു.
'എടോ അടിമേ, നിന്റെ യജമാനന്റെ മക്കളാണ് ഞങ്ങളെന്നല്ലേ നീ പറഞ്ഞത്. എങ്കിൽ ഞങ്ങളെയും അനുസരിക്കണം. വേഗം കതകു തുറന്ന് തരണം.'
'പൊന്നുപെങ്ങളേ യജമാനൻ പ്രത്യേകം കൽപ്പിച്ചു പോയതാണ്, ഒരു കാരണവശാലും നിങ്ങളെ പുറത്തേക്ക് വിടരുതെന്ന്. അതിനു വിപരീതമായി പ്രവർത്തിക്കുന്നത് വിശ്വാസവഞ്ചനയല്ലെ. അതൊരിക്കലും ഞാൻ ചെയ്യുകയില്ല.'
'ഞങ്ങൾക്കാ ഗെയിറ്റൊന്നു തുറന്നു തന്നാൽ നിന്റെ യജമാനൻ അതറിയാൻ പോകുന്നില്ല.' ഇത്തവണ അഭിപ്രായം പറഞ്ഞത് മൂത്തവളാണ്. അതിന് ലുഖ്മാനുൽ ഹഖീമി(റ)ന്റെ മറുപടി ഇപ്രകാരമായിരുന്നു.
'സഹോദരീ, എല്ലാം കാണുന്ന എന്റെ മഹോന്നതനായ യജമാനൻ ഉണ്ട്. അവന്റെ മുമ്പിൽ ഒന്നും ഒളിച്ചുവെക്കാൻ സാധ്യമല്ല. ഞാൻ ആ യജമാനനെ ഭയപ്പെടുന്നു.'
'അതാരാണ് എല്ലാം കാണുന്ന യജമാനൻ?'
'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു.'
'ഓ ലുഖ്മാനുൽ ഹഖീമിനെ പോലും കവച്ചുവെക്കുന്ന ദൈവഭക്തി.' അവരുടെ പ്രതികരണം കേട്ടപ്പോൾ ലുഖ്മാനി(റ)ന്റെ ഉള്ളൊന്നു പിടഞ്ഞു.താൻ ലുഖ്മാനുൽ ഹഖീമാണെന്നറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി. 'റബ്ബേ കാക്കണേ'. മഹാൻ ആത്മഗതം ചെയ്തു
(തുടരും)

No comments:
Post a Comment