കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:28


 വാര്‍ത്ത കേട്ടുഞെട്ടിയ സത്യവിശ്വാസികളില്‍ പലരും ഉഹ്ദിലേക്ക് കുതിച്ചോടി. നബി(സ) വധിക്കപ്പെട്ടിട്ടില്ലെന്നറിഞ്ഞപ്പോള്‍ മാത്രമാണവര്‍ക്ക് ശ്വാസം നേരെ വീണത്. ഉഹ്ദിലേക്കുകടക്കുന്നവരുടെ കൂട്ടത്തില്‍ നബി(സ)യുടെ ഫാത്വിമ(റ)യും ഉണ്ടായിരുന്നു. പക്ഷെ, പടക്കളത്തിലേക്ക് അവര്‍ക്കു നബി(സ)ആദ്യം അനുമതി നല്‍കിയില്ല. വികൃതമാക്കപ്പെട്ട ജഡങ്ങള്‍ കണ്ടാല്‍ അവര്‍ മാറത്തടിച്ചു കരയാന്‍ തുടങ്ങുമെന്ന ആശങ്കയിലാണ് അനുമതി നല്‍കാതിരുന്നത്. ഹസ്രത്ത് ഹംസ(റ)വിന്‍റെ സഹോദരിയായ സഫിയയും അക്കൂട്ടത്തിലുണ്ടായിരുന്നു. സഫിയ(റ) നബിയോട് അപേക്ഷിച്ചു; “അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ സഹോദരനെ ശത്രുക്കള്‍ കാട്ടിക്കൂട്ടിയതെല്ലാം ഞാനറിഞ്ഞു,. മൃതദേഹം വികൃതമാക്കിയതും അറിഞ്ഞിരിക്കുന്നു. ഇനിയത് ഒരു നോക്ക് കാണുകയാണ് മനസ്സമാധാനത്തിന് ആവശ്യം. കാണാതിരുന്നാല്‍ എന്‍റെ ഖേദം ഒരുകാലത്തും തീരുകയില്ല. ദയവുചെയ്ത് എന്നെ അതിനനുവദിക്കുക. ഞാന്‍ ശല്യമൊന്നും ഉണ്ടാക്കുകയില്ല”


  നബി(സ) ഈ അപേക്ഷ സ്വീകരിക്കുകയും സ്ത്രീകള്‍ക്കെല്ലാം മൃതദേഹങ്ങള്‍ കാണാന്‍ അനുമതി നല്‍കുകയും ചെയ്തു. ആ മഹിളാരത്നങ്ങള്‍ ആ ഭീകരദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. കണ്ണുനീര്‍ അണപൊട്ടിയൊഴുകിയെങ്കിലും ദുഖം കടിച്ചമര്‍ത്തി സഹിച്ചു. എന്നിട്ടും ചിലര്‍ വിങ്ങിപ്പോട്ടുകയുണ്ടായി. രക്തസാക്ഷികളുടെ മുമ്പില്‍ തലകുനിച്ചുനിന്നുകൊണ്ട് ആ മഹിളാരത്നങ്ങള്‍ ഗദ്ഗദകണ്ഠരായി അവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിച്ചു.


  പിന്നെ നബി(സ)യുടെ കല്പനപ്രകാരം സ്വഹാബികള്‍ കുറെ ഖബറുകള്‍ കുഴിച്ചു. ഉഹ്ദുമലയുടെ മടിത്തട്ടില്‍ ആ വീരസിംഹങ്ങള്‍ക്ക് അന്ത്യവിശ്രമകേന്ദ്രമൊരുക്കി. ഹസ്രത്ത് ഹംസ(റ)വിനെയും ഹസ്രത്ത് അബ്ദുല്ലാഹിബ്നിജഹ്ശ്(റ)വിനെയും ഒരു ഖബറിലാണ് അടക്കംചെയ്തത്. എന്നാല്‍ ശത്രുക്കള്‍ അവരുടെ ആയുധങ്ങളും വസ്ത്രങ്ങളുമെല്ലാം അഴിച്ചെടുത്തു കൊണ്ടുപോയിരുന്നു. തന്മൂലം ബാക്കി കിട്ടിയിരുന്ന കണ്ടംതുണ്ടം വസ്ത്രങ്ങളിലാണ് കഫന്‍ ചെയ്തത്. ഒരു ചെറിയമുണ്ടുകൊണ്ട് ഹസ്രത്ത് ഹംസ(റ)വിന്‍റെ തലമൂടുമ്പോള്‍ കാല്‍മുട്ടുകള്‍വരെ മാത്രമേ മറഞ്ഞിരുന്നുള്ളൂ. അതിനാല്‍ കാല്‍മുട്ടുകള്‍ക്ക് താഴെ പുല്ലുകള്‍ വാരിവെച്ചു മറക്കുകയാണ് ചെയ്തത്. ഉഹ്ദ് സന്ദര്‍ശിക്കുന്നവര്‍ക്ക് ആ ഖബര്‍ മതിലിനുപുറത്തുനിന്നു കാണാം. ഉഹ്ദുമലയുടെ താഴ്‌വരയില്‍ ഖബര്‍ പ്രത്യേകം അടയാളപ്പെടുത്തിവെച്ചിരിക്കുന്നു. പക്ഷെ, മതിലിനുള്ളില്‍ പ്രവേശിക്കാന്‍ പോലീസുകാര്‍ സമ്മദിക്കുകയില്ല. മതിലിനിപ്പുറത്തുനിന്നു കണ്‍കുളിര്‍ക്കെ നോക്കിക്കാണാം. അപ്പോള്‍ ഒരു സത്യവിശ്വാസിയുടെ മനോമുകുരത്തില്‍ പ്രതിഫലിക്കുന്ന ചിത്രങ്ങള്‍ അവര്‍ണ്ണനീയമാത്രേ. എല്ലാത്തിനും മൂകസാക്ഷിയായി നിന്ന ഉഹ്ദുമലയുടെ ആ മൗനം വാചാലമായിത്തീരുന്ന ഘട്ടമാണിത്. ഈ ഞാന്‍ അവിടെ ചെന്നപ്പോള്‍ മനസ്സിന്‍റെ നിയന്ത്രണം വിട്ടുപോവുകയുണ്ടായി. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുവരുന്ന മുസ്ലിംജനലക്ഷങ്ങള്‍ അവിടെ സന്ദര്‍ശിച്ചു പാഠമുള്‍ക്കൊണ്ടുതിരിച്ചുപോകുന്നു. ചരിത്രമുറങ്ങുന്ന ആ പടക്കളം അവരുടെയെല്ലാം ചിന്താമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നു. ഖിയാമംനാളോളം ആഗോള മുസ്‌ലിംകള്‍ ഉഹ്ദുസന്ദര്‍ശനം തുടര്‍ന്നുകൊണ്ടേയിരിക്കും. നാക്കില്ലാത്ത ഉഹ്ദുമല അവരെ മൗനത്തിന്‍റെ ഭാഷയില്‍ ഉപദേശിച്ചുകൊണ്ടിരിക്കുകയും ചെയ്യും......    (തുടരും)

No comments:

Post a Comment