ഒരു സംവത്സരക്കാലം ദാവൂദ് നബി(അ)യുടെ സന്നിധിയിൽ ലുഖ്മാൻ കഴിച്ചുകൂട്ടി. ഐഹികസുഖഭോഗങ്ങളിൽ നിന്നകന്ന് ലോകൈകനാഥനെ വണങ്ങി വിജ്ഞാനത്തിന്റെ വിവിധ മേഖലകൾ കീഴടക്കി ഒരു വർഷം കൊണ്ട് ഒരായിരം വർഷത്തെ പരിശുദ്ധി മഹാൻ നേടിയെടുത്തു. ഒരിക്കൽ ദാവൂദ് നബി(അ) ലുഖ്മാന്റെ അരികിലെത്തി ഒരു പ്രത്യേക കാര്യമറിയിച്ചു. 'അല്ലയോ, ലുഖ്മാൻ താങ്കളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. 'ഹഖീം' എന്ന വിശേഷണത്തിനു താങ്കളെ അർഹനാക്കിയിരിക്കുന്നു. 'ഹിൽമത്ത്' താങ്കളിൽ ലോകരക്ഷിതാവ് നൽകിയിരിക്കുന്നു.'
ദാവൂദ് നബി (അ)യുടെ വാക്കുകൾ കേട്ടപ്പോൾ ലുഖ്മാനുൽ ഹഖീം(റ) സർവ്വശക്തനായ നാഥനിൽ ഹംദുകളും ശുക്റുകളും അർപ്പിച്ചു. ജഗന്നിയന്താവിന്റെ അറിയിപ്പുപ്രകാരം ദാവൂദ് നബി (അ) യിൽ നിന്നു ഫലസ്തീനിനോടു വിടപറയാനുള്ള സമ്മതം ലുഖ്മാനുൽ ഹഖീമിനു ലഭിച്ചു. ഒരു സ്ഥലത്തു തളച്ചിടാനുള്ളതല്ല മഹാൻമാരുടെ ജീവിതം. പ്രപഞ്ചമാകെ ചുറ്റിത്തിരിഞ്ഞു പണ്ഡിതൻമാരെയും സൂഫിവര്യൻമാരെയും കണ്ടെത്തി അവരിൽ നിന്നും അറിവിന്റെ മധുരം കിട്ടാവുന്നിടത്തോളം നേടിയെടുക്കുക എന്ന ദൗത്യവുമായി പുറപ്പെടാൻ തന്നെ ലുഖ്മാനുൽ ഹഖീം(റ) ഒരുങ്ങി. യാത്രക്കൊരുങ്ങിയപ്പോൾ സുലൈമാൻ നബി(അ)യും കൂടെ പോകാൻ തുനിഞ്ഞു. തന്റെ ഉദ്ദേശ്യം പിതാവിനെ അറിയിച്ചെങ്കിലും ദാവൂദ് നബി(അ) അതിനു സമ്മതം നൽകിയില്ല.
ഒരു വർഷത്തെ ഒന്നിച്ചുള്ള ജീവിതം അവർക്കു നഷ്ടപ്പെടുകയാണ്. സുലൈമാൻ നബി(അ)യുടെ മനസ്സിലും സുഹൃത്തിനെന്ന പോലെ നൊമ്പരം നിറഞ്ഞു നിന്നു. എങ്കിലും ക്ഷമയോടെ സുഹൃത്തിനെ യാത്രയാക്കി.
