ലുഖ്മാനുൽ ഹഖീം (റ) ഭാഗം:7


 ദാവൂദ് നബി(അ)യുടെ സന്നിധിയിൽ പല ആവലാതിക്കാരും വരാറുണ്ടായിരുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളുമെല്ലാം കേട്ട് നബി ന്യായമായ വിധി പറയും.ഇരു കക്ഷികൾക്കും നീതി ബോധ്യപ്പെടുന്ന രീതിയിലായിരുന്നു നബിയുടെ വിധി പ്രസ്താവന. ഒരിക്കൽ ദാവൂദ് നബി(അ)യുടെ കോടതിയിൽ വിചിത്രമായൊരു കേസ് വാദത്തിനെത്തി. രണ്ടു യുവതികളായിരുന്നു കേസുമായി വന്നത്. വദിയാര്, പ്രതിയാര് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. യുവതികളിലൊരുത്തി കറുത്തുവികൃതമായ രൂപമായിരുന്നു. അവളുടെ കൈകളിൽ ഒരു പൈതൽ. ആ കുഞ്ഞ് അലമുറയിട്ട് കരയുകയാണ്. കൂടെ വന്ന യുവതി വെളുത്ത സുന്ദരിയായിരുന്നു. ഒരു ശാലീനത അവളുടെ മുഖത്ത് പ്രകടമായിരുന്നു. യുവതികളുടെ കേസ് വിസ്തരിച്ചു വിധി പറയുവാൻ നബി ലുഖ്മാനെയും സുലൈമാൻ നബി(അ)യെയുമാണ് ചുമതലപ്പെടുത്തിയത്. ലുഖ്മാൻ യുവതികളെ വിളിപ്പിച്ചു വിസ്തരിച്ചു. കൂട്ടത്തിൽ വെളുത്ത യുവതിയെയാണ് ആദ്യമായി വിചാരണ ചെയ്തത്. അവൾ ന്യായാധിപൻമാരുടെ മുന്നിൽ വന്നു. അവൾ സങ്കടം കൊണ്ട് വീർപ്പുമുട്ടുന്നതു പോലെ തോന്നി. ആ മിഴികളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.

          'ഹേ, യുവതീ എന്താണ് നിന്റെ സങ്കടത്തിനു കാരണം. കരയാതെ കാര്യം പറയൂ ' സുലൈമാൻ നബി ആവശ്യപ്പെട്ടു. അതുകേട്ട യുവതി വളരെ വ്യസനത്തോടു കൂടി മൊഴിഞ്ഞു: 'ബഹുമാനപ്പെട്ടവരെ, ഞാൻ പ്രസവിച്ച പൊന്നോമനപ്പൈതലിനെ ഈ നിൽക്കുന്ന സ്ത്രീ തട്ടിയെടുത്ത് കുഞ്ഞ് അവളുടേതാണെന്ന് അവകാശവാദമുന്നയിക്കുകയാണ്. ഞാൻ പത്ത് മാസം വയറ്റിൽ ചുമന്ന കുഞ്ഞാണത്. നൊന്തു പ്രസവിച്ച പൊന്നോമനയാണത്. ദയവു ചെയ്ത് എനിക്കെന്റെ കുഞ്ഞിനെ വാങ്ങിത്തരണം.' ഇതല്ലാം കേട്ട് കൊണ്ട് നിസ്സംഗഭാവത്തിൽ നിൽക്കുന്ന കറുത്ത പെണ്ണിനെ ലുഖ്മാൻ തന്റെ സന്നിധിയിലേക്ക് വിളിച്ചു കൊണ്ടു ചോദിച്ചു: 'നിനക്കു വല്ലതും പറയാനുണ്ടോ'?  അവൾ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നു. സ്ത്രീ സഹജമായ ലജ്ജ അവളിൽ കണ്ടില്ല. സന്തോഷമോ ദു:ഖമോ എന്ന് തിരിച്ചറിയാത്ത ഒരു നിർവ്വികാരഭാവമായിരുന്നു അവളുടെ മുഖത്ത്. അവൾ ശബ്ദമുയർത്തിക്കൊണ്ടു പറഞ്ഞു: 'ഈ കുട്ടി എന്റെ സ്വന്തമാണ്. അവൾ കളവ് പറയുകയാണ്'. രണ്ടു പേരും കുഞ്ഞിന് ഒരു പോലെ അവകാശവാദം ഉന്നയിക്കുകയാണ്. ഹാജരാക്കാൻ സാക്ഷികളായ ആരുമില്ല. ഇനിയെന്തു ചെയ്യും. ആ പ്രത്യേക നിമിഷത്തിൽ ലുഖ്മാന്റെ മനസ്സിൽ ഒരു ബുദ്ധിയുദിച്ചു. ലുഖ്മാൻ സുലൈമാൻ നബി(അ)യോട് പറഞ്ഞു: പ്രിയപ്പെട്ടവരെ, ഇവർ രണ്ടു പേരും പറയുന്നു കുഞ്ഞ് അവരുടേതാണെന്ന്. അല്ലെന്നു പറയാൻ ഒരു സാക്ഷി പോലുമില്ല. അതു കൊണ്ട് ഞാൻ ന്യായമായൊരു തീർപ്പു കൽപ്പിച്ചോട്ടേ? സുലൈമാൻ നബി(അ) അനുവാദം കൊടുത്തു.

