സ്വഹാബികള്‍ ഇങ്ങനെ രണ്ടു കക്ഷികളായിപ്പിരിഞ്ഞപ്പോള്‍ നബി(സ) അരുളി; “ഖുറൈശികളുടെ വെല്ലുവിളി സ്വീകരിച്ചു ബദറില്‍ എത്താതിരുന്നാല്‍ ഉഹ്ദുപരാജയത്തോടെ നാം തകര്‍ന്നു എന്ന ബോധം അവരിലുണ്ടാകും. അതുകൊണ്ട് നിങ്ങളാരും തയ്യാറില്ലെങ്കില്‍ ഞാനൊറ്റക്ക് ബദറില്‍ ചെന്നു ശത്രുക്കളുടെ വെല്ലുവിളി നേരിടുകതന്നെ ചെയ്യും.”
ഇതുകേട്ടപ്പോള്‍ സ്വഹാബികള്‍ ഒറ്റക്കെട്ടായി ഇങ്ങിനെ പറഞ്ഞു; “അല്ലാഹുവിന്‍റെ റസൂലേ, അങ്ങു തീരുമാനിച്ചുകഴിഞ്ഞുവെങ്കില്‍ ഞങ്ങളിതാ ജീവന്മരണസമരത്തിനു ബദറിലേക്ക് പോകാന്‍ സന്നദ്ധരായിരിക്കുന്നു. ഞങ്ങളെ നയിച്ചാലും.”
ഉടനെ ഒരുക്കമായി. അഞ്ഞൂറുസ്വഹാബികളോടൊപ്പം നബി(സ) ബദറിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ യുദ്ധത്തിന് അക്ഷമരായി കാത്തിരുന്നു. അബൂസുഫ്യാന്‍ ഈ വിവരമറിഞ്ഞു വിഷമത്തിലായി. തന്‍റെ പ്രചരണം ഫലിക്കാതെവന്നതില്‍ കുണ്ഠിതനായിത്തീര്‍ന്നു. ഇനിയെന്തുചെയ്യും? അബൂസുഫ്യാന്‍ ഖുറൈശീപ്രമാണികളുമായി ചര്‍ച്ച ചെയ്തു. ക്ഷാമവും വരള്‍ച്ചയും കാരണം ജീവശ്ശവങ്ങളായിത്തീര്‍ന്നിരിക്കുന്ന ഖുറൈശീയുവാക്കളെ പടക്കളത്തിലെക്കിപ്പോള്‍ കൊണ്ടുപോകുന്നത് അപകടമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ചിലയുവാക്കള്‍ പറഞ്ഞു; “ എന്തുവന്നാലും നാം ബദറിലെത്തണം. അല്ലാത്തപക്ഷം ഉഹ്ദില്‍ നാം നേടിയെടുത്ത യശസ്സ് നഷ്ടമാകും.”
മുഹമ്മദും(സ) പടയും നേരത്തെതന്നെ ബദറിലെത്തിയതു തെളിയിക്കുന്നത്, അവരുടെ ശക്തിതെല്ലുംക്ഷയിച്ചിട്ടില്ലെന്നാണ്. നമുക്ക് ഉഹ്ദില്‍ വെച്ചുപറ്റിയ അമളിയാണതിനു കാരണം. അന്നു നാം നമ്മുടെ വിജയം പൂര്‍ത്തിയാക്കാന്‍ നിന്നില്ല. നമുക്കതിനുക്ഷമയുണ്ടായില്ല. ആ സുവര്‍ണ്ണാവസരം ഉപയോഗിച്ചു മുഹമ്മദിനെ(സ) വധിക്കേണ്ടതായിരുന്നു. ഏതായാലും ഇനി പറഞ്ഞിട്ട് ഫലമില്ല. ഇപ്പോള്‍ നാം മുഹമ്മദിന്‍റെ(സ) വെല്ലുവിളി സ്വീകരിച്ചു ബദറിലേക്കു പോയാലും പോയില്ലെങ്കിലും ഫലം ഒന്നുതന്നെ. പോയാല്‍ ഏറുകൊണ്ട മൂര്‍ഖന്മാരെപ്പോലെ മുസ്‌ലിംകള്‍ നമ്മോടു പക വീട്ടുകതന്നെചെയ്യും. അപ്പോള്‍ നമുക്ക് ലഭിച്ച യശസ്സ് നഷ്ടപ്പെടും, പോയില്ലെങ്കിലും നഷ്ടപ്പെടും. ആ നിലക്ക് നമുക്കിപ്പോള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്.”
ഈ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായില്ല. യുവാക്കളായ ചിലരുടെ നിര്‍ബന്ധം അസഹ്യമായപ്പോള്‍ അബൂസുഫ്യാന്‍ പ്രഖ്യാപിച്ചു. “എങ്കില്‍ ഒരുങ്ങുവിന്‍, നമുക്ക് വെല്ലുവിളി സ്വീകരിച്ചു ബദറിലേക്കുപോകാം.”
ഖുറൈശികള്‍ ഒരുങ്ങി. വളരെ ദയനീയമായിരുന്നു അവരുടെ അപ്പോഴത്തെ സ്ഥിതി. ക്ഷാമവും വരള്‍ച്ചയുംമൂലം വെറും ദുര്‍ബ്ബലരായി മാറിയ രണ്ടായിരം പടയാളികളോടുകൂടി അബൂസുഫ്യാന്‍ ബദറിലേക്കു പുറപ്പെട്ടു. ഏതാനും മൈല്‍ ദൂരത്തെത്തിയപ്പോഴേക്കും അവര്‍ തളര്‍ന്നു. മാനസികമായ തളര്‍ച്ചയായിരുന്നു പ്രധാനം. അവര്‍ വഴിയില്‍ തമ്പടിച്ചു വീണ്ടും ചര്‍ച്ചതുടങ്ങി. ഈ നിലയില്‍ നാം യുദ്ധത്തിനുപോകുന്നത് അപകടത്തിലേക്ക് ഓടിചെല്ലലല്ലെ? പക്വതവന്ന നേതാക്കളുടെ ഈ ചോദ്യം ചില പ്രമാണിമാരെ ചൊടിപ്പിച്ചു. അവര്‍ പറഞ്ഞു; “യുദ്ധം ചെയ്യാന്‍ ഭയമുള്ളവര്‍ തിരിച്ചുപോകണം. എന്നിട്ട് അകത്തുകടന്നു വാതിലടച്ചിരുന്നുകൊള്ളുക. എന്നാലും നിങ്ങള്‍ രക്ഷപ്പെടുകയില്ല. മുഹമ്മദും കൂട്ടരും നമ്മുടെ ദൗര്‍ബല്യം മനസ്സിലാക്കി മക്കയിലേക്കു മാര്‍ച്ചുചെയ്യുകതന്നെ ചെയ്യും. പിന്നെ വീടും നാടുംവിട്ടോടെണ്ടിവരും.”
(തുടരും)

No comments:
Post a Comment