മുസ്ലിംകളുടെ ബദര്‍ വിജയത്തോടുകൂടി അറേബ്യയിലെ എല്ലാ ഗോത്രങ്ങളും അവരെ ഭയപ്പെട്ടു തുടങ്ങിയിരുന്നു. തന്മൂലം പല ഗോത്രങ്ങളും മുസ്ലിംകളുമായി സന്ധിചെയ്യുകയും കപ്പം കൊടുക്കുകയും ചെയ്തുവന്നു. എന്നാല്‍ ഉഹ്ദ് പരാജയത്തോടെ ഈ ഭയം ശത്രുക്കള്‍ക്ക് നീങ്ങുകയും കരാര്‍ ലംഘിക്കാന്‍ തുടങ്ങുകയും ചെയ്തു. അത്തരം പ്രശ്നങ്ങളെ നബി(സ) ദൃഡചിത്തനായി നേരിട്ടു. ഇസ്‌ലാം മതത്തിന്‍റെ നിലനില്‍പിന്‍റെ പ്രശ്നമായിരുന്നു അത്. ഈ ഘട്ടത്തില്‍ സഅദ് ഗോത്രം മദീനയെ ആക്രമിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ ഉടനെ നബി(സ) തെല്ലും പതറാതെ ഹസ്രത്ത് അബൂസലമയുടെ നേതൃത്വത്തില്‍ നൂറ്റിഅന്‍പതോളം പടയാളികളെ അങ്ങോട്ടയച്ചു. മുസ്ലിംകളുടെ വരവിനെപറ്റി അറിഞ്ഞ് ആ ഗോത്രക്കാരുടെ ധൈര്യം അസ്തമിച്ചു. ഉഹ്ദ് പരാജയം മുസ്ലിംകളെ തളര്‍ത്തിയിട്ടില്ലെന്നു മനസ്സിലാക്കിയ ശത്രുക്കള്‍ പിന്തിരിഞ്ഞോടിയതിനാല്‍ മുസ്ലിം സൈന്യം തിരിച്ചുപോന്നു. ഇക്കാലത്തുതന്നെ ഹുദൈല്‍ ഗോത്രവും മദീനയെ ആക്രമിക്കാന്‍ തുനിഞ്ഞു. നബി(സ) ഹസ്രത്ത് അബ്ദുല്ലാഹിബ്നു ഹുനൈസ്(റ)വിന്‍റെ നേതൃത്വത്തില്‍ ഒരു സേനയെ അങ്ങോട്ടയച്ചു. അവര്‍ ശത്രുക്കളുമായി ഏറ്റുമുട്ടി. ഹുദൈല്‍ഗോത്രത്തലവനായ സുഫ്‌യാന്‍ വധിക്കപ്പെട്ടതോടെ ശത്രുക്കള്‍ പിന്തിരിഞ്ഞോടി. ഇങ്ങനെ പല ഗോത്രങ്ങളും ഉഹ്ദുയുദ്ധത്തിനുശേഷം മുസ്ലിംകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടാന്‍ തുനിഞ്ഞെങ്കിലും അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് മുസ്‌ലിംകള്‍ തിരിച്ചോടിച്ചു. അങ്ങനെ മുസ്ലിംകള്‍ തങ്ങളുടെ നഷ്‌ടപ്പെട്ട യശസ്സു വീണ്ടെടുത്തു. നബി(സ)യുടെ അചഞ്ചലമായ സ്ഥൈര്യവും നിസ്തുലമായ മനക്കരുത്തുമാണിതിനു കാരണം.
ഖുറൈശിസൈന്യം ഉഹ്ദില്‍ ജയിച്ചുപോകുമ്പോള്‍ ഒരു വെല്ലുവിളി നടത്തിയിരുന്നു. അടുത്തകൊല്ലം നമുക്ക് ബദറില്‍വെച്ചുകാണാമെന്ന്. നബി(സ)യും സ്വഹാബത്തും ഈ വെല്ലുവിളി മുഖവിലക്കെടുത്തു തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഖുറൈശികളാകട്ടെ മക്കയില്‍ ആകസ്മികമായുണ്ടായ ക്ഷാമവും വരള്‍ച്ചയും മൂലം കഠിനമായ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തിനു പുറപ്പെടാനുള്ള യാതൊരു സൗകര്യവും അവര്‍ക്കുണ്ടായിരുന്നില്ല. ഈ ഘട്ടത്തില്‍ അബൂസുഫ്യാന്‍ ഒരു തന്ത്രം പ്രയോഗിച്ചു. മദീനയിലുള്ള കപടവിശ്വാസികള്‍ മുഖേന ഒരു കുപ്രചരണം നടത്തി. ഖുറൈശികള്‍ സമുദ്രസമാനമായ ഒരു സൈന്യത്തെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്നും അവരോടു ജയിക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ലെന്നും ആയിരുന്നു അത്. ഇതുകേട്ട് നിഷ്കളങ്കരായ വിശ്വാസികള്‍ ഭയന്നു. അവര്‍ക്കിടയില്‍ ആശയക്കുഴപ്പമായി. ഉഹ്ദില്‍വെച്ചേറ്റ മുറിവുകള്‍ ഉണങ്ങിയിരുന്നില്ല. ഇപ്പോള്‍ രണ്ടാമതും അപകടത്തെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് ദൈര്യംപോരാതെ വന്നു. ഇങ്ങിനെ മുസ്ലിംകളെ നിര്‍വീര്യമാക്കലായിരുന്നു ഖുറൈശികളുടെ ലക്ഷ്യം. എന്നാല്‍ നബിയാകട്ടെ,,,,,,,,,,,,
എന്നാല്‍ നബി(സ) പതറാതെ ഇതിനെപ്പറ്റി സൂക്ഷ്‌മാന്വേഷണം നടത്തി. അതു വ്യാജപ്രചരണമാണെന്നു നബിക്കു മനസ്സിലായി. നബി(സ) അരുളി: “നിങ്ങളെ പേടിപ്പിച്ചു പിന്തിരിപ്പിക്കാനാണ് ശത്രുക്കളുടെ ശ്രമം. അതില്‍ നിങ്ങള്‍ അകപ്പെട്ടു വഞ്ചിതരാകാതിരിക്കിന്‍. ഉടനെ ബദറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുവിന്‍.”
അപ്പോള്‍ ചിലര്‍ പറഞ്ഞു: “ഇപ്പോള്‍ നാം യുദ്ധത്തിനു പുറപ്പെട്ടുപോകുന്നതു അപകടം ക്ഷണിച്ചുവരുത്തലാണ്. ബദറിലേക്ക് നാം പോകേണ്ടതില്ല. അവര്‍ മദീനാ നഗരത്തിനുള്ളില്‍ കടന്നാക്രമണം നടത്തുകയാണെങ്കില്‍ ചെറുത്താല്‍ മതി.”
ഇതുകേട്ടപ്പോള്‍ മറ്റൊരു വിഭാഗംപറഞ്ഞു: “അതുപറ്റില്ല. നമുക്ക് ഖുറൈശികളുടെ വെല്ലുവിളി സ്വീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ല. അതു നമ്മുടെ യശസ്സിനെ, എന്നല്ല നിലനില്‍പ്പിനെത്തന്നെ ബാധിക്കും. അതുകൊണ്ട് ബദറിലേക്ക് പുറപ്പെടുകതന്നെവേണം.”
(തുടരും)

No comments:
Post a Comment