ലുഖ്മാനുൽ ഹഖീം(റ) തന്റെ സഞ്ചാരം തുടർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും മഹാൻ ചുറ്റിക്കറങ്ങി. പലവിധ അനുഭവസമ്പത്തുകളും മഹാനുണ്ടായി. പ്രഗത്ഭമതികളായ പല ജ്ഞാനികളുമായും ലുഖ്മാനവർകൾ സമ്പർക്കം പുലർത്തി. ഭൗതിക പരിത്യാഗികളായ പല സൂഫീ വര്യൻമാരെയും സന്ദർശിച്ചു. ആത്മീയ വിജയത്തിനുള്ള മാർഗ്ഗങ്ങൾ മനസ്സിലാക്കി അതിനു വേണ്ടിയുള്ള പ്രയത്നത്തിൽ മുഴുകി. അല്ലാഹുവിന്റെ പല പരീക്ഷണങ്ങളെയും ലുഖ്മാനുൽ ഹഖീം(റ) അതിജീവിച്ചു. ഒരിക്കൽ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ഒരു മലക്ക് മഹാനവർകളുടെ സന്നിധിയിലെത്തി. മലക്ക് പറഞ്ഞു: 'ബഹുമാന്യരെ, അല്ലാഹു അങ്ങയെ ആരിഫീങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അജ്ഞതയെ അതിജീവിച്ച് ജ്ഞാനിയെന്ന മഹൽപട്ടം അങ്ങ് നേടിയിരിക്കുന്നു.' മലക്കിന്റെ വാക്കുകൾ കേട്ട ഉടനെ ലുഖ്മാനുൽ ഹഖീം(റ) പ്രപഞ്ചനാഥന്റെ മുമ്പിൽ സുജൂദിലായി വീണു. തനിക്ക് നൽകിയ കീർത്തിയിലും ബഹുമതിയിലും രാജാധിരാജന് അതിരറ്റ നന്ദി രേഖപ്പെടുത്തി. മലക്ക് വീണ്ടും പറഞ്ഞു: 'മഹാനവർകളെ, അങ്ങ് ആവശ്യപ്പെടുന്ന പക്ഷം ഐഹികമായ ഏതു സുഖഭോഗങ്ങളെയും കീഴ്പ്പെടുത്തിത്തരുവാൻ നഥന്റെ കൽപ്പനയുണ്ട്. ഭൗതികസുഖങ്ങളിൽ ഏതാണ് അങ്ങ് ആഗ്രഹിക്കുന്നത് ?'
'ഇഹലോകത്തിലെ ഒരു സുഖവും ഇന്നുവരെ എന്നെ ഭ്രമിപ്പിച്ചിട്ടില്ല. പാരത്രിക സൗഭാഗ്യങ്ങളെ കുറിച്ചോർക്കുമ്പോൾ നൈമിഷികമായ ദുനിയാവിലെ സുഖങ്ങൾ എനിക്ക് സുഖങ്ങളായല്ല മുൾക്കിരീടമായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് അല്ലാഹുവിന്റെ പരീക്ഷണങ്ങൾക്ക് വിധേയനായി അവശരും ദരിദ്രരുമായ ജനവിഭാഗങ്ങളുടെ കൂടെ അവരുടെ സുഖദു:ഖങ്ങൾ പങ്കിട്ടു ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'
ബഹുമാന്യരെ, ഭൗതിക സുഖങ്ങൾ മുഴുവൻ നിഷിദ്ധമല്ലെന്നറിയാമല്ലോ. ഹലാലും ഹറാമുമുണ്ട്. ഹലാലായ സൗഭാഗ്യങ്ങൾ എന്തുകൊണ്ട് സ്വീകരിച്ചു കൂടാ.'
'ഹലാലായ സൗഭാഗ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ഹറാമിലേക്കു ചാഞ്ഞു പോയെങ്കിലോ എന്നു ഞാൻ ഭയപ്പെടുന്നു.'
'ദുരിതമനുഭവിച്ചു ജീവിക്കാനാണിഷ്ടമെങ്കിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരും'.
'എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.'
ലുഖ്മാനുൽ ഹഖീ(റ)മിന്റെ ദൃഢസ്വരത്തിലുള്ള മറുപടി കേട്ട് മലക്ക് സംതൃപ്തിയോടെ മടങ്ങിപ്പോയി.
(തുടരും)

 
No comments:
Post a Comment