ലുഖ്മാനുൽ ഹഖീം (റ) ഭാഗം:5


 പ്രവാചകനായ ദാവൂദ് നബി(അ)യുടെ ആസ്ഥാനം ബൈത്തുൽ മുഖദ്ദിസായിരുന്നു. ലുഖ്മാൻ പ്രവാചകന്റെ സന്നിധിയിലെത്തി സലാം ചൊല്ലി. സലാം മടക്കിയ ശേഷം നബി പറഞ്ഞു: 'അല്ലയോ അബ്സ്സീനിയായിൽ നിന്നെത്തിയ പ്രശോഭിത താരമേ! ലുഖ്മാനേ, സ്വാഗതം'. ആ വാക്കുകൾ കേട്ട് ലുഖ്മാനുൽ ഹഖീം അത്ഭുതത്തോടെ മിഴിച്ചു നിന്നു പോയി.
   ലുഖ്മാൻ ചിന്തിച്ചു. താൻ ലുഖ്മാനാണെന്ന കാര്യം ദാവൂദ് നബി (അ) എങ്ങനെയറിഞ്ഞു. അല്ലാഹുവിന്റെ പ്രവാചകനല്ലെ. ദിവ്യസന്ദേശം മുഖേന അറിഞ്ഞതായിരിക്കും എന്നദ്ദേഹം സമാധാനിച്ചു. എങ്കിലും ജിജ്ഞാസ മറച്ചുവെക്കാനാവാതെ ലുഖ്മാൻ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, നാം ഇതിനു മുമ്പ് നേരിൽ കണ്ടിട്ടില്ല. പിന്നെ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു.'
        'ലുഖ്മാനെ, അല്ലാഹുവിന് സാധിക്കാത്തതായി എന്തുണ്ട്. അബ്സീനിയായിലെ ലോബാഗ്രാമത്തിൽ നിന്നും ലുഖ്മാനെന്ന നീഗ്രോ യുവാവ് വരുമെന്നും എന്റെ ശിഷ്യത്വം സ്വീകരിക്കുമെന്നും അല്ലാഹുവിന്റെ മുന്നറിയിപ്പിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.'
         'അതെ, അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാൻ തന്നെയാണ് ഞാൻ ഇവിടെ എത്തിയത്. എനിക്കജ്ഞാതമായ കാര്യങ്ങൾ അങ്ങ് അറിയിച്ചു തരണം. എന്നിലെ അവിവേകങ്ങൾ ക്ഷമിച്ചു തിരുത്തിത്തരണം'.
          'ലുഖ്മാൻ താങ്കൾ അത്യുന്നത പദവിയിലെത്തിച്ചേരും. പക്ഷേ ആദ്യം പല വിഷമതകളും അനുഭവിക്കാനിടയാകും. നെല്ലിക്കയുടെ മധുരം അനുഭവപ്പെടണമെങ്കിൽ ആദ്യത്തെ ചവർപ്പ് അനുഭവിച്ചേ തീരൂ. ത്യാഗസുരഭിലമായ ഒരു ജീവിതമാണ് ലുഖ്മാന്റെ മുമ്പിലുള്ളത് '.
         ദാവൂദ് നബി(അ)യുടെ വാക്കുകൾ ലുഖ്മാൻ വളരെയധികം ആകാംക്ഷയോടെ ശ്രമിച്ചിരുന്നു.

 ഐഹിക സുഖങ്ങളിൽ മോഹമുള്ളവർക്കൊന്നും ദാവൂദ് നബി (അ)യുടെ ശിഷ്യത്വം സ്വീകരിക്കാൻ അർഹതയുണ്ടായിരുന്നില്ല. നബി അവർകൾ ലുഖ്മാനെ പലവിധ പരീക്ഷണങ്ങൾക്കും വിധേയനാക്കി. ക്ഷണികമായ ഐഹിക സുഖങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒരിക്കലും ലുഖ്മാനിൽ നിന്നുണ്ടാവുകയില്ലെന്ന് നബി മനസ്സിലാക്കി. ആപത്തുകളിലും പരീക്ഷണങ്ങളിലും അകപ്പെടുമ്പോൾ രക്ഷക്കുവേണ്ടി അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആശ്രയിക്കുകയില്ലെന്നും സഹായം അല്ലാഹുവിനോട് മാത്രമേ ആവശ്യപ്പെടുകയുള്ളൂ എന്നും ലുഖ്മാൻ ഉറപ്പുകൊടുത്തു. അങ്ങനെ ദാവൂദ് നബി (അ) ലുഖ്മാനെ തന്റെ ശിഷ്യനായി അംഗീകരിച്ചു.

