ലുഖ്മാനുൽ ഹഖീം (റ) ഭാഗം:9


   വിജനമായ പർവ്വതനിര. ഏകാന്തവാസത്തിനും ഇബാദത്തിനുമായി ലുഖ്മാനുൽ ഹഖീം(റ) തെരഞ്ഞെടുത്ത സ്ഥലം. ആരുടെയും ശല്യമില്ലാതെ ഏക ഇലാഹിനു സുജൂദ് ചെയ്തു കൊണ്ട് മഹാനവർകൾ ആ മലമ്പ്രദേശത്ത് കഴിഞ്ഞുകൂടുകയായിരുന്നു.


അങ്ങനെയിരിക്കെ തികച്ചും അപരിചതനായ ഒരു അതിഥി അവിടെ എത്തിച്ചേർന്നു._ ശുഭ്രവസ്ത്രധാരിയായ ആ മഹൽ വൃക്തി സലാം ചൊല്ലിയതിനു ശേഷം ലുഖ്മാനുൽ ഹഖീ(റ)മിനോടു പറഞ്ഞു: 'പ്രിയപ്പെട്ട ലുഖ്മാൻ, താങ്കളുടെ ഹൃദയത്തിനു ആനന്ദം പകരുന്ന വൃത്താന്തമാണ് എനിക്കറിയിക്കാനുള്ളത്.'

      'അഭിവന്ദ്യരെ, എന്റെ കരളിൽ ഹർഷം പകരുന്ന എന്ത് വൃത്താന്തമാണ് അങ്ങ് കൊണ്ടു വന്നിട്ടുള്ളത് '.

        'ബഹുമാന്യരെ, മഹത്തുക്കളിൽ മഹോന്നതനായ ഒരു വലിയ്യിന്റെ അന്ത്യം ഇന്നലെ സംഭവിച്ചിരിക്കുന്നു. ഭൂമിയിൽ ആ മഹാനുഭാവന്റെ വിടവു നികത്താൻ അല്ലാഹു അങ്ങയെയാണ് പകരക്കാരനാക്കിയിരിക്കുന്നത്.'


         ' എന്ത്? വിനീതനായ ഈ എളിയ ദാസനോ'?

        'അതെ, അങ്ങു തന്നെ. അല്ലാഹുവിന്റെ നിശ്ചയമാണ്.'

        'യാ റബ്ബി, ഞാൻ എത്രയോ നിസ്സാരൻ. നീയെന്നെ പരമോന്നത സ്ഥാനത്ത് ഉയർത്തിയിരിക്കുന്നു. നിനക്കാണ് സർവ്വ സ്തുതിയും.' ഇത്രയും പറഞ്ഞു കൊണ്ട് ലുഖ്മാനുൽ ഹഖീം(റ) അല്ലാഹുവിന് സാഷ്ടാംഗം ചെയ്തു. സുജൂദിൽ നിന്നെഴുന്നേറ്റ ലുഖ്മാനോ(റ)ട്  ആഗതൻ മൊഴിഞ്ഞു: അല്ലയോ, ലുഖ്മാൻ അങ്ങ് ഈ നിമിഷം മക്കയിലേക്ക് പോകണം. അങ്ങയുടെ ആഗമനം പ്രതീക്ഷിച്ച് ഒരുപാട് മഹൽ വ്യക്തികൾ അവിടെയെത്തിയിട്ടുണ്ട്. അവരെ അഭിമുഖീകരിച്ച് അങ്ങ് സംസാരിക്കണം.



       'ഞാൻ മക്കയിലെങ്ങനെ എത്തും. ഒരുപാടു കാതങ്ങൾ താണ്ടി മക്കയിലെത്താൻ മാസങ്ങൾ തന്നെ വേണ്ടി വരുമല്ലോ ?'

        'അല്ലാഹുവിന്റെ ആരിഫീങ്ങൾക്ക് അതെല്ലാം നിഷ്പ്രയാസം സാധിക്കുന്ന കാര്യമല്ലേ.' ആഗതൻ ഖിള്ർ നബി(അ)യായിരുന്നു. ലുഖ്മാനുൽ ഹഖീ(റ)മിന് നബി "ഇസ്മുൽ അഅ്ളം'' പഠിപ്പിച്ചു കൊടുത്തു. അതു ചൊല്ലി കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് ലുഖ്മാനുൽ ഹഖീം(റ) മക്കയിലെത്തി. ഔലിയാഇന്റെ സംഘത്തെ അഭിസംബോധന ചെയ്തു.

       ലുഖ്മാനുൽ ഹഖീമി(റ)ന്റെ ഹൃദയം വിങ്ങിപ്പൊട്ടി. പട്ടുമെത്തയിലാണ് മഹാൻ ഇരിക്കുന്നത്. ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഇരുന്നതാണ്. പക്ഷെ ആ മലർശയ്യ ലുഖ്മാനവർകൾക്ക് ശരശയ്യയായിട്ടാണ് അനുഭവപ്പെട്ടത്. മധുരപാനീയങ്ങൾ കൊണ്ടുവന്ന് മഹാനെ കുടിപ്പിക്കുവാൻ ഒരുങ്ങുകയാണ് ജനങ്ങൾ. അവർ എങ്ങിനെയാണ് ലുഖ്മാനവർകളെ സൽക്കരിക്കേണ്ടത് എന്ന ചിന്തയിലാണ്. എന്തു കൊടുത്തിട്ടും മതിയാകുന്നില്ല. എന്നാൽ മഹാനവർകൾക്ക് പാൽപായസം പാഷാണമായിട്ടാണനുഭവപ്പെടുന്നത്. രുചികരമായ ഭക്ഷണ സാധനങ്ങൾ വിഷക്കരുക്കളായി തോന്നി. നാട്ടുകാരുടെ പരിചരണം കൊണ്ട് ആ മഹാൻ വീർപ്പുമുട്ടി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടാൽ മതി എന്നായി മഹാന്. വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്തു കഴുത്തിലിട്ടാലുള്ള അവസ്ഥ.

               ലോകമാന്യത്തിനു വേണ്ടി ഒന്നും തന്നെ പ്രവർത്തിക്കരുതെന്ന ഗുരുവര്യൻമാരുടെ മുന്നറിയിപ്പ് മറന്ന് എടുത്തു ചാടിയതിനുള്ള ശിക്ഷയായിരിക്കും ഇതെന്ന് മഹാനവർകൾക്ക് തോന്നി. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്.
(തുടരും)

No comments:

Post a Comment