ഊരുചുറ്റുന്നതിനിടയിൽ ആ നാട്ടിൽ എത്തിയതാണ് ലുഖ്മാനുൽ ഹഖീം(റ). ഒരു സ്ഥലത്ത് കൂടുതൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടു. അടഹാസങ്ങളും നിലവിളികളും കൊണ്ട് മുഖരിതമായ അന്തരീക്ഷം.അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള മാനുഷികമായ ജിജ്ഞാസ മഹാനവർകളിൽ ഉടലെടുത്തു. വാസ്തവത്തിൽ ആ ജിജ്ഞാസയാണ് വയ്യാവേലിയായത്. ലുഖ്മാനവർകൾ കാര്യമറിയാനായി ആൾക്കൂട്ടത്തിലേക്ക് ചെന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. ഹൃദയമുള്ളവരെ കരയിപ്പിക്കുന്ന ദയനീയരംഗം
ചോര, സർവ്വത്ര ചോര കൊണ്ടൊരു പ്രളയം എന്നു പറയുന്നതാകും കൂടുതൽ ശരി. ചോരക്കളത്തിൽ കുറെ ഹതഭാഗ്യർ വീണു കിടക്കുന്നു. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.അതെ അവിടെ ഒരു വലിയ സംഘട്ടനം തന്നെ നടന്നു കഴിഞ്ഞിരുന്നു. രണ്ടു വിഭാഗങ്ങൾ തമ്മിൽ കേവലം നിസ്സാര കാര്യത്തിനു വേണ്ടി തുടങ്ങിയ വഴക്ക് കയ്യാങ്കളിയിലും ആയുധ പ്രയോഗത്തിലും കലാശിക്കുകയാണുണ്ടായത്. കഴുത്തറ്റവർ, കൈകാലുകൾ മുറിഞ്ഞവർ, വയർ കുത്തിക്കീറപ്പെട്ടവർ, പല്ലു പോയവർ, കണ്ണു പോയവർ അങ്ങനെ ഒട്ടധികം പേർ അവിടെ ജീവച്ഛവങ്ങളായി കിടക്കുകയാണ്. ലുഖ്മാനുൽ ഹഖീമി(റ)ന്റെ മനസ്സലിഞ്ഞു. മഹാൻ പിന്നീട് വരുംവരായ്കളെക്കുറിച്ചൊന്നും ചിന്തിച്ചില്ല. തൊട്ടടുത്തുള്ള വനപ്രദേശത്തേക്ക് ഓടിപ്പോയി ചില പച്ചിലകൾ പറിച്ചെടുത്ത് നിമിഷങ്ങൾക്കകം ഓടി വന്നു. ഇലകൾ കല്ലിൽ വെച്ച് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഓരോരുത്തരുടെ മുറിവുകളിൽ പുരട്ടാൻ തുടങ്ങി. അത്ഭുതം! മഹാത്ഭുതം! മുറിവേറ്റു കിടന്നു പിടഞ്ഞിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റ് നടക്കാൻ തുടങ്ങി. അതു വരെ ചോരക്കളത്തിൽ പിടഞ്ഞിരുന്നവർ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റു നിൽക്കുന്ന കാഴ്ച അവിടെ കൂടിയിരുന്നവരെയെല്ലാം ആശ്ചര്യഭരിതരാക്കി.
ഇതാ ഒരു ദിവ്യൻ വന്നിരിക്കുന്നു. നമുക്ക് സഹായം ചെയ്യാൻ ഉദിച്ചു വന്ന വെള്ളിനക്ഷത്രം പോലെ ഒരു മഹാനുഭാവൻ എത്തിച്ചേർന്നിരിക്കുന്നു. നാട്ടുകാരെല്ലാം ലുഖ്മാനുൽ ഹഖീമി(റ)ന്റെ ചുറ്റും കൂടി. അങ്ങാരാണ്? എവിടെ നിന്നു വരുന്നു? അങ്ങേക്ക് ഞങ്ങൾ എന്താണ് ചെയ്തു തരേണ്ടത് ? ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾ കൊണ്ട് അവർ മഹാനവർകളെ വീർപ്പുമുട്ടിച്ചു. ലുഖ്മാൻ(റ) ആകെ വിവശനായി. 'പടച്ചവനെ കാക്കണേ' എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് മഹാൻ നാട്ടുകാരോട് മൊഴിഞ്ഞു: 'ഞാൻ ഒരു യാത്രക്കാരനാണ്. ഒരു സാധാരണ മനുഷ്യൻ. അല്ലാഹുവിന്റെ അടിമ. എന്നെ പോകാനനുവദിച്ചാൽ മാത്രം മതി.' പക്ഷെ, നാട്ടുകാർ സമ്മതിക്കാൻ ഭാവമില്ലായിരുന്നു. ഇത്രയും അത്ഭുതസിദ്ധി കാണിച്ച ദിവ്യനെ സൽക്കരിക്കാനും പറ്റുമെങ്കിൽ ആ നാട്ടിൽ തന്നെ നിലനിർത്താനുമാണ് അവർ ആഗ്രഹിച്ചത്. അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ലുഖ്മാൻ(റ) അവിടെ നിന്നത്. നാട്ടുകാർ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചപ്പോൾ മഹാനവർകൾക്ക് ശ്വാസം മുട്ടുന്ന അനുഭവമാണുണ്ടായത്. ഒടുവിൽ പാതിരാത്രിയിൽ എല്ലാവരും സുഖസുഷുപ്തിയിൽ ലയിച്ച തക്കം നോക്കി ലുഖ്മാനുൽ ഹഖീം(റ) ആ നാടിനോട് വിട പറഞ്ഞു.
(തുടരും)

 
No comments:
Post a Comment