ലുഖ്മാൻ പെട്ടെന്നെഴുന്നേറ്റു. ഗുരുവിനെ തന്റെ ഇരിപ്പിടത്തിൽ പിടിച്ചിരുത്തി. 'അങ്ങ് ഇപ്പോൾ ഇവിടെയെത്തിയതെന്തിനാണ് ' ? വളരെ ഭവ്യതയോടെ ലുഖ്മാൻ ആരാഞ്ഞു. അതിനു മറുപടിയായി ഗുരു പറഞ്ഞു: 'പ്രിയപ്പെട്ട ലുഖ്മാനെ, നിന്റെ ജീവിതം ഇവിടെ തളച്ചിടാനുള്ളതല്ല. നീ ഉടൻ തന്നെ ഇവിടെ നിന്നു പുറപ്പെടണം'.
'പുറപ്പെടുകയോ ? എങ്ങോട്ട് ' ?
' ഫലസ്തീനിലേക്ക്, ബൈത്തുൽ മുഖദ്ദസ്സെന്ന മഹത്തായ ഭവനത്തിന്റെ ആസ്ഥാനത്തേക്ക്'
'ഗുരുവന്ദ്യരെ ഞാൻ എന്നിനാണ് ഫലസ്തീനിലേക്ക് പോകുന്നത് '?
'അല്ലാഹുവിന്റെ പ്രവാചകനായ ദാവൂദ് നബി (അ) അവിടെയാണ്. നീ പ്രവാചകനെ പോയി കാണണം. നബിയിൽ നിന്നും പലതും പഠിക്കാനുണ്ട് '.
ലുഖ്മാന്റെ ഹൃദയത്തിൽ പലവിധ വികാരവിചാരങ്ങൾ ഓളം തല്ലി. പിറന്ന മണ്ണ്, മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. കൂടാതെ ഇനി തനിക്ക് ഏക ആശ്രയമായ ഗുരുവര്യനും ഇവിടെയാണ്. എല്ലാം ഉപേക്ഷിച്ചു പോവുകയോ? ലുഖ്മാനുൽ ഹഖീമിന്റെ മാനസികവ്യാപാരം അറിഞ്ഞു കൊണ്ട് ഗുരു പറഞ്ഞു: 'പ്രിയ ലുഖ്മാനേ, ഐഹിക സൗഭാഗ്യങ്ങളെല്ലാം ക്ഷണികമാണ്. മാതാവ്, പിതാവ്, ഗുരു, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എല്ലാം നൈമിഷിക വിഭ്രാന്തി മാത്രം. അത് മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള മറ്റൊരിന്ദ്രിയം നിനക്ക് കൂടിയേ തീരൂ. തീർച്ചയായും ദാവൂദ് നബി (അ)യുടെ സന്നിധിയിൽ നിന്നും നിനക്കത് ലഭിക്കും'.
പ്രശോഭിത താരം
ഗുരുവിന്റെ ഉപദേശം ശ്രവിച്ച ലുഖ്മാൻ പറഞ്ഞു: 'ഞാൻ പോകാം ഉസ്താദേ, എങ്കിലും അങ്ങയെ വിട്ടു പോകാൻ എനിക്കു മനസ്സു വരുന്നില്ല'.
'ക്ഷണികമായ ഐഹിക ജീവിതത്തിൽ ഒന്നിനോടും അമിതമായ കെട്ടുപാട് കാണിക്കരുത്. ഇപ്പോൾ നിന്റെ നിയോഗം ഫലസ്തീനിൽ എത്തുക എന്നുള്ളതാണ്. തീർച്ചയായും അത് നിറവേറ്റണം'.
'അങ്ങയെ ഇനി എന്നു കാണാൻ സാധിക്കും ? അതാണെന്റെ ആശങ്ക'.
'ഒട്ടും ആശങ്ക വേണ്ട ലുഖ്മാൻ. എന്റെ അന്ത്യം നിന്റെ സാന്നിധ്യത്തിൽ വെച്ചായിരിക്കും'.
