ലുഖ്മാനുൽ ഹഖീം (റ) ഭാഗം:3


കൂട്ടുകാരെല്ലാം ഭയപ്പെട്ട് ദൂരെ മാറി നിൽക്കുകയായിരുന്നു. കരുത്തനായ സിംഹം പിടഞ്ഞു വീണു നിശ്ചലമായതു കണ്ടപ്പോൾ അവർക്കെല്ലാം ധൈര്യം തിരിച്ചു കിട്ടി. അത്ഭുതത്തോടെ അവർ ആടിന്റെ അരികിലേക്ക് ചെന്നു.
അത് കിടന്നു പിടയുകയാണ്.
 രക്തം അണമുറിയാതെ ഒഴുകുന്നു.
കഴുത്ത് മുറിഞ്ഞു പോയിരിക്കുന്നു.
 ലുഖ്മാൻ തെല്ലും സംശയിച്ചു നിന്നില്ല.
 നേരേ ഉൾക്കാട്ടിലേക്കോടി. അവിടെ നിന്നും ചില പച്ചിലകൾ ശേഖരിച്ചു തൽക്ഷണം തിരികെ വന്നു.
ഇലകൾ കല്ലിലിട്ടു ചതച്ചു നീരെടുത്ത് ആടിന്റെ മുറിവിൽ പുരട്ടി.
 പെട്ടെന്ന് രക്തസ്രാവം നിന്നു.
മുറിവു കൂടി.
ഒന്നും സംഭവിക്കാത്തതു പോലെ ആട് എഴുന്നേറ്റു നടന്നു.
കുട്ടികളെല്ലാം ആശ്ചര്യത്തോടെ ലുഖ്മാനെ വളഞ്ഞു.

ഇവിടെ നാം കണ്ടതെന്താണ്?
 ലുഖ്മാന് ഗുരുവിൽ നിന്ന് ലഭിച്ച വിദ്യയുടെ ഫലം തന്നെ.
അതെ, ആ ബാലൻ ഏഴുവയസ്സായപ്പോൾ തന്നെ അന്നത്തെ വേദഗ്രന്ഥമായ തൗറാത്ത് മുഴുവൻ മന:പ്പാoമാക്കിയിരുന്നു. ഗുരു പകർന്നു കൊടുത്ത ചികിത്സാ മുറകൾ ഒന്നൊഴിയാതെ മനസ്സിലാക്കിയിരുന്നു.

മാതാപിതാക്കളെയും ഗുരുനാഥനെയും ബഹുമാനിക്കുകയും അവർക്ക് വേണ്ട പരിചരണങ്ങൾ ചെയ്യുകയും അവരുടെ സ്നേഹം സമ്പാദിക്കുകയും സർവ്വശക്തന് ആരാധനകളർപ്പിക്കുകയും ചെയ്തു കൊണ്ട് ലുഖ്മാൻ നാളുകൾ നീക്കി.
സത്യം പറയുക എന്നത് ഒഴിച്ചുകൂടാത്ത കർത്തവ്യമായി അദ്ദേഹം ശീലിച്ചു.
കളവായി ഒരു വെറുംവാക്കുപോലും പറയാൻ ലുഖ്മാൻ കൂട്ടാക്കിയില്ല. വിശ്വാസവഞ്ചന അദ്ദേഹത്തിന്റെ നിഘണ്ഡുവിൽ സ്ഥാനം പിടിച്ചിരുന്നില്ല. വിജ്ഞാനത്തിന്റെ നിറകുടമായി, സൽസ്വഭാവത്തിന്റെ വിളനിലമായി, ലുഖ്മാനുൽ ഹഖീമായി ആ ബാലൻ വളർന്നു.
    മാതാപിതാക്കളെ ശുശ്രൂഷിക്കുക, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുക. ലുഖ്മാന്റെ ജീവിതത്തിലെ ഏറ്റവും അനർഘ നിമിഷങ്ങൾ ഇതൊക്കെയായിരുന്നു. പക്ഷെ അല്ലാഹു കൂടുതൽ കാലം ആ സന്തോഷം അദ്ദേഹത്തിനു നൽകിയില്ല. പതിനഞ്ചാം വയസ്സിൽ ലുഖ്മാന്റെ പ്രിയപ്പെട്ട മാതാവ് ഇഹലോകവാസം വെടിഞ്ഞു. ഉമ്മയുടെ വേർപാട് ലുഖ്മാന് ദു:ഖകരമായ ഒരനുഭവമായിരുന്നു. അദ്ദേഹം നൊമ്പരത്തോടു കൂടി തന്റെ ശ്രദ്ധ പിതാവിലേക്ക് തിരിച്ചു. മാതാവിന്നു കൊടുത്തിരുന്ന ശുശ്രൂഷ കൂടി ലുഖ്മാൻ പിതാവിക്കു നൽകി. പക്ഷേ അത് അധികകാലം നിന്നില്ല.അധികം താമസിയാതെ പിതാവും അദ്ദേഹത്തെ വിട്ടു പിരിഞ്ഞു. പിതാവു കൂടി വേർപിരിഞ്ഞപ്പോൾ ലുഖ്മാന്റെ വേദന വർണ്ണനാതീതമായിരുന്നു.
            യഥാർത്ഥ സത്യവിശ്വാസി ഏതു പരീക്ഷണങ്ങളിലും അടിപതറാതെ ക്ഷമ കൈകൊള്ളുന്നവനാണ്. ആരാധനക്കു വേണ്ടി തികച്ചും ഏകാന്തമായ ഒരു സ്ഥാനം കണ്ടെത്തി.പ്രപഞ്ചത്തെ കുറിച്ചുള്ള സകല ചിന്തകളും വെടിഞ്ഞ് അവിടെ ഇബാദത്തുകളിൽ മുഴുകി. അന്നപാനാദികൾ വെടിഞ്ഞു.ഐഹിക സുഖങ്ങൾ വെടിഞ്ഞു. അല്ലാഹു എന്ന ചിന്ത മാത്രമായി ലുഖ്മാൻ ജീവിതം നയിച്ചു. പ്രഭാതം പുഞ്ചിരിച്ചെത്തി. 'ലുഖ്മാനെ ' സുപരിചതമായ ആ വിളി ലുഖ്മാന്റെ കാതുകളിൽ മുഴങ്ങി. ഒരു പ്രചോദനം പോലെ ആ മിഴികൾ തുറന്നു. നോക്കുമ്പോൾ തൊട്ടു മുന്നിൽ തന്റെ ബഹുമാന്യനായ ഗുരുനാഥൻ.
(തുടരും)

No comments:

Post a Comment