ലുഖ്മാനുൽ ഹഖീം (റ) ഭാഗം:11


   ഭൗതിക സുഖങ്ങളിൽ നിന്നും ഒളിച്ചോടിയ ലുഖ്മാൻ(റ) ജ്ഞാനദാഹം ശമിപ്പിക്കാൻ ഒരുപാട് നാടുകൾ ചുറ്റി സഞ്ചരിച്ച് ഉൽകൃഷ്ടരായ ധാരാളം മഹാൻമാരെ കണ്ടുമുട്ടി. അവരിൽ നിന്നെല്ലാം വിജ്ഞാന മുത്തുകൾ പെറുക്കിയെടുത്തു. അന്നും പതിവുപോലെ ലുഖ്മാനുൽ ഹഖീം(റ) തന്റെ യാത്ര ആരംഭിച്ചു. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നു പറഞ്ഞതുപോലെ ആഹാരത്തിനു വേണ്ട കരുതൽ ധനം പോലും മഹാനവർകളുടെ കൈവശമുണ്ടായിരുന്നില്ല. ഉടുത്തിരുന്ന ഒരു പരുക്കൻ വസ്ത്രം മാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം.  ദുനിയാവെന്ന ചിന്ത അശേഷമില്ലാതെ ആ മഹാത്മാവ് ഗമനം തുടങ്ങി. പെട്ടെന്നു പിറകിൽ നിന്നും ഒരു വിളി, ലുഖ്മാൻ(റ) തിരിഞ്ഞു നോക്കി. 'വല്ലതും തരണേ

          ഒരു ഭിക്ഷക്കാരന്റെ സ്വരമായിരുന്നു അത്. ലുഖ്മാൻ(റ) ആകെ വിഷമിച്ചു. നീട്ടുന്ന കൈകളെ തട്ടിക്കളയുക എന്നത് ഒരു സത്യവിശ്വാസിയുടെ ലക്ഷണമല്ല. പക്ഷെ എന്തു ചെയ്യും. അയാൾക്ക് കൊടുക്കാൻ ഒരു ചില്ലിക്കാശുപോലും തന്റെ കൈവശമില്ല. എന്തെങ്കിലും സാധനം കൊടുക്കാമെന്നു വെച്ചാലും അതും അസാധ്യം. കാരണം ഉടുതുണിയല്ലാതെ മറ്റൊന്നും തന്റെ കൈവശമില്ല. ഇനിയെന്തു ചെയ്യും. ഖിന്നനായി നിൽക്കുന്ന ലുഖ്മാനവർകളുടെ ഭാവം യാചകനിൽ കൗതുകം ജനിപ്പിച്ചു. പ്രലോഭിച്ചാൽ ഇയാളിൽ നിന്നും വല്ലതും കിട്ടാൻ സാധ്യതയുണ്ടെന്ന് ആ ഭിക്ഷക്കാരൻ മനസ്സിലാക്കി. അയാളൊരു യുക്തി പ്രയോഗിച്ചു. 'അല്ലാഹുവിന്റെ പേരിൽ ഞാൻ ചോദിക്കുന്നു. വല്ലതും തരണേ'.

         അതുകേട്ട ലുഖ്മാനി(റ)ന്റെ ഹൃദയം പിടച്ചു. ഭിക്ഷക്കാരൻ  അല്ലാഹുവിന്റെ പേര് പറഞ്ഞാണ് യാചിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ പേര് പറഞ്ഞ് ചോദിക്കുന്നവരെ വെറുതെ വിടുന്നത് ഒരിക്കലും ഉചിതമല്ല. പക്ഷെ തന്റെ കയ്യിലൊന്നുമില്ലല്ലോ എന്ന ചിന്ത മഹാനവർകളെ അലോസരപ്പെടുത്താൻ തുടങ്ങി. മനസ്സില്ലാ മനസ്സോടെ ലുഖ്മാൻ(റ) യാചകനോട് പറഞ്ഞു: 'സുഹൃത്തെ, ക്ഷമിക്കുക എന്റെ കൈവശം താങ്കൾക്കു തരാൻ ഒന്നുമില്ല.' പക്ഷെ ഭിക്ഷക്കാരൻ പിന്തിരിയാനുള്ള സൻമനസ്സ് കാണിച്ചില്ല. 'സർവ്വശക്തനായ റബ്ബുൽ ഇസ്സത്തിന്റെ പരിശുദ്ധനാമത്തിലാണ് ഞാൻ ചോദിക്കുന്നത്, വല്ലതും തരണേ'.

         അതു കേട്ടപ്പോൾ ലുഖ്മാനവർകൾക്കു സഹിക്കാനായില്ല. മഹാൻ യാചകനോടടുത്തു ചെന്നു ഇപ്രകാരം പറഞ്ഞു:


 'സുഹൃത്തെ, എന്റെ കൈവശം ഒന്നുമില്ലെന്നു ഞാൻ പല തവണ പറഞ്ഞു കഴിഞ്ഞു. ഇനിയും എന്നെ ബുദ്ധിമുട്ടിക്കാനാണ് ഭാവമെങ്കിൽ എനിക്കൊന്നേ പറയാനുള്ളൂ. എന്റെ ഈ ശരീരം നിനക്കെടുക്കാം. ഇതാ ഈ നിമിഷം മുതൽ ഞാൻ നിന്റെ അടിമയാണ്.' ഭിക്ഷക്കാരന്റെ ഉദ്ദേശവും മറിച്ചായിരുന്നില്ല. അവന് സന്തോഷമായി.അവൻ തനിക്ക് കിട്ടിയ അടിമയെ വലിച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. ലുഖ്മാനുൽ ഹഖീമി(റ)നു ഇനി സ്വന്തമായൊരു അഭിപ്രായമില്ല. യാചകൻ പറയുന്നതെന്തോ അതൊക്കെയും അനുസരിക്കാൻ അടിമയായ താൻ ബാധ്യസ്ഥനാണ്. യാചകൻ മുന്നോട്ട് നടക്കാനാണ് കൽപ്പിച്ചത്. താനിതാ മുന്നോട്ടു നടക്കുന്നു. മഹാൻ അല്ലാഹുവിനെ സ്തുതിച്ചു. യാചകന്റെ ചാട്ടവാറടിയേറ്റു  പുളഞ്ഞു നടക്കുന്നതിനിടയിൽ ഭിക്ഷക്കാരൻ പകൽ കിനാവ് കാണുന്നുണ്ടായിരുന്നു. എത്ര എളുപ്പത്തിലാണ് കാര്യം സാധിച്ചത്. ശക്തനായ ഒരു നീഗ്രോ അടിമയെ തെല്ലും പാടുപെടാതെ കൈവശം ലഭിച്ചിരിക്കുന്നു. മാർക്കറ്റിലെത്തിയാൽ ഈ അടിമക്ക് നല്ല ഡിമാന്റായിരിക്കും. പറയുന്ന വില കിട്ടും. ഇതോടു കൂടി തന്റെ വിഷമങ്ങളെല്ലാം തീരും. ഒരു പക്ഷെ യാചന തന്നെ അവസാനിപ്പിക്കാം.

     യാചകൻ ആകാശക്കോട്ടകൾ കെട്ടി ലുഖ്മാനുൽ ഹഖിനെ(റ)യും കൊണ്ട് മാർക്കറ്റിലെത്തിച്ചേർന്നു.
(തുടരും)

No comments:

Post a Comment