അടിമയുടെ വാക്കുകൾ കേട്ടപ്പോൾ യജമാനന്റെ തെറ്റിദ്ധാരണ അൽപ്പമൊന്നു നീങ്ങി. അയാൾ വീണ്ടും ചോദിച്ചു: എടോ അടിമേ, നിന്നെ കൊണ്ട് എന്തുപകാരമാണ് എനിക്കു ലഭിക്കുക? നിനക്ക് അറിയാവുന്ന ജോലികൾ എന്തൊക്കെയുണ്ട്?
'താങ്കൾ കല്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധനാണ്. '
'അതല്ല ചോദിച്ചത്. നിന്റെ മുൻ പരിചയത്തെക്കുറിച്ചാണ്. ഏതു ജോലിയാണ് നീ മുമ്പ് ചെയ്തു ശീലിച്ചത്? നിനക്ക് തോട്ടം നനച്ചു ശീലമുണ്ടോ? ചക്കാട്ടി എണ്ണയെടുത്ത് പരിചയമുണ്ടോ? മരങ്ങളിൽ കയറാൻ കഴിവുണ്ടോ?'
'താങ്കൾ പറയുന്ന ഒരു ജോലിയും ഞാൻ ശീലിച്ചിട്ടില്ല. എങ്കിലും പറയുന്നതെന്തും അശേഷം മടി കൂടാതെ ഞാൻ ചെയ്തു കൊള്ളാം.'
അടിമയുടെ വാക്കു കേട്ടപ്പോൾ യജമാനന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ കുമിഞ്ഞു കൂടി. ഒരു ജോലിയും ചെയ്തു ശീലമില്ലാത്ത ഈ അടിമയെ കൊണ്ടു പോയാൽ തനിക്കൊരു ഉപകാരവും സിദ്ധിക്കുകയില്ല. അവനു തിന്നാൻ കൊടുക്കുന്ന പണം നഷ്ടത്തിൽ കലാശിക്കാനാണ് സാധ്യത. അതിലും ഭേദം ഈ അടിമയെ ഇവിടെ വെച്ചു തന്നെ മറ്റാർക്കെങ്കിലും വിൽക്കുന്നതായിരിക്കും. ഇപ്രകാരം മനസ്സിൽ കണക്കു കൂട്ടികൊണ്ട് അയാൾ വാണിഭച്ചന്തയിലേക്ക് തന്നെ തിരിച്ചു നടന്നു.
ലുഖ്മാനുൽ ഹഖീമി(റ)നെ വീണ്ടും വിൽപ്പനച്ചരക്കായ് നിർത്തിയിരിക്കുകയാണ്. മഹാന്റെ ഹൃദയത്തിൽ ഭൗതികസൗഖ്യങ്ങളെ കുറിച്ചുള്ള ഒരു ചിന്തയും ഇല്ലാത്തതു കൊണ്ട് ഈ വിഷമതകളൊന്നും തന്നെ ക്ലേശകരമായി അനുഭവപ്പെട്ടില്ല.
തന്റെ തത്വചിന്തകളൊന്നും പ്രായോഗിക ജീവിതത്തിൽ വെളിപ്പെടുത്തിക്കൂടാ എന്ന് മഹാനവർകൾക്ക് മനസ്സിലായി. കേവലം ഒരു ജാഹിലിനെപ്പോലെ അഭിനയിക്കുകയേ നിർവ്വാഹമുള്ളൂ. അല്ലാത്തപക്ഷം താനാരാണെന്ന് ജനങ്ങൾ മനസ്സിലാക്കും. അത് തന്റെ സ്വൈരജീവിതത്തിന് പ്രതിബന്ധമായി ഭവിക്കും. അതു കൊണ്ട് ഇനി എന്തു തന്നെ സംഭവിച്ചാലും തന്നിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാവുകയില്ലെന്ന് ലുഖ്മാൻ(റ) മനസ്സുകൊണ്ടുറപ്പിച്ചു. പലരും ലുഖ്മാ(റ)ന് വില പറഞ്ഞ കൂട്ടത്തിൽ നല്ലൊരു സംഖ്യ ലാഭം പറഞ്ഞയാൾക്ക് കച്ചവടമുറപ്പിച്ചു. മാറിവന്ന യജമാനന്റെ കൽപ്പന പ്രകാരം അയാളോടൊന്നിച്ച് ലുഖ്മാനുൽ ഹഖീം(റ) നടന്നു.
മനോഹരമായൊരു മണിമന്ദിരത്തിലാണവർ ചെന്നെത്തിയത്. അതു തന്റെ പുതിയ യജമാനന്റെ വീടാണെന്നു ലുഖ്മാനവർകൾ മനസ്സിലാക്കി. അടിമകൾക്ക് യജമാനൻമാരുടെ സുഖസൗകര്യങ്ങളൊന്നും ആസ്വദിക്കാനുള്ള അവകാശമില്ല. അന്നുരാത്രി തൊഴുത്തിന്റെ വരാന്തയിലാണ് മഹാന് ഉറങ്ങാൻ ഇടം കിട്ടിയത്. വൃത്തിയുള്ള ഒരു ചാക്ക് വിരിച്ച് അതിൽ ഇബാദത്തുകളിൾ മുഴുകിക്കൊണ്ട് കഴിച്ചുകൂട്ടി. പുലരുന്നതുവരെ ഇടതടവില്ലാതെ നിസ്കരിച്ചു. നിദ്ര എന്താണെന്നു പോലുമറിയാതെ സർവ്വശക്തനായ അല്ലാഹുവിന് സുജൂദുകൾ ചെയ്ത് ആനന്ദനിർവൃതിയടഞ്ഞു.
(തുടരും)

No comments:
Post a Comment