കന്നുകാലി ചന്തകൾ നമുക്ക് സുപരിചതമാണല്ലോ. കാലികളെ തെളിച്ചു കൊണ്ടുവരുന്നു. നിരനിരയായി നിർത്തുന്നു. വിലപേശുന്നു, വിൽക്കുന്നു. ഇടയിൽ ദല്ലാളുകൾ അവരുടെ പങ്ക് നിർവ്വഹിക്കുന്നു. എന്നാൽ നമുക്ക് പരിചിതമല്ലാത്ത ഒരു കാര്യമാണിവിടെ നടക്കുന്നത്.മനുഷ്യവിൽപ്പന. അതെ പഴയകാലങ്ങളിൽ അത്തരം അടിമച്ചന്തകൾ സർവ്വസാധാരണമായിരുന്നു. യുവാക്കളെ ജോലിയെടുപ്പിക്കാനും യുവതികളെ കാമപൂർത്തി വരുത്താനും പണം കൊടുത്തു വിലക്കു വാങ്ങുന്ന സമ്പ്രദായം.
അത്തരമൊരു വിൽപ്പന കേന്ദ്രത്തിലേക്കാണ് ലുഖ്മാനവർകളെ കൊണ്ടുപോയത്. ലുഖ്മാനെ(റ) പലരും വന്നു നോക്കി. പലരും വില പറഞ്ഞു. കൂടുതൽ വില കിട്ടട്ടെ എന്ന് കരുതി യാചകൻ കാത്തിരുന്നു. അങ്ങനെയിരിക്കെ മറ്റൊരാൾ വന്നു. നൂറ്റിപ്പത്തു സ്വർണ്ണ നാണയങ്ങൾ കൊടുത്തു യാചകനിൽ നിന്ന് ലുഖ്മാനുൽ ഹഖീമി(റ)നെ അയാൾ വാങ്ങി. സ്വർണ്ണ നാണയങ്ങൾ എണ്ണുന്നതിനിടയിൽ അതിന്റെ കിലുക്കം കേട്ട് ലുഖ്മാനവർകൾക്കു ചിരി വന്നു. ആ ചിരി കണ്ടപ്പോൾ അടിമ തന്നെ പരിഹസിക്കുകയാണോ എന്ന് പുതിയ യജമാനന് തോന്നിപ്പോയി. അയാൾ കോപത്തോടെ ചോദിച്ചു: 'നീയെന്താ ആളെ പരിഹസിക്കുകയാണോ, വെറുതെ നിന്ന് ചിരിക്കുന്നത്?'
അതുകേട്ട ലുഖ്മാനവർകൾ വളരെ വിനയാന്വിതനായ് കൊണ്ട് പറഞ്ഞു: 'ഒരിക്കലുമല്ല, എന്റെ താൽക്കാലിക യജമാനൻ താങ്കളാണെന്നെനിക്കറിയാം. അതു കൊണ്ടു തന്നെ ധിക്കാരപരമായ ഒരു നടപടിയും എന്നിൽ നിന്നുണ്ടാവുകയില്ല. നശ്വരമായ ഈ ദുനിയാവിൽ നാണയങ്ങൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോർത്ത് എനിക്ക് ചിരി വന്നു പോയതാണ്. ക്ഷമിക്കുക '. കന്നുകാലികളെ നടത്തിക്കൊണ്ടു പോകുമ്പോൾ ചാട്ടവാറു കൊണ്ടുള്ള അടിസർവ്വസാധാരണമാണല്ലോ. അതുപോലെ തന്നെ അക്കാലത്ത് അടിമകളെ നടത്തിക്കൊണ്ടു പോകുമ്പോഴും നല്ല ചാട്ടവാറടി പ്രയോഗം യജമാനന്മാർ നടത്തിയിരുന്നു. പുതിയ യജമാനൻ ലുഖ്മാനവർകളെ ചാട്ടവാറു കൊണ്ടു പ്രഹരിച്ചു. അതികഠിനമായ വേദന അനുഭവപ്പെട്ടിട്ടും മഹാനവർകൾ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല. പ്രതിഷേധ പ്രകടനം തന്റെ യജമാനന്റെ വെറുപ്പിനിടയാക്കുമെന്ന് ലുഖ്മാനവർകൾക്കറിയാമായിരുന്നു. അതു കൊണ്ട് വ്യഥകൾ അടക്കിവെച്ച് മഹാൻ മുഖത്ത് പ്രസന്നത വരുത്തി. അടി കിട്ടുമ്പോഴെല്ലാം ചുണ്ടിൽ ചിരി വിടർന്നു. തന്റെ അടിമക്ക് കിറുക്ക് പിടിച്ചിട്ടുണ്ടോ എന്ന് യജമാനൻ സംശയിച്ചു. അയാളുടെ കോപം ശതഗുണീഭവിച്ചു. പക്ഷെ ലുഖ്മാനുൽ ഹഖീമി(റ)ന് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. മഹാനവർകൾ വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി
ചിരിക്കുന്നതിനനുസരിച്ച് യജമാനനു ദേഷ്യം മുറുകി. ദേഷ്യം മുറുകുന്നതിനനുസരിച്ച് അടിയുടെ എണ്ണവും ശക്തിയും കൂടി. പക്ഷെ അപ്പോഴും ലുഖ്മാനി(റ)ൽ നിന്ന് ചിരി തന്നെയാണ്. യജമാനൻ ചിന്തിച്ചു. ഇവനെ അടിച്ചിട്ടു കാര്യമില്ല. കാര്യമായ എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടാകും. എങ്കിലും ഇവനോട് നേരിട്ടു ചോദിക്കുക തന്നെ എന്നു വിചാരിച്ച് അയാൾ ലുഖ്മാനുൽ ഹഖീമി(റ)നോടു ഇപ്രകാരം ചോദിച്ചു. 'ഹേ അടിമേ, അടികൊണ്ടാൽ സാധാരണ അടിമകൾ കരയുകയോ, അതല്ലെങ്കിൽ പ്രതിഷേധം പ്രകടിപ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ നീ മാത്രം അതിനു വിപരീതമായി പ്രവർത്തിക്കുന്നു.
നീ ചിരിക്കാനുള്ള കാരണമെന്താ? നിനക്കു വല്ല മാനസിക വിഭ്രാന്തിയും പിടിപെട്ടുവോ?' അതു കേട്ട് ലുഖ്മാൻ(റ) പറഞ്ഞു: 'എന്റെ താൽക്കാലിക യജമാനാ, എനിക്ക് ബുദ്ധിഭ്രമമൊന്നും സംഭവിച്ചിട്ടില്ല. ചിരിക്കുന്നതു അങ്ങയുടെ അഭീഷ്ടത്തിനെതിരാണെങ്കിൽ ഈ നിമിഷം ഞാനത് നിർത്തിക്കളയാം. അങ്ങ് എന്റെ ശരീരത്തിൽ മർദ്ദനമേൽപ്പിക്കുമ്പോൾ എനിക്കതിൽ ഒരു വൈമനസ്യവുമില്ല എന്നറിയിക്കുന്നതിനു വേണ്ടിയാണ് ഞാൻ ചിരിച്ചത്. അതല്ലാതെ മറ്റ് ദുരുദ്ദേശമൊന്നും എന്റെ ചിരിയിലില്ല. വെളുക്കാൻ തേച്ചത് പാണ്ഡായി എന്ന അവസ്ഥയിലാണ് സംഗതിയുടെ കിടപ്പെങ്കിൽ അങ്ങു ക്ഷമിക്കണം. ഇനിയൊരിക്കലും ഈ ചിരി ഞാനാവർത്തിക്കുകയില്ല.'
(തുടരും)

No comments:
Post a Comment