        ഒരിക്കൽ ദാവുദ് നബി(അ) ലുഖ്മാനോട് ചോദിച്ചു: അല്ലയോ ലുഖ്മാൻ, താങ്കൾ ഏറ്റവുമധികം ആനന്ദത്തിലാറാടിയ അസുലഭ സുന്ദര നിമിഷങ്ങൾ ഏതാണെന്നു പറയാമോ? ലുഖ്മാൻ ഒട്ടും സംശയിക്കാതെ പറഞ്ഞു: എനിക്ക് ഏറ്റവും ആനന്ദവും സന്തോഷവും പകർന്ന നിമിഷങ്ങൾ എന്റെ ആദരണീയരായ ഉമ്മബാപ്പമാരോടൊത്ത് കഴിഞ്ഞുകൂടിയ സന്ദർഭങ്ങളാണ്. ജീവിതത്തിൽ അത്രമാത്രം ആനന്ദമനുദിച്ച മറ്റൊരു മുഹൂർത്തവും എനിക്കുണ്ടായിട്ടില്ല. ലുഖ്മാന്റെ ഈ മറുപടിയിൽ ഒട്ടും അതിശയോക്തി കലർന്നിരുന്നില്ല. മാതാപിതാക്കൾക്കു വേണ്ടി ജീവൻ തന്നെ വെടിയാൻ തയ്യാറായിരുന്നു അദ്ദേഹം.

ഒരിക്കൽ ലുഖ്മാനിന്റെ പിതാവ് ശാരീരിക ക്ഷീണം ബാധിച്ച് കിടപ്പിലായി. ബാപ്പാക്ക് കുടിക്കാൻ കൊടുക്കാൻ വേണ്ടി കുറച്ചു പാലുമായി ലുഖ്മാൻ അദ്ദേഹത്തിന്റെ ശയ്യക്കരികിലെത്തി. പക്ഷേ പിതാവ് അപ്പോഴേക്കും ഉറക്കത്തിലായിക്കഴിഞ്ഞിരുന്നു. ബാപ്പയെ എങ്ങനെ വിളിച്ചുണർത്തും .അത് അദബു കേടല്ലേ. പാലു കുടിപ്പിക്കാതെ എങ്ങനെ പിന്തിരിയും. അത് മര്യാദകേടല്ലെ. ഈ ചിന്തയുമായി ലുഖ്മാൻ നിന്നു. ബാപ്പ ഉണരുകയാണെങ്കിൽ പാല് കൊടുക്കാം. വിളിച്ചുണർത്തേണ്ട എന്ന ഉദ്ദേശത്തോടെയുള്ള ആ നില്പ് രാത്രി മുഴുവനും തുടർന്നു. പ്രഭാതമായപ്പോൾ ദീർഘനിദ്രയിലാണ്ടുപോയ പിതാവ് ഉണർന്നു. അപ്പോൾ കണ്ട കാഴ്ച പാൽപാത്രവും പിടിച്ചു കൊണ്ട് അരികിൽ നിൽക്കുന്ന മകനെയാണ്. അത്ഭുതത്തോടെ പിതാവ് ചോദിച്ചു: മകനേ, നീ രാത്രി മുഴുവനും ഇവിടെ തന്നെ നിൽക്കുകയായിരുന്നോ ? മകൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പിതാവിന് പാൽ കൊടുത്തു. പക്ഷെ അപ്പോഴേക്കും അത് തൈരായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. മകന്റെ ആദരവും സ്നേഹസമ്പന്നതയും ത്യാഗമനസ്ഥിതിയും കണ്ട ആ പിതാവ് അല്ലാഹുവിനോട് മനംനൊന്ത് പ്രാർത്ഥിച്ചു: 'അല്ലാഹുവേ, എന്റെ പൊന്നുമകന് ഇതിന് തക്കതായ പ്രതിഫലം നൽകേണമേ. ഔന്നിത്യത്തിന്റെ കവാടങ്ങൾ അവനു മുന്നിൽ തുറന്നു കൊടുക്കേണമേ'.
(തുടരും)

No comments:

Post a Comment