'ഉസ്താദെ, ഐഹിക ലോകവുമായി ഒരു ബന്ധവും പുലർത്താതെ അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് ജീവിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എങ്കിലും അങ്ങ് പറയുന്നതെന്തും അനുസരിക്കാൻ ഞാൻ തയ്യാറാണ്'.
' ലുഖ്മാൻ, നമ്മൾ ഉദ്ദേശിക്കുന്നതൊന്ന്. റബ്ബ് തീരുമാനിക്കുന്നത് മറ്റൊന്ന്'.
'അങ്ങ് ഇപ്രകാരം പറയാൻ കാരണം?
'മറ്റൊന്നുമല്ല നീയൊരു സുന്ദരിയെ വിവാഹം കഴിക്കും. അതിൽ ഒരു മകനുണ്ടാകും. ബുദ്ധിമാനും സ്നേഹസമ്പന്നനുമായ ഒരു പൊന്നോമന പുത്രൻ'.
'അഭിവന്ദ്യരെ ഞാനൊരിക്കലും ചിന്തിക്കാത്ത കാര്യമാണല്ലോ വിവാഹം.'
'അതെ അതു തന്നെയാണ് ഞാൻ പറഞ്ഞത്. എല്ലാം റബ്ബിന്റെ വിധിപോലെ മാത്രമേ സംഭവിക്കൂ'.
വിജ്ഞാനം പകർന്ന് തന്ന് തന്നെ സംസ്കരിച്ച സമുന്നതനായ ഗുരുവര്യന്റെ ഉപദേശം തിരസ്കരിക്കാൻ ലുഖ്മാന് സാധിച്ചില്ല. എങ്കിലും വേവലാതിയാണ്. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ തനിക്ക് കൂടുതൽ അവസരമുണ്ടായില്ല. അഭിവന്ദ്യ ഗുരുവിനെയെങ്കിലും വാർദ്ധക്യകാലത്ത് ശുശ്രൂഷിക്കാമല്ലോ എന്ന ആഗ്രഹവും നിഷ്ഫലമാകാൻ പോകുന്നു. ഉസ്താദ് അതിന് സമ്മതിക്കുന്നില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഗുരുനാഥൻ ഓർമിപ്പിച്ച കാര്യങ്ങൾ ലുഖ്മാന്റെ മനസ്സിൽ പച്ച പിടിച്ചു നിന്നു.
'ലുഖ്മാനേ, നീ പോയാൽ എനിക്ക് ആരുണ്ടെന്ന ചിന്ത ഉപേക്ഷിക്കുക. സർവ്വശക്തനായ അല്ലാഹു എനിക്കും നിനക്കും സർവ്വചരാചരങ്ങൾക്കും കാവലുണ്ട്. അവനിൽ ഭരമേൽപ്പിച്ചാൽ മറ്റൊരാശ്രയവും നമുക്കാവശ്യമായി വരികയില്ല. സമയാസമയങ്ങളിൽ നമ്മെ സഹായിക്കാനുള്ളവരെ അല്ലാഹു നിയോഗിക്കും. ലുഖ്മാനെ, നിനക്കു വേണ്ടത് അനുഭവസമ്പത്താണ്. ലോകമാകെ സഞ്ചരിച്ച് ജനതയുടെ ദുരിതങ്ങൾ അറിയണം. കഴിയുന്നത്ര സഹായങ്ങൾ ചെയ്യണം.'
അതെ ഗുരുവിന്റെ ആജ്ഞകൾ താൻ ശിരസ്സാ വഹിക്കും. അബലരുടെയും ആലംബഹീനരുടെയും മിഴിനീര് തുടക്കും.നശ്വരമായ ദുനിയാവ് തന്റെ ലക്ഷ്യമല്ല. പരലോക മോക്ഷത്തിന് വേണ്ടിയുള്ള പ്രയത്നമാണ് വേണ്ടത്. ഇപ്രകാരം ചിന്തിച്ച് ലുഖ്മാൻ മുന്നോട്ട് ഗമിച്ചു. ഒരു സുപ്രഭാതത്തിൽ ഫലസ്തീനിൽ എത്തി. നേരേ ബൈത്തുൽ മുഖദ്ദിസ്സിലേക്ക് നടന്നു.
(തുടരും)

No comments:
Post a Comment