            യുവതികൾ രണ്ടു പേരും നീതിപീഠത്തിലേക്കുറ്റു നോക്കി. ലുഖ്മാൻ എന്ത് വിധിയായിരിക്കും നടത്താൻ പോകുന്നതെന്ന സംശയം സുലൈമാൻ നബി(അ)ക്കുമുണ്ടായി. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. എങ്ങും ശ്മശാന മൂകത. നിശബ്ദതയെ ഭേദിച്ച് കൊണ്ട് ലുഖ്മാൻ ഗർജ്ജിച്ചു.' ആരെവിടെ '. പെട്ടെന്ന് ഒരു രാജഭടൻ ഭവ്യതയോടെ മുന്നിലെത്തി. 'ഉടൻ ഒരു മൂർച്ചയേറിയ വാൾകൊണ്ടു വരൂ'. ഭടൻ നിമിഷങ്ങൾക്കകം വാളുമായി തിരിച്ചെത്തി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിച്ചില്ല. ലുഖ്മാൻ യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. എന്നിട്ട് പറഞ്ഞു: 'ഞാൻ ഈ കുഞ്ഞിനെ വാളുകൊണ്ട് മുറിച്ച് രണ്ടുപേർക്കും ഓരോ ഭാഗം തരാനാണുദ്ദേശിക്കുന്നത്. എന്താ എതിർപ്പു വല്ലതുമുണ്ടോ'?
            ചോദ്യം കേട്ടപ്പോൾ കറുത്ത യുവതി യിൽ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. കുഞ്ഞിനെ വെട്ടിമുറിച്ചാലും തനിക്കൊന്നുമില്ലെന്ന മട്ടിൽ അവൾ നിർവ്വികാരയായി നിന്നു. എന്നാൽ വെളുത്ത യുവതിയുടെ ഭാവം ആകെ മാറി. അവൾ വാവിട്ടു കരഞ്ഞുകൊണ്ട് ലുഖ്മാന്റെ കാൽക്കൽ വീണു. ശിലയെപ്പോലും അലിയിക്കുമാറ് ദീനഭാവത്തോടെ അവൾ പറഞ്ഞു: 'ബഹുമാനപ്പെട്ടവരെ, എന്റെ കുഞ്ഞിനെ വെട്ടിമുറിക്കരുത്. എനിക്കതിനെ തന്നില്ലെങ്കിലും ശരി, എന്റെ പൊന്നോമന പ്പൈതലിനെ കൊന്നുകളയരുത്. കുഞ്ഞിനെ അവൾക്ക് കൊടുത്തുകൊൾക. ഞാനെന്റെ അവകാശവാദം ഇതാ പിൻവലിച്ചിരിക്കുന്നു.'

           ഇതു കേട്ടമാത്രയിൽ ലുഖ്മാൻ ശരിയായ വിധി പ്രസ്താവിച്ചു: കുഞ്ഞ് ഈ വെളുത്ത യുവതിയുടേതാണ്. സ്വന്തം കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുമെന്നറിഞ്ഞപ്പോൾ അവളുടെ മാതൃഹൃദയം നൊന്തു. എന്നാൽ കറുത്തവൾ കഠിനഹൃദയക്കാരിയാണ്. കുഞ്ഞിനെ കൊന്നാലും തനിക്കൊരു ചുക്കുമില്ലെന്ന അവളുടെ ഭാവം തന്നെ അതിന് തെളിവാണ്.' അങ്ങനെ വെളുത്ത യുവതിക്ക് തന്റെ സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടി. കള്ളവാദവുമായി എത്തിയവൾക്ക് അതിനുള്ള ശിക്ഷയും കിട്ടി. ലുഖ്മാന്റെ വിധിന്യായം ദാവൂദ് നബി (അ)യെ സന്തുഷ്ടനാക്കി. നബി പറഞ്ഞു: 'ലുഖ്മാൻ നീ തന്ത്രജ്ഞൻ തന്നെ.'
(തുടരും)

No comments:

Post a Comment