നബി(സ)യും സ്വഹാബികളും ശുഹദാക്കളെയെല്ലാം മറവുചെയ്തശേഷം മദീനയിലേക്കുതിരിച്ചുപോയി. അവിടെ കണ്ണീര്‍ക്കടല്‍ ഇരമ്പുകയായിരുന്നു. ഒരു വശത്തുസത്യവിശ്വാസികളുടെ ദു:ഖപ്രകടനവും, മറുവശത്ത് കപടവിശ്വാസികളുടെ ആഹ്ലാദപ്രകടനവും. കപടവിശ്വാസികള്‍ സത്യവിശ്വാസികളെ പരിഹസിക്കാന്‍ തുടങ്ങി. “ഇപ്പോള്‍ എന്തുണ്ടായി? ഞങ്ങള്‍ തിരിച്ചുപോന്നതു ബുദ്ധിപൂര്‍വ്വമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. മുഹമ്മദ് പ്രവാചകനാണെങ്കില്‍ ഈ പരാജയം സംഭവിക്കുമോ?” ഇത്യാദി ചോദ്യശരങ്ങള്‍ കപടന്മാര്‍ തൊടുത്തു വിട്ടുകൊണ്ടിരുന്നു. സ്വഹാബികള്‍ക്ക് ഇവരുടെ പരിഹാസം അസഹ്യമായപ്പോള്‍ നബിയോടപോക്ഷിച്ചു. “അല്ലാഹുവിന്‍റെ റസൂലേ, അബ്ദുല്ലാഹിബ്നു ഉബയ്യിന്‍റെയും കപടന്മാരായ അനുയായികളുടേയും പരിഹാസം അസഹ്യമായിരിക്കുന്നു. അവര്‍ നമ്മോടുചെയ്ത കൊലച്ചതിക്ക് ശിക്ഷ നല്‍കുകതന്നെവേണം. കപടന്മാരെ ഒന്നടങ്കം വധിച്ചുകളയാന്‍ ഞങ്ങള്‍ക്കു കല്‍പന നല്‍കിയാലും.”
നബി(സ) ചോദിച്ചു; “അതെങ്ങനെ? മുഹമ്മദ് സ്വന്തം അനുയായികളെയും ഇപ്പോള്‍ കശാപ്പുചെയ്യാന്‍ തുടങ്ങിയെന്നു ലോകം പറയുകയില്ലേ. മാത്രമല്ല, കപടന്മാരെ മുഴുവന്‍ വേര്‍തിരിക്കാന്‍ നമുക്കെങ്ങനെ കഴിയും?”
സ്വഹാബികള്‍ പറഞ്ഞു: “നമ്മെ പടക്കളത്തിലേക്ക് തള്ളിവിട്ട് വഴിക്കുവെച്ച് മടങ്ങിപ്പോന്നവരെ മുഴുവന്‍ വധിക്കാം. അവരെ ഇനി വെച്ചുപൊറുപ്പിച്ചുകൂടാ.”
ഈ അഭിപ്രായം ഖസ്റജ് ഗോത്രക്കാര്‍ക്ക് സ്വീകാര്യമായില്ല. കാരണം, അബ്ദുല്ലാഹിബ്നു ഉബയ്യ് ഖസ്റജ് ഗോത്രക്കാരനാണ്. നിഷ്കളങ്കരായ ഖസ്റജ്കാര്‍ക്കും തങ്ങളുടെ ഗോത്രത്തില്‍പ്പെട്ട കപടരെ വധിക്കുന്നത് ഇഷ്ടമായില്ല. ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങലാണ് മദീനയിലുണ്ടായിരുന്നത്. ഇവര്‍ നബി(സ)വരുന്നതിനുമുമ്പ് കഠിനശത്രുക്കളായിരുന്നു. ഇസ്‌ലാംമതമാണവരെ യോജിപ്പിച്ചത്. പഴയകാലത്ത് അവര്‍ തമ്മില്‍ അനേകം രക്തച്ചോരിച്ചിലുകള്‍ നടന്നതാണ്. ആ ഉണങ്ങിയ മുറിവുകള്‍ക്ക് ഇങ്ങനെ ചിലഘട്ടങ്ങളില്‍ വേദന ഇളകാറുണ്ട്. ഇവിടെയും അതാണ് സംഭവിച്ചത്. കപടന്മാരെ വധിക്കണമെന്ന് ഔസ്ഗോത്രക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അതുവെണ്ടെന്നു ഖസ്റജുകാര്‍. ഇതൊരു വഴക്കിനു കാരണമാകാനിടയുണ്ടെന്നുകണ്ടപ്പോള്‍ നബിയരുളി: “വേണ്ട..., ആരെയും വധിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.”
നബി(സ)യുടെ ഈ ദയാദാക്ഷിണ്യം കാരണം കപടന്മാര്‍ രക്ഷപ്പെട്ടു. ഇതിനെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. കപടന്മാരുടെ കാര്യത്തില്‍ യോജിച്ച ഒരഭിപ്രായത്തിലെത്തിച്ചെരാന്‍ സത്യവിശ്വാസികള്‍ക്കു കഴിയാതിരുന്നതിനെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നു....
ഖുറൈശികള്‍ അവര്‍ക്കു കിട്ടിയ വിജയം പരിപൂര്‍ണ്ണമാക്കാതെയാണ് തിരിച്ചുപോയതെന്നു മുമ്പു പ്രസ്താവിച്ചുവല്ലോ. മദീനയിലെത്തിയപ്പോള്‍ നബി(സ) ശത്രുക്കളുടെ അവസ്ഥയെപറ്റി ചിന്തിച്ചു. അവര്‍ തല്‍ക്കാലം തിരിച്ചുപോയെങ്കിലും ഇടക്കുവെച്ച് മടങ്ങിവന്ന്‍ മദീനയെ നശിപ്പിക്കാന്‍ ഇടയുണ്ടെന്നു നബി(സ)ക്കുതോന്നി. അങ്ങനെ സംഭാവിക്കുന്നതായാല്‍ മദീന കനത്ത നാശനഷ്ടത്തിനിരയാകുമെന്നു ബോദ്ധ്യമായി. ഉടനെ നബി(സ) ഉഹ്ദില്‍നിന്നും മടങ്ങിയ സ്വഹാബികളോട് കല്‍പിച്ചു. “ആയുധം അഴിച്ചുവെക്കാന്‍ വരട്ടെ. നമുക്ക് ശത്രുക്കളെ പിന്തുടരെണ്ടതുണ്ട്. അല്ലാത്തപക്ഷം ഓര്‍ക്കാപ്പുറത്തവര്‍ തിരിച്ചുവന്ന് നമ്മെ നശിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് എല്ലാവരും ഉടനെ ഒരുങ്ങിക്കൊള്ളുക. ഉഹ്ദില്‍ എന്നോടൊപ്പം ഉറച്ചുനിന്നു പോരാടിയവര്‍ മാത്രം പുറപ്പെട്ടാല്‍ മതി.”
(തുടരും)

No comments:
Post a Comment