കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:27


 ബദറിനു പകരം ചോദിക്കാന്‍ കഴിഞ്ഞതില്‍ ഖുറൈശികള്‍ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. തന്‍റെ പിതാവായ തുഹൈമത്തിനെയും പിതൃവ്യന്മാരെയും വധിച്ചവരെ വെട്ടിവീഴ്ത്താന്‍ കഴിഞ്ഞതില്‍ ഹിന്തിനുള്ള ആഹ്ലാദം സീമാതീതമായിരുന്നു. അവള്‍ കൂട്ടുകാരികളുമൊത്തു ദഫ്മുട്ടി ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. ഖുറൈശീവീരന്മാരുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തി. അബൂജഹലിന്‍റെ പുത്രന്‍ ഇക്രിമയുടെ ആനന്ദവും അവാച്യമായിരുന്നു. തന്‍റെ പിതാവിനെ ബദറില്‍വെച്ചു വധിച്ചവരെ തകര്‍ക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം ഊറ്റംകൊണ്ടു. സൈന്യാധിപനായ അബൂസുഫ്യാനാകട്ടെ ആനന്ദത്താല്‍ പരിസരബോധംപോലുമില്ലാതായി. തനിക്കുവേണ്ടിയാണ് ബദറില്‍വെച്ച് എഴുപത് ഖുറൈശീ പ്രമാണിമാര്‍ വധിക്കപ്പെട്ടത്. താന്‍ നയിച്ചിരുന്ന കച്ചവടസംഘത്തെ രക്ഷിക്കാന്‍ വന്നതായിരുന്നു അവര്‍. അവരുടെ രക്തത്തിനു പകരം വീട്ടാന്‍ തനിക്കുകഴിഞ്ഞിരിക്കുന്നു. അന്നു എഴുപത് ഖുറൈശികളെ കൊന്നതിന് ഇന്നിതാ എഴുപത് മുസ്ലിംകളെ വെട്ടിവീഴ്ത്തി താന്‍ എണ്ണത്തിനെണ്ണം തികച്ചിരിക്കുന്നു. അബൂസുഫ്യാന് ആനന്ദിക്കാന്‍ ഇനിയെന്തുവേണം? ഖാലിദ്ബ്നുവലീദാകട്ടെ ഉഹ്ദിലെ വിജയത്തിന്‍റെ സൂത്രധാരനെന്ന നിലയില്‍ ആഹ്ലാദത്തിന്‍റെ പരകോടിയില്‍ കയറി നൃത്തമാടുകയായിരുന്നു. ഒട്ടകങ്ങളെ അറുത്തുവേവിച്ചു വയറുനിറയെ തിന്ന്‍ കള്ളും കുടിച്ച് കൂത്താടികൊണ്ട് അവര്‍ വിജയമാഘോഷിച്ചു. എന്നാല്‍ ചരിത്രത്തിലെ മറ്റൊരത്ഭുതം നമുക്കിവിടെ കാണാം. മേല്‍പ്പറഞ്ഞ അബൂസുഫ്യാന്‍, ഹിന്ത്, ഇക്രിമത്ത്, ഖാലിദ്ബ്നുല്‍ വലീദ് എന്നിവരെല്ലാം മക്കാവിജയാനന്തരം മുസ്ലിംകളായി മാറുകയും അവരെല്ലാം ഇസ്‌ലാംമതത്തിന്‍റെ സന്നദ്ധഭടന്മാരായിത്തീരുകയും ചെയ്തു. ഉഹ്ദില്‍ മുസ്ലിംസൈന്യത്തെ തകര്‍ത്തുവിട്ട വിജയശില്‍പികളാണിവരെന്ന്‍ ഓര്‍ക്കണം. ഈ അബൂസുഫ്യാന്‍ തന്നെയാണ് ശാംയുദ്ധത്തില്‍ ധീരധീരം പോരാടി തന്‍റെ കണ്ണുപോലും ആ യുദ്ധത്തില്‍ ബലിയര്‍പ്പിച്ചത്. ഈ ഖാലിദുബ്നുല്‍വലീദ് തന്നെയാണ് മുസ്ലിംസൈന്യത്തിന്‍റെ നേതൃത്വം വഹിച്ചുകൊണ്ട് ഹിരാക്ലിയസ്സിന്‍റെ സൈന്യത്തെ തകര്‍ത്ത് ഇസ്ലാമിക പതാക അവിടെ നാട്ടിയത്. ഹംസ(റ)വിനെ വധിച്ച വഹ്ശി തന്നെയാണ് മുസ്ലിം സൈന്യത്തിന്‍റെ നെടുംതൂണായി മാറികൊണ്ട് ഇസ്ലാമിന്‍റെ ശത്രുക്കളെ പല യുദ്ധക്കളങ്ങളിലും അരിഞ്ഞുവീഴ്ത്തി ചരിത്രം സൃഷ്ടിച്ചത്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ഉഹ്ദ്യുദ്ധത്തില്‍ നബി(സ)യെ തോല്‍പ്പിച്ചവര്‍ക്കു നബിയെപ്പറ്റി മതിപ്പുവര്‍ദ്ധിക്കുകയാണ് ചെയ്തത്, കുറയുകയല്ല. ഇസ്ലാമിന്‍റെ സത്യം ബോധ്യപ്പെടുകയാണ് ചെയ്തത്. അല്ലെങ്കില്‍ അവര്‍ക്ക് പില്‍ക്കാലത്ത് മാനസാന്തരമുണ്ടാവുകയില്ലല്ലോ.....

മുസ്ലിം സൈന്യത്തിനുനേരിട്ട പരാജയം മദീനയിലറിഞ്ഞു. പടക്കളംവിട്ടോടിയ സ്വഹാബികളാണത് അറിയിച്ചത്. നബി(സ)വധിക്കപ്പെട്ടുവേന്നാണ് ആദ്യം മദീനയില്‍ കേട്ടത്. അതോടെ മദീനയാകെ ഇളകിമറിഞ്ഞു. കദനക്കടല്‍ അങ്ങോട്ട്‌ ഇരമ്പിക്കയറി. കണ്ണീര്‍പ്പുഴകള്‍ ചാലിട്ടൊഴുകി. ഒരു വിഭാഗം മാത്രമാണ് സന്തോഷിച്ചത്. കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നുഉബയ്യും കൂട്ടരും. അവര്‍ മുസ്ലിംകളെ ശത്രുക്കളുടെ വായിലേക്ക് എറിഞ്ഞുകൊടുത്ത് ഒഴിഞ്ഞുമാറിയവരാണല്ലോ. അവരുടെ ആഹ്ലാദത്തിനതിരില്ലായിരുന്നു. നബി(സ)വധിക്കപ്പെട്ടുവെന്നുകെട്ടപ്പോള്‍ അവര്‍ ആനന്ദനൃത്തം ചവിട്ടി. നിഷ്ക്കളങ്കരായ സത്യവിശാസികളുടെ മേല്‍ അവര്‍ പരിഹാസം ചൊരിഞ്ഞു. അന്തരീക്ഷം സംഘര്‍ഷപൂരിതമായി. നിഷ്കളങ്കരായ സ്വഹാബികള്‍ ദു:ഖത്തിന്‍റെ കയത്തിലാണ്ടുപോയിരുന്നതിനാല്‍ കപടന്മാര്‍ രക്ഷപ്പെട്ടു.
അല്ലെങ്കില്‍ അപ്പോള്‍ തന്നെ അവര്‍ ഒന്നടങ്കം വധിക്കപ്പെടുമായിരുന്നു.
(തുടരും)

No comments:

Post